മര്‍ഡോക്ക് ഏഷ്യാനെറ്റും പൂട്ടുമോ?

മര്‍ഡോക്കിന് എല്ലാം പുല്ലാണ്. പത്രം വാങ്ങും, വില്‍ക്കും. ടി വി വാങ്ങും. പൂട്ടും. ആരോടും ചോദിക്കുകയോ പറയുകയോ ഇല്ല. ഒറ്റ രാത്രി കൊണ്ട് എന്തും തീരുമാനിക്കും. ഒരു ചെറിയ വട്ടു കേസാണ് പുള്ളിയെന്ന് മൊത്തത്തില്‍ ഒരു സംസാരമുണ്ട്. എഴുപത്തഞ്ചു ലക്ഷം വായനക്കാരുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രമാണ്‌  ഇന്നലെ പുള്ളി അടച്ചു പൂട്ടിയത്. THANK YOU & GOOD BYE എന്ന എഡിറ്റോറിയല്‍ എഴുതി പത്രം പൂട്ടി താക്കോലുമായി വരാന്‍ മകന്‍ ജെയിംസിനോട് പറഞ്ഞു പുള്ളി ഉറങ്ങാന്‍ പോയി എന്നത് മാത്രമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

സംഗതി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സാധനമാണെങ്കിലും ഞായറാഴ്ചകളില്‍ ഈ ടാബ്ലോയിഡ്  കാത്ത് ലക്ഷക്കണക്കിന്‌ വായനക്കാര്‍ അതിരാവിലെ ഉണരാറുണ്ട്.. പല്ല് പോലും തേക്കാതെ കാത്തു നില്‍ക്കാറുണ്ട്. ഒന്നും രണ്ടും വര്‍ഷത്തെ പഴക്കമുള്ള ചപ്പടാച്ചി പത്രമല്ല ന്യൂസ് ഓഫ് ദ വേള്‍ഡ്. നൂറ്റി അറുപത്തെട്ടു വര്‍ഷത്തെ പാരമ്പര്യം ഉള്ള മാധ്യമ ലോകത്തെ പുലിയാണ്. നമ്മുടെ മനോരമ മുത്തശ്ശിക്ക് പോലും നൂറ്റിഇരുപത്തി രണ്ടു വയസ്സേ ആയിട്ടുള്ളൂ എന്നോര്‍ക്കുക. പിന്നെ പുള്ളി എന്തിനിത് പൂട്ടി എന്ന് ചോദിച്ചാല്‍ ശരിക്കുള്ള ഉത്തരമില്ല. ചങ്ങായിക്ക് പൂട്ടണമെന്ന് തോന്നി, പൂട്ടി.. അത്ര തന്നെ.


പെട്ടെന്ന് പൂട്ടാന്‍ കാരണമുണ്ടോന്നു ചോദിച്ചാല്‍ പണിക്കന്മാര്‍ക്ക് പല കാരണവും പറയാനുണ്ട്. ന്യൂസ് ഓഫ് ദ വേള്‍ഡിനെതിരെ കോടതികളില്‍ കേസുണ്ട്. രാഷ്ട്രീയ നേതാക്കളും രാഷ്ട്രത്തലവന്മാരുമടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയത്‌ പുറത്തു വന്നു. തുടരെത്തുരെയുണ്ടായ ആരോപണങ്ങളെത്തുടര്‍ന്ന് പരസ്യ വരുമാനം കുറഞ്ഞു. അങ്ങനെ പലതും. ഇതൊക്കെ മാധ്യമപ്പണിക്കന്മാര്‍ ഗണിച്ചുണ്ടാക്കിയ കാരണങ്ങള്‍ മാത്രമാണ്. ലതുകൊണ്ട് തന്നെ അവ വിശ്വസിക്കാന്‍ ഇച്ചിരി പ്രയാസമുണ്ട്. ആനപ്പുറത്തു പൊട്ടന്‍ കടിക്കുന്ന പോലെയാണ് മര്‍ഡോക്കിന് ഈ കേസുകള്‍ . ഇതും ഇതിലപ്പുറവുമുള്ള കേസുകള്‍ പുള്ളിക്ക് എതിരെ വന്നിട്ടുണ്ട്. മര്യാദക്ക് ഒരു പതിനായിരം പേര്‍ കാശ് കൊടുത്ത് വാങ്ങിക്കാനുണ്ടെങ്കില്‍ ഒരുമാതിരിപ്പെട്ട മുതലാളിയും തന്റെ പ്രസിദ്ധീകരണം പൂട്ടില്ല. ഇവിടെ വായനക്കാരുടെ എണ്ണം എഴുപത്തഞ്ചു ലക്ഷമാണ്!! ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമാണ്!!. ഒരു കേസ് വന്നിട്ട് പൂട്ടിയത്രേ!! പോകാന്‍ പറ.. ഒന്നും കാണാതെ നമ്പൂരി വെള്ളത്തില്‍ ചാടില്ലാന്നു പറഞ്ഞ പോലെ പൂട്ടാന്‍ വേറെ എന്തെങ്കിലും കാരണം കാണും!!. അതെന്താണെന്ന് അറിയാത്തിടത്തോളം കാലം ഉറപ്പിച്ചു പറയാന്‍ പറ്റുന്നത് ഇത് മാത്രമാണ്. പൂട്ടണമെന്ന് തോന്നി. പൂട്ടി. ദാറ്റ്സ് ഓള്‍.

ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയതില്‍ എനിക്കൊരു ചുക്കുമില്ല. അതില്‍ നിന്ന് സ്റ്റോറികളും ഇക്കിളി ഫോട്ടോകളും  മോഷ്ടിച്ച് ബ്ലോഗ്‌ എഴുതുന്ന പുലികള്‍ കേരളത്തിലുണ്ടാവാം. പക്ഷെ ഞാന്‍ അത്തരക്കാരനല്ല. വളരെ ഡീസന്റ് പാര്‍ട്ടിയാണ്. എന്റെ ബേജാറ് നമ്മുടെ ഏഷ്യാനെറ്റിനെക്കുറിച്ചാണ്. അതിന്റെ മൊയലാളിയും മര്‍ഡോക്ക് അണ്ണന്‍ ആണല്ലോ. ഒരു സുപ്രഭാതത്തില്‍ ഇതും പൂട്ടണമെന്ന് പുള്ളിക്ക് തോന്നിയാലോ?. തീര്‍ന്നില്ലേ കാര്യം. നേരോടെ നിര്‍ഭയം നിരന്തരം നമ്മള്‍ പിന്നെ എങ്ങോട്ട് ഓടും. എവിടുന്നു ലൈവ് കേള്‍ക്കും. കണ്ണീര്‍ എപ്പിസോഡിന്റെ ബാക്കി എവിടുന്നു കാണും. എല്ലാം പോട്ടേന്ന് വെക്കാം. രഞ്ജിനിയുടെ കാര്യം എന്താവും?. ശരത് അണ്ണാച്ചിയും ശ്രീക്കുട്ടനും എങ്ങനേലും ജീവിച്ചു പോകും. ആ പാവം പെങ്കൊച്ചു എവിടെപ്പോകും?.  മര്‍ഡോക്കിന് ഇത് വല്ലതും ആലോചിക്കണോ. പുള്ളിക്കങ്ങ് പൂട്ടിപ്പോയാല്‍ മതി. പക്ഷെ നമുക്ക് അങ്ങനെ പുവ്വാന്‍ പറ്റില്ലാലോ.. ഇത്രകാലവും കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിട്ട് ഒരു സുപ്രഭാതത്തില്‍ വലിച്ചെറിയാന്‍ .. ഛെ.. ഛെ.. ആലോചിക്കാന്‍ പോലും വയ്യ.

പോട്ടെ. രഞ്ജിനിയുടെ കാര്യവും വിട്.. ഓളോട് ദുഫായീല്‍ പോയി ഇംഗ്ലീഷ് പറഞ്ഞ് ജീവിക്കാന്‍ പറയാം. പക്ഷേ നമ്മടെ മറ്റേ പുള്ളി?. ഏത്?..സാമ്രാജ്യത്വ കുത്തകള്‍ക്കെതിരെ മലയാളി മനസ്സിന്റെ ദൃശ്യാവിഷ്കാരം രചിച്ച?.. മനസ്സിലായില്ല?..  മ്പടെ ബ്രിട്ടാസേ!!.  എല്ലാ പ്രേക്ഷകരോടും എനിക്ക് പറയാനുള്ളത് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക എന്ന് മാത്രമാണ്. ചതിക്കല്ലേ മര്‍ഡോക്കേ എന്ന് ദിവസം നാല് വട്ടം സൈക്കിള്‍ ബ്രാന്‍ഡ് കത്തിച്ചു പ്രാര്‍ത്ഥിക്കുക. ഏഷ്യാനെറ്റിനെ പടച്ചോന്‍ കാക്കട്ടെ.

Related Posts
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക 
മനോരമയോ അതോ ഏഷ്യാനെറ്റോ മുന്നില്‍ ?