September 22, 2013

പ്രായപൂർത്തിയാകാത്ത മുസ്‌ലിം സംഘടനകൾ

മുസ്‌ലിം പെണ്‍കുട്ടികളെ പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ കെട്ടിച്ചു വിടാനുള്ള അവകാശത്തിനു വേണ്ടി കേരളത്തിലെ സകല മുസ്ലിം മതസംഘടനകളും ഒറ്റക്കെട്ടായി സുപ്രീം കോടതി കയറാൻ പോകുകയാണത്രേ!. ഇവന്മാർക്കൊന്നും വേറെ പണിയില്ലേ എന്നാണ് ആ വാർത്ത കണ്ടപ്പോൾ മനസ്സിലേക്കോടി വന്ന ആദ്യ വാചകം. സുപ്രീം കോടതി കയറാനുള്ള പുതിയ നീക്കത്തെക്കുറിച്ച് വന്ന വാർത്തകൾ ശരിയാണെങ്കിൽ ഒന്നേ പറയാനുള്ളൂ.. കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് ഇനിയും പ്രായപൂർത്തിയായിട്ടില്ല. വകതിരിവും പരിസരബോധവും വന്നിട്ടില്ല. മതത്തെയും സമൂഹത്തെയും ക്രിയാത്മകമായി വായിച്ചെടുക്കുന്ന കാര്യത്തിൽ അവരിപ്പോഴും ഏറെ പിറകിലാണ്. ഇന്ത്യൻ പൊതുസമൂഹത്തിൽ സർവ സ്വീകാര്യമായ പതിനെട്ട് വയസ്സെന്ന പ്രായപരിധിയിൽ നിന്ന് മുസ്‌ലിം സമൂഹത്തിനു മാത്രം ഇളവ് ലഭിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്നതും ഇപ്പോൾ ഇങ്ങനെയൊരു കോമാളി വേഷം കെട്ടാൻ മുസ്‌ലിം സംഘടനകളെ പ്രേരിപ്പിച്ച സാമൂഹിക സാഹചര്യം എന്ത് എന്നതും ഒട്ടും മനസ്സിലാകുന്നില്ല.

September 14, 2013

സിന്ധു ജോയ് എന്ന ന്യൂസ് റീഡര്‍

വാർത്താവായനക്കാരുടെ കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി കടന്നു വരികയാണ്. സിന്ധു ജോയ്. സൂര്യ ടി വിയിൽ ഇന്ന് വൈകുന്നേരത്തെ ആറു മണി വാർത്ത വായിച്ചു കൊണ്ടാണ് സിന്ധു അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സംഭവം വരാൻ പോകുന്നുണ്ടെന്ന് സിന്ധു പ്രഖ്യാപിച്ചിരുന്നു. ഉള്ളത് പറയാമല്ലോ, വാർത്തകൾ കാണാൻ വേണ്ടി ജീവിതത്തിലൊരിക്കലും ഞാൻ സൂര്യ ടി വി തുറന്നിട്ടില്ല. പക്ഷേ ഇന്ന് തുറന്നു. സിന്ധുവിന്റെ പെർഫോമൻസ് കാണുകയും ചെയ്തു. ഒറ്റവാക്കിൽ പറഞ്ഞാൽ കൊള്ളാം. കുളമാക്കിയില്ല. ഏതൊരു കാര്യവും ഒരാൾ ആദ്യമായി ചെയ്യുമ്പോൾ ഒന്ന് പ്രോത്സാഹിപ്പിച്ചു കൊടുക്കണം. അതൊരു നാട്ടുനടപ്പും സാമാന്യ മര്യാദയുമാണ്‌. ആ ഗണത്തിൽ കൂട്ടിയാൽ മതി ഈ പോസ്റ്റിനെ.

September 13, 2013

ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !!

