മാദ്ധ്യമമോ മാധ്യമമോ ശരി?

പ്രമുഖ ബ്ലോഗറും ഭാഷാപണ്ഡിതനുമായ കൈപ്പള്ളി പറയുന്നത്  'മാദ്ധ്യമം' ആണ് ശരി 'മാധ്യമം' പാടില്ല എന്നാണ്. നേരത്തെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന്റെ കമന്റ്‌ കോളത്തില്‍  ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പേജ് 1048 അതിനു തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. 'മാദ്ധ്യമം' എന്നത് ശരി തന്നെ, പക്ഷെ 'മാധ്യമം' എന്നെഴുതിയാല്‍ അവനെ തല്ലണമോ എന്നതാണ് വിഷയം. 'അദ്ധ്യാപകനെ' 'അധ്യാപകന്‍' ആക്കുക, 'വിദ്യാര്‍ത്ഥി'യെ 'വിദ്യാര്‍ഥി' ആക്കുക തുടങ്ങി 'വാര്‍ത്ത'യെ ദേശാഭിമാനി സ്റ്റൈലില്‍ 'വാര്‍ത' യാക്കുന്നത് വരെയുള്ള നിരവധി പുകിലുകള്‍ മലയാള ലിപിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഈ വിഷയങ്ങളിലൊക്കെ വികാരപരമായ ഒരു സമീപനമാണ് കൈപ്പള്ളി സ്വീകരിക്കുന്നത്‌ എന്ന് തോന്നുന്നു.

ഭാഷ എന്നത് അനുദിനം വളരുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്. കാലാനുസൃതമായി അവയില്‍ പല മാറ്റങ്ങളും ഉണ്ടാവും. അത്തരം മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കരുത്ത് കാണിക്കാത്ത പല ഭാഷകളും മരിച്ചു കൊണ്ടിരിക്കുന്നു. മലയാള ഭാഷയില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്, വരേണ്ടതുണ്ട്. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി എഴുതിയിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു ആവാറായി. ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന് അതിലേറെ പഴക്കമുണ്ട്. ഈ നിഘണ്ടുക്കളില്‍ കാണുന്ന മലയാള ഭാഷയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശുദ്ധ  വിവരക്കേടാണ്. ഷേക്സ്പിയറിന് ഇംഗ്ലീഷ് അറിയില്ല എന്ന് ആരും പറയില്ല. ആംഗലേയ സാഹിത്യത്തിലെ പ്രാതസ്മരണീയനാണ്‌ ഷേക്സ്പിയര്‍. പക്ഷെ അദ്ദേഹം ഉപയോഗിച്ച ഭാഷ അതേപടി ഉപയോഗിക്കുന്ന ആരെയെങ്കിലും ഇന്ന് കാണണമെങ്കില്‍ ഇംഗ്ലണ്ടിലെ ഊളമ്പാറയില്‍ തപ്പേണ്ടി വരും. എന്നാലും കിട്ടാന്‍ പാടാണ്.  


കൈപ്പള്ളിയുടെ സമീപനം വികാരപരമാണെന്ന് പറയാന്‍ കാരണമുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നം മലയാള ഭാഷയെ രക്ഷിച്ചെടുക്കുകയല്ല. മലയാള മറിയാത്ത 'കാക്ക' മാരാണ് 'മാധ്യമം' പത്രം നടത്തുന്നത് എന്ന് മുമ്പൊരിക്കല്‍ ഈ ബ്ലോഗില്‍ തന്നെ കൈപ്പള്ളി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അസുഖത്തിന്റെ  റൂട്ട് അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു. 'കൈപ്പള്ളി' എന്ന പേര് കേള്‍ക്കുമ്പോള്‍ ആള് നമ്പൂതിരിയോ നായരോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. കക്ഷി ഒരു 'ദുഫായി കാക്ക' തന്നെയാണ്. പുരോഗമനവാദിയാണ് എന്ന് കാണിക്കാന്‍ ചില നമ്പരുകള്‍ ഇറക്കുന്നു എന്ന് മാത്രം.  

മുമ്പൊരിക്കല്‍ രണ്ടു മാസം നാട് വിട്ടു പോയി വന്ന ഒരു വിദ്വാന്‍ കുമ്പളങ്ങ കണ്ടിട്ട് അമ്മയോട് ചോദിച്ചത്രേ " ഇതെന്താണമ്മേ ഇറയത്തു വള്ളിയില്‍ കായ്ച്ചു നില്‍ക്കുന്നത്?" എന്ന്. മൂന്നു നേരവും കുമ്പളങ്ങക്കറി കൂട്ടി വളര്‍ന്ന മകന്റെ ചോദ്യം കേട്ട് കലി കയറിയ അമ്മ പിടലിക്കിട്ടു രണ്ടു കൊടുത്തു. കിട്ടേണ്ടത് കിട്ടിയപ്പോള്‍ ചൊറിയേണ്ടത് ചൊറിഞ്ഞു. കുമ്പളങ്ങയാണല്ലോ അതെന്നു പെട്ടെന്ന് പിടി കിട്ടി.  അത് പോലെ നാട് വിട്ടു ദുഫായിയില്‍ എത്തിയാല്‍ പലര്‍ക്കും നാട് പുച്ഛമായി തോന്നും, നാട്ടാരൊക്കെ നേരം വെളുക്കാത്ത  'കാക്ക'മാരും. മാധ്യമം എന്ന് കണ്ടാല്‍ കുമ്പളങ്ങ കണ്ട വിദ്വാനെ പോലെ തുറിച്ചു നോക്കും. അത് ഒരു തരം രോഗമാണ്. അമ്മ നല്‍കിയ ഒരേ ഒരു മരുന്നേ അതിനു ഫലിക്കൂ..

ശ്ശോ ഞാന്‍ കാട് കയറുന്നു. 'മാധ്യമ'ത്തിലേക്ക് വരാം. മലയാളത്തില്‍ ഇന്ന് 'മാദ്ധ്യമം' എന്ന് എഴുതുന്നവര്‍ വളരെ കുറവാണ്. 'മാദ്ധ്യമ'ത്തില്‍ നിന്നും 'മാധ്യമ'ത്തിലേക്കുള്ള വരവ് ഗുണപരമാണ് എന്ന് വിശ്വസിക്കാനാണ് ഒരു ഭാഷാപണ്ഡിതന്‍ അല്ലാത്ത എനിക്കിഷ്ടം. എഴുപതുകളുടെ തുടക്കത്തിലെ ലിപി പരിഷ്കരണത്തിന്റെ ചുവടു പിടിച്ചു കൂടുതല്‍ പരിഷ്കരണങ്ങള്‍ വന്നേ മതിയാവൂ. കൈപ്പള്ളിയെ പോലെ പഴയ രീതിയില്‍ തന്നെ എഴുതണം എന്നുള്ളവര്‍ക്ക് അങ്ങനെയാവാം. എന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉള്കൊള്ളുന്നവരെ 'കാക്ക'മാരെന്ന് വിളിച്ചു കളിയാക്കരുത്.