തല്ല് കൊള്ളാൻ നേരം മുത്തപ്പനും വന്നു

തല്ലു കൊള്ളാൻ സാധ്യതയുള്ള നേരത്ത് ആ വഴി പോകാതിരിക്കുകയാണ് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. പക്ഷേ ഞാനിതാ തല്ല് കൊള്ളാൻ റെഡി എന്ന മട്ടിൽ മുത്തപ്പൻ ആ സമയത്ത് കടന്നു വന്നാൽ അയാൾക്കും കിട്ടും തല്ല്. അത് കയ്യിലിരുപ്പ് കൊണ്ടുള്ള തല്ലല്ല. അസമയത്ത് വേണ്ടാത്തിടത്ത് കയറിച്ചെല്ലുന്നത്‌ കൊണ്ടുള്ള തല്ലാണ്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേരിടാൻ പോകുന്നത്. അതിന്റെ പാപഭാരം പ്രധാനമായും പേറേണ്ടിയിരുന്നത് സർക്കാരിനെ നയിക്കുന്ന ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. ആ പാപഭാരം എന്റെ തലയിലേക്ക് ഇറക്കി വെച്ചോളൂ എന്ന മട്ടിൽ കഴുത്തു നീട്ടിക്കൊടുക്കുകയാണോ ആഭ്യന്തരമന്ത്രിയായിക്കൊണ്ടുള്ള ഈ വരവിലൂടെ ചെന്നിത്തല ചെയ്യുന്നത് എന്ന് സംശയമുള്ളത് കൊണ്ടാണ് 'തല്ലു കൊള്ളാൻ നേരം മുത്തപ്പനും വന്നു' എന്ന പഴമൊഴി ഓർത്തു പോയത്.

ചെന്നിത്തല ആളൊരു പാവമാണ്. ആപേക്ഷികമായി കോണ്‍ഗ്രസുകാരിൽ ശുദ്ധനുമാണ്. നിലവിലുള്ള നേതാക്കളിൽ അല്പം ഇമേജ് ബാക്കിയുള്ളതും അദ്ദേഹത്തിനാണ്. ചാണ്ടി മന്ത്രിസഭയിലെ ഏത് മന്ത്രി പദത്തെക്കാളും മാന്യതയും മഹിമയുമുള്ള കെ പി സി സി പ്രസിഡന്റ്‌ എന്ന സ്ഥാനം ത്യജിക്കാൻ തയ്യാറായിക്കൊണ്ടുള്ള ഈ വരവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ ഒരു 'മുരളി ഇഫക്റ്റ്' ഉണ്ടാക്കിയാൽ അത് സങ്കടകരമാണ്. അതുകൊണ്ട് തന്നെ ഈ മന്ത്രിസ്ഥാനം അങ്ങനെയൊരു കുരിശായി ചെന്നിത്തലക്ക് മാറാതിരിക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്.

പി സി ജോർജ് അമ്പലക്കാളയാണെന്ന് മുരളീധരൻ. മുരളീധരൻ വിത്ത്‌ മൂരിയാണെന്ന് പി സി ജോർജ്. ഇതാണ് ഇന്നലെ കേട്ട വാചകങ്ങൾ.. ഒരു മന്ത്രിസഭയിലെ ചീഫ് വിപ്പിനെയാണ് അമ്പലക്കാളയെന്ന് വിളിക്കുന്നത്‌. അതേ മന്ത്രിസഭ നയിക്കുന്ന ഒരു പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടിനെയാണ് ചീഫ് വിപ്പ് വിത്ത്‌ മൂരി എന്ന് വിളിക്കുന്നത്‌. അത്രമാത്രം ദയനീയമായ ഒരു സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴാണ് ഇതാ ഞാനുമെത്തി എന്ന് പറഞ്ഞ് രമേശേട്ടൻ വരുന്നത്.


മന്ത്രിസഭയുടെ മുഖച്ഛായ മെച്ചപ്പെടുത്താനുള്ള ആന്റണിയുടെയും ഹൈക്കമാണ്ടിന്റെയും നീക്കമായിട്ടാണ് ചെന്നിത്തലയെ വെച്ചുള്ള ഈ 'സാമുദായിക സമതുലന സിദ്ധാന്തം' വിലയിരുത്തപ്പെടുന്നത്. നല്ലത് തന്നെ. പക്ഷേ മന്ത്രിസഭയുടെ മുഖച്ഛായ അല്പമെങ്കിലും മെച്ചപ്പെടുത്തണമെങ്കിൽ ആദ്യം വേണ്ടത് ചെന്നിത്തല മന്ത്രിയാവുകയല്ല, ചീഫ് വിപ്പിനെ ചെവിക്ക് പിടിച്ച് പുറത്തിടുകയാണ്‌. അയാളാണ് ഈ മന്ത്രിസഭയുടെ ഒന്നാം നമ്പർ ഇമേജ് ബുൾഡോസർ. നെല്ലിയാമ്പതി എസ്റ്റേറ്റുകളിൽ തൊട്ടപ്പോഴാണ് പി സി ജോർജ് ഇടഞ്ഞത്. അതുവരെ സർക്കാരിന്റെ ഒന്നാം നമ്പർ സംരക്ഷകനായിരുന്നു ജോർജ്. അടിച്ചെടുത്ത സർക്കാർ ഭൂമികൾ തിരിച്ചു പിടിക്കുമോ എന്ന ഭയത്തിൽ നിന്നാണ് ജോർജിന്റെ സമരങ്ങൾ ആരംഭിക്കുന്നത്.  കൊമ്പ് കുലുക്കിയും മുക്രയിട്ടും ഇടം വലം ഓടുന്ന ഇങ്ങനെയൊരു വേതാളം ചീഫ് വിപ്പായും ഗവണ്മെന്റ് വക്താവായും ഇല്ലായിരുന്നുവെങ്കിൽ യു ഡി എഫിന്റെ പ്രതിച്ഛായ ഇത്രത്തോളം വഷളാവുമായിരുന്നില്ല. ഇത്തരമൊരു ജന്മത്തെ ആ സ്ഥാനത്തിരുത്തിക്കൊണ്ട് സാക്ഷാൽ മാവേലി വന്നു ഭരിച്ചാലും തെണ്ടിപ്പോവുകയേയുള്ളൂ..

