മുരളി ഔട്ട്‌ ! കൊച്ചുണ്ണി ഇന്‍ !!

കോണ്‍ഗ്രസ്‌ മുടിഞ്ഞ ഫോമിലാണ്. എല്ലാം നമ്മള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് നീങ്ങുന്നുണ്ട്!. ഉമ്മന്‍ചാണ്ടി പുറത്തു വിട്ട മന്ത്രിമാരുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഇലക്ഷന്‍ റിസള്‍ട്ടിന്റെ പോസ്റ്റില്‍ എഴുതിയ വരികള്‍ തന്നെയാണ് എന്റെ മനസ്സില്‍ വീണ്ടും എത്തിയത്. കോണ്‍ഗ്രസ്‌ എത്ര നന്നായാലും അതിനൊരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് നന്നാവാന്‍ അവര്‍ക്ക് സാധിക്കില്ല. കോണ്‍ഗ്രസ്‌ നേതാക്കളുടെ നിയമസഭക്കകത്തും പുറത്തുമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആദ്യത്തെ പേര് വി ഡി സതീശന്റേതായിരുന്നു.


സതീശന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഒരു പ്രതിപക്ഷം ഇവിടെ ഉണ്ട് എന്ന് കേരളം അറിഞ്ഞത്. ബാക്കിയേതാണ്ട് എല്ലാ മഹാന്മാരും കൃത്യമായി ടിഎ യും ഡിഎയും വാങ്ങി എം എല്‍ എ ക്വാര്‍ട്ടേഴ്സില്‍ കാറ്റും കൊണ്ട് കിടക്കുകയായിരുന്നു. സതീശന്‍ നടത്തിയ പോരാട്ടത്തിന്റെ ബലത്തിലാണ് പ്രതിപക്ഷ കസേരയില്‍ ഉമ്മന്‍ചാണ്ടി ഞെളിഞ്ഞിരുന്നത്. സതീശന്‍ നല്‍കിയ കുറിപ്പുകള്‍ നോക്കി വായിച്ചാണ് രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ കളിച്ചത്. സതീശന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് വേദികളില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത്. ഇപ്പോള്‍ ലിസ്റ്റ് വന്നപ്പോള്‍ സതീശന്‍ ഗാലറിയില്‍ . നാളിതുവരെ പന്ത് കൈ കൊണ്ട് തൊടാത്തവര്‍  ജെയ്സിയണിഞ്ഞു കളിക്കളത്തില്‍ . ഇതാണ് ഞാന്‍ പറഞ്ഞത് കോണ്‍ഗ്രസ്‌ നന്നാവുന്നതിനു ഒരു പരിധിയുണ്ട് എന്ന്. അതവരുടെ കുറ്റമല്ല. ജാതകത്തില്‍ തന്നെ ഉള്ളതാണ്.

സതീശനെക്കൊണ്ട് പറഞ്ഞത് പോലെ തന്നെയാണ് മുരളിയുടെ സ്ഥിതിയും. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഏറ്റവും വ്യക്തിപ്രഭയുള്ള ഒരാളാണ് മുരളി. കരുണാകരന്റെ മകന്‍ എന്ന ഇമേജില്‍ നിന്ന് മുരളി ഏറെ വളര്‍ന്നു കഴിഞ്ഞു. മുരളിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന പത്തിലൊന്ന് ജനക്കൂട്ടത്തെ ചാണ്ടിക്കോ ചെന്നിത്തലക്കോ ഉണ്ടാക്കാന്‍ കഴിയില്ല. മുരളി കെ പി സി സി പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് ശോഭിച്ചതിന്റെ പത്തിലൊന്ന് ചെന്നിത്തലക്ക് ശോഭിക്കാനും കഴിഞ്ഞിട്ടില്ല.  എന്നെ നായരാക്കരുത് എന്ന് കരഞ്ഞു പറയുന്ന ഒരു നിലവാരത്തിനപ്പുറത്തേക്ക് അദ്ദേഹത്തിനു വളരാനും കഴിഞ്ഞിട്ടില്ല. മുരളിയുടെ വരവ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഒരു പോലെ ഭീഷണിയാണ്. ഒരു ചെറിയ ഗ്യാപ്പ് കിട്ടിയാല്‍ മറഡോണ കേറിപ്പോകുന്ന പോലെ മുരളി കേറിപ്പോകും എന്ന് രണ്ടു പേര്‍ക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പരസ്പരം പൊരുതുമെങ്കിലും മുരളിയെ ഒതുക്കുന്ന കാര്യത്തില്‍ ഇരുവരും ഏകാഭിപ്രായക്കാരായത്.


മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന്‌ ഫയങ്കര സംവിധാനങ്ങള്‍ ആണുള്ളത്. മൊത്തം എം എല്‍ എ മാരുടെ ഒരു ലിസ്റ്റ് ആദ്യം ഉണ്ടാക്കും. മുരളി, സതീശന്‍ തുടങ്ങി എല്ലാവരുടെയും പേരുകള്‍ അക്ഷരമാലാ ക്രമത്തില്‍ എഴുതും. പിന്നെ ഒരു ചുവന്ന മഷിയുള്ള പേനയെടുത്ത് വെട്ടല്‍ ആരംഭിക്കും. വെറുതെയങ്ങു വെട്ടുകയല്ല. എല്ലാ പരിഗണനകളും നോക്കിയ ശേഷമാണ് വെട്ടുക. ആദ്യം ഗ്രൂപ്പ് നോക്കും, ഏതാണ്ട് പകുതി പേര്‍ അതില്‍ തന്നെ ഔട്ടാകും. പിന്നെ മതം നോക്കും. അത് കഴിഞ്ഞ് ജാതി നോക്കും. ശേഷം ഉപജാതി നോക്കും. അതിനു ശേഷം പ്രദേശം നോക്കും. ആണാണോ പെണ്ണാണോ എന്ന് നോക്കും. (പേടിക്കേണ്ട, ഭരിക്കാന്‍ അറിയുമോ എന്ന് മാത്രം നോക്കില്ല) എല്ലാ നോട്ടവും കഴിഞ്ഞ് കായംകുളം കൊച്ചുണ്ണിയുടെ പേരാണ് ബാക്കിയാകുന്നതെങ്കില്‍ അവനെ പിടിച്ചു മന്ത്രിയാക്കും. പിന്നെ ഒരു 'ഫരണ'മാണ്!!.ഒടുക്കത്തെ ഫരണം!!!

ലീഗിന്റെ എലിമിനേഷന്‍ റൗണ്ട്  ഇന്നാണ്. അതും ഏതാണ്ട് ഇത് പോലെയൊക്കെത്തന്നെയായിരിക്കും. ഡേഞ്ചറസ് സോണില്‍ പലരുമുണ്ട്. ഒരു കൂട്ടക്കരച്ചില്‍ ഉറപ്പാണ്. എന്റെ ബ്ലോഗ്‌ പ്രതീക്ഷിക്കരുത്.  ഞാന്‍ ബിസിയാ..

മ്യാവൂ: കുറെ കാലമായല്ലോ താന്‍ മുരളീ മുരളീ എന്നും കരഞ്ഞോണ്ട് നടക്കുന്നു.. മുരളിയാരാ തന്റെ അമ്മായീടെ മോനാ?  ബ്ലോഗിലെ കളി കോണ്‍ഗ്രസ്സിനോട് വേണ്ടട്ടാ.. ലീഡറും മോനും ഞങ്ങളെ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌  അതൊക്കെ തിരിച്ചു കുടിപ്പിച്ചിട്ടേ വിടൂ.. സോണിയാ ജീ സിന്ദാബാദ്, ആര്യാടന്‍ ജീ സിന്ദാബാദ്.

Related Posts
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
മുരളിയേട്ടന് ഒരു തുറന്ന കത്ത് 
താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