ഡൽഹി പെണ്‍കുട്ടിയുടെ ദാരുണ അന്ത്യത്തിന് കാരണക്കാരായ ആറു പേരിൽ നാല് പേരെയും തൂക്കിലേറ്റാൻ ഡൽഹി സാകേത് കോടതി വിധിച്ചതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കുകയാണ്. പീഡനം നടന്ന് ഒമ്പത് മാസം തികയുന്നതിന് മുമ്പ്, അതിവേഗ കോടതിക്ക് ലഭിച്ച നൂറ്റി മുപ്പത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു സുപ്രധാന വിധി പുറത്തു വന്നു എന്നത് തികച്ചും പ്രശംസനീയമാണ്. പേരറിയാത്ത ഒരു പെണ്‍കുട്ടി അനുഭവിച്ച ഹൃദയം മരവിപ്പിക്കുന്ന പീഡനത്തിന്റെ വേദനയിൽ ഡൽഹിയിലെ റയ്സീന കുന്നിൽ നിന്നുമുയർന്ന പ്രതിഷേധക്കൊടുങ്കാറ്റ് രാജ്യമൊട്ടാകെ അലയടിച്ചപ്പോൾ സർക്കാറും കോടതികളും ഉണർന്നു. അത്തരമൊരു ഉണർവും ആവേശവും ഈ കേസിന്റെ വിധിയെ ത്വരിതഗതിയിലാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ ഈ വിധി ഡൽഹി പെണ്‍കുട്ടിക്ക് വേണ്ടി മാത്രമുള്ള വിധിയല്ല,  രാജ്യമൊട്ടുക്ക് നാളിതുവരെ ലൈംഗിക പീഡനത്തിനിരയായ മുഴുവൻ പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള വിധി കൂടിയാണ്. അവരനുഭവിച്ച ജീവിത ദുരന്തങ്ങളുടെ ഓർമകൾക്ക്‌ മേൽ തലോടുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന വിധിയാണ്.

September 12, 2013

പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?

ജി എസ് പ്രദീപ്‌ മുടിഞ്ഞ ഡയലോഗടി വീരനാണ് എന്ന് ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. ആ തലക്കകത്ത് ഒരുപാട് കാര്യങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. അദ്ദേഹത്തിന് വിജ്ഞാന കാര്യത്തിൽ മാത്രമല്ല, മറ്റ് ചില 'വിഷയ'ങ്ങളിലും അപാര കഴിവുണ്ടെന്ന് മലയാളീ ഹൗസ് കണ്ടവർക്കുമറിയാം. പക്ഷേ ആ തലക്കകത്ത് ഒരു കടുക് മണിത്തൂക്കം കോമണ്‍സെൻസ് (മമ്മൂട്ടിയുടെ ഭാഷയിൽ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും) ഇല്ല എന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്‌. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട് ഈ മഹാ പണ്ഡിതൻ വിളമ്പിയ സാഹിത്യം കേരളക്കരയ്ക്ക് മൊത്തത്തിൽ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വിഡ്ഢി ദിനത്തിൽ ജനിച്ച ആളാണെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ഒരു വിഡ്ഢിയല്ല എന്നാണ് ഗ്രാൻഡ്‌ മാസ്റ്റർ ആവർത്തിച്ചാവർച്ച് പറഞ്ഞത്. നോക്കണേ, വിവരക്കേടിന്റെ ആഴവും പരിസരബോധമില്ലായ്മയുടെ വ്യാപ്തിയും!!.

ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്

തൃശൂർ പൂരത്തിന് ഒരു സാമ്പിൾ വെടിക്കെട്ട് ഉണ്ടാകാറുണ്ട്. ആ സാമ്പിൾ കണ്ടാലറിയാം ഒറിജിനൽ വെടിക്കട്ട് എങ്ങിനെയിരിക്കുമെന്ന്. സാമ്പിൾ തകർത്താൽ ഒറിജിനൽ തകർക്കും. സാമ്പിൾ തൂറ്റിയാൽ ഒറിജിനലും തൂറ്റും. അത് കട്ടായമാണ്. ടി പി വധക്കേസിന്റെ സാമ്പിൾ വിധിയാണ് വിചാരണക്കോടതിയിൽ നിന്നും ഇന്നലെ വന്നത്. ഒറിജിനൽ വിധി എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു സാമ്പിൾ. ടി പി വധക്കേസിലെ എല്ലാ പ്രതികളും മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കൂൾ കൂളായി പുറത്ത് വരാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇരുപത് പ്രതികളെ കുറ്റവിമുക്തരാക്കി നിരുപാധികം വിട്ടയച്ച വിധിയിലൂടെ അരിഭക്ഷണം കഴിക്കുന്നവർ മനസ്സിലാക്കേണ്ടത് അതല്ലാതെ മറ്റൊന്നല്ല. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയേറെ വിവാദം സൃഷ്‌ടിച്ച ഒരു കൊലപാതകം ഉണ്ടായിട്ടില്ല. വെട്ടുകത്തി രാഷ്ട്രീയത്തെ തരിമ്പും ഉൾകൊള്ളാൻ കഴിയാത്ത മുഴുവൻ കേരളീയരും കക്ഷി ഭേദമില്ലാതെ അപലപിക്കുകയും നമ്മുടെ മാധ്യമങ്ങൾ ഒന്നടങ്കം തികഞ്ഞ ജാഗ്രതയോടെ പൊതുമണ്ഡലത്തിൽ സജീവമായി നിലനിർത്തുകയും ചെയ്ത ഒരു കൊലപാതകം.