പ്രായപൂർത്തിയാകാത്ത മുസ്‌ലിം സംഘടനകൾ

മുസ്‌ലിം പെണ്‍കുട്ടികളെ പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ കെട്ടിച്ചു വിടാനുള്ള അവകാശത്തിനു വേണ്ടി കേരളത്തിലെ സകല മുസ്ലിം മതസംഘടനകളും ഒറ്റക്കെട്ടായി സുപ്രീം കോടതി കയറാൻ പോകുകയാണത്രേ!. ഇവന്മാർക്കൊന്നും വേറെ പണിയില്ലേ എന്നാണ് ആ വാർത്ത കണ്ടപ്പോൾ മനസ്സിലേക്കോടി വന്ന ആദ്യ വാചകം. സുപ്രീം കോടതി കയറാനുള്ള പുതിയ നീക്കത്തെക്കുറിച്ച് വന്ന വാർത്തകൾ ശരിയാണെങ്കിൽ ഒന്നേ പറയാനുള്ളൂ.. കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് ഇനിയും പ്രായപൂർത്തിയായിട്ടില്ല. വകതിരിവും പരിസരബോധവും വന്നിട്ടില്ല. മതത്തെയും സമൂഹത്തെയും ക്രിയാത്മകമായി വായിച്ചെടുക്കുന്ന കാര്യത്തിൽ അവരിപ്പോഴും ഏറെ പിറകിലാണ്. ഇന്ത്യൻ പൊതുസമൂഹത്തിൽ സർവ സ്വീകാര്യമായ പതിനെട്ട് വയസ്സെന്ന പ്രായപരിധിയിൽ നിന്ന് മുസ്‌ലിം സമൂഹത്തിനു മാത്രം ഇളവ് ലഭിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്നതും ഇപ്പോൾ ഇങ്ങനെയൊരു കോമാളി വേഷം കെട്ടാൻ മുസ്‌ലിം സംഘടനകളെ പ്രേരിപ്പിച്ച സാമൂഹിക സാഹചര്യം എന്ത് എന്നതും ഒട്ടും മനസ്സിലാകുന്നില്ല.

വിവാഹ വിഷയത്തിൽ കേരളത്തിലെ മുസ്ലിംകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിവാഹം പതിനാറിൽ വേണമോ പതിനെട്ടിൽ വേണമോ എന്നതല്ല. പതിനായിരക്കണക്കിന് പെണ്‍കുട്ടികൾ കണ്ണീരു കുടിക്കുന്നത് ജനന സർട്ടിഫിക്കറ്റിലെ തിയ്യതിയുടെ കാര്യത്തിലുമല്ല. വിവാഹ 'കമ്പോളത്തിലെ' അനിസ്ലാമികമായ ആചാരങ്ങളും സമ്പ്രദായങ്ങളുമാണ് അവരനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സ്ത്രീധനമെന്ന പിശാചാണ് അവരെ തുറിച്ചു നോക്കുന്നത്. സ്വർണത്തോടും അനുബന്ധ ഉരുപ്പടികളോടുമുള്ള പുരുഷ വർഗത്തിന്റെ അത്യാർത്തിയാണ്‌ അവരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്നത്. അതിന്റെ പേരിലാണ്, അതിന്റെ പേരിൽ മാത്രമാണ് പാവപ്പെട്ട പതിനായിരക്കണക്കിന് പെണ്‍കുട്ടികൾ കണ്ണീര് കുടിച്ച് കഴിയുന്നത്‌. കേരളത്തിലെ മുസ്‌ലിം സംഘടനകളിലെ നായകന്മാരെല്ലാം ഒന്നിച്ചു കൂടി സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങൾക്ക് ഞങ്ങളാരും കാർമികത്വം വഹിക്കില്ല എന്നൊരു തീരുമാനം എടുത്തിരുന്നുവെങ്കിൽ അതീ സമുദായത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമായിരുന്നു. വിവാഹ പ്രായം കുറക്കാൻ വേണ്ടി സുപ്രിം കോടതിയിൽ പോകുന്നതിനു പകരം അത്തരമൊരു ധർമ സമരത്തിന് നേതൃത്വം കൊടുക്കാനുള്ള ആർജവം കാണിച്ചിരുന്നുവെങ്കിൽ അതൊരു നവോത്ഥാനത്തിന്റെ തുടക്കമാകുമായിരുന്നു.

