2010 : തകര്‍ന്ന മോഹങ്ങളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക്..


നിരാശകള്‍ മാത്രം നല്‍കി ഓരോ വര്ഷം കൊഴിഞ്ഞുവീഴുമ്പോഴും പുതിയ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷം ജനിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ പ്രതീക്ഷകളാണ്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഒരു നല്ല നാളെ സ്വപ്നം കണ്ടു കഴിയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തെങ്ങുമുണ്ട്. ദിവസം ഒരു റൊട്ടിക്കഷണം പോലും ലഭിക്കാതെ വിശപ്പ്‌ കടിച്ചിറക്കി ജീവിക്കുമ്പോഴും ഒരു നല്ല നാളെ അരികത്തുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍. യുദ്ധ വിമാനങ്ങളും ചാവേര്‍ പടയാളികളും ചോരയും മരണവുമായി അരികത്തു കറങ്ങുമ്പോഴും ഒലിവ്‌ ഇല കൊക്കില്‍ കൊളുത്തി ഒരു വെള്ളരി പ്രാവ് പറന്നെത്തത്തുമെന്ന് കരുതുന്നവര്‍. പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും തുരുത്തില്‍ കിടക്കുമ്പോഴും വെള്ളവും മരുന്നുമായി ഒരു തോണിക്കാരനെ കാത്തിരിക്കുന്നവര്‍. തെരുവിലെ ചവറ്റുകൂനയില്‍ കിടക്കുമ്പോഴും ടൈയും ഷൂസുമിട്ട് പോകാന്‍ ഒരു സ്കൂള്‍ സ്വപ്നം കാണുന്ന അനാഥബാല്യങ്ങള്‍.. പ്രതീക്ഷകള്‍ എല്ലാവരെയും ജീവിപ്പിക്കുന്നു.

ഒബാമയുടെ വരവാണ് രണ്ടായിരത്തി ഒമ്പതിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചത്.. ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റായി ഇരുന്നതിന്റെ ആവേശം ജനുവരി ഇരുപത് ലോകത്തിനു നല്‍കി..

പുതുവര്‍ഷത്തിന്റെ പൂമുഖത്തിരുന്ന് പശ്ചിമേഷ്യയെ നോക്കുമ്പോള്‍ പോയ വര്ഷം പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ് നല്‍കിയത്. ഇസ്രാഈല്‍ ഗാസയില്‍ നടത്തിയ തുല്യതയില്ലാത്ത നരനായാട്ടില്‍ ലോകം വിറങ്ങലിച്ചു നിന്ന നാളുകള്‍. യുദ്ധഭൂമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും അനുവദിക്കാത്തതിനാല്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ നടുവില്‍ ഒരു സമൂഹം തെരുവ് നായ്ക്കളെപ്പോലെ അന്തിയുറങ്ങുന്നത് നമുക്ക് കാണേണ്ടി വരുന്നു...

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഇറാഖിലെയും പോയ വര്‍ഷത്തെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. മദ്ധ്യേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനം കൊണ്ട് വരുവാന്‍ സാമ്രാജ്യത്വം നടത്തിയ കടന്നാക്രമങ്ങളില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട ഈ രാജ്യങ്ങളുടെ തേങ്ങലായിരിക്കും പോയ വര്‍ഷത്തിന്‍റെ ബാക്കിപത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് ലോകം പതിയെ കരകയറി വരുന്നതിന്റെ സൂചനയും പോയ വര്ഷം നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കോണ്ഗ്രസ് പാര്‍ട്ടി കൂടുതല്‍ ശക്തമാകുന്നതാണ് നാം കണ്ടത്. ഹൈന്ദവ വര്‍ഗീയതയുടെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ അജണ്ട നഷ്ടപ്പെട്ട ഒരാള്‍കൂട്ടമായി മാറിയ ബിജെപി തകര്‍ച്ചയില്‍ നിന്ന് കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നതും നാം കണ്ടു. ചാന്ദ്രയാന്‍ ദൌത്യത്തിന്റെ വിജയം നല്‍കിയ ഗ്ലാമര്‍ ബഹിരാകാശ ശക്തന്മാരുടെ മുന്‍നിരയില്‍ തുടരാന്‍ ഇന്ത്യയെ സഹായിച്ചു.

