September 27, 2012

ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

ഫേസ്ബുക്ക് പാവമാണ്!. പൊതുവേ ആരെയും ഉപദ്രവിക്കാറില്ല, പ്രത്യേകിച്ച് നമ്മുടെ മലയാള പത്രങ്ങളെ. പക്ഷെ അവര്‍ക്കൊക്കെ ഇഷ്ടം പോലെ വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ഫോട്ടോകളുമൊക്കെ ഷെയറി ഷെയറി ഹിറ്റാക്കുന്നതും അവരുടെ സൈറ്റുകളിലേക്ക് ലിങ്കിലൂടെ ആളുകളെ പാര്‍സലയക്കുന്നതും ഫേസ്ബുക്കാണ്. എന്നിരുന്നാലും 'ഇട്ടിക്ക്  പട്ടരിഷ്ടം പട്ടര്‍ക്കിട്ടി ചേട്ട' എന്ന് പറഞ്ഞ പോലെയാണ് പത്രങ്ങളുടെ കാര്യം. അവര്‍ക്ക് ഫേസ്ബുക്കിനെ കണ്ടുകൂടാ. ഫേസ്ബുക്കിന്റെ കരണത്തടിച്ചു മാസത്തില്‍ നാല് ലേഖനം എഴുതിയാലേ തൃപ്തി വരൂ. ഈ മാസത്തെ കസര്‍ത്ത് മനോരമയുടെയും മാധ്യമത്തിന്റെയും വകയാണ്.

September 18, 2012

പ്രവാചകനോ അതോ സിനിമയോ വലുത്?

'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമയുടെ പതിനാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടു. അതിലെ പല രംഗങ്ങളും മനസ്സില്‍ വല്ലാത്ത അസ്വസ്ഥതകളുയര്‍ത്തി എന്ന് പറയാതെ വയ്യ. ഇസ്‌ലാമിക വിശ്വാസികളുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന വൈകൃതങ്ങളാണ് സിനിമ എന്ന പേരില്‍ പടച്ചു വിട്ട ഭ്രാന്തമായ ആ ദൃശ്യങ്ങളിലുള്ളത്. ട്രെയിലറില്‍ കണ്ടതിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മുഹമ്മദ്‌ നബിയെ ഇത്രമാത്രം അപകീര്‍ത്തിപ്പെടുത്തിയ ഒരു സിനിമയോ നോവലോ ഇതിനു മുമ്പ് ഇറങ്ങിയിട്ടില്ല എന്ന് പറയാന്‍ പറ്റും. ചരിത്രപരതയോ കലാപരതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു തരം ആഭാസം എന്ന് മാത്രമേ അതിനെ വിളിക്കാനാവൂ. പക്ഷെ ആ ആഭാസത്തിനു ഒരു ദൗത്യമുണ്ട്. ആ ദൗത്യം അത് ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞു.

September 13, 2012

ആ കിളിയാണ് ഈ കിളി

രാവിലെ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ മുതല്‍ എമേര്‍ജിംഗ് കിളി പാറിപ്പറക്കുകയാണ്. എല്ലാവരുടെ വാളിലും ഒരു പച്ചക്കിളി കിടന്നു പറക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ കിളി അമേരിക്കക്കാരിയുടെ കിളിയാണ്. സംഗതി മോഷണമാണോ എന്ന് ചോദിച്ചാല്‍ മോഷണം തന്നെയാണ്. പക്ഷെ പിടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കാശ് കൊടുത്ത് തടിയൂരി എന്ന് മാത്രം. എമേര്‍ജിംഗിന്റെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി ഏല്‍പിച്ച ഏജന്‍സി ഒപ്പിച്ച പണിയാണിത്. Gina Ross Mikel എന്ന മിസോറിക്കാരിയുടെ ചിത്രമാണ് അവരോടു അനുവാദം ചോദിക്കാതെ സര്‍ക്കാര്‍ അടിച്ചെടുത്തത്. പക്ഷെ ഏപ്രില്‍ മാസത്തില്‍ തന്നെ മോഷണക്കാര്യം അവരെ ഏതോ 'ആണ്‍കുട്ടികള്‍' അറിയിച്ചു. തന്റെ അനുവാദം ചോദിക്കാതെ ചിത്രം എടുത്തുപയോഗിച്ചതിലുള്ള പരാതി അവര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഉടനെ കാശ് കൊടുത്ത് പ്രച്നം പരിഹരിച്ചു.