അറബിക്കല്യാണങ്ങൾക്കും മൈസൂർ കല്യാണങ്ങൾക്കും പെണ്‍കുട്ടികൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരുന്നത് വിവാഹച്ചന്തയിലെ 'കച്ചവടത്തിനുള്ള' സാമ്പത്തിക ശേഷി രക്ഷിതാക്കൾക്ക് ഇല്ലാതെ വരുമ്പോഴാണ്. ഇത്തരം കല്യാണങ്ങൾക്കെതിരെ വലിയ വായിൽ ഒച്ച വെച്ചതു കൊണ്ട് മാത്രം അവയൊന്നും ഇല്ലതാകണമെന്നില്ല. നിയമ നിർമാണങ്ങൾക്കും അതിന്റേതായ പരിമിതികൾ ഉണ്ട്. സ്ത്രീധനവും സ്വർണവും അനുബന്ധ ആചാരങ്ങളും വിവാഹ കമ്പോളത്തിൽ പിശാചിന്റെ രൂപം പൂണ്ട് നിലനിൽക്കുന്നിടത്തോളം കാലം ഒറ്റയ്ക്കും തെറ്റയ്ക്കും ഇത്തരം വിവാഹങ്ങൾ നടന്നെന്നിരിക്കും. ഇതൊന്നും അറിയാത്തവരല്ല കഴിഞ്ഞ ദിവസം കോഴിക്കോട് ഒത്തുകൂടിയ മതനേതാക്കൾ.. പക്ഷേ ഇത്തരം കാതലായ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മാത്രമുള്ള ആർജ്ജവം അവർക്കില്ല. അതിന് പലതും ബലി കൊടുക്കേണ്ടി വരും. അതിനേക്കാൾ എളുപ്പമാണ് പാവം പിടിച്ച പെണ്‍കുട്ടികളുടെ മെക്കിട്ട് കയറുക എന്നത്. അവരുടെ ദുരിതങ്ങളിൽ കുറച്ചു കൂടി തീ കോരി ഇടുക എന്നത്.


സുപ്രീം കോടതിയിൽ പോകുന്നത് ശരീഅത്ത് സംരക്ഷിക്കുവാണെന്നാണ്‌ പുതിയ ഐക്യമുന്നണിയുടെ ചെയർമാനായ കോട്ടുമല ബാപ്പു മുസലിയാർ പറയുന്നത്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, എം എസ് എസ് , എം ഇ എസ് തുടങ്ങി എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികൾ തീരുമാനിച്ചുറപ്പിച്ച കാര്യമാണ് ഇതെന്നും അദ്ദേഹം പറയുന്നു. (പ്രശ്നം വിവാദമാകുന്നു എന്ന് കണ്ടതോടെ ചിലർ ഈ നീക്കത്തിൽ നിന്ന് പിൻവാങ്ങുന്നതിന്റെ സൂചനകൾ കണ്ടു കഴിഞ്ഞു. എത്ര പെട്ടെന്ന് പിന്തിരിയുന്നുവോ അത്രയും നല്ലത് എന്നേ പറയാനുള്ളൂ.) മുസ്‌ലിം സമൂഹത്തിൽ വൈവാഹിക രംഗത്ത് പതിറ്റാണ്ടുകളായി കാണുന്ന ദുരന്ത ചിത്രങ്ങളെ, സ്ത്രീധനത്തിന്റെയും സ്വർണത്തിന്റെയും പേരിൽ മുപ്പതും നാല്പതും വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കപ്പെടാതെ കഴിയുന്ന 'പെണ്‍കുട്ടികളുടെ' ദീർഘ നിശ്വാസങ്ങളെ, മൈസൂർ കല്യാണങ്ങളുടെയും അറബികല്യാണങ്ങളുടെയും പേരിൽ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണീർകണങ്ങളെ, കാണാനും കേൾക്കാനുമാവുമെങ്കിൽ സുപ്രിം കോടതി കയറാതെ തന്നെ ശരീഅത്ത് സംരക്ഷിക്കുവാൻ മുസ്ലിം സംഘടനകൾക്ക് സാധിക്കും.

