ഓടരുതാര്യാടാ ആളറിയും !!

ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചോദിച്ചവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാന്‍ തോന്നുമെന്നത് ശരിയാണ്. പക്ഷെ പൊട്ടിക്കാന്‍ പാടില്ല എന്നതാണ് പൊതു നിയമം. പ്രത്യേകിച്ചും ടെലിവിഷനില്‍ ലൈവ് ആയി ചോദ്യങ്ങള്‍ വരുമ്പോള്‍. ഏത് അലമ്പ് ചോദ്യം വന്നാലും കലാഭവന്‍ മണിയുടെ ങ്ങ്യാ ഹ ഹ ശൈലിയില്‍ ഒരു ചിരി ചിരിക്കുക. എന്നിട്ട് വായീല്‍ വന്ന മറുപടി പറയുക. പറഞ്ഞു കഴിഞ്ഞ ശേഷവും ങ്ങ്യാ ഹ ഹ എന്ന് ചിരിച്ചിട്ട് ചുണ്ടൊന്നു തുടക്കുക. അതോടെ നിങ്ങളുടെ റോള്‍ ക്ലിയറായി. അഭിമുഖക്കാരന്‍ ഫ്ലാറ്റായി. ഉത്തരത്തിലല്ല ആ ചിരിയിലാണ് കാര്യം കിടക്കുന്നത്. 'മോനെ ഇതാള് വേറെയാണ്' എന്നൊരു മെസ്സേജ് അഭിമുഖക്കാരന് ആ ചിരിയില്‍ നിന്ന് കിട്ടുകയും ചെയ്യും. എല്ലാ രാഷ്ട്രീയക്കാര്‍ക്കും വളരെ സിമ്പിളായി ഫോളോ ചെയ്യാവുന്ന ഒരു സമീപനമാണ് ഇത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കാലം മുതല്‍ ഒരുമാതിരി നേതാക്കളെല്ലാം പരീക്ഷിച്ചു വിജയിച്ച രീതി. പക്ഷെ ആ രീതി ഫോളോ ചെയ്യുന്നതിന് പകരം മൈക്ക് തട്ടിത്തെറിപ്പിച്ചിട്ടു ഓടാന്‍ നിന്നാല്‍ അഭിമുഖക്കാരന്‍ വിജയിച്ചു. ചാനലിനു ഹിറ്റും റേറ്റിങ്ങും കൂടി. അഭിമുഖത്തിനു ഇരുന്നു കൊടുത്ത നേതാവ് കൂതറയായി.

കാര്യമൊക്കെ ശരിയാണ്. ആര്യാടന്‍ മുഹമ്മദ്‌ വലിയ നേതാവാണ്‌. മന്ത്രിയാണ്. വലിയ തറവാടിയാണ്. മലപ്പുറം ജില്ലയിലെ ഗജകേസരിയാണ്. പക്ഷെ പിരിയല്പം ലൂസുണ്ട്. ഐ മീന്‍, മുന്‍കോപത്തിന്റെ പിരി. ഏഷ്യാനെറ്റ്കാരന് ലോട്ടറി അടിച്ചത് അതുകൊണ്ടാണ്.  ജിമ്മി ജെയിംസ് അദ്ദേഹത്തിന്‍റെ പതിവ് ശൈലിയിലാണ് ചോദ്യങ്ങള്‍ ചോദിച്ചത്. വലിയ പ്രകോപനം ജെയിംസ് ഉണ്ടാക്കി എന്ന് പറയാന്‍ വയ്യ. മുന്സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ്‌ എതിര്‍ത്തിരുന്ന ഒരു കാര്യം ഇപ്പോള്‍ മന്ത്രിയായപ്പോള്‍ എന്ത് കൊണ്ട് ചെയ്യുന്നു എന്ന സിമ്പിള്‍ ചോദ്യമാണ് ജെയിംസ് ഉയര്‍ത്തിയത്‌. ങ്ങ്യാ ഹ ഹ എന്ന് ചിരിക്കേണ്ട സമയമാണ്. പക്ഷെ ചോദ്യം കേട്ടപ്പോള്‍ തന്നെ ആര്യാടന്‍ ചൂടായി. ആകെക്കൂടി ഒന്ന് മുരണ്ടു കളിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നോക്കി കണ്ണുരുട്ടി. മൂക്ക് പിഴിഞ്ഞു. അതോടെ ചോദ്യം ചോദിച്ച ജെയിംസിനും കണ്ടു നിന്ന പ്രേക്ഷകനും മനസ്സിലായി ഇയാള്‍ക്ക് ഇതിനു ഉത്തരം പറയാന്‍ കഴിയില്ല എന്ന്. പ്രതീക്ഷിച്ച പോലെ ആര്യാടന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. പറഞ്ഞ ഉത്തരമാകട്ടെ എങ്ങും എത്തിയുമില്ല. സ്വാഭാവികമായും ജിമ്മി ജെയിംസ് ഒരു 'ക്ലാരിറ്റി'ക്ക് വേണ്ടി ചോദ്യം ആവര്‍ത്തിച്ചു. അതോടെ മൈക്രോ ഫോണ്‍ തട്ടിത്തെറിപ്പിച്ചു വാണം വിട്ട പോലെ ആര്യാടന്‍ ഓടി. പോയ വഴിയില്‍ പുല്ലല്ല പുല്‍ച്ചാടി പോലും കാണില്ല.  

