താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ

ജനങ്ങള്‍ക്ക്‌ അറ്റാക്ക് വരുത്തുന്ന വാര്‍ത്തകളൊന്നും വരാതെ നോക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. മമ്മുക്കയും ലാലേട്ടനും കേരളത്തിന്റെ പൊതുസ്വത്താണ്. അവരുടെ വീടുകളിലാണ് ഇന്‍കം ടാക്സുകാരും പോലീസും കയറി നരങ്ങുന്നത്‌. ലാലേട്ടനെയും മമ്മുക്കയെയും  കണ്ടുകൊണ്ടാണ് കഴിഞ്ഞ തലമുറ വളര്‍ന്നത്‌. ഇന്നത്തെ തലമുറയും അവരെക്കണ്ടാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. നാളത്തെ പിള്ളേരും അവരെനോക്കി വളരണം എന്നതാണ് ഓരോ കേരളീയന്റെയും ആഗ്രഹം. ആരെ തൊട്ടു കളിച്ചാലും അവരെ തൊട്ടു കളിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

റെയിഡ് നടത്തലും രേഖകള്‍ പരിശോധിക്കലും  ആദായനികുതിക്കാരുടെ നിത്യത്തൊഴിലാണ്. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും അവര്‍ അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പിന്നെ ഇടക്കൊന്ന് ഷൈന്‍ ചെയ്യണമെന്നു തോന്നുമ്പോള്‍ അവര്‍ ഏതെങ്കിലും ഒരു കൊമ്പനെ കയറിപ്പിടിക്കും. (വരുന്നുണ്ടെന്നു നേരത്തെ വിളിച്ചറിയിക്കുകയും ചെയ്യുമെന്നാണ് സിനിമയിലൊക്കെ കണ്ടിട്ടുള്ളത്. ശരിയാണോ എന്തോ?.)  റെയിഡ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ശരിയായ വാര്‍ത്തകളൊന്നും പുറത്തു വന്നു തുടങ്ങിയിട്ടില്ല. ലാലേട്ടന്റെ ഷോ കേസില്‍ നിന്ന് ഒരു ആനക്കൊമ്പ് കിട്ടി എന്നത് മാത്രമാണ് ചാനലുകാര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്. ഷോ കേസില്‍ ആനക്കൊമ്പല്ലാതെ പിന്നെ ആനയെക്കേറ്റി വെക്കാന്‍ പറ്റുമോ?   


കിട്ടിയ അവസരം മുതലാക്കി കഴുക്കോല്‍ ഊരാനുള്ള പുറപ്പാടിലാണ് നമ്മുടെ അഴീക്കോട് മാഷ്‌. ആദായ നികുതിക്കാര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി എന്ന് കേട്ടപ്പോഴേക്കു മാഷ്‌ താരങ്ങളെ തസ്കരന്മാരാക്കി. മോഹന്‍ലാല്‍ കേണല്‍ പദവി തിരിച്ചു കൊടുക്കണമത്രേ!. കേന്ദ്രമന്ത്രി ആന്റണി ഉടന്‍ ഇടപെടണമത്രേ!. ഇതിയാന് എന്തിന്റെ സൂക്കേടാണ്? . ഇങ്ങനെയുമുണ്ടോ ഒരു അസൂയ?. ആന്റണിയോട് എനിക്ക് പറയാനുള്ളത് ഒക്കുമെങ്കില്‍ ഒരു ലെഫ്റ്റനന്റ് കേണലിന്റെ തൊപ്പി അഴീക്കോട് മാഷുക്കും കൊടുക്കണം എന്നാണ്.  റിട്ടയര്‍ ചെയ്ത ഏതെങ്കിലും കേണലിന്റെ തൊപ്പി ആയാലും മതി. ഭൂമിയില്‍ തനിക്കല്ലാതെ വേറെ ഒരാള്‍ക്കും അവാര്‍ഡ് കിട്ടുന്നത് മാഷ്‌ക്ക് പണ്ടേ കണ്ടു കൂട. മോഹന്‍ലാല്‍ തന്നെ കിളവന്‍ എന്ന് വിളിച്ചു എന്നാണ് മാഷിന്റെ പരാതി. അതിനു കേസ് കൊടുത്ത് കോടതിയില്‍ കയറി ഇറങ്ങുകകയാണ് ഇപ്പോഴത്തെ പ്രധാന പണി. അതിനിടയിലാണ് മാഷ്‌ക്ക് ഈ ആനക്കൊമ്പ് കിട്ടിയത്. പാവം ലാലേട്ടന്‍ !! മാഷുടെ മുന്നില്‍ ഇനി ഒരുപാട് വിയര്‍ക്കേണ്ടി വരും !.

