ശ്വേതയും ബോൾഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും

കൊല്ലം പ്രസിഡൻസി ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ ശ്വേതാമേനോനെ ഒരു ജനപ്രതിനിധി അപമാനിച്ച സംഭവമാണ് പീഡന പരമ്പരകളിലെ ലേറ്റസ്റ്റ് സ്റ്റോറി. അപമാനിക്കപ്പെട്ടത് താരമായതിനാലും പ്രതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പാർലമെന്റ് മെമ്പറായതിനാലും വാർത്ത ലൈവായി കുറച്ചു കാലം ഓടുമെന്നത് ഉറപ്പാണ്. പീഡന വാർത്തകളുടെ പ്രളയ കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നാല് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് പീഡിപ്പിച്ചു കൊന്ന വാർത്ത ടി വി സ്ക്രീനുകളിൽ ഇപ്പോഴും സ്ക്രോൾ ചെയ്ത് തീർന്നിട്ടില്ല. പീഡനങ്ങളുടെയും അനുബന്ധ കൊലപാതകങ്ങളുടെയും റിപ്പോർട്ടുകൾ ഇടവേളകളില്ല്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഒരു താര ഗോസിപ്പ് നിലവാരത്തിലുള്ള വാർത്തയാണ് ശ്വേതയുടെതെങ്കിലും അപമാന ശ്രമങ്ങളോടും കയ്യേറ്റ ശ്രമങ്ങളോടും സ്ത്രീകൾ പ്രതികരിക്കേണ്ടത് എങ്ങിനെയെന്ന ചോദ്യം ഈ 'തോണ്ടൽ എപ്പിസോഡ്' ഉയർത്തുന്നുണ്ട്.

ഞരമ്പ്‌ രോഗത്തിന് പ്രായമില്ല. അതിന് കോണ്‍ഗ്രസ് എന്നോ സി പി എം എന്നോ ഭേദമില്ല. എം പി യെന്നോ മന്ത്രിയെന്നോ ഉള്ള വ്യത്യാസമില്ല. ഒരു ആഗോള പ്രതിഭാസമാണത്. എന്നിരുന്നാലും കോണ്‍ഗ്രസ്സുകാർക്ക് പ്രായം കൂടുന്തോറും 'ശൗര്യം' ഇത്തിരി കൂടുമെന്ന് പറഞ്ഞു കേൾക്കാറുണ്ട്‌. എൻ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ കുര്യൻ സാർ വരെയുള്ള നിരവധി ഉദാഹരണങ്ങൾ അതിന് തെളിവായി മുന്നിലുണ്ട്. 'ശൗര്യം' കൂടി വരുന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ പട്ടികയിലേക്ക് വൈകിയാണെങ്കിലും പീതാംബരക്കുറുപ്പിനും കയറിക്കൂടാൻ പറ്റി. 

ജില്ലാ കലക്ടറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ തന്നെ കാറിൽ നിന്നും അപമാനിച്ചു. തുടർന്ന് വേദിയിലേക്കുള്ള നടത്തത്തിനിടയിലും പിന്നീട് വേദിയിലും വെച്ച് അപമാനിച്ചു എന്നൊക്കെയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഒരു ജനപ്രതിനിധിയാണ് അത് ചെയ്തതെന്നും പേര് പറയുന്നില്ലെന്നുമാണ് നടി വിശദീകരിച്ചിട്ടുള്ളത്.  ശ്വേതയുടെ വാക്കുകളെ ഒരു നിലക്കും അവിശ്വസിക്കേണ്ട ആവശ്യമില്ല. കേരളീയ പൊതുസമൂഹത്തിനും പൊതുപ്രവർത്തകർക്കും തീർത്തും അപമാനകരമായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. ക്ഷണിച്ചു വരുത്തിയ ഒരു സിനിമാ താരത്തോട് പൊതുവേദിയിൽ വെച്ച് ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ആഭാസകരമായി പെരുമാറി എന്നത് ആശ്ചര്യകരം തന്നെ. അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നത് 'ബോൾഡ് ആക്ട്രസ്' എന്ന് കേരളത്തിലെ മാധ്യമങ്ങൾ മൊത്തത്തിൽ വിശേഷിപ്പിക്കുന്ന ശ്വേത ഇത്തരമൊരു ആഭാസകരമായ പെരുമാറ്റത്തെ നേരിട്ട രീതിയാണ്.