ഇനിയിപ്പോള്‍ മറ്റു ചാനലുകളിലെ അഭിമുഖക്കാര്‍ക്ക് രക്ഷയില്ല. പോയിന്റ്‌ ബ്ലാങ്കിന്റെ റേറ്റിംഗ് കൂടി. അതുകൊണ്ട് തന്നെ അവര്‍ ഇനി ഇതിനേക്കാള്‍ പ്രകോപനമുള്ള ചോദ്യങ്ങള്‍ ചോദിച്ചു നേതാക്കളുടെ പ്രെഷര്‍ കൂട്ടാന്‍ നോക്കും. ഏതെങ്കിലും ഒരു നേതാവ് അഭിമുഖക്കാരന്റെ കരണത്തടിച്ചാല്‍ ആ ചാനലുകാരന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ തന്നെ ഏഷ്യാനെറ്റിന്റെ ആര്യാടന്‍ എപ്പിസോഡ് യൂടൂബില്‍ മുടിഞ്ഞ ഹിറ്റാണ്. എപ്പിസോഡ് കാണാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി അവസാന ഭാഗം ഇവിടെ കൊടുക്കുന്നു.വൈദ്യുതി പ്രതിസന്ധി ഇത്ര രൂക്ഷമായ സമയത്ത്, വെള്ളവും വെളിച്ചവുമില്ലാതെ ആളുകള്‍ നരകിക്കുന്ന സമയത്ത് ആര്യാടന്‍ അഭിമുഖത്തിനു പോയതേ അബദ്ധമാണ്. അന്വേഷണക്കമ്മീഷനെ വെച്ച്  ഇനി ഏതിനാണ്‌ വില കൂട്ടാനുള്ളത് എന്ന് നോക്കി സര്‍ദാര്‍ജി രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. അഗ്നി പര്‍വതം പോലെ ജനം ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള സമയം. ഇത്തരം സമയങ്ങളില്‍ പുറത്തിറങ്ങാതെ നോക്കുകയാണ് ബുദ്ധി. ജനങ്ങളുടെ തല്ലു കൊള്ളാതെ നോക്കുക എന്നതിലാണല്ലോ ഒരു നേതാവിന് പ്രധാന ശ്രദ്ധ വേണ്ടത്. അത്യാവശ്യത്തിനു പാര്‍ട്ടി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ തന്നെ ഇടത്തും വലത്തും തോക്ക് ചൂണ്ടിയ പോലീസിനെ നിര്‍ത്തണം. നാലഞ്ചു ഇടിവെട്ട് യൂത്ത് കോണ്‍ഗ്രസ്സുകാരെ പോലീസിനെ നോക്കാനും ഏല്പിക്കണം. (പോലീസുകാരനും  ഗ്യാസും ഡീസലും ഉപയോഗിക്കുന്നവനാണല്ലോ. കഷ്ടകാലത്തിനെങ്ങാനും തോക്ക് തിരിച്ചു പിടിച്ചാല്‍ പണി തീര്‍ന്നില്ലേ. അതുകൊണ്ട് അവരുടെ മേലും ഒരു കണ്ണുണ്ടാവുന്നത് നല്ലതാണ്). ഇങ്ങനെയൊക്കെ തല്ലു കൊള്ളാതെ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട സമയത്താണ് ആര്യാടന്‍ പൌഡറും അത്തറും പൂശി ഏഷ്യാനെറ്റുകാരന്റെ വണ്ടിക്കു തലവെച്ചു കൊടുത്തത്. ആര്യാടന്‍ മുഹമ്മദിനും യു ഡി എഫ് സര്‍ക്കാരിനും പടച്ചവന്‍ നല്ലത് വരുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ

മ്യാവൂ: ഇന്റര്‍വ്യൂവിനു എത്തുന്ന നേതാക്കളുടെ കാലില്‍ അവരറിയാതെ ഒരു കുരുക്കിട്ടു വെക്കുന്നത് നല്ലതാണ്. ഓടുന്ന പോക്കില്‍ കമഴ്ന്നടിച്ചു വീഴണം!!.

Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!