മമ്മുക്കയും ലാലേട്ടനും ആദായനികുതി തട്ടിപ്പ് നടത്തി എന്ന് തെളിഞ്ഞാല്‍ തന്നെ മലയാള സിനിമയുടെ ഫാവിയെ ഓര്‍ത്ത്‌ അക്കാര്യം പുറത്തു വിടുന്നത് വളരെ സൂക്ഷിച്ചു വേണം എന്നാണു എനിക്ക് പറയാനുള്ളത്. കാരണം അവരെവെച്ച് സിനിമയെടുത്തുകൊണ്ടിരിക്കുന്ന നിര്‍മാതാക്കള്‍  കുത്തുപാളയെടുക്കും. സഹനടന്മാരും നടിമാരും പട്ടിണിയാകും. നമ്മുടെ കാശൊക്കെ തമിഴിലെയും തെലുങ്കിലെയും പയ്യന്മാര്‍ അടിച്ചോണ്ട് പോകും. നമ്മുടെ സൂപ്പര്‍ താരങ്ങളുടെ പഴയ സിനിമകള്‍ക്ക്‌ പോലും ആള്  കേറാന്‍ മടിക്കും. ഇനി കേറിയാലും കയ്യടിക്കാന്‍ ഇച്ചിരി താമസം വരും. അങ്ങനെ പലതരത്തിലുള്ള ഗുലുമാലുകള്‍ ഉണ്ട്.


ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആദായ നികുതിക്കാര്‍ക്ക് കോമണ്‍സെന്‍സ് ഉണ്ട്. അവര്‍ ഫാന്‍സുകാരെ പിണക്കിയില്ല. പിടിച്ചപ്പോള്‍ രണ്ടു പേരെയും പിടിച്ചു. മതസൗഹാര്‍ദത്തിനും കോട്ടം തട്ടിയിട്ടില്ല. പക്ഷേ വേറെയും സൂപ്പര്‍ താരങ്ങളുണ്ടല്ലോ. ബി ബി സി ഇംഗ്ലീഷ് ഫ്ലുവന്റായി സംസാരിക്കുന്ന തെന്നിന്ത്യയിലെ ഏകതാരം, ഓസ്കാറിനുള്ള അഭിനയം കാഴ്ചവെച്ചാലും ആളുകള്‍ മിമിക്രിക്കാരന്‍എന്ന് വിളിച്ചു സൈഡ് ആക്കുന്ന ബഹുമുഖ പ്രതിഭ, പിന്നെ നമ്മുടെ ആകാശത്തേക്ക് പോകുന്ന ഷിറ്റ്. എല്ലാവരുടെതും ഒന്ന് ചെക്കുന്നത് നല്ലതാണ്. സംശയം തീര്‍ന്നു കിട്ടുമല്ലോ. മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. റെയിഡ് എന്ന് കേള്‍ക്കുമ്പോഴേക്കു ചാടിക്കേറി ആരെയും തസ്കരന്മാരാക്കാന്‍ നമുക്ക് വകുപ്പില്ല. തോക്കോ ആനക്കൊമ്പോ കയ്യിലുണ്ടെങ്കില്‍ അതിനൊക്കെ രേഖയുണ്ടോ എന്ന് നോക്കേണ്ടവര്‍ നോക്കട്ടെ.

Related Posts
അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്