December 3, 2009

ദാസനെയും വിജയനെയും വെറുതെ വിടരുത്

ഒരു വാര്‍ത്തയും ഇല്ലെങ്കില്‍ പിന്നെ മുല്ലപ്പെരിയാറിലേക്ക് പോവുക എന്നതായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ ഒരു രീതി. അവിടെ വെള്ളം കുറഞ്ഞത്‌ കൊണ്ട് ഇപ്പോള്‍ ആ പണി നടക്കുന്നില്ല. അത്രയും ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു വിവാദങ്ങള്‍  മാധ്യമങ്ങള്‍ക്ക് ലഭിച്ചെങ്കിലും സംഗതി സാഹിത്യമായത് കൊണ്ടോ എന്തോ അവരത് കൊത്തിയില്ല. ഒരു വാര്ത്തയിലൊതുക്കി  അങ്ങ് പറഞ്ഞു പോയി.. ഇളയരാജയും ഒ എന്‍ വി യുടെ പാട്ടുമായിരുന്നു ആദ്യം വന്നത്.  പിന്നാലെ  ദാസനും വിജയനും വന്നു. അതെ നമ്മുടെ ഗഫൂര്കാ ദോസ്ത് തന്നെ.
വൈകുന്നേരത്തെ ചായക്ക്‌ കടിക്കാന്‍ ഒരു വിവാദം കിട്ടിയില്ലെങ്കില്‍ മലയാളി തൂങ്ങി ചത്ത്‌ കളയും എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍  ന്യൂസ്‌ അവറിന്റെ സമയം ആവുമ്പോഴേക്ക് എന്തെങ്കിലും ഒരു ഏടാകൂടം ഒപ്പിച്ചു സ്റ്റുഡിയോയില്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് സാഹിത്യത്തില്‍ കൊത്താന്‍ അല്പം പേടിയുള്ളതു പോലെ തോന്നി. ഒ എന്‍ വി, ഇളയരാജ, ദാസന്‍, വിജയന്‍.. എല്ലാവരും മലയാളിക്ക് വേണ്ടപ്പെട്ടവര്‍. എന്നിട്ടും സാഹിത്യം മലയാളിക്ക് ദഹിക്കില്ല എന്ന ധാരണ കൊണ്ടോ എന്തോ ഈ വിവാദങ്ങളെ പതിവ് പോലെ പൊലിപ്പിക്കാതിരുന്ന മാധ്യമങ്ങളോട് പ്രതിഷേധിക്കാനാണ് ഈ കുറിപ്പ്.


ഒ എന്‍ വി ക്ക് പാട്ട് എഴുതാന്‍ അറിയില്ല എന്ന് പറയുന്നത് വീ എസ്സിന് മിമിക്രി അറിയില്ല എന്ന് പറയുന്ന പോലെയാണ്. എത്ര ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ആളെ കിട്ടില്ല. എന്നാലും ഏഷ്യാനെറ്റോ ഇന്ത്യാവിഷനോ വിചാരിച്ചാല്‍ ഒ എന്‍ വി യെ ചീത്ത പറയാന്‍ കഴിയുന്ന രണ്ടു പേരെ തപ്പിയെടുക്കാനുണ്ടോ പാട്?..  "ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ എന്ന വരികളില്‍ പഴശ്ശി രാജയുടെ ആത്മനൊമ്പരമില്ല" എന്നാണു ഇളയരാജ പറഞ്ഞത്. അത് കേള്‍ക്കേണ്ട താമസം ഈ വിഷയങ്ങളിലൊക്കെ തികഞ്ഞ ധാരണയുള്ള നമ്മുടെ മന്ത്രി ബേബിച്ചായന്‍ ഒ എന്‍ വിക്ക് ജയ്‌ വിളിച്ചു രംഗത്തെത്തി. താന്‍ കൊടുത്ത സിറ്റുവേഷന് അനുസരിച്ചാണ് ഒ എന്‍ വി കവിത എഴുതിയത്  എന്നും ഇളയരാജ സംഗീതത്തിന്റെ കാര്യം പറഞ്ഞാല്‍  മതിയെന്നും സംവിധായകന്‍ ഹരിഹരനും പറഞ്ഞു. ഇത്രയും കിട്ടിയ സ്ഥിതിക്ക് ന്യൂസ്‌ അവറില്‍ ഇരുന്നു വിട്ട ഭാഗം പൂരിപ്പിക്കാന്‍ (അര മണിക്കൂറിനു അഞ്ഞൂറ് നിരക്കില്‍)  ആയിരം പേരെ കിട്ടില്ലേ?. ഈ ഒരു മിനിമം പണിയെങ്കിലും ഏഷ്യാനെറ്റിന് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മാധ്യമ പ്രവര്‍ത്തനം?. മലയാള സാഹിത്യത്തെ ഇങ്ങനെ അപമാനിക്കരുത്.


