കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം!!

കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ നടി കനകയ്ക്ക് തോന്നിയത് അവരുടെ ഭാഗ്യം. ഒരഞ്ച് മിനുട്ട് താമസിച്ചിരുന്നുവെങ്കിൽ ശവസംസ്കാരം കഴിഞ്ഞേനെ. പിന്നെ പത്രസമ്മേളനമല്ല സംസ്ഥാന സമ്മേളനം തന്നെ നടത്തിയിട്ട് വല്ല കാര്യവുമുണ്ടോ?. വാർത്തകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ കാണിക്കുന്ന സൂക്ഷ്മത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന അവസാനത്തെ ഉദാഹരണമായിരുന്നു കനകയുടെ അകാല മൃത്യു. യാതൊരു കുഴപ്പവുമില്ലാതെ ചെന്നൈയിൽ സുഖമായി കഴിയുന്ന താരത്തെ കൊന്നു എന്ന് മാത്രമല്ല നിറം പിടിപ്പിച്ച കഥകളിലൂടെ സെൻസേഷൻ സൃഷ്ടിക്കാനും ശ്രമങ്ങളുണ്ടായി. വാർത്തകൾ ആരാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത് എന്ന് നോക്കിയുള്ള മത്സരത്തിൽ കിട്ടുന്ന വാർത്തകളുടെ ഉറവിടമോ ആധികാരികതയോ നോക്കാതെ സത്യത്തോടും സമൂഹത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു തരം കോമാളി സർക്കസ്സായി മാധ്യമ പ്രവർത്തനം മാറുന്നുണ്ടോ എന്ന ചോദ്യമാണ് കനകയുടെ 'മരണം' ഉയർത്തുന്നത്.

ആരാണ് കനകയെ ആദ്യം കൊന്നത് എന്നറിയില്ല. കരുതിക്കൂട്ടിയുള്ള തമാശ ഏതെങ്കിലും ഒരു കുബുദ്ധി ഒപ്പിച്ചതാവാം. സോഷ്യൽ മീഡിയയുടെയും ഇ മാധ്യമങ്ങളുടെയും കാലത്ത് വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ആർക്കും എപ്പോഴും സാധിക്കും. രണ്ടു വിരലും ഒരു കീബോർഡും മാത്രമാണ് അതിനു വേണ്ട മുതൽ മുടക്ക്. കനകയെ മാത്രമല്ല ഏത് കന്യകയെയും കൊല്ലാനും ഉദകക്രിയ നടത്താനും ഒരു മിനുട്ടിന്റെ പണിയേയുള്ളൂ. പക്ഷേ കേൾക്കുന്ന വാർത്തകളൊക്കെ വെള്ളം തൊടാതെ വിഴുങ്ങി പ്രേക്ഷകർക്കും വായനക്കാർക്കും മുന്നിലെത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് അവർ ചെയ്യുന്നതെന്താണെന്ന വ്യക്തമായ ബോധം വേണം. മല്ലു മാധ്യമങ്ങൾ മാത്രമല്ല, ടൈംസ്‌ ഓഫ് ഇന്ത്യയും വിക്കിപീഡിയയും വരെ ഈ മരണ നാടകത്തിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്.