കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.

ലെഫ്റ്റനന്റ് കേണല്‍ എന്ന ഒരു ഉമ്പാക്കി കാണിച്ച് മോഹന്‍ലാല്‍ കുറെ നാളായി വിലസി നടക്കുകയായിരുന്നു. ആ തൊപ്പിയും യൂനിഫോമുമിട്ടു പല സ്ഥലത്തും പോകുന്നു... അറ്റന്ഷനിലും സ്റ്റാന്റ് അറ്റ് ഈസിലും സല്യൂട്ട് അടിച്ചു കസര്‍ത്തുന്നു... യുദ്ധം വന്നാല്‍ നാടിനു വേണ്ടി പൊരുതി മരിക്കും എന്ന് അടിച്ചു വിടുന്നു... കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നു, തമ്പുരാനില്‍ നിന്ന് അവാര്‍ഡ്‌ വാങ്ങിക്കുന്നു.. എല്ലാം പൊടി പൂരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാനാകെ ഒരു കണ്ഫ്യൂഷനില്‍ ആയിരുന്നു. ഇനി മമ്മൂട്ടി എന്ത് ചെയ്യും എന്നതായിരുന്നു എന്റെ പ്രധാന കണ്ഫ്യൂഷന്‍.

ആ കണ്ഫ്യൂഷന്‍ ഇന്നത്തോടെ മാറി. ഒരു ഡോക്ടറേറ്റ് പുള്ളിക്ക് കിട്ടിയിട്ടുണ്ട്. കേണല്‍ മോഹന്‍ലാല്‍ എന്ന് പറയുമ്പോഴുള്ള ഒരു ഗുമ്മ് ഡോക്ടര്‍ മമ്മൂട്ടി എന്ന് പറഞ്ഞാലും കിട്ടും. ഒരാള്‍ ഗോള്‍ഡിന്റെ അംബാസഡര്‍ ആയപ്പോള്‍ മറ്റെയാള്‍ ബാങ്കില്‍ കയറിപ്പിടിച്ചു. ഒരാള്‍ വോളിബാളില്‍ പിടിച്ചപ്പോള്‍ മറ്റെയാള്‍ അത്‌ലറ്റിക്സില്‍ പിടിച്ചു. ഗോമ്പറ്റീഷന്‍ ഇങ്ങനെ ബാലന്‍സ് ചെയ്തു പോയിക്കൊണ്ടിരുന്നപ്പോഴാണ് ലെഫ്റ്റനന്റ് കേണലിന്റെ വരവ്. ഇപ്പോള്‍ അതും ബാലന്‍സ് ആയി. ഹാവൂ.. നമ്മള്‍ മലയാളികള്‍ രക്ഷപ്പെട്ടു.

വാല്‍ക്കഷണം അഥവാ ഓലപ്പടക്കം : ഇവര്‍ രണ്ടു പേരും കളിക്കുന്നത് ശുദ്ധ പീ ആര്‍ ആണ് എന്ന് നമുക്കും അവര്‍ക്കും അറിയാം. പക്ഷെ മിലിട്ടറി എന്നൊക്കെ പറഞ്ഞാല്‍ ഒരു നിലവാരം വേണ്ടേ?.. സംഗതി  ടെറിട്ടോറിയല്‍ ആണ്, സിവിലിയന്‍ ആണ് എന്നൊക്കെ പറയാമെങ്കിലും ഈ വയസ്സാം കാലത്ത് കുടവയറും വെച്ചോണ്ട് എന്നാ യുദ്ധം ചെയ്യാനാ?.. പിന്നെ ഡോക്റ്ററുടെ കാര്യം. കേരള സര്‍വകലാശാലക്ക്  അല്പം നിലവാരമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. വഴിയെ പോകുന്ന സിനിമക്കാരെയൊക്കെ വിളിച്ചു ഡീ ലിറ്റ് കൊടുക്കാന്‍ ഇവര്‍ വേണോ?.. ഡീ ലിറ്റ് എന്നാല്‍ Doctor of Letters/ Literature എന്നാണെന്ന് ആരോ പറഞ്ഞുകേട്ടത് എനിക്കോര്‍മയുണ്ട്. ഇദ്ദേഹവും സാഹിത്യവും തമ്മിലുള്ള ബന്ധമെന്താണ്?. . Honorary ഡിഗ്രിയാണ്, 'സമഗ്ര സംഭാവന'യാണ് എന്നൊക്കെ പറയാമെങ്കിലും  എല്ലാത്തിനും ഒരു വ്യവസ്ഥ വേണ്ടേ..?  ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഇതിനകം തന്നെ വേണ്ടത്ര ശത്രുക്കളെ കിട്ടിയിട്ടുണ്ട്. ഇനി രണ്ടു ഫാന്‍സുകാരും കൂടെ ആയാല്‍ ഈ ബ്ലോഗു പൂട്ടി മഞ്ചേരി വഴി വയനാട്ടില്‍ പോകേണ്ടി വരും..