November 26, 2013

ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മലബാർ ഗോൾഡിൽ ഞാൻ പോയിരുന്നു. മുടിഞ്ഞ തിരക്കാണ് അവിടെ. സ്വർണം എടുക്കാൻ വരുന്നവർ ക്യൂ നില്ക്കുകയാണ്. മൂന്ന് നിലകളിലായി ഒരു തൃശൂർ പൂരത്തിന്റെ ആളുണ്ട്. ലാലേട്ടന്റെ ഗ്യാരന്റിയുള്ളത് കൊണ്ടാവണം, മുന്നും പിന്നും നോക്കാതെ പറഞ്ഞ പണം കൊടുത്ത് ആളുകൾ സ്വർണം വാങ്ങിക്കൊണ്ടു പോകുന്നു. ഞങ്ങൾ പണിക്കൂലിയിൽ അല്പം വിലപേശാൻ തുടങ്ങിയതോടെ രണ്ട് ഐറ്റംസിൽ നല്ല ഡിസ്കൌണ്ട് തന്ന് ബാക്കിയുള്ളതിലൊക്കെ ആ ഡിസ്കൌണ്ടിന്റെ ഇരട്ടി പണിക്കൂലിയിട്ടാണ് ബില്ല് തന്നത്. നല്ല പാൽചായയും ബിസ്കറ്റും ഫ്രീയായി കിട്ടിയതിനാൽ കൂടുതൽ തർക്കിക്കാനും തോന്നിയില്ല.  മാത്രമല്ല, വേറെയെവിടെയെങ്കിലും പോയാൽ കാര്യങ്ങൾ ഇതിനേക്കാൾ കഷ്ടമാവുകയും ചെയ്തേക്കാം. ലാലേട്ടനെ മോശം പറയിപ്പിക്കുന്നതും ശരിയല്ലല്ലോ. പറഞ്ഞ കാശും കൊടുത്ത് ഞങ്ങളും സ്വർണം വാങ്ങി. എയർ ഹോസ്റ്റസ് ഹിറമോസ കൊണ്ട് വന്ന സ്വർണമായിരുന്നോ അതെന്ന് പടച്ചോനറിയാം.

November 13, 2013

രമ്യ നമ്പീശൻ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!

ധൃതി കൂട്ടരുത്. തലക്കെട്ടിലേക്ക് വരുന്നതിന് മുമ്പ് ചിലത് പറയാനുണ്ട്. ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ബ്ലോഗുകളുടെയും വെബ്‌ പോർട്ടലുകളുടെയും കാലം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിഷ്വൽ മീഡിയകളുടെ കാലമെന്നും പറയാം. വാർത്തകൾ അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ 'ലൈവാ'കുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ചില വാർത്തകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ ലൈവായിത്തുടങ്ങുന്നു!. എല്ലാം പെട്ടെന്നായിരുന്നു എന്ന പ്രയോഗം പോലെ വാർത്ത‍ ഉണ്ടാകുന്നതും പ്രചരിക്കുന്നതും ഇല്ലാതാകുന്നതുമെല്ലാം പെട്ടെന്നാണ്. മുമ്പൊക്കെ ഒരു വാർത്തയുടെ ആയുസ്സ് ഒരു ദിവസമായിരുന്നു. ഒരു ദിവസത്ത പത്രത്തിൽ അച്ചടിച്ചു വന്ന വാർത്ത പിറ്റേ ദിവസം പത്രം വരുന്നത് വരെ ജീവനോടെയുണ്ടാകും. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസ്സിനും വാർത്തകളുടെ ആയുസ്സ് ഇരട്ടിയാകും. കാരണം പിറ്റേ ദിവസം പത്രമുണ്ടാകില്ല. എന്നാൽ ഇന്നതല്ല സ്ഥിതി. ഓരോ മണിക്കൂറിലും വാർത്ത‍ വന്നും പോയും കൊണ്ടിരിക്കുന്നു. രാവിലത്തെ വാർത്ത‍ ഉച്ചയാകുമ്പോഴേക്ക് പഴകിപ്പുളിച്ചിരിക്കും. ഉച്ചയിലെ വാർത്ത വൈകിട്ട് കാണില്ല. അത്ര പെട്ടെന്നാണ് വാർത്തകൾ ജനിക്കുന്നതും മരിക്കുന്നതും.

November 2, 2013

ശ്വേതയും ബോൾഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും

കൊല്ലം പ്രസിഡൻസി ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ ശ്വേതാമേനോനെ ഒരു ജനപ്രതിനിധി അപമാനിച്ച സംഭവമാണ് പീഡന പരമ്പരകളിലെ ലേറ്റസ്റ്റ് സ്റ്റോറി. അപമാനിക്കപ്പെട്ടത് താരമായതിനാലും പ്രതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പാർലമെന്റ് മെമ്പറായതിനാലും വാർത്ത ലൈവായി കുറച്ചു കാലം ഓടുമെന്നത് ഉറപ്പാണ്. പീഡന വാർത്തകളുടെ പ്രളയ കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നാല് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് പീഡിപ്പിച്ചു കൊന്ന വാർത്ത ടി വി സ്ക്രീനുകളിൽ ഇപ്പോഴും സ്ക്രോൾ ചെയ്ത് തീർന്നിട്ടില്ല. പീഡനങ്ങളുടെയും അനുബന്ധ കൊലപാതകങ്ങളുടെയും റിപ്പോർട്ടുകൾ ഇടവേളകളില്ല്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഒരു താര ഗോസിപ്പ് നിലവാരത്തിലുള്ള വാർത്തയാണ് ശ്വേതയുടെതെങ്കിലും അപമാന ശ്രമങ്ങളോടും കയ്യേറ്റ ശ്രമങ്ങളോടും സ്ത്രീകൾ പ്രതികരിക്കേണ്ടത് എങ്ങിനെയെന്ന ചോദ്യം ഈ 'തോണ്ടൽ എപ്പിസോഡ്' ഉയർത്തുന്നുണ്ട്.