കനക മരിച്ച ഉടനെ ഫേസ്ബുക്കിലായിരുന്നു കൂട്ടക്കരച്ചിൽ. ഇത്തരം എല്ലാ പണ്ടാരങ്ങളും ആദ്യം എത്തുന്നത് ഫേസ്ബുക്കിലാണല്ലോ. കുറെ കാലമായി തല മൊട്ടയടിച്ചു മെലിഞ്ഞുങ്ങിയ  കനകയുടെ ഒരു ഫോട്ടോയും വെച്ച് കണ്ണീർ കഥകൾ തുടർച്ചയായി പ്രവഹിച്ചു വരികയായിരുന്നു. അതിനിടയിലാണ് ചാകരയായി മരണമെത്തിയത്. അത് ആദരാഞ്ജലികളുടെ ആക്കം കൂട്ടി.  കഴിഞ്ഞ ജൂണ്‍ ഇരുപത്തിയാറിന് നെൽസൻ മണ്ടേലയുടെ അടിയന്തിരം കഴിച്ചതും ഫേസ്ബുക്കിൽ തന്നെയായിരുന്നു. മണ്ടേലയുടെ അപദാനങ്ങൾ വാഴ്ത്തിയും ആദരാഞ്ജലികൾ അർപ്പിച്ചും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് വെറുതെ ന്യൂസ് സൈറ്റുകൾ ഒന്ന് ബ്രൌസ് ചെയ്തു നോക്കി. പുള്ളി ആശുപത്രിയിലാണ്. ചികിത്സ തുടരുന്നു. തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ആഘോഷത്തിന് വേണ്ട മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ അദ്ദേഹത്തിന്റെ ശവമടക്ക് ദ്രുതഗതിയിൽ നടത്തുകയാണ് നമ്മുടെ മാധ്യമങ്ങളും ഫേസ്ബുക്കികളും. ഒരു പത്രത്തിന്റെ സൈറ്റിൽ വലിയ വെണ്ടയ്ക്ക കണ്ടതോടെ ഞാൻ എന്റെ സുഹൃത്ത്‌ കൂടിയായ അതിന്റെ വെബ്‌ എഡിറ്ററോട് കാര്യം പറഞ്ഞു. പുള്ളി ഒരു സെക്കന്റിനുള്ളിൽ വാർത്ത മുക്കി. പക്ഷേ അത് ഷെയർ ചെയ്തവനും പകർത്തി എഴുതിയവനും കരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു. ഞാനെന്റെ പേജിൽ ഇങ്ങനെ ഒരു സ്റ്റാറ്റസ് എഴുതി  "നെൽസൻ മണ്ടേലക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് പലരുടെയും പോസ്റ്റുകൾ കാണുന്നു. ആദരാജ്ഞലി അർപ്പിക്കാൻ മുട്ടി നിൽക്കുന്നവർ അദ്ദേഹം മരിക്കുന്നത് വരെ കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു"

അല്പം തമാശ കലർത്തിപ്പറഞ്ഞാൽ കെ സുരേന്ദ്രൻ നൂലിഴക്കാണ് രക്ഷപ്പെട്ടത്. കനകയുടെ മരണവാർത്ത അറിഞ്ഞ ഉടൻ പുള്ളി ഒരു പത്രസമ്മേളനം നടത്താൻ ഒരുങ്ങിയതായാണ് (അ)വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം. കനകയുടെ മരണം നമ്മൾ കരുതുന്ന പോലെ ക്യാൻസർ രോഗബാധ കാരണമല്ല എന്നും ഒരു കേന്ദ്രമന്ത്രിക്കും മലപ്പുറത്തെ ഒരു വ്യവസായിക്കും ആ മരണത്തിൽ പങ്കുണ്ടെന്നും വെച്ചു കാച്ചാൻ പുള്ളി ഒരുങ്ങിയിരിക്കുകയായിരുന്നു. വിയറ്റ്നാം കോളനിയുടെ ഷൂട്ടിങ്ങ് കാലത്ത് കനക മലപ്പുറത്തെ ലീഗ് നേതാവിന്റെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിന്റെ ബില്ലും അന്നേ ദിവസം ഹോട്ടൽ മാനേജർ കേന്ദ്ര മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചതിന്റെ രേഖകളും റെഡിയായി കയ്യിലുണ്ടായിരുന്നു എന്നാണ് അവിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നത്. ബിരിയാണി വഴി ഉള്ളിൽ കടന്നു ചെന്ന വിഷം ഇരുപത്തിയൊന്ന് കൊല്ലം കഴിഞ്ഞ് പെട്ടെന്ന് പുറത്ത് ചാടിയതായാണ് മരണ കാരണം. മാത്രമല്ല അന്ന് അർദ്ധരാത്രി പന്ത്രണ്ടേ മുപ്പത്തിയാറിനു മലപ്പുറം പാണ്ടിക്കടവ് വഴി ഒരു ക്വാളിസ് കാറ് പോയത് കണ്ട ദൃക്സാക്ഷികളും റെഡിയാണ്. ബിരിയാണിയും ക്വാളിസ് കാറും പണ്ടേ ബന്ധുക്കളാണല്ലോ. എൻ ഐ എ രേഖകളിൽ അവ പല തവണ വ്യക്തമാക്കപ്പെട്ടതുമാണ്. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത സംഗതികളാണ് കയ്യിലുള്ളത്. മാത്രമല്ല രണ്ടു മണിക്കൂർ കഴിഞ്ഞ് വെളിപ്പെടുത്താനുള്ള വേറെ ചില തെളിവുകൾ എത്തിച്ചു തരാമെന്നു പി സി ജോർജ് പറയുകയും ചെയ്തിട്ടുണ്ട്.  വൈകിട്ട് ന്യൂസ് അവറിൽ സുരേന്ദ്രന് ധരിക്കാനുള്ള മഞ്ഞ ടീഷർട്ട് വരെ ഏഷ്യാനെറ്റുകാർ തയ്പിച്ചു റെഡിയാക്കി വെച്ചിരുന്നു. എല്ലാം തുലച്ചത് കനകയുടെ ഒടുക്കത്തെ പത്രസമ്മേളനമാണ്‌. അല്പം കൂടെ താമസിച്ചിരുന്നുവെങ്കിൽ 'കനക മരിച്ചതിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. മുഖ്യമന്ത്രി രാജിവെക്കുക' എന്ന തലക്കെട്ടിൽ നികേഷിന്റെ വക ഒരു എക്സ്ക്ലൂസീവ് സ്റ്റോറിയും വന്നേനെ. ചുരുക്കത്തിൽ നമ്മുടെ ഷാജഹാൻ മുമ്പ് പൊട്ടിച്ചതിനേക്കാൾ തമാശയുള്ള ചില നമ്പറുകൾ പുറത്ത് വരാനിരുന്നതാണ്. പടച്ചോൻ കാത്തു. (സുരേന്ദ്രൻ ഫാൻസുകാർ കോപിക്കരുത്. നമ്മുടെ വിവാദ വാർത്താ സംസ്കാരത്തിന്റെ പാശ്ചാത്തലത്തിൽ ഭാവന അല്പം പീലി വിടർത്തി ആടിപ്പോയതാണ്. ക്ഷമിക്കുക) 

കൈരളിയുടെ കാര്യമാണ് ഏറെ രസമായത്. കനക അന്തരിച്ചു എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തതിന് പുറമേ 'ആശുപത്രി അധികൃതർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടില്ല' എന്ന് എഴുതിക്കാണിക്കുകയും ചെയ്തു. അതായത് ഞങ്ങളുടെ റിപ്പോർട്ടർ ആശുപത്രിയിൽ തന്നെയുണ്ട്‌, അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവർ ഇതുവരെ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല. എന്നാലും തെക്കെപുറത്തെ മാവ് വെട്ടാൻ ആളു പോയിട്ടുണ്ട് എന്ന് ചുരുക്കം. വെണ്ടയ്ക്ക അക്ഷരത്തിലാണ് ജൈഹിന്ദ് ടി വി ക്കാർ കനകയുടെ മരണം ആഘോഷിച്ചത്. മുടിഞ്ഞ കോണ്‍ഗ്രസ്സുകാർ പോലും കാണാത്ത ചാനലായതിനാൽ അതിനു വലിയ പ്രചാരം കിട്ടിയില്ല എന്ന് മാത്രം.

നമ്മുടെ ന്യൂസ് പോർട്ടലുകളുടെ കാര്യമാണ് പത്രങ്ങളേക്കാൾ കഷ്ടം. ഒരു 'മറുനാടൻ' വെബ്‌ സൈറ്റ് നാല് ദിവസം മുന്നേ പറഞ്ഞ വാചകങ്ങൾ വായിച്ചാൽ ചിരിച്ചു ചിരിച്ചു ചാവും " കുസൃതിക്കാറ്റിലെ സംശയാലുവായ ഭാര്യയേയും ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മയെയും മറന്നോ മലയാളീ?. മറക്കാൻ വരട്ടെ, അനുപമമായ അഭിനയ മുഹൂർത്തങ്ങളിലൂടെ  ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടി കനക ദാ ഇവിടെത്തന്നെയുണ്ട്. ആലപ്പുഴയിൽ ഒരാശുപത്രിയിൽ. വേദന തിന്നു ആരെയും കാണാൻ ആഗ്രഹിക്കാതെ കാൻസറിന്റെ വേദനകളിൽ എല്ലും തോലുമായിരിക്കുന്നു" എല്ലും തോലുമായ നടി സംസാരിക്കുന്നത് താഴെയുള്ള വീഡിയോയിൽ കാണാം.


ഹിറ്റ് കൂട്ടാനുള്ള ഒടുക്കത്തെ ത്വരയിൽ പാകമുണ്ടെങ്കിൽ സ്വന്തം അമ്മയെയും അച്ഛനെയും വരെ ഇവന്മാർ കൊല്ലും. നിറം പിടിപ്പിച്ച കഥകളാണ് കനകയുടെ പേരിൽ നിമിഷങ്ങൾക്കുള്ളിൽ അവർ മെനഞ്ഞുണ്ടാക്കിയത്. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല എന്നും അനാഥ സംരക്ഷണ കേന്ദ്രക്കാരുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട് എന്നുമാണ് ഒരു പോർട്ടൽ എഴുതിപ്പിടിപ്പിച്ചത്‌. കണ്ണീരിന് ഊക്ക് കൂട്ടാൻ താരത്തിന്റെ പഴയ അവസ്ഥയും ഗ്ലാമർ കഥകളും കൂട്ടിച്ചേർക്കുകയും ചെയ്തു. അടിപ്പാവാട വാർത്തകൾ കൃത്യമായി നൽകാറുള്ള ഒരു പോർട്ടൽ മറ്റൊരു അവകാശ വാദവും നടത്തി. ക്യാൻസർ ചികിത്സക്ക് അവർ കേരളത്തിൽ എത്തിയ കാര്യം ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ട്‌ ചെയ്തത് ഞങ്ങളായിരുന്നു എന്ന്!!.

1992 നു ശേഷം ആലപ്പുഴയിൽ വന്നിട്ട് പോലുമില്ലാത്ത താരത്തെക്കുറിച്ചാണ് ഇത് പറയുന്നതെന്നോർക്കണം. വാർത്തകളുടെ സ്ഥിതി ഇതാണ്. ആ പെങ്കൊച്ചിനു കൃത്യസമയത്ത് പത്രക്കാരെക്കാണാൻ ദൈവം തോന്നിപ്പിച്ചത് കൊണ്ട് ഈ വാർത്തയുടെ നിജസ്ഥിതി നാമറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ അവർ ചെന്നൈയിൽ സുഖമായി കഴിയുന്നു. മാധ്യമങ്ങളോട് ഒരു വാക്ക്. സോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും. അവിടെ നിന്ന് കട്ട്‌ ആൻഡ്‌ പേസ്റ്റ് ചെയ്ത് ബ്രേക്കിംഗ് നിരത്തുന്നതിന് മുമ്പ് അതാത് മേഖലകളിലെ പ്രാദേശിക ലേഖകൻമാർക്ക് ഒരു മിസ്സ്‌ കാൾ അടിക്കുക. അവർ തിരിച്ചു വിളിക്കുമ്പോൾ കാര്യം ചോദിച്ച് ഉറപ്പ് വരുത്തുക. അതിന് ശേഷം ബ്രേക്കോ മത്തങ്ങയോ എന്താണ് വെച്ചാൽ നിരത്തുക. കനക എപ്പിസോഡിൽ നിന്ന് ഈ ഒരു ചെറിയ പാഠമെങ്കിലും നിങ്ങൾ പഠിക്കേണ്ടതുണ്ട്. എവടെ?

Related Posts
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