September 12, 2012

ചാടിച്ചാടി ഈ വേണു എവിടെയെത്തും?

വേണുവിനു ഇനി ചാടാന്‍ അധികം ചാനലുകള്‍ ബാക്കിയില്ല. ഏതാണ്ടെല്ലാ ചാനലുകളും പരീക്ഷിച്ചു കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഊഴമാണ്. അവിടെ എത്ര കാലം ഉണ്ടാവുമോ ആവോ? വേണു എവിടെപ്പോയാലും വേണ്ടില്ല നന്നായി വരട്ടെ എന്നാണു പ്രാര്‍ത്ഥന. കാരണം വാര്‍ത്താവതരണത്തെ ഒരു ലോകമഹായുദ്ധത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നവരില്‍ ഒരാള്‍ വേണുവാണ്. മുമ്പൊക്കെ വാര്‍ത്താ വായന എല്‍ കെ ജി കുട്ടികള്‍ പദ്യം ചൊല്ലുന്നത് പോലുള്ള ഒരഭ്യാസമായിരുന്നു.  അതിനൊരു മാറ്റം വന്നത് നികേഷും വേണുവുമൊക്കെ വന്നതിന് ശേഷമാണ്. വായിക്കുന്ന അവര്‍ക്കും ഹരം, കേള്‍ക്കുന്ന നമ്മള്‍ക്കും ഹരം!. (ഇടയില്‍ കിടന്ന് പിടക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മാത്രമാണ് അല്പം ഹരത്തിനു കുറവുണ്ടായിരുന്നത്). അതുകൊണ്ടൊക്കെത്തന്നെ വേണുവിനോട്‌ അല്പം ഇഷ്ടമുണ്ടെന്നു പറയാതെ വയ്യ. പക്ഷെ എവിടെയും കാലുറപ്പിക്കാതെ ഇങ്ങനെ ചാടിക്കൊണ്ടിരുന്നാല്‍ അവസാനം വേണുവിന്റെ ഗതിയെന്താകും എന്നൊരു ഫയമുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതുന്നത്‌.

September 10, 2012

ഒരു എമേര്‍ജിംഗ് മോഹം പറയട്ടെ

എമേര്‍ജിംഗ് കേരളക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാര്‍ ചെയ്ത വെബ്സൈറ്റ് സന്ദര്‍ശിച്ചു. അതില്‍ പറയുന്ന പദ്ധതികളിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു പോയി. അമ്മായി ചുട്ട അപ്പത്തരങ്ങള്‍ പോലെ രുചിയിലും രൂപത്തിലും പുതുമയുള്ള എമണ്ടന്‍ ആശയങ്ങള്‍, കിടിലന്‍ പദ്ധതികള്‍.. എല്ലാം കൊണ്ടും അടിപൊളി എമേര്‍ജ്. പക്ഷെ പ്രധാന വ്യവസായത്തെ ഒഴിവാക്കിക്കളഞ്ഞു. വിവാദ വ്യവസായം!!. ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ അടിച്ചു കസറി വിജയിക്കുമെന്ന് നൂറ്റിപ്പത്ത് ശതമാനം ഉറപ്പുള്ള വിവാദ വ്യവസായത്തിന് പാക്കേജുകളോ പദ്ധതികളോ ഇല്ല. ഒരു ഏക്കര്‍ ഭൂമി പോലും ഈ വകുപ്പില്‍ വകയിരുത്തിയിട്ടില്ല. ഈ വ്യവസായത്തില്‍ മുതല്‍ മുടക്കി കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പരിഗണനയും കൊടുത്തിട്ടില്ല. എമേര്‍ജിംഗ് കേരളയെ കൊന്നു കുഴിച്ചു മൂടാന്‍ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ഇവറ്റകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ ഒരു പദ്ധതി അതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അല്പമെങ്കിലും പ്രതിഷേധ സ്വരങ്ങള്‍ക്ക് ശമനമുണ്ടായേനെ!!