ഇത്രയും 'ബോൾഡായ' ഒരു ആക്ട്രസ്സ്  തന്റെ പിറകിൽ പിടിച്ച് ഞെക്കിയ നേതാവിന്റെ ചെകിടത്ത് അടിക്കേണ്ടതായിരുന്നില്ലേ. ശശി തരൂരിന് നല്കിയ സ്വീകരണ ബഹളത്തിനിടെ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരനെ സുനന്ദ പുഷ്കർ കൈകാര്യം ചെയ്തത് പോലെ.. അത് ചെയ്തില്ലെന്നതോ പോകട്ടെ അപമാനിച്ച നേതാവിന്റെ പേര് പോലും പുറത്ത് പറയാൻ ശ്വേത മടിക്കുന്നു. ഇതിനാണോ നാം ബോൾഡ്നെസ്സ് എന്ന് പറയുന്നത്?.  പ്രസവമൊക്കെ ലൈവായി കാണിച്ചതല്ലേ. ചാനലിലെ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ ഇടയ്ക്കിടെ കെട്ടിപ്പിടിക്കുന്നതല്ലേ, അപ്പോൾ പിന്നെ ഒന്ന് ഞെക്കിയാലും തോണ്ടിയാലും കുഴപ്പം കാണില്ല എന്ന് ഈ വൃദ്ധ പീഡകൻ കരുതിക്കാണണം.അദ്ദേഹത്തിന്റെ ഞരമ്പ്‌ രോഗം തലയുയർത്തിത്തുടങ്ങിയ ആദ്യ നിമിഷം തന്നെ അതിനെ കൈകാര്യം ചെയ്യാൻ ശ്വേതയ്ക്ക് കഴിയാതിരുന്നത് എന്ത് കൊണ്ട്?. കാറിലും വഴിയിലും വേദിയിലും 'പീഡിപ്പിച്ചപ്പോൾ' പ്രതികരിക്കാതെ വൈകിട്ട് ചാനൽ ചർച്ചകൾക്ക് കാത്തിരിക്കുന്നതാണോ ബോൾഡ്നെസ്സ്.

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. പെണ്‍കുട്ടികളുടെ ബോൾഡ്നെസ്സ് എന്നാൽ എന്താണ്? ചന്തിയിൽ പിടിച്ച് ഞെക്കുന്നവനോട് താങ്ക്യൂ പറയുന്നതാണോ?. വിമാനത്തിൽ പിറകിലെ സീറ്റിൽ നിന്ന് കയ്യിട്ട് കയറിപ്പിടിച്ച നേതാവിനെ നോക്കി പല്ലിളിക്കുന്നതാണോ?. മടിയിൽ പിടിച്ചിരുത്തുന്ന ആത്മീയ ആചാര്യന്റെ താടി തടവിക്കൊടുക്കുന്നതാണോ? അതാത് സമയത്ത് പ്രതികരിക്കുന്നതിന് പകരം പിന്നീട് കരഞ്ഞിട്ടും പിഴിഞ്ഞിട്ടും കാര്യമെന്താണ്. പ്രതികരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ അകപ്പെടുന്ന സ്ത്രീകളുണ്ട്. അവരുടെ കാര്യമല്ല ഇവിടെ പറയുന്നത്. എന്നാൽ തക്ക സമയത്ത് പ്രതികരിക്കാൻ കഴിയുന്ന സ്ത്രീകൾ പോലും തങ്ങൾ സ്വയം അബലകളെന്നു വിശ്വസിച്ച് എല്ലാം സഹിക്കുന്നതിനെ നാം എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്.

