വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍

ഓരോ ആറ് മാസം കൂടുമ്പോഴും മനോരമയുടെ 'വനിത'യില്‍ ഒരു കവര്‍ സ്റ്റോറി വരാറുണ്ട്. ഭര്‍ത്താക്കന്മാരെ ഒതുക്കാന്‍ 36 വഴികള്‍ എന്നോ മറ്റോ ആയിരിക്കും അതിന്റെ തലക്കെട്ട്‌!!. ഭര്‍ത്താക്കന്മാരെ ഒതുക്കാന്‍ പരീക്ഷിച്ചു വിജയിച്ച 101 വഴികള്‍ കയ്യിലുള്ള ഭാര്യമാര്‍ക്കാണ് വനിതക്കാരന്‍ തന്റെ 36 ഉഡായിപ്പുകള്‍ കൊടുക്കുന്നത്. വി എസ്സിനെ ഒതുക്കാന്‍ മണി മണി പോലുള്ള 101 വഴികള്‍ പിണറായി സഖാവിന്റെ കയ്യില്‍ ഉണ്ടാവും. എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് വനിതക്കാരന്‍ ചെയ്യുന്ന പോലുള്ള ഒരു സേവനമാണ് ഞാനിവിടെ ചെയ്യുന്നത്.

1) വി എസ്സിന്റെ കയ്യില്‍ പന്ത് കിട്ടാതെ നോക്കുക
വി എസ് മറഡോണയെപ്പോലെയാണ്. കയ്യില്‍ പന്ത് കിട്ടിയാല്‍ കലക്ക് വെള്ളത്തില്‍ മഞ്ഞളേട്ട കേറുന്ന പോലെ ഒരു കേറ്റമാണ്. പിന്നെ ഗോളടിച്ചിട്ടേ പിറകോട്ടു വരൂ. മറഡോണ കളിക്കുന്ന കാലത്ത് എതിര്‍ടീമുകാരുടെ പ്രധാന പണി അര്‍ജന്റീനയുടെ പോസ്റ്റില്‍ ഗോളടിക്കുകയല്ല. മറഡോണയുടെ കാലില്‍ പന്ത് വരാതെ നോക്കുകയാണ്. അതില്‍ വിജയിച്ചാല്‍ കളി ജയിച്ചു. തോറ്റാല്‍ തോറ്റു. അതുപോലെ ഒരു സ്ട്രാറ്റജിയാണ് പിണറായി സഖാവ് എടുക്കേണ്ടത്. ഒരു ഉദാഹരണം പറഞ്ഞാല്‍ വി എസ് ബെര്‍ലിന്‍ മതില്‍ ചാടാന്‍ പോകുന്നു എന്ന് കരുതുക. ഉടന്‍ പിണറായി സഖാവ് ചെയ്യേണ്ടത് ബെര്‍ലിന്‍ പ്രധാനമന്ത്രിയെ വിളിച്ചു വി എസ്സിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ഏര്‍പാട് ചെയ്യുകയാണ്. വി എസ്സിന്റെ വിസ ശരിയാക്കി കൊടുക്കുക, എസ്കോര്‍ട്ട് പോകാന്‍ ഇ പി ജയരാജനെ ഏര്‍പാടാക്കുക തുടങ്ങിയവയും ചെയ്യണം. ആറ് പരിപ്പ് വടയും നാല് കുപ്പി ഇളനീരും കൊടുത്ത് യാത്രയയക്കുകയും ചെയ്യുക. പുള്ളി ബെര്‍ലിന്‍ മതില്‍ ചാടുകയോ കാലൊടിയുകയോ എന്തും ചെയ്തോട്ടെ. നമ്മള്‍ ചെയ്യാനുള്ള പണി നമ്മള്‍ ചെയ്യുക. ദാറ്റ്‌സ് ഓള്‍ .. ഇത്രയും ചെയ്‌താല്‍ പന്ത് നമ്മുടെ കാലില്‍ തന്നെ ഇരിക്കും.