അത് പോട്ടെ, ദാസന്റെയും വിജയന്റെയും കാര്യമെടുക്കാം. ഇവരുടെ രണ്ടു പേരുടെയും (കൂടെ ഗഫൂര്‍കയുടെയും) കഥ എഴുതിയത് സിദ്ദീഖ് ആണത്രേ. അപ്പോള്‍ ശ്രീനിവാസനോ?.. വെറും മോഷ്ടാവ്. അമ്പിളിയമ്മാമന്‍ തന്റെ താമരക്കുമ്പിള്‍ (പ്രയോഗം ഒ എന്‍ വി യുടേത്. ശരിക്കുള്ള അര്‍ത്ഥം എം എ ബേബിയോട് ചോദിക്കണം) ഭൂമിയിലേക്ക്‌ നീട്ടിയ ഒരു രാത്രിയില്‍ സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും സിദ്ദീഖ് ഒരു കഥ പറയുന്നു. അത് കേള്‍ക്കേണ്ട താമസം ശ്രീനിവാസന്‍ പെന്നും കടലാസുമെടുത്തു കോപ്പിയടി നടത്തുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സുപ്രഭാതത്തില്‍ സിദ്ദിഖിന് ഈ സംഭവം ഓര്മ വരുന്നു. (ഡാബര്‍ ച്യവനപ്രാശം കഴിച്ചാല്‍ ഇത് പോലുള്ള ചില ഗുണങ്ങള്‍ ഉണ്ട്. ഇരുപതും മുപ്പതും വര്ഷം മുമ്പ് കഴിഞ്ഞ കൊച്ചു സംഭവങ്ങള്‍ മലവെള്ളത്തില്‍ കൊട്ടത്തേങ്ങ വരുന്നത് പോലെ ഒര്മയിലെത്തും). ഇങ്ങനെ കഥകള്‍ കോപ്പിയടിക്കുന്നതില്‍ ശ്രീനിവാസന് പ്രത്യേക കഴിവുണ്ടെന്ന് മറ്റു ചിലരും മുമ്പ് പറഞ്ഞിട്ടുള്ളതിന്റെ പിന്‍ബലത്തില്‍ ശ്രീനിവാസനെ കള്ളനാക്കി ഉടനെ സിദ്ദീഖ് ലേഖനം കാച്ചുന്നു. നാല് ദിവസത്തെ ന്യൂസ്‌ അവറിനുള്ള ഒരു ത്രെഡല്ലേ ഈ കിടക്കുന്നത്. ഇതൊക്കെ കളഞ്ഞു കുളിച്ചേച്ച് ഈ മാധ്യമങ്ങള്‍ എങ്ങനെ ജീവിച്ചു പോകുമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. രാഷ്ട്രീയവും തീവ്രവാദവും കൊണ്ട് മാത്രം വയറ്റിപ്പിഴപ്പു കഴിച്ചു കൂട്ടാമെന്ന്   അവര്‍ കരുതുന്നുണ്ടോ?. സാഹിത്യവും കഥാ മോഷണവും മലയാളികള്‍ക്ക് ദഹിക്കില്ല എന്ന് ആരാണ് അവരോടു പറഞ്ഞത്?.