ഇനി വിഷയത്തിന്റെ മറുവശം. പതിനാറോ പതിനെട്ടോ എന്നതല്ല വലിയ പ്രശ്നം. പതിനെട്ടാം ജന്മദിനം എത്തുന്ന സുപ്രഭാതത്തിൽ എഫ് സി ഐ ഗോഡൌണിലേക്ക് അരിയിറക്കുന്ന പോലെ പെണ്‍കുട്ടിയുടെ തലയിലേക്ക് ഒരു ലോഡ് വിവേകവും പക്വതയും ഇറങ്ങി വരും എന്ന് കരുതാൻ വയ്യ. പക്വതയും പാകതയുമൊക്കെ ഓരോരുത്തരിലും വ്യത്യസ്തമായി വരുന്ന ഒന്നാണ്. വിവാഹ പ്രായക്കാര്യത്തിൽ പല രാജ്യങ്ങളിലും വ്യത്യസ്തമായ പ്രായപരിധികൾ ആണുള്ളത്. പതിനാലും പതിനഞ്ചും വയസ്സ് പെണ്‍കുട്ടികളുടെ വിവാഹപ്രായമായി നിശ്ചയിച്ച പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധിയുണ്ട്.  അവിടങ്ങളിൽ പെണ്‍കുട്ടികളുടെ മനുഷ്യാവകാശ പ്രശ്നങ്ങളും പാകതയുടെ പ്രശ്നങ്ങളുമൊന്നും വിവാദങ്ങളല്ല. ഇന്ത്യയിലെ ഒരു പെണ്‍കുട്ടിയെ പതിനാറു വയസ്സിൽ വിവാഹം ചെയ്യുന്നതോട് കൂടി മറ്റു വികസിത രാജ്യങ്ങളിലൊന്നുമില്ലാത്ത സാംസ്കാരിക പ്രശ്നം ഉണ്ടാകുമെന്ന് പറയുന്നവർക്ക് വേറെ ചില രോഗങ്ങളാണുള്ളത്. അതിന് പ്രത്യേക ചികിത്സയില്ല. അത് വിഷയത്തിന്റെ മറ്റൊരു വശം മാത്രം. പക്ഷേ ഇന്ത്യയിൽ വ്യാപകമായ ശൈശവ വിവാഹങ്ങൾക്കെതിരെ സാമൂഹ്യ നന്മ ലക്‌ഷ്യം വെച്ച് ഉണ്ടാക്കിയ ഒരു നിയമത്തെ എതിർക്കുന്നതിന് ന്യായമായ കാരണങ്ങളോ സാഹചര്യങ്ങളോ വേണം. അത്തരമൊരു സാഹചര്യം മുസ്ലിം സംഘടനകളുടെ ഈ നീക്കത്തിന് പിന്നിലില്ല.

