പലനാള്‍ ശുംഭന്‍ ഒരുനാള്‍ പിടിയില്‍ !

എല്ലാ ശുംഭന്മാര്‍ക്കും ഈ വിധി ഒരു പാഠമാണ്. രാഷ്ട്രീയക്കാരനായാല്‍ എന്ത് അസംബന്ധവും വിളിച്ചു കൂവാമെന്നുള്ള ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് എം വി ജയരാജനെ പൂജപ്പുരയില്‍ അയക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജയരാജന്‍ ജുഡീഷ്യറിയെ മൂക്കിനു തോണ്ടി കളിക്കുകയായിരുന്നു. കിട്ടാവുന്ന വേദികളിലൊക്കെ കോടതികള്‍ക്കെതിരെ കുരച്ചു ചാടുകയായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടാകേണ്ട ഉത്തരവാദിത്വ ബോധത്തിന്റെ ഏറ്റവും ദയനീയമായ പ്രതിരൂപമാണ് താനെന്നു തുടരെത്തുടരെ തെളിയിച്ചതിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടി എന്ന് മാത്രമേ ഇപ്പോള്‍ പറയാനൊക്കൂ.

കോടതിയെ വിമര്‍ശിച്ചതിനല്ല ജയരാജന്‍ ജയിലില്‍ പോകുന്നത്, ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചതിനാണ്. കോടതി വിമര്‍ശനങ്ങള്‍ക്ക് അതീതമാണ് എന്ന് ആരും വാദിക്കുന്നില്ല. കോടതിയെ വിമര്‍ശിക്കാം. പക്ഷെ അതിനു അതിന്റേതായ ചില രീതികളും മാന്യതയും ഉണ്ടാവണം. ശുംഭന്മാര്‍ എന്ന് വിളിച്ചു ന്യായാധിപന്‍മാരെ അപഹസിച്ചത് പോരാഞ്ഞു കോടതിയേയും ജനങ്ങളെയും കുരങ്ങു കളിപ്പിക്കാന്‍ കൂടി ജയരാജന്‍ ശ്രമിച്ചു. ശുംഭന്‍ എന്ന പദത്തിന്റെ അര്‍ത്ഥം 'പ്രകാശം പരത്തുന്നവന്‍ ' എന്നാണെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്. കോടതിക്ക് പുറത്തു പരസ്യമായി ജഡ്ജിമാരെ വിവരം കെട്ടവര്‍ എന്ന് പറയുക, ഇനിയും വിളിക്കുമെന്ന് ആക്രോശിക്കുക, കോടത്തിക്കകത്തെത്തുമ്പോള്‍ ജഡ്ജിമാര്‍ പ്രകാശം പരത്തുന്നവര്‍ ആണെന്ന് വാദിക്കുക!!. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്പോലൊരു പൊറാട്ട് നാടകം ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് നടത്തിയതായി കേട്ടിട്ടില്ല. കേസ് കേള്‍ക്കുന്ന ജഡ്ജിമാരുടെ സാമാന്യബുദ്ധിയെ തന്നെ പരിഹസിക്കുന്നതായിരുന്നു ഈ കേസിന്റെ വാദം നടക്കുമ്പോള്‍ ജയരാജന്‍ സ്വീകരിച്ച സമീപനങ്ങള്‍ .

ഭാഷയെ വ്യഭിചരിച്ചു കൊണ്ട് ഇത്തരമൊരു സര്‍ക്കസ് കളിക്കുന്നതിനു പകരം മാന്യമായി കേസ് വാദിച്ചു കൊണ്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും ജയരായന് ഒരു ഇമേജു ഉണ്ടാകുമായിരുന്നു. 'ശുംഭന്‍ എന്ന് വിളിച്ചത് നേരാണ്. അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്' എന്ന് പറഞ്ഞു കൊണ്ട് കേസ് വാദിക്കുകയാണ് ജയരാജന്‍ ചെയ്തിരുന്നതെങ്കില്‍ അതിനൊരു ആശയ പോരാട്ടത്തിന്റെ മുഖം ലഭിക്കുമായിരുന്നു. കോടതിക്ക് പുറത്തു ഒരു പുലിയെപ്പോലെ ചീറുകയും കോടതിക്കുള്ളില്‍ ഒരു എലിയെപ്പോലെ പതുങ്ങുകയും ചെയ്യുകയാണ് ജയരാജന്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരിഹാസ്യനായതും.