പുനത്തില്‍ കുഞ്ഞബുള്ളയുടെ കന്യാവനങ്ങള്‍ അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. കലാകൌമുദി കത്തി നില്‍ക്കുന്ന കാലത്താണ്  കന്യാവനങ്ങള്‍ വരുന്നത്. അറബിപ്പെണ്ണിന്റെയും  അവളുടെ ഡ്രൈവറായ കുഞ്ഞാവയുടെയും കഥയില്‍ തുടങ്ങി വായനക്കാരനെ കുഞ്ഞബ്ദുള്ള ത്രസിപ്പിച്ചു നിര്‍ത്തിയ കാലം. അര്ട്ടിസ്റ്റ്‌ നമ്പൂതിരിയുടെ വരയുടെ ശക്തിയില്‍ കഥാപാത്രങ്ങള്‍ വാരികയുടെ താളുകള്‍ക്ക് പുറത്തിറങ്ങി നടന്ന കാലം. കാണുന്നതിലൊക്കെ കുറ്റം കാണുന്ന എം കൃഷ്ണന്‍ നായര്‍ പോലും തല കുലുക്കി സമ്മതിച്ചു കുഞ്ഞബുള്ളയെ. അപ്പോഴാണ്‌ വയനാട്ടീന്ന് ഒ കെ ജോണി എന്ന ഒരു വായനക്കാരന്‍ (പേര് ജോണി തന്നെ എന്നാണു എന്റെ ഓര്മ, തെറ്റുണ്ടെങ്കില്‍ ആരേലും തിരുത്തണം) ഒരു വെടി പൊട്ടിക്കുന്നത്. നോവലിന്റെ ആദ്യ അദ്ധ്യായം ടാഗോറിന്റെ പ്രസിദ്ധമല്ലാത്ത ഒരു കൃതിയുടെ തനി പകര്പ്പാണെന്ന് !!! (ഒരു കപ്പല്‍ യാത്രയെ ക്കുറിച്ചുള്ള വിവരണമാണ്) .ജോണി തെളിവുകള്‍ അക്കമിട്ടു നിരത്തി. എന്തൊരു ബഹളമായിരുന്നെന്നോ പിന്നീട്. മലയാളികള്‍ക്ക് കുഞ്ഞബുള്ളയിലും സാഹിത്യത്തിലുമൊക്കെ എത്രമാത്രം താല്‍പര്യമുണ്ടെന്ന്  ‍കേരളത്തിലെ പത്രങ്ങളെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. ഇന്നലെ പൊട്ടിമുളച്ച ചാനലുകള്‍ക്കുണ്ടോ ഇതൊക്കെ അറിയുന്നു?.


അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ദാസനെയും വിജയനെയും അങ്ങനെ വെറുതെ വിടരുത് എന്നാണ്.   ശ്രീനിവാസന്‍ മോഷ്ടാവാണോ അല്ലയോ എന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഒ എന്‍ വി യുടെ കാര്യത്തിലും ഒരു തീരുമാനത്തിലെത്തണം. എന്തെങ്കിലും ഒന്ന് കേട്ട് കഴിഞ്ഞാല്‍ രണ്ടാലൊന്ന് അറിയാതെ പിന്‍വലിയുന്നത് ശരിയല്ല. കാണുന്നിടത്തൊക്കെ കൊത്തി, കാണുന്നവനെയൊക്കെ മോഷ്ടാവെന്ന് വിളിച്ച് അങ്ങനെയങ്ങ് കടന്നു കളയാന്‍ ആരെയും അനുവദിക്കരുത്!!!!

8 comments:

 1. ങാഹാ..... വിടരുത്‌..... ഒരുത്തനേം വിടരുത്‌.
  ഇരുത്തി പുലഭ്യം കേൾപ്പിച്ച്‌ പഴിചാരൽ കേട്ടുരസിച്ച്‌... അങ്ങിനെയങ്ങിനെ..... ഇതില്ലേ എന്തര്‌ ച്യാനല്‌

  ReplyDelete
 2. ഇളയരാജക്ക് പാട്ടെഴുതാന്‍ അറിയില്ല. ഓ എന്‍ വി ക്ക് സംഗീത സംവിധാനവും അറിയില്ല. ഹരിഹരന് ഇത് രണ്ടും അറിയില്ല. മൂന്നു പേരും അറിയാവുന്ന തൊഴില്‍ നന്നായി ചെയ്തത് കൊണ്ട് പടം ഹിറ്റായി. പിന്നെ വിവാദം അതില്ലെങ്കില്‍ എന്തോന്ന്.........

  ReplyDelete
 3. Let the CIDs from Kerala inestigate the matter. We should send them to Antartica to follow up the case. Yes. ur right. It's O.K Jhony.

  ReplyDelete
 4. അത്ഭുതല്യ !