2) വാര്‍ത്ത ചോര്‍ത്തല്‍ സ്റ്റേറ്റ് കമ്മറ്റി ഏറ്റെടുക്കുക
സി പി എം സ്റ്റേറ്റ് കമ്മറ്റി മീറ്റിങ്ങിന്റെ വാര്‍ത്തകള്‍ സ്റ്റേറ്റ് കമ്മറ്റി തന്നെ ചോര്‍ത്തിക്കൊടുക്കുക. മീറ്റിംഗ് ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്തു അന്ന് രാത്രി തന്നെ കേസറ്റ് പത്രങ്ങള്‍ക്കു എത്തിച്ചു കൊടുത്താല്‍ വളരെ നന്ന്. ഇത് കൊണ്ട് രണ്ടു ഗുണമുണ്ട്. വി എസ്സിന് ഗുണകരമായ വാര്‍ത്ത‍ മാത്രം ചോര്‍ത്തിക്കൊടുക്കുന്ന സ്റ്റേറ്റ് കമ്മറ്റിയിലെ  'തുരപ്പന്മാരെ' ഒതുക്കാം. മാത്രമല്ല, പുറത്തു പുലിയായി നടക്കുന്ന വി എസ് സ്റ്റേറ്റ് കമ്മറ്റിയില്‍ എലിയായി ഇരിക്കുന്നത് നാട്ടുകാര്‍ക്ക് കാണുകയും ചെയ്യാം. പാര്‍ട്ടിക്കെതിരെ പടനയിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ പത്രക്കാര്‍ക്ക് മുമ്പില്‍ ബഡായി പറയുന്ന വി എസ് കമാന്നൊരക്ഷരം മിണ്ടാതെ കുനിഞ്ഞിരിക്കുന്നത്‌ പിണറായി സഖാവിന്റെ ഇമേജു കുത്തനെ ഉയര്‍ത്തും. 

3) തോക്കില്‍ കയറി വെടി വെക്കുക
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വെടി ഇങ്ങോട്ട് വരുന്നതിനു മുമ്പ് അങ്ങോട്ട്‌ വെക്കുക. ഉദാഹരണം ഉമ്മന്‍ ചാണ്ടി ഒരു കേസില്‍ കുടുങ്ങി എന്ന് വെക്കുക. ഫ്ലാഷ് വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചാടിക്കേറി പത്രസമ്മേളനം നടത്തുക. വി എസ് ബനിയനിട്ട്‌ ഇറങ്ങുന്നതിനു മുമ്പ് തന്നെ നമ്മുടെ പത്രസമ്മേളനം കഴിഞ്ഞിരിക്കണം. ആരോപണത്തില്‍ കഴമ്പ് ഉണ്ടായാലും ഇല്ലെങ്കിലും ഉമ്മന്‍ രാജി വെക്കണം എന്നങ്ങു പറയുക. വേണേല്‍ ഈ നാട് തന്നെ വിട്ടു പോകണം എന്നും കാച്ചുക. (ജഡ്ജിനെ മാറ്റുക, വിജിലന്‍സ് ഒഴിയുക തുടങ്ങിയ പൊട്ടന്‍ വര്‍ത്താനങ്ങള്‍ പറഞ്ഞാല്‍ വി എസ്സിന്റെ കാലില്‍ പിന്നെയും പന്ത് വരും).



4) വി എസ്സിന്റെ ആരോഗ്യം ശ്രദ്ധിക്കുക
വി എസ്സിന് പ്രായമായി വരികയാണ്. 87 വയസ്സായി. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക ശ്രദ്ധ കൊടുക്കുക. മതികെട്ടാന്‍ മല, മൂന്നാര്‍ , അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുള്ളിയെ  പോകാന്‍ അനുവദിക്കാതിരിക്കുക. ഇവിടെ ബെര്‍ലിന്‍ ലൈന്‍ എടുക്കരുത്. ഡോക്ടറെക്കൊണ്ട് പറയിപ്പിക്കുക. നിയമസഭ സമ്മേളനം നടക്കുന്ന സമയങ്ങളില്‍ ഉഴിച്ചില്‍ തിരുമ്മല്‍ ഇവയിലേതെങ്കിലും ഒന്ന് ഏര്‍പാടാക്കി മാക്സിമം വി എസ് സഭയില്‍ എത്താതെ നോക്കുക.

