ഊണുണ്ടോ സഖാവേ ഒരു ഇളനീര്‍ എടുക്കാന്‍?

ഒരാളുടെ ഹൃദയത്തിലേക്ക് അയാളുടെ ആമാശയത്തിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നത്  (The way to a Man's heart is through his stomach) വെള്ളക്കാരുടെ ഒരു പഴമൊഴിയാണ്‌. ഒരു നല്ല ശാപ്പാട് കൊടുത്താല്‍ ഏത് കൊമ്പനേയും വീഴ്ത്താം എന്നാണ് തീറ്റക്കൊതിയന്മാരായ സായിപ്പുമാര്‍ വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായിരിക്കാം. പക്ഷേ  വി എസ്സിനെപ്പോലെ തീയില്‍ കുരുത്ത ഒരു സമരസഖാവിന് നേരെ സായിപ്പിന്റെ ഈ വളിച്ച തിയറി നമുക്ക് പ്രയോഗിക്കാന്‍ പറ്റുമോ? പഴയ കാല സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് വീ എസ്സിന്റെ രാഷ്ട്രീയം തകിടം മറിയുമോ?



ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് വി എസ്സിനെ വിലക്കിയ പിണറായി സഖാവിനോട് ചോദിക്കാനുള്ള വളരെ ലളിതമായ ചോദ്യം ഇതാണ്. ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ? ഇടതുപക്ഷ സമരമുഖങ്ങളില്‍ കത്തിജ്വലിച്ച തീപ്പന്തമാണ് സഖാവ് വി എസ്. ആരെന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ( ബ്ലോഗര്‍ വള്ളിക്കുന്ന് അടക്കം ) കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ അദ്ദേഹത്തോളം തലയെടുപ്പുള്ള ഒരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. ആ നേതാവിനോട് സഖാവ് കൃഷ്ണപിള്ള ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് ഉത്തരവു പുറപ്പെടുവിക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങിനെ ധൈര്യം വന്നു?

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി പുറത്താക്കിയിട്ട് അഞ്ചാറു വര്‍ഷമേ ആയിട്ടുള്ളൂ. പക്ഷേ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ നിന്ന് കുഞ്ഞനന്തന്‍ നായരുടെ പേര് ആര്‍ക്കും മായ്ച്ചു കളയാനാവില്ല. നാല്‍പതുകളില്‍ തുടങ്ങിയ ബന്ധമാണ് വി എസ്സിന് ബെര്‍ലിനുമായി ഉള്ളത്. ആ പഴയ സഖാക്കള്‍ രോഗാതുരമായ അവരുടെ എണ്‍പതുകളില്‍ കാണുന്നതും ഒന്നിച്ചിരുന്നു ഉച്ചയൂണ് കഴിക്കുന്നതും പാര്‍ട്ടി നേതൃത്വം 'ഊരുവിലക്ക്‌' കല്പിക്കാന്‍ മാത്രം വലിയ ഒരു വിഷയമാണോ?. പാര്‍ട്ടിയോട് സമ്മതം ചോദിക്കാതെ ജനറല്‍ സെക്രട്ടറിക്ക് ഫാരിസ് അബൂബക്കറിന്റെ ഭക്ഷണം കഴിക്കാമെങ്കില്‍ വി എസ്സിന് എന്റെ വീട്ടിലെ ചോറ് കഴിക്കുന്നതിനു തടസ്സമെന്ത് എന്ന ബെര്‍ലിന്‍ നായരുടെ ചോദ്യം ഒരു പൈങ്കിളി ചോദ്യമല്ല. അതിനു പാര്‍ട്ടിയുടെ സമകാലിക മുഖവുമായി വളരെ അടുത്ത ബന്ധമുണ്ട്.


പാര്‍ട്ടി സെക്രട്ടറിയുടെ നാണം കെട്ട ഈ ഉത്തരവിനെ വി എസ് നേരിട്ട രീതി അതിമനോഹരമായി എന്ന് പറയാതെ വയ്യ. ആരും കയ്യടിച്ചു പോകുന്ന ഒരു സൂപ്പര്‍ ഡൂപ്പര്‍ നിലപാടാണ് വി എസ്സ് എടുത്തത്. പാര്‍ട്ടിയുടെ ബെര്‍ലിന്‍ മതില്‍ തകര്‍ത്ത് വി എസ്സ് കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി. എന്നാല്‍ പിണറായി സഖാവിന്റെ ഉത്തരവ് ലംഘിച്ചില്ല. ഉച്ച ഭക്ഷണം കഴിക്കാതെ ഇളനീര്‍ കുടിച്ചു. കുഞ്ഞനന്തന്‍ നായരുടെ കൈ പിടച്ചു കുലുക്കി. വാതിലടച്ചു സ്വകാര്യം പറഞ്ഞു.  ഇതിനേക്കാള്‍ മനോഹരമായ ഒരു മറുപടി പിണറായിക്ക് കൊടുക്കാന്‍ വി എസ്സിനല്ലാതെ മറ്റാര്‍ക്ക് ധൈര്യം വരും. ഉച്ചയൂണില്‍ നിന്ന് ഇളനീരിലേക്കുള്ള ദൂരമാണ് മാര്‍ക്സിയന്‍ തത്വ സംഹിതകളില്‍ നിന്ന് സമകാലിക നിലപാടുകളിലേക്കുള്ള ദൂരം എന്ന് ആരെങ്കിലും പരിഹസിച്ചാല്‍ അവന്റെ കഴുത്തിനു പിടിക്കാന്‍ സി പി എമ്മിന് കഴിയില്ല.

വി എസ് ഭക്ഷണം കഴിക്കാന്‍ വരില്ല എന്ന് അറിഞ്ഞപ്പോള്‍ ഭാര്യക്ക് തല കറങ്ങി എന്നാണു കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. ശരിയായിരിക്കാം. സ്നേഹത്തിനും സൗഹൃദത്തിനും തുന്നിക്കൂട്ടിയ ഒരു കൊടിയുടെ നിറത്തേക്കാള്‍ ശക്തിയുണ്ടാകും. അത് തിരിച്ചറിയാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കണം. പാര്‍ട്ടിക്കും കൊടിയുടെ ചുവപ്പിനും അപ്പുറത്താണ് ഹൃദയത്തിന്റെ ചുകപ്പ്. ഈ ചെറിയ ഉച്ചഭക്ഷണ നാടകത്തില്‍ നിന്ന് നാം പഠിക്കേണ്ട പാഠമതാണ്.