എല്‍ ടി ടി ഇ യുടെ പതനം, ബെര്‍ലിന്‍ മതില്‍ ഇല്ലാതായതിന്റെ ഇരുപതാം വാര്‍ഷികം, ഇറാനില്‍ അഹ്മദി നജാദിന്‍റെ രണ്ടാമൂഴം, നിരവധി പേരുടെ ജീവനെടുത്ത വിമാന ദുരന്തങ്ങള്‍, സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ വീരേതിഹാസങ്ങള്‍.. ഇന്ത്യ യു എസ് ന്യൂക്ലിയര്‍ ഉടമ്പടി, ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തലുകള്‍,  പോയവര്ഷം ലോകത്തിനും ഇന്ത്യക്കും സംഭവ ബഹുലമായിരുന്നു. ..  

ചരിത്രത്തില്‍ ആദ്യമായി അടിപൊളി പ്രസംഗത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊടുത്ത വൈചിത്ര്യവും കഴിഞ്ഞ വര്ഷം നാം കണ്ടു. പ്രസിഡണ്ട്‌ സ്ഥാനത്തെത്തി പത്തു നാള്‍ക്കകം തന്നെ ഒബാമ നെബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

കടല്‍ കൂടുതല്‍ ചൂട് പിടിക്കുകയും ഹിമ പ്രദേശങ്ങളിലെ മഞ്ഞുരുക്കം തുടരുകയും ചെയ്‌താല്‍ പല ദ്വീപ്‌ സമൂഹങ്ങളും അധികം വിദൂരമല്ലാത്ത ഭാവിയില്‍ വെള്ളത്തിനടിയിലാവുമെന്ന ആശങ്കകളുടെ നടുവിലാണ് കോപ്പന്‍ഹേഗന്‍ ഉച്ചകോടി നടന്നത്. ആഗോളതാപനത്തിന് മുഖ്യ കാരണക്കാരായ അമേരിക്കയും ചൈനയുമടങ്ങുന്ന വന്‍കിട രാജ്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് സമര്‍ത്ഥമായി തടിയൂരുകയും ചെറുകിട രാജ്യങ്ങളുടെ മേല്‍ ഉപദേശ പ്രസംഗം നടത്തി പിരിയുകയുമാണ് കോപ്പന്‍ഹേഗനില്‍ ചെയ്തത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷമായ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവിളിയും ആരും കേട്ടുതുടങ്ങിയിട്ടില്ല. തുടര്‍ച്ചയായ നാലാം വിളനാശത്തിന്‍റെ നിലവിളിയുമായാണ് ഉഗാണ്ട ഉച്ചകോടിക്കെത്തിയത്. സോമാലിയയിലെ പകുതിയിലധികം ജനങ്ങളും സഹായമായെത്തുന്ന ഭക്ഷണക്കിറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കെനിയ, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ജലനിരപ്പിന്റെ നേരിയ ഉയര്‍ച്ച പോലും സീഷെല്‍സ് ദ്വീപ്‌ സമൂഹങ്ങളുടെ അറുപതു ശതമാനവും വെള്ളത്തിന്‌ അടിയിലാക്കും.

മോഹങ്ങളെ മോഹഭംഗങ്ങള്‍ക്കായി വഴിയൊഴിച്ച് കാലം മുന്നോട്ട് പോവുമ്പോഴും പുതിയ സ്വപ്നങ്ങളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുക തന്നെയാണ് നാം ചെയ്യേണ്ടത്. ഒരു പുതുവര്‍ഷം കടന്നു വരുമ്പോള്‍ നല്ല നാളെയിലേക്ക് കണ്ണുംനട്ട് ദുരിതമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരോടുമൊപ്പം നമുക്കും കാത്തിരിക്കാം. ഒരു നല്ല നാളെ വരും. വരാതിരിക്കില്ല.

ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ച (ലക്കം ജനുവരി ഒന്ന്) ഈ ലേഖനത്തിന്‍റെ പൂര്‍ണരൂപം ഇമേജുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കാം.