ആവേശം തലയ്ക്കു പിടിക്കുമ്പോള്‍ നാക്ക് പിഴക്കുക സാധാരണമാണ്. പക്ഷെ സമനില തിരിച്ചു കിട്ടുമ്പോള്‍ തെറ്റിയ പറ്റിനെ തിരിച്ചറിയാന്‍ സാധിക്കണം. ശുംഭന്‍ എന്ന് വിളിച്ചത് തെറ്റായിപ്പോയി, ഖേദിക്കുന്നു  എന്ന ഒരൊറ്റ വാചകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് ജയരാജനെ എത്തിച്ചത്. തെറ്റ് പറ്റിയാല്‍ അത് പരസ്യമായി തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കാതെ വീണിടത്ത് കിടന്നു തല കുത്തിമറിയുന്നത് ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ നിര്‍ത്തണം. അണികളുടെ കയ്യടിയില്‍ ആവേശം കയറി വി എസ്സിനെ പുലഭ്യം പറഞ്ഞ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ സംഭവം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാപ്പുപറച്ചില്‍ കൊണ്ട് ഒരു നേതാവിന്റെയും ഇമേജ് ഇടിയില്ല.മറിച്ച് അത് വര്‍ധിക്കുകയാണ് ചെയ്യുക.

നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ധിക്കാര രാഷ്ട്രീയത്തിന്റെ മുഖമാണ് ജയരാജന്‍ പലപ്പോഴും കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വിധിയില്‍ സങ്കടപ്പെടുന്നവര്‍ വിരളമായിരിക്കും. അസിസ്റ്റന്റ്‌ പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ കാണുന്നിടത്ത് വെച്ച് തല്ലാനാണ് ഏതാനും ദിവസം മുമ്പ് ജയരാജന്‍ എസ് എഫ് ഐ കുട്ടികളോട് പരസ്യമായി പറഞ്ഞത്. നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രസ്താവമായിരുന്നു അത്. യൂണിഫോം ഇല്ലാതെ കണ്ടാല്‍ ഒരു പോലീസ് ഓഫീസറെ അടിച്ചു എല്ലൂരിക്കോ എന്ന് ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയണമെങ്കില്‍ അയാളില്‍ എത്ര മാത്രം നിയമ പ്രതിബദ്ധത ഉണ്ടാകും?. പോലീസ് ഓഫീസര്‍ തെറ്റ് ചെയ്‌താല്‍ അയാളെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും കോടതിയും ഉണ്ടെന്നിരിക്കെ കുട്ടികളോട്   നിയമം കയ്യിലെടുക്കാന്‍ പറഞ്ഞ രാഷ്ട്രീയ നേതാവാണ് ജയരാജന്‍. ഇത്തരം നേതാക്കന്മാര്‍ അല്പം ഉണ്ട തിന്നുന്നത് എന്ത് കൊണ്ടും നല്ലതാണ്.  ഈ വിധി സി പി എം കാര്‍ക്ക് മാത്രമുള്ള പാഠമല്ല. ഈ കുളിമുറിയില്‍ നഗ്നരായ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള പാഠമാണ്. നാക്കിനും വാക്കിനും അല്പമൊരു ലൈസന്‍സ് വേണം. അത്തരമൊരു ബോധോദയം എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടാകാന്‍ ഈ വിധി കാരണമാകട്ടെ.

Related Posts
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍ 
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും