മല എലിയെ പ്രസവിക്കുമോ ?സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും ഇന്നലെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ് ഇവരെത്തിയത്. നാല് ബോഗികളുള്ള പ്രത്യേക ട്രെയിനില്‍ എത്തിയ സംഘം നിലവിലുള്ള സ്റ്റേഷന്റെ ശോച്യാവസ്ഥ മനസ്സിലാക്കുകയും വികസന സാധ്യതകള്‍ പഠിക്കുകയും ചെയ്തു. മദ്രാസ്‌ എഗ്മൂര്‍ എക്സ്പ്രസ്സിനു സ്റ്റോപ്പ്‌ അനുവദിക്കുന്നത് അടക്കമുള്ള പ്രത്യേക ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക നാട്ടുകാര്‍ അദ്ദേഹത്തിന് നല്‍കി. വള്ളിക്കുന്നിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത് പോലെ ഒരു ഉന്നത സംഘംവികസനവുമായി ബന്ധപ്പെട്ട് സന്ദര്‍ശിക്കുന്നത്. ഇതോടെ വള്ളിക്കുന്നുകാരുടെ പ്രതീക്ഷകള്‍ ഊരോത്ത് മലയോളം ഉയരത്തില്‍ എത്തിയിരിക്കുകയാണ് ( ഞങള്‍ നാട്ടുകാര്‍ക്ക് ഹിമാലയത്തെക്കാള്‍ ഉയരമുള്ളതായിട്ടാണ് ഊരോത്ത് മല കാണപ്പെടുന്നത്‌, ഞങ്ങളുടെ അവിടെ നിന്ന് എങ്ങനെ നോക്കിയാലും ഈ മുടിഞ്ഞ ഹിമാലയം കാണില്ല !!) .

പ്രിയപ്പെട്ട അഹമ്മദ്‌ സാഹിബ്‌, ഇത്രയും ഉയരത്തില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ എത്തിച്ചിട്ട് ഇനി താഴോട്ട് ഇടല്ലേ. മലയോളം പ്രതീക്ഷിച്ചാല്‍ കുന്നോളം കിട്ടുമെന്നാണ് പഴമൊഴി. അത് പോലും കിട്ടിയില്ലെങ്കില്‍ ( അഥവാ മല എലിയെ പ്രസവിച്ചു എന്നെങ്കിലും പറയാന്‍ പറ്റിയില്ലെങ്കില്‍ ) ഞങ്ങള്‍ കൂട്ടത്തോടെ തീവണ്ടിക്കു മുന്നില്‍ ചാടേണ്ടി വരും. ഈ ബ്ലോഗു പൂട്ടി എനിക്ക് കാശിക്കു പോകേണ്ടിയും വരും . അത്രേയേറെ ശത്രുക്കള്‍ ഈ രണ്ടു മൂന്നു പോസ്റ്റു കൊണ്ട് ഉണ്ടായിട്ടുണ്ട്.