5)  സിണ്ടിക്കേറ്റുകാരെ കയ്യിലെടുക്കുക
'എടോ ഗോപാലകൃഷ്ണാ' എന്ന ലൈന്‍ ഒഴിവാക്കുക. വി എസ്സിനെ കണ്ടു പഠിക്കുക. വി എസ്സ് കൊന്നാലും പത്രക്കാരെ ചീത്ത വിളിക്കാറില്ല. അവരോടു കയര്‍ക്കാന്‍ പോകാറില്ല. തന്നെ ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ചു നിര്‍ത്തുന്നത് അവരാണ് എന്ന് പുള്ളിക്ക് അറിയാം. അതറിഞ്ഞു പ്രവര്‍ത്തിക്കുക. ഇടയ്ക്കിടയ്ക്ക് സ്കൂപ്പ് ന്യൂസ്‌ കൊടുക്കുക. മാസത്തിലൊരിക്കല്‍ കോഴിക്കാലും ഉറുമാല്‍ ചപ്പാത്തിയും കൊടുക്കുക. ഇത്രയുമേ വേണ്ടൂ. ബാക്കി പണി അവര്‍ ചെയ്തു കൊള്ളും. സിണ്ടിക്കേറ്റുകാരെ മുഴുവന്‍ കയ്യിലെടുക്കാന്‍ പ്രയാസമാണെങ്കില്‍ അതിനും വഴിയുണ്ട്. വി എസ്സിന് ഇമേജുണ്ടാക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി കൊടുക്കുന്ന അഞ്ചു പേരുണ്ട്. അവരെ കയ്യിലെടുക്കുക. ഈ അഞ്ചു പേര്‍ ആരാണെന്ന് ഞാന്‍ പറയുന്നില്ല. ഒരു ക്ലൂ തരാം.രണ്ടു പേര്‍ ടീ വി ക്കാരാണ്. മൂന്നു പേര്‍ പത്രക്കാരും. ഒരു ക്ലൂ കൂടി. മൂന്ന് പേര്‍ തിരുവനന്തപുരത്താണ്. കൊച്ചിയിലും കോഴിക്കോട്ടും ഓരോരുത്തരും. ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍ ക്ലൂ. അഞ്ചാളും  ഈഴവന്‍മാരാണ്!!!. ഇത്രയുമൊക്കെയേ എന്നെക്കൊണ്ട് പറ്റൂ. ബാക്കി നിങ്ങളുടെ സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി ..

പ്രധാനപ്പെട്ട അഞ്ചു പോയിന്റുകളാണ് ഇവിടെ പറഞ്ഞത്. മൊത്തം പതിനെട്ടെണ്ണം ഉണ്ട്. പതിമൂന്നു പോയിന്റുകള്‍ ബാക്കി കിടക്കുകയാണ്. അവ വളരെ രഹസ്യ സ്വഭാവമുള്ളയതിനാല്‍ ഇവിടെ നല്‍കുന്നില്ല. സ്റ്റേറ്റ് കമ്മറ്റി നേരിട്ട് ബന്ധപ്പെട്ടാല്‍ സ്വകാര്യമായി എത്തിക്കാം.

Related Posts
ഊണുണ്ടോ സഖാവേ ഒരു ഇളനീര്‍ എടുക്കാന്‍?
വി എസിനെ ആര് മലയാളം പഠിപ്പിക്കും?
സാറേ, ആ അരിയുടെ കാര്യം എന്തായി?