പതിനാറ് വയസ്സുള്ളവർക്ക് വ്യഭിചരിക്കാം, കല്യാണം കഴിച്ചു കൂടെ എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. പതിനാറുകാർ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെ കാണാതിരിക്കുകയല്ല. അത് ധാർമികതയും സംസ്കാരവുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളാണ്. നാമത് പല സന്ദർഭങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്.  ഈ ബ്ലോഗിലും ആ വിഷയങ്ങളിൽ പോസ്റ്റുകൾ കാണാം. ഇവിടെ വിഷയം വിവാഹപ്രായത്തെക്കുറിച്ച ചർച്ചയാണ്. ഒരു നിശ്ചിത പ്രായത്തിൽ വിവാഹം ചെയ്തു കൊടുക്കണമെന്ന് ഇസ്ലാം നിഷ്കർഷിച്ചിട്ടില്ലാത്ത കാലത്തോളം ഇന്ത്യൻ നിയമവ്യവസ്ഥ അനുശാസിക്കുന്ന വിവാഹ പ്രായം ഉൾകൊള്ളുന്നതിൽ ഏത് മതവിശ്വാസിക്കാണ് പ്രയാസമുള്ളത്. ലൈംഗിക അധാർമികതകൾ പതിനാറു വയസ്സിലല്ല, അതിനു മുമ്പും ഇപ്പോഴത്തെ തലമുറയിൽ കണ്ടു വരുന്നുണ്ട്. അതിനെ മറികടക്കുവാൻ പത്താം വയസ്സിലും പന്ത്രണ്ടാം വയസ്സിലും വിവാഹം നടത്തണമെന്നാണോ?. ശൈശവ വിവാഹം തടയുന്നതിന് വേണ്ടി മൂന്നര പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ സർക്കാർ ഉണ്ടാക്കിയ നിയമത്തെ (Child Marriage Restraint (Amendment) Act 1978) ഇപ്പോൾ ശരീഅത്തിൽ ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് എതിർക്കേണ്ടതിന്റെ ആവശ്യമെന്ത്?. വൈവാഹിക രംഗത്ത് ഒന്നിച്ച് എതിർക്കേണ്ട ഇതിനേക്കാൾ പതിനായിരം മടങ്ങ്‌ ഗൗരവമുള്ള വിഷയങ്ങളെ കാണാതിരുന്നു കൊണ്ട് പ്രായത്തിന്റെ പേരിലുള്ള ഈ കോടതി കയറ്റം ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ളവർ, പ്രണയ വിവാഹങ്ങളിൽ പെടുന്നവർ, അനാഥകൾ തുടങ്ങിയവരുടെ വിഷയത്തിൽ പ്രായത്തിൽ ഇളവ് വേണമെന്നാണ് ചിലർ വാദിക്കുന്നത്. ഇത്തരം കേസുകൾ മുസ്‌ലിം സമൂഹത്തിൽ മാത്രം പരിമിതമാണോ?. ഇതൊരു സാമൂഹിക പ്രശ്നമാണെങ്കിൽ പൊതുസമൂഹത്തോടൊപ്പം ചേർന്ന് എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ള ഒരു നിയമ നിർമാണത്തിന് വേണ്ടിയല്ലേ ശ്രമിക്കേണ്ടത്. അതിനിടയിലേക്ക് ഇസ്ലാമിക ശരീഅത്തിനെ കടത്തിക്കൊണ്ടു വന്ന് കോടതി കയറേണ്ട ആവശ്യമെന്ത്?.

ചുരുക്കത്തിൽ മുസ്‌ലിം സാമുദായിക സംഘടനകൾ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള ദൗത്യം പൊതുസമൂഹത്തിൽ നിന്ന് സ്വയം പുറംതള്ളപ്പെടാൻ അവസരമൊരുക്കുന്ന അസംബന്ധ നീക്കമാണ്. ഇത്തരമൊരു നീക്കത്തിന് മുസ്‌ലിം പൊതു സമൂഹത്തിൽ ഒരു ചെറിയ ശതമാനത്തിന്റെ പോലും പിന്തുണ ലഭിക്കില്ലെന്നതുറപ്പാണ്. ആധുനിക സാമൂഹിക ചുറ്റുപാടുകളിൽ ഒരു ക്രിയാത്മക സമൂഹത്തിന്റെ വഴികാട്ടികളായി മുന്നിൽ നടക്കണമോ അതല്ല അവരുടെ സാമൂഹ്യ ജീവിതത്തെ പിറകോട്ടു വലിക്കുന്ന പിന്തിരിപ്പൻ ശക്തികളായി അധ:പതിക്കണമോ എന്നത് സാമുദായിക നേതാക്കന്മാർക്ക് തീരുമാനിക്കാവുന്നതാണ്.