ശ്വേതയുടെ ഉദാഹരണം തന്നെയെടുക്കൂ.. പീഡാംബരൻ തട്ടിയും മുട്ടിയും നടക്കുന്നത് ചാനലുകൾ പുറത്ത് വിട്ട വീഡിയോയിൽ കാണുന്നുണ്ട്. തിരക്കിനിടയിൽ അറിയാതെ സംഭവിക്കുന്നതാവാം എന്ന് കരുതി അതിനെ കണ്ടില്ലെന്ന് നടിക്കുന്നത് മനസ്സിലാക്കാം. എന്നാൽ പിറകിലൂടെ പിടിക്കുന്നത്‌ അങ്ങിനെയാണോ?. 'എന്താടാ നായിന്റെ മോനെ നിനക്ക് വേണ്ടത്' എന്ന് ചോദിച്ച് ചെകിടത്ത് ഒന്ന് പൊട്ടിക്കുകയായിരുന്നില്ലേ വേണ്ടത്. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ശ്വേത ഒരു റിയൽ താരമാകുമായിരുന്നു. സ്ത്രീ സമൂഹത്തിനൊരു മാതൃക ആകുമായിരുന്നു. അവരെ ബോൾഡെന്ന് വിളിക്കാമായിരുന്നു. പക്ഷേ എന്നെ അപമാനിച്ചേ എന്ന് വിളിച്ചു മൂക്ക് പിഴിയുന്ന ഒരു ടിപ്പിക്കൽ അബലയായി ശ്വേത മാറുകയാണ് ചെയ്തത്.

ഉച്ചക്ക് നടന്ന പീഡനം ചാനലിൽ വിളിച്ചു പറയുന്നത് രാത്രിയാണ്. പീഡനത്തിന്റെ മാർക്കറ്റിംഗ് തിരിച്ചറിയുവാൻ ഇത്രയും സമയമെടുത്തതാണോ കാരണം എന്നറിയില്ല. പ്രോഗ്രാം അലങ്കോലപ്പെടാൻ സാധ്യതയുണ്ട് എന്ന് കരുതിയാണെങ്കിൽ ഓക്കേ. അത് മനസ്സിലാക്കാം. പക്ഷേ കാറിൽ നിന്ന് അപമാനിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ 'സാർ വിചാരിക്കുന്ന തരത്തിലുള്ള ഒരു പെണ്ണല്ല ഞാൻ, ഇനിയാവർത്തിക്കരുത്' എന്നൊരു വാക്കെങ്കിലും പറയാമായിരുന്നില്ലേ. അതല്ലേ ബോൾഡ്നെസ്സ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇത്തരം അലമ്പ് 'ബോൾഡ്നെസ്സ്' ഒരു പെണ്‍കുട്ടിക്കും ജീവിതത്തിൽ ഗുണം ചെയ്യില്ല. ഞരമ്പിന്റെ ആദ്യ ലക്ഷണങ്ങൾ പുറത്ത് കാണിക്കുമ്പോൾ തന്നെ പ്രതികരിക്കാൻ തന്റേടമുള്ള ബോൾഡ്നെസ്സാണ് പെണ്‍കുട്ടികൾ നേടിയെടുക്കേണ്ടത്. ക്യാമറകൾക്ക് മുന്നിൽ തുണിയുടുക്കാതെ നില്ക്കുന്നതോ ലൈറ്റും ക്യാമറയും ഒരുക്കി പ്രസവിക്കുന്നതോ അല്ല ബോൾഡ്നെസ്സ്. മാനത്തിനും അഭിമാനത്തിനും ക്ഷതം വരുമ്പോൾ എടുത്തുപയോഗിക്കാനുള്ളതാണ്.

Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !! 
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)