മുരളിയേട്ടന് ഒരു തുറന്ന കത്ത്

മുരളിയേട്ടാ.. എനിക്ക് വാക്കുകളില്ല. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്ന് മാത്രം പറയട്ടെ. ആരും തിരിഞ്ഞു നോക്കാത്ത കാലത്തും നിങ്ങള്‍ക്ക് വേണ്ടി ബ്ലോഗുകള്‍ എഴുതിയ ഒരാള്‍ എന്ന നിലക്കാണ് ഈ തുറന്ന കത്ത് എഴുതുന്നത്‌. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നല്ല കാലം ഇതോടെ കഴിഞ്ഞു. ഇനി താരം നിങ്ങളാണ്. എത്ര കാലം നിങ്ങളെ പുറത്തിരുത്തിയോ അത്രയും തിളക്കം നിങ്ങള്‍ക്ക് കൂടിയിട്ടുണ്ട്. കാശ്മീര്‍ അപ്പിള്‍ പോലെ ചുവന്നു തുടുത്ത നിങ്ങളുടെ മുഖമാണ് ഇനി കോണ്ഗ്രസ്സിന്റെ മുഖം.

എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ പറയുകയാണ്‌. എല്ലാ പണികളും വളരെ ശ്രദ്ധിച്ചു വേണം ചെയ്യാന്‍. ആദ്യം വേണ്ടത് മുരളിയേട്ടന്റെ മനസ്സിലുള്ള പേരുകള്‍ ഒരു A4 പേപ്പറില്‍ എഴുതുകയാണ്. നാല് ക്യാറ്റഗറിയായിട്ടാണ് നാം ആളുകളെ തിരിക്കേണ്ടത്‌.  ഒറ്റയടിക്ക് കൊല്ലേണ്ടവര്‍ , അടിച്ചടിച്ച് കൊല്ലേണ്ടവര്‍ ‍, കാലൊടിച്ചു വിടേണ്ടവര്‍ , വാണിങ്ങ്  മാത്രം കൊടുക്കേണ്ടവര്‍ . എന്റെ അഭിപ്രായത്തില്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങുന്നതാണ് നല്ലത്!!!.പക്ഷെ ധൃതി പിടിക്കരുത്. ഇലക്ഷന്‍ കഴിയുന്നത്‌ വരെ ഒരു ലോ പ്രൊഫൈല്‍ കീപ്‌ ചെയ്യണം. 

നിങ്ങള്‍ തിരിച്ചു വരാതിരിക്കാന്‍ പരമാവധി പാര വെച്ചവരാണ് ഇന്നലെ ഡല്‍ഹിക്ക് പോയ രണ്ടു വിശിഷ്ട ദേഹങ്ങളും. ഒരു കൊഞ്ഞാണന്റെയും ശിപാര്‍ശയില്ലാതെ തന്നെ രണ്ടാഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരിച്ചു വരാമായിരുന്നു. ആറ് കൊല്ലത്തെ സസ്പെന്‍ഷന്‍ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് കണ്ടപ്പോഴാണ് ഉമ്മച്ചനും ചെന്നിത്തലയും തല കുലുക്കാന്‍ തയ്യാറായത്. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്ന് പറഞ്ഞപോലെ ഇത്ര കാലവും നിങ്ങളെയിട്ടു തട്ടിക്കളിച്ചത് എന്‍ഡോസള്‍ഫാന്‍ കലക്കിത്തന്നാല്‍ പോലും ഞങ്ങള്‍ മറക്കില്ല. എല്ലാവര്‍ക്കും നമ്മള്‍ക്ക് കണക്കിന് കൊടുക്കണം.

മെല്ലെ തിന്നാല്‍ ഐസ് ക്രീമും തിന്നാം എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് ഒട്ടും ആക്രാന്തം കാണിക്കരുത്. മുഖ്യമന്ത്രി സ്ഥാനത്തിന് ഇപ്പോള്‍ തന്നെ കണ്ണ് വെക്കരുത് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. നിങ്ങളുടെ സ്വഭാവം അറിയുന്നത് കൊണ്ടാണ് ഞാനിത് വീണ്ടും വീണ്ടും പറയുന്നത്. ഉമ്മച്ചന്‍‍, ചെന്നിത്തല,  രവിയേട്ടന്‍ ഇവരിലാരേലും ആദ്യം കയറിയിരിക്കട്ടെ. ആരായാലും ഏറിയാല്‍ ഒരു വര്‍ഷം. അത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ക്ക് ചാന്‍സ് കിട്ടും. ഇതൊക്കെ എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങളാണ്.

ഒരു കാര്യം പ്രത്യേകം ഓര്‍മ വേണം. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്ഗ്രസ്സിലെ ക്രൌഡ് പുള്ളര്‍ നിങ്ങള്‍ മാത്രമായിരിക്കും. മറ്റുള്ളവരൊക്കെ വരുന്നെന്നു കേട്ടാല്‍ തന്നെ നാട്ടുകാര്‍ വീട്ടീപോയി കതകടക്കും. നാലക്ഷരം നിര്‍ത്താതെ പറയാന്‍ കഴിയുന്ന വേറെ ഒരുത്തനും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല അതുകൊണ്ട് തന്നെ നാലാളെ കാണുമ്പോള്‍ അപസ്മാരം വരുന്ന ആ പഴയ പരിപാടി ഉപേക്ഷിക്കണം. അല്‍പസ്വല്പം കണ്ട്രോള് നാവിന് ഉണ്ടാവുന്നത് നല്ലതാണ്.  സ്നേഹക്കൂടുതല്‍ കൊണ്ട് പറയുകയാണെന്ന് മാത്രം കരുതിയാല്‍ മതി. നിങ്ങള്‍ മുഖ്യമന്ത്രി ആവുന്ന ദിവസമായിരിക്കും എന്റെ മനസ്സില്‍ അടുത്ത ലഡ്ഡു പൊട്ടുക!!.

മ്യാവൂ: നല്ല കാലം വരുമ്പോള്‍ എന്നെപ്പോലുള്ളവരെ ഓര്‍മ വേണം മുരളിയേട്ടാ. ഞങ്ങള്‍ ബ്ലോഗര്‍മാര്‍ പാവങ്ങളാണ്. സാഹിത്യ അക്കാദമി അവാര്‍ഡുകളുടെ കൂട്ടത്തില്‍ ബ്ലോഗുകള്‍ക്കും ഒരു അവാര്‍ഡ് ഏര്‍പെടുത്തണം . ആദ്യത്തെ അവാര്‍ഡ് ആര്‍ക്ക് നല്‍കണം എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ!. 

കോണി കണ്ടാല്‍ കയ്യ് ബെറക്കുമോ?

Related Posts
മുരളിയെ തിരിച്ചെടുക്കൂ, ഇനിയെങ്കിലും (26 Dec 2010)
മുരളിക്ക് വേണ്ടി ഒരു എസ് എം എസ് (27 Jan 2010)
മുരളിയെ ആര്‍ക്കാണ് പേടി? (19 Nov 2009)
ഒബാമക്ക് മുരളീധരന്റെ കത്ത്. (08 Aug 2009)