ഡൊമൈന്‍ നാമങ്ങള്‍ ഇനി പച്ചമലയാളത്തിലും !

ഇന്റര്‍നെറ്റിന് ഏതാണ്ട് നാല്പതു വയസ്സായി. നാല്പതിന്റെ പാകത നെറ്റ് കാണിച്ചു തുടങ്ങി എന്ന് വേണം പറയാന്‍. നവംബര്‍ പതിനാറു മുതല്‍ ലാറ്റിന്‍ അക്ഷരങ്ങളില്‍ (നമ്മള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരമാല ) അല്ലാതെയും ഡൊമൈന്‍ നാമങ്ങള്‍ എഴുതാം. വെബ്‌ വിലാസങ്ങള്‍ സായിപ്പിന്റെ ഭാഷയില്‍ തന്നെ വേണം എന്ന സ്ഥിതിക്ക് മാറ്റമുണ്ടാവുന്നു എന്ന് ചുരുക്കം. കഞ്ഞിക്കുഴി.കേരളം എന്ന് ഒരു ഡൊമൈന്‍ നാമം മലയാളത്തില്‍ തന്നെ എഴുതുന്നതിന്റെ ഒരു സുഖം ആലോചിച്ചു നോക്കൂ. ഇംഗ്ലീഷില്‍ കഞ്ഞിക്കുഴി എന്ന് എഴുതി ഒപ്പിക്കാന്‍ എത്ര കഷ്ടപ്പെടണം. ഇനി അത് വേണ്ട. വായില്‍ വരുന്നതും കൊക്കില്‍ കൊള്ളുന്നതുമായ ഏത് മലയാളവും ഇനി വെബ്‌ അഡ്രസ്‌ ആക്കാം. 

കഴിഞ്ഞ ദിവസം സൌത്ത് കൊറിയയില്‍ ചേര്‍ന്ന ഇന്റര്‍നെറ്റ്‌ തമ്പുരാക്കന്മാരുടെ (Internet Corporation for Assigned Names and Numbers -  ICAAN) യോഗത്തിലാണ് തീരുമാനം ഉണ്ടായത്.  A മുതല്‍ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ 26 വില്ലന്മാരെയും  ഒന്ന് മുതല്‍ പൂജ്യം  വരെയുള്ള പത്ത് വേന്ദ്രന്മാരെയും ഒരു കീഴ്ജാതി ഹൈഫനെയും (-) വെച്ചാണ് ഇതുവരെയുള്ള കളികളൊക്കെ നാം കളിച്ചത്. ഇനി 'ലച്ചം ലച്ചം അച്ചരങ്ങള്‍' ആണ് അഡ്രസ്‌ ബാറില്‍ കിടന്നു നിരങ്ങാന്‍ പോകുന്നത്. അറബി, ചൈനീസ്, റഷ്യന്‍, ഹിന്ദി തുടങ്ങിയ മേല്‍ജാതി ഭാഷകള്‍ക്കാണ്‌ ഉടനെ അഡ്രസ്‌ ബാറില്‍ ചാടി വീഴാന്‍ അനുമതി ലഭിക്കുക.  മലയാളം അടക്കമുള്ള ഓ ബി സി വകുപ്പിലെ ക്രീമിലെയറില്‍ പെട്ടേക്കാവുന്ന ഭാഷകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഇടം കിട്ടിയേക്കും.  ഡോട്ട് കോമിനു പകരം ഓരോ ഭാഷക്കും യോജിക്കുന്ന വാലറ്റങ്ങള്‍ അതാതു സര്‍ക്കാരുകള്‍ ഉണ്ടാക്കി സമര്‍പ്പിക്കണം എന്നാണു ഐക്കാന്‍ അധികൃതര്‍ പറയുന്നത്. നമുക്ക് ഡോട്ട് കേര എന്നോ ഡോട്ട് കേരം എന്നോ എന്താണെന്ന് വെച്ചാല്‍ ഉണ്ടാക്കി കൊടുക്കാം. സഖാക്കള്‍ക്ക് വേണമെങ്കില്‍ ഡോട്ട് വീ എസ്‌ എന്നുമാക്കാം.


ലോകത്ത് ഏതാണ്ട് 1.6 ബില്യണ്‍ ആളുകള്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട്‌ എന്നാണു കണക്ക്. എന്ന് വെച്ചാല്‍ ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമടക്കം ലോകജന സംഖ്യയുടെ നാലിലൊന്ന് ഇപ്പോള്‍ തന്നെ വലയില്‍ ആണ് എന്ന്. സായിപ്പിന്റെ ഭാഷ തീരെ വശമില്ലാത്തതിനാല്‍ വലയില്‍ ചാടാതെയിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെക്കൂടി വലയില്‍ ആക്കുകയാണ് ഈ നീക്കത്തിന്റെ പിന്നിലെ ഗൂഡ ലക്ഷ്യമെന്ന് പറയുന്നവരുമുണ്ട്‌. 


സംഗതി എന്തായാലും കയ്യും കെട്ടി നോക്കിയിരുന്നാല്‍ നല്ല മണി മണി പോലെയുള്ള മലയാളം പേരുകള്‍ തിരോന്തരത്ത്‌കാര് അടിച്ചോണ്ട് പോകും. നമ്മള്‍ മലബാരുകാര് ഉറക്കം എഴുന്നേറ്റ് വരുമ്പോഴേക്ക്‌  കാക്കയും പൂച്ചയുമല്ലാതെ ബാക്കിയൊന്നും കാണില്ല. അതുകൊണ്ട്  വലയില്‍ കറങ്ങുന്ന മുഴുവന്‍ മലബാരുകാരോടും എനിക്കുള്ള അഭ്യര്‍ഥന സ്വപ്നം കാണുന്ന ഡൊമൈന്‍ നാമങ്ങളൊക്കെ ചുരണ്ടി റെഡിയാക്കി വെച്ചോളണം എന്നാണ്. എപ്പോഴാണോ മലയാളത്തിനു ടിക്കറ്റ്‌ കിട്ടുന്നത്  അപ്പൊ വെച്ചങ്ങു കാച്ചണം. 


ഇതിനകം തന്നെ റിസേര്‍വ് ചെയ്തിരിക്കാന്‍ ഇടയുള്ള നല്ല മലയാളത്തമുള്ള ചില ഡൊമൈന്‍ നാമങ്ങള്‍ താഴെ കൊടുക്കുന്നു.  അവയ്ക്ക് ഇനിയാരും അപേക്ഷ കൊടുക്കരുത്‌.
എസ്സ് കത്തി.കേപോ  (കേരള പോലീസ്)
ആ കസേരയില്‍ ഒന്നൂടെ ഇരിക്കണം.കരുണാകരന്‍ 
ജീവിതംനായനക്കി.മഅദനി
ഞങ്ങള്‍തമ്മില്‍തച്ചുതീരും.ബീ ജെ പി 
വോട്ടു വേണോ വോട്ട്.ജമ (ജമാഅത്തെ ഇസ്ലാമി)
വാടാപോടാ.എസ് എന്‍ ഡീ പി 
ശവത്തില്‍ കുത്തരുത് പ്ലീസ്.മുരളി