വി എസിനെ ആര് മലയാളം പഠിപ്പിക്കും?

നായനാര്‍ നല്ല മുഖ്യമന്ത്രി ആയിരുന്നു എന്ന് ഇന്നലെ പിണറായി വിജയന്‍ പറഞ്ഞു. പയ്യാമ്പലത്ത് വെച്ചു നടന്ന നായനാരുടെ ചരമവാര്‍ഷിക പരിപാടിയിലാണ് സഖാവ് പിണറായി ഇത് പറഞ്ഞത്. പാര്‍ട്ടിയെയും കൂടെയുള്ള മന്ത്രിമാരെയും നായനാര്‍ സംരക്ഷിച്ചിരുന്നു എന്നും വിജയന്‍ സഖാവ് പറഞ്ഞു. ഒട്ടും വളച്ചു കെട്ടില്ലാതെ സഖാവ് പറഞ്ഞ ഇക്കാര്യം ഒരുവിധം മലയാളം അറിയുന്ന എല്ലാവര്ക്കും മനസ്സിലായി. വളരെ സിമ്പിള്‍ ആയ ഭാഷ. ഏതു പൊട്ടനും മനസ്സിലാവുന്ന ശൈലി. നായനാര്‍ നല്ല മുഖ്യമന്ത്രി ആയിരുന്നു പാര്‍ട്ടിയെയും കൂടെയുള്ള മന്ത്രിമാരെയും നായനാര്‍ സംരക്ഷിച്ചിരുന്നു ദാറ്റ്‌സ് ഓള്‍. നായനാരെ ഇഷ്ടപ്പെട്ടിരുന്ന  ഒരാള്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ട ഒരു കാര്യവും ഇതിലില്ല.

എന്നാല്‍ സഖാവ് വി എസ് ഈ പ്രസ്താവന കേട്ടതോടെ ചൂടായി. അടിസ്ഥാന രഹിതമായ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കാര്യമാക്കുന്നില്ല എന്നാണു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചരമ ദിനത്തില്‍ അതേ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അനുസ്മരിച്ചത് അതേ പാര്‍ട്ടിയുടെ ഭരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ചികില്‍സിച്ചു മാറ്റാനാവാത്ത എന്തോ ഒരു രോഗം അദ്ദേഹത്തിനുണ്ട് എന്നുറപ്പ്. “വി എസ് നല്ല മുഖ്യമന്ത്രിയല്ല. പാര്‍ട്ടിയെയും കൂടെയുള്ള മന്ത്രിമാരെയും വി എസ് സംരക്ഷിച്ചിക്കുന്നില്ല” എന്നല്ലേ പിണറായി സഖാവ് പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് തലതിരിഞ്ഞ ഏതോ പത്രക്കാരന്‍ ചോദിച്ചപ്പോള്‍ “നീയൊക്കെ ഏതു സ്കൂളില്‍ നിന്നാടാ മലയാളം പഠിച്ചത്” എന്നാണ് വി എസ് ചോദിക്കേണ്ടിയിരുന്നത്.  നായനാര്‍ ശൈലിയില്‍ അങ്ങനെയൊരു മറുചോദ്യം ചോദിക്കേണ്ടതിന് പകരം അദ്ദേഹം പിണറായിക്കെതിരെ പ്രതികരിച്ചത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

ഈ ബ്ലോഗില്‍ പലപ്പോഴായി സഖാവ് പിണറായിയെ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ഏറെ പഴി അതിനു കേട്ടിട്ടുമുണ്ട്. പക്ഷെ ഇന്നലത്തെ പ്രസ്താവന വിവാദത്തില്‍ ഞാന്‍ തീര്‍ത്തും പിണറായി സഖാവിന്‍റെ പക്ഷത്താണ്. പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്തേക്ക് തന്റെ ജനകീയത വളര്‍ത്തിയെടുത്ത നായനാരെപ്പോലൊരു നേതാവിനെ അനുസ്മരിക്കുമ്പോള്‍ പറയേണ്ടതല്ലാത്ത ഒരു വാചകവും അദ്ദേഹം പറഞ്ഞിട്ടില്ല. കോഴിക്കോടന്‍ ഹലുവക്ക് നല്ല മധുരമുണ്ട് എന്ന് പറഞ്ഞാല്‍ ഇഞ്ചി മുട്ടായി ഒന്നിനും കൊള്ളില്ല എന്ന് വരുമോ?  വി എസിന് മലയാളം പഠിപ്പിച്ചു കൊടുക്കാന്‍ ആരെയെങ്കിലും പാര്‍ട്ടി ഏര്‍പ്പാട്‌ ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് ആ ഉത്തരവാദിത്വം സഖാവ് പിണറായി ഏറ്റെടുത്താല്‍ വളരെ നന്നായി. (പച്ച മലയാളം മനസ്സിലാകാത്ത പത്രക്കാര്‍ക്കും ഒരു ഇടക്കാല കോഴ്സ് വേണം ട്ടോ.. )

മ്യാവൂ:- സ്മാര്‍ട്ട് സിറ്റി എന്ന പദത്തിന്റെ ശരിക്കുള്ള മലയാള അര്‍ത്ഥം ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറഞ്ഞു തരണം. എനിക്കെന്റെ മകന് പറഞ്ഞ് കൊടുക്കാനാണ്.