June 17, 2009

ഗള്‍ഫിലും പവര്‍ കട്ട് !!!

കേരളത്തില്‍ നിന്ന് ഏതോ വൈദ്യുതി വിദഗ്ധന്‍ ഗള്‍ഫില്‍ എത്തിയെന്ന് തോന്നുന്നു. ഹെയര്‍ കട്ട് എന്നല്ലാതെ പവര്‍ കട്ട് എന്നത് ഇവിടത്തുകാര്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ ഒരാഴ്ചയില്‍ ഏറെയായി നാട്ടിലേക്കാള്‍ വലിയ പവര്‍ കട്ടാണ് ഇവിടെ. ജിദ്ദ നഗരത്തിലെ ഇന്റസ്ട്രിയല്‍ സോണില്‍ ദിവസം ഉച്ചക്ക് ഒരു മണിക്ക് മുങ്ങുന്ന വെളിച്ചം പിന്നെ പൊങ്ങുന്നത് നാല് മണിക്കാണ്. മാലോകരേ നിങ്ങളുടെ സ്ഥിതിയെന്താണ്?

June 15, 2009

സ്വീകരണം അടിപൊളി..


കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദിന് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ (14.06.2009) നിന്നുള്ള ദൃശ്യങ്ങള്‍.

June 13, 2009

മല എലിയെ പ്രസവിക്കുമോ ?















സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും ഇന്നലെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ് ഇവരെത്തിയത്. നാല് ബോഗികളുള്ള പ്രത്യേക ട്രെയിനില്‍ എത്തിയ സംഘം നിലവിലുള്ള സ്റ്റേഷന്റെ ശോച്യാവസ്ഥ മനസ്സിലാക്കുകയും വികസന സാധ്യതകള്‍ പഠിക്കുകയും ചെയ്തു. മദ്രാസ്‌ എഗ്മൂര്‍ എക്സ്പ്രസ്സിനു സ്റ്റോപ്പ്‌ അനുവദിക്കുന്നത് അടക്കമുള്ള പ്രത്യേക ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക നാട്ടുകാര്‍ അദ്ദേഹത്തിന് നല്‍കി. വള്ളിക്കുന്നിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത് പോലെ ഒരു ഉന്നത സംഘം



വികസനവുമായി ബന്ധപ്പെട്ട് സന്ദര്‍ശിക്കുന്നത്. ഇതോടെ വള്ളിക്കുന്നുകാരുടെ പ്രതീക്ഷകള്‍ ഊരോത്ത് മലയോളം ഉയരത്തില്‍ എത്തിയിരിക്കുകയാണ് ( ഞങള്‍ നാട്ടുകാര്‍ക്ക് ഹിമാലയത്തെക്കാള്‍ ഉയരമുള്ളതായിട്ടാണ് ഊരോത്ത് മല കാണപ്പെടുന്നത്‌, ഞങ്ങളുടെ അവിടെ നിന്ന് എങ്ങനെ നോക്കിയാലും ഈ മുടിഞ്ഞ ഹിമാലയം കാണില്ല !!) .

പ്രിയപ്പെട്ട അഹമ്മദ്‌ സാഹിബ്‌, ഇത്രയും ഉയരത്തില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ എത്തിച്ചിട്ട് ഇനി താഴോട്ട് ഇടല്ലേ. മലയോളം പ്രതീക്ഷിച്ചാല്‍ കുന്നോളം കിട്ടുമെന്നാണ് പഴമൊഴി. അത് പോലും കിട്ടിയില്ലെങ്കില്‍ ( അഥവാ മല എലിയെ പ്രസവിച്ചു എന്നെങ്കിലും പറയാന്‍ പറ്റിയില്ലെങ്കില്‍ ) ഞങ്ങള്‍ കൂട്ടത്തോടെ തീവണ്ടിക്കു മുന്നില്‍ ചാടേണ്ടി വരും. ഈ ബ്ലോഗു പൂട്ടി എനിക്ക് കാശിക്കു പോകേണ്ടിയും വരും . അത്രേയേറെ ശത്രുക്കള്‍ ഈ രണ്ടു മൂന്നു പോസ്റ്റു കൊണ്ട് ഉണ്ടായിട്ടുണ്ട്.

June 7, 2009

വാഹനങ്ങള്‍ പറന്നേക്കും, വള്ളിക്കുന്നില്‍ സര്‍വകക്ഷി യോഗം.

വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം കൊടക്കാട് റോഡിനു ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. എം എല്‍ എ കുട്ടി അഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളിക്കുന്ന് അങ്ങാടിയില്‍ സര്‍വ കക്ഷി യോഗം നടന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും സജീവമായി പങ്കെടുത്തു. റയിലിന് പടിഞ്ഞാറ് വശമുള്ളവര്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറായാല്‍ എത്രയും പെട്ടെന്ന് അനുമതി ലഭിക്കുവാന്‍ വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പറഞ്ഞു. പ്രധാന സ്ഥല ഉടമ കോമത്ത് മുഹമ്മദ്‌ ഹാജി ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞു. മിനി ഓവര്‍ ബ്രിഡ്ജ് വരുന്നതോടെ വള്ളിക്കുന്നിന്റെ മുഖച്ച്ചായ മാറുമെന്നും (ബോംബെ നഗരത്തെ പോലെ ആയില്ലെങ്കിലും!! ) വാഹനങ്ങള്‍ തീവണ്ടിക്കു മുകളിലൂടെ പറക്കുമെന്നും





















നമുക്ക് പ്രതീക്ഷിക്കാം. ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന മട്ടില്‍ എല്ലാത്തിനെയും എതിര്‍ത്ത് നടക്കുന്നവര്‍ക്ക് അത് തുടരാം. ( ചുമ്മാ പ്രകോപിപ്പിക്കാനാണേ ..) നിലാവുദിക്കുമ്പോള്‍ കൊടക്കാട് കുന്നില്‍ മുകളില്‍ നിന്നും ഒരു പ്രത്യേക ജീവിയുടെ ശബ്ദം കേള്‍കാറില്ലേ .. അവര്‍ ആ പണി തുടരട്ടെ .. നമുക്ക് മുന്നോട്ട് പോകാം.

ഇപ്പോള്‍ ആര്‍ക്കും സിന്ദാബാദ്‌ വിളിക്കുന്നില്ല. അതല്‍പ്പം കഴിഞ്ഞിട്ടാവാം..

June 2, 2009

വികസനം വരുന്നു, കുതിരയെപ്പോലെ ..

സര്‍ക്കാര്‍ കാര്യങ്ങള്‍ ചിലപ്പോള്‍ ഒച്ചിനെപ്പോലെ ഇഴയും, മറ്റു ചിലപ്പോള്‍ കുതിരയെപ്പോലെ കുതിചെത്തും.. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം ഓവര്‍ ബ്രിഡ്ജ്ന്റെയും ലെവല്‍ ക്രോസ്സിംഗിന്റെയും സാധ്യത പഠിക്കാനായി ഇന്ന് റെയില്‍വേയുടെ ഒരു സംഘമെത്തി.






























കേന്ദ്ര റെയില്‍വേ മന്ത്രി ഇ അഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് അവരെത്തിയത് എന്നാണ് കരുതപ്പെടുന്നത്. എന്തൊക്കെയോ കുറിച്ചെടുത്തും അളവെടുത്തും അവര്‍ പോയിട്ടുണ്ട്. എന്ത് റിപ്പോര്‍ട്ടാണോ ആ പഹയന്മാര്‍ മുകളിലേക്ക് കൊടുക്കുന്നത് എന്നറിയില്ല.

ഇത് പോലെ പല അളവുകാരും മുമ്പ് വന്നിട്ടില്ലേ എന്ന് ചോദിച്ചാല്‍ വന്നിട്ടുണ്ട്. ചായയും പഴം പൊരിയുമൊക്കെ ഞങ്ങള്‍ വാങ്ങിച്ചു കൊടുത്തിട്ടുമുണ്ട്. (ചിക്കന്‍ ബിരിയാണിയും സിക്സ്ടി ഫൈവുമൊന്നും ഞങടെ നാട്ടില്‍ കിട്ടാത്തത് കൊണ്ട് വലിയ അതിഥികള്‍ക്ക് ഞങ്ങള്‍ പഴം പൊരിയാണ് കൊടുക്കാറ്.) പക്ഷെ അതിന്റെ കാശ് കളഞ്ഞത് മിച്ചമെന്നല്ലാതെ കാര്യമായി ഒന്നും നടന്നിട്ടില്ല. പക്ഷെ ഇത്തവണ എന്തെങ്കിലും നടക്കുന്ന ലക്ഷണമുണ്ട് എന്ന ഒരു 'തോന്നല്‍ ' ഞങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എല്ലാവര്ക്കും ഇല്ല കെട്ടോ..

സിന്ദാബാദ്‌ സിന്ദാബാദ്‌..
ഇന്ത്യന്‍ റെയില്‍വേ സിന്ദാബാദ്‌..
ഇ അഹമ്മദ്‌ സിന്ദാബാദ്‌ ..


(ലീഗുകാര്‍ അല്ലാത്തവര്‍ കുതിര കയറാന്‍ വരരുത്.. അല്പം ക്ഷമിക്കുക.. സംഗതി ഒന്നും നടന്നില്ലെങ്കില്‍ മുദ്രാവാക്യം മാറ്റി
വിളിക്കാവുന്നതാണ് ) ശേഷം വെള്ളിത്തിരയില്‍..