ഇത്രയും നല്ലൊരു പ്രതിപക്ഷത്തെ കേരളത്തിന്റെ ചരിത്രത്തിൽ ഇനി കിട്ടാനില്ല. മഹാ പാവങ്ങളാണ് അവർ.. കട്ടൻ ചായയും പരിപ്പ് വടയും കഴിച്ച് സെക്രട്ടേറിയറ്റ് പടിക്കലും ക്ലിഫ് ഹൗസിന്റെ പരിസരത്തും കറുത്ത കൊടിയും പിടിച്ച് നില്ക്കുന്നു എന്നതല്ലാതെ മറ്റ് യാതൊരുവിധ ഉപദ്രവവും അവരെക്കൊണ്ട് ഈ സർക്കാരിന് ഉണ്ടാവില്ല. ദേശാഭിമാനിയും എ കെ ജി സെന്ററും വരെ ചാക്ക് രാധാകൃഷ്ണൻമാർക്ക് മറിച്ചു വിറ്റു നാല് കാശുണ്ടാക്കുന്ന തിരക്കിലാണ് അവരുടെ നേതാക്കന്മാർ. അത്തരം കാര്യങ്ങളിൽ ഇടപെടാത്തിടത്തോളം കാലം സർക്കാരിന്റെ കാര്യത്തിൽ അവരും ഇടപെടില്ല. അങ്ങനെയൊരു പ്രതിപക്ഷത്തെ കിട്ടിയിട്ടും യു ഡി എഫിന്റെ ഗതി ഇങ്ങനെയാക്കിയതിനു പിന്നിൽ ചീഫ് വിപ്പിന്റെ പങ്ക് ചെറുതല്ല.      

സുകുമാരൻ നായരെ സംബന്ധിച്ചിടത്തോളം ഏറെക്കാലമായുള്ള ഒരു സ്വപ്നദ്വാരമാണ് തുറന്നു കിട്ടാൻ പോകുന്നത്. സർക്കാരിന്റെ താക്കോൽ ദ്വാരത്തിൽ ഒരു വെളുത്ത നായർ ഉണ്ടാവണം എന്നത് സുകുമാരൻ നായരുടെ ജീവിതാഭിലാഷമാണ്. അദ്ദേഹം രംഗത്ത് വന്ന ശേഷമാണ് ചെന്നിത്തല നായരാണെന്ന വിവരം പോലും പൊതുജനത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതാഭിലാഷം സാധ്യമാകുന്നു എന്നതൊഴിച്ചാൽ നായർ സമുദായത്തെ സംബന്ധിച്ചിടത്തോളം കറുത്ത നായർ പോയി വെളുത്ത നായർ വരുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

ഏറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഈ പുന:സംഘടന എപ്പിസോഡിൽ ആകെയൊരു ആശ്വാസമുള്ളത് ആഭ്യന്തരമന്ത്രി പദം തിരുവഞ്ചൂരിൽ നിന്ന് എടുത്തു മാറ്റപ്പെടുന്നു എന്നതാണ്. കള്ളനെ പിടിക്കുകയല്ല കള്ളന് കഞ്ഞിയും ചമ്മന്തിയും വെച്ചു കൊടുക്കുകയാണു കുറച്ച് മാസങ്ങളായി അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടുകളുടെയും പുളിച്ചു നാറിയ രാഷ്ട്രീയ നാടകങ്ങളുടെയും നാണം കെട്ട കളികളാണ് ആരെയും കൂസാതെ അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. സഖാവ് ടി പിയെ മുഖം പോലും ബാക്കി വെക്കാതെ വെട്ടി വെട്ടി കൊന്ന മനുഷ്യ മൃഗങ്ങളെയും അവരെ ആ ദൗത്യത്തിന് പറഞ്ഞയച്ച രാഷ്ട്രീയ യജമാനമാരെയും ബാലഗോപലാന്മാരെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്ന പോലെ കുളിപ്പിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം. എത്ര പെട്ടെന്ന് ആ സ്ഥാനത്ത് നിന്ന് അദ്ദേഹം പുറത്ത് പോകുന്നുവോ അത്രയും നല്ലത് എന്നേ പറയാനുള്ളൂ. പുതുവർഷം കൊണ്ട് വരുന്ന ഈ പുന:സംഘടന എപ്പിസോഡിലെ ഒരേയൊരു പ്ലസ് പോയിന്റ്‌ അത് മാത്രമാണ്.

Related Posts
താക്കോല്‍ ദ്വാരത്തിലെ നായന്മാര്‍
ആറാം മന്ത്രി ഉടന്‍, ഹൈക്കമാന്ഡിന്റെ അടിയന്തിരയോഗം!

Recent Posts
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
കൊടിസുനിയുടെ ഫേസ്ബുക്ക്‌, തിരുവഞ്ചൂരിന്റെ ബാര്‍ബര്‍ ഷോപ്പ്