= = = = = = = = 
27.09.2013 Note
വ്യക്തിപരമായി എന്നോട് നിരവധി സാമുദായിക സംഘടന പ്രവർത്തകർ ചോദിക്കുന്ന ചോദ്യം. പൊതു സമൂഹത്തിന്റെ കയ്യടി കിട്ടാൻ വേണ്ടിയല്ലേ നിങ്ങൾ ഈ കളി കളിക്കുന്നത്. ബ്ലോഗിലേക്ക് ആളെക്കൂട്ടുകയല്ലേ നിങ്ങളുടെ ലക്ഷ്യം.

എന്റെ എല്ലാ പോസ്റ്റുകൾക്കും ഇത്തരം 'കയ്യടി കമന്റുകൾ' കിട്ടാറുണ്ട്. ഇടതുപക്ഷത്തെ വിമർശിച്ചാൽ വലതു പക്ഷത്തിന്റെ കയ്യടിക്കു വേണ്ടി. വലതു പക്ഷത്തെ വിമർശിച്ചാൽ ഇടതുപക്ഷത്തിന്റെ കയ്യടിക്ക് വേണ്ടി. മഅദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയപ്പോൾ ഇസ്ലാമിക തീവ്രവാദികളുടെ കയ്യടിക്കു വേണ്ടി എന്നായിരുന്നു ആരോപണം. പ്രൊഫസറുടെ കൈവെട്ടിയതിനെ വിമർശിച്ചപ്പോൾ ആർ എസ് എസ്സിന്റെ കയ്യടിക്ക് വേണ്ടി എന്നായി. വിമാനയാത്രാ വിഷയത്തിൽ വയലാർജിക്കെതിരെ പോസ്റ്റ്‌ എഴുതിയപ്പോൾ സഖാക്കളുടെ കയ്യടിക്കു വേണ്ടി എന്നാണു പറഞ്ഞത്. തിരുകേശപള്ളിക്കെതിരെ പോസ്റ്റ്‌ എഴുതിയപ്പോൾ സുന്നി ഇ കെ ഗ്രൂപ്പിന്റെയും മുജാഹിദ് ഗ്രൂപ്പിന്റെയും കയ്യടിക്കു വേണ്ടി എന്നായി. സ്ത്രീ പീഡനവിഷയത്തിലെ പോസ്റ്റിൽ വസ്ത്രധാരണ രീതിയെ ചെറുതായൊന്ന് പരാമർശിച്ചപ്പോൾ മതമൗലിക മൂരാച്ചികളുടെ കയ്യടിക്കു വേണ്ടി എന്നായിരുന്നു ബഹളം. ഇപ്പോൾ വിവാഹ പ്രായ വിഷയത്തിലുള്ളത് മതവിരുദ്ധരുടെ കയ്യടിക്ക് വേണ്ടി എന്നാണ്. എഴുതുന്നിടത്തോളം കാലം കയ്യടി ആരോപണങ്ങൾ തുടർന്നു കൊണ്ടിരിക്കും എന്നർത്ഥം. അത്തരം ആരോപണങ്ങളെ അതിന്റെ പാട്ടിന് വിട്ട് മുന്നോട്ട് പോവുകയല്ലാതെ നിവൃത്തിയില്ല.

Recent Posts
ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !!
സിന്ധു ജോയ് എന്ന ന്യൂസ് റീഡര്‍
പ്രദീപേ, ഏപ്രില്‍ ഫൂളിലെത്ര ഫൂളുണ്ട്?