  ഒരു 17 വര്‍ഷം മുന്‍പ്, തിരുവനന്തപുരത്തു ജോലിയിലായിരുന്ന ഞാന്‍ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കോട്ടയത്തുള്ള ഒരു സംവിധായകനെ ചെന്നു കണ്ട് എന്റെ ഒരു കഥ പറഞ്ഞു.

  ......എന്റെ നാട്ടിലെ വൃദ്ധനായ ഒരു എളയത്, അയാളുടെ ജോലിയില്ലാത്ത മകന്‍, അയാളുടെ അഞ്ചുവയസ്സുകാരന്‍ മകന്‍. മുത്തച്ഛന്റെ നിര്‍ബ്ബന്ധപ്രകാരം പേരക്കുട്ടിയെ തൃശൂര്‍ ഒരു മഠത്തില്‍ വേദപഠനത്തിനും സംന്യാസത്തിനുമായി അയക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന അച്ഛന്‍......

  മാസങ്ങള്‍ കഴിഞ്ഞ്, മജീദ് ഗുലിസ്താന്‍ എന്ന ഡോക്കുമെന്ററി സംവിധായന്റെ നിര്‍ബ്ബന്ധത്തില്‍, കലാഭവനില്‍ ഒരു പ്രിവ്യൂവോ മറ്റോ, കണ്ട ഞാന്‍ ഒറ്റയ്ക്കു ഞെട്ടിയത് ആരും കണ്ടില്ല. മാസങ്ങള്‍ കഴിഞ്ഞ്, അത് അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഞെട്ടല്‍ മറഞ്ഞിരുന്നു. നേരിയ അഭിമാനമായിരുന്നു.

  ഞാനും കൂടി ഇതില്‍ .....

  ഈയുള്ളവന്‍ ഒരു ശാന്തന്‍, സര്‍ക്കാര്‍ ശമ്പളക്കാരനായതുകൊണ്ട് കൂടുതലൊന്നിനും പോയില്ല. വര്‍ഷങള്‍ക്കു ശേഷം, ഇതിന്റെ ‘കഥാകൃ‘ത്തിനെ എന്റെ മലയാളം ഗുരുനാഥന്റെ 84ആം പിറന്നാളിനു അഷ്ടമിച്ചിറയില്‍ വെച്ചു കണ്ടപ്പോള്‍ തൊട്ടു പിറകിലിരുന്ന ഞാന്‍ ചോദിച്ചു. ആരാ ....ന്റെ കഥാകാരന്‍ മാഷെ ?

  “സംശ്ശ്യെന്താ?” ന്ന് മറുപടി.

  Behind every fortune there is a crime എന്നു കേട്ടിട്ടില്ലെ ?

  വര്‍ണ്ണത്തിലാശങ്ക വേണ്ട. ചാതുര്‍വര്‍ണ്ണ്യം മുയ്ക്കെ ഇജ്ജാതി പെഴകളാ.

  ReplyDelete
 5. ഇനീപ്പോ, ജയരാജും കാർട്ടൂണിസ്റ്റുമായി പുതിയൊരങ്കം പ്ലാൻ ചെയ്യാമോ?

  ReplyDelete
 6. അതെ ഈ ചാനലുകാര്‍ക്ക് എന്ത് പറ്റി? എന്തെങ്കിലും ഒരു ഗുലുമാല് കേസ്സ് പിടിച്ചു പിടിച്ചു വലുതാക്കിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ചാനല്‍ ???

  ReplyDelete
 7. പ്രിയ സജ്ജീവ് (കാര്ട്ടൂണിസ്റ്റ്), ഇതുപോലുള്ള സംഗതികളൊന്നും ഒളിച്ചു വെക്കാതെ പരസ്യമാക്കൂന്നെ. കഥ മോഷ്ടിച്ച തിരക്കഥാകൃത്തിന്റെ ചെവിക്കുറ്റിക്ക് പിടിച്ചു നാല് കൊടുക്കാമായിരുന്നില്ലേ..

  ReplyDelete
 8. "Yes. ur right. It's O.K Jhony"

  Thank You C.O.T bai..
  ഒരു ചെറിയ സംശയം ബാക്കിയുണ്ടായിരുന്നു. clear ചെയ്തു തന്നതിന് നന്ദി.

  ReplyDelete