ഓടുന്ന അയ്യര്‍ക്ക് ഒരു മുഴം മുമ്പേ (KCBC മോഡല്‍ )

വി ആര്‍ കൃഷ്ണയ്യരുടെ തലമണ്ടക്ക്‌ കെ സി ബി സി ഇരുമ്പുലക്ക കൊണ്ട് അടിക്കാന്‍ പോവുകയാണ്. അതിന്റെ സംസ്ഥാന തല ഉദ്ഘാടനം ശിശുദിനമായ നവംബര്‍ പതിനാലിന് നടക്കും. മക്കള്‍ രണ്ടില്‍ കൂടിയാല്‍ തട്ടണം എന്ന കൃഷ്ണയ്യരുടെ 'തേര്‍ഡ് ലോ ഓഫ് സെക്സ് മോഷന്‍' (തേര്‍ഡ് എന്നത് തേര്‍ഡ് ക്ലാസ്സ്‌ എന്ന അര്‍ത്ഥത്തില്‍ അല്ല!! ) തിയറിക്ക് ഇത്ര രൂക്ഷമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല. ഏതൊരു ആക്ഷനും കിടിലന്‍ റിയാക്ഷന്‍ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് ഇപ്പരുവത്തില്‍ എത്തുമെന്ന് ഒട്ടും നിനച്ചില്ല.

'വലിയ കുടുംബം സംതൃപ്ത കുടുംബം' എന്ന മുദ്രാവാക്യമാണ് കത്തോലിക്ക സഭ നവംബര്‍ പതിനാലിന് ഉയര്‍ത്തുക!!. കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ ഫലകം നല്‍കി ആദരിച്ചു കൊണ്ടാണ് ഉദ്ഘാടനം പ്ലാന്‍ ചെയ്തിരിക്കുന്നത്!!!. 'ജീവസമൃദ്ധി 2011' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ 'സംതൃപ്ത കുടുംബം' പദ്ധതി റിലീസ് ആകുന്നതോടെ സഭയോട് ബഹുമാനമുള്ള കത്തോലിക്കരൊക്കെ രണ്ടും കല്പിച്ചു ഇറങ്ങുമെന്നത് ഉറപ്പാണ്. മിക്കവാറും നവംബര്‍ പതിനാലിന്റെ രാത്രിയില്‍ കേരളത്തില്‍ പലതും നടക്കും!!.


കൂടുതല്‍ കുട്ടികളുള്ള മിനിമം അയ്യായിരം കുടുംബങ്ങളെയെങ്കിലും ആദരിച്ച് പ്രോത്സാഹിപ്പിക്കാനാണ് സഭ ഒരുങ്ങുന്നത്. കൂടുതല്‍ ഉത്പാദന മികവു കാണിച്ച ചെറുപ്പക്കാരെ പൊന്നാട അണിയിക്കാനും കെ സി ബി സിക്ക് പരിപാടിയുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ നാലിലധികം കുട്ടികളെ ഉത്പാദിപ്പിച്ച ചെറുപ്പക്കാര്‍ക്കാണ് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിക്കുക. ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയവര്‍ ചാന്‍സ് പോയല്ലോ എന്ന് നിരാശപ്പെടേണ്ട. ഒരു ഗുഡ്നൈറ്റിന് ഇനിയും ബാല്യമുണ്ടെങ്കില്‍ സഭ അതിനും വഴി കാണുന്നുണ്ട്. വീണ്ടും ഗര്‍ഭം ധരിക്കാനുള്ള ശസ്ത്രക്രിയ സൌജന്യമായി ചെയ്തു കൊടുക്കാനാണ് സഭ പദ്ധതിയിടുന്നത്. ആകെ മൊത്തം നോക്കിയാല്‍ കൃഷ്ണയ്യരുടെ തലമണ്ട എപ്പോള്‍ പൊളിഞ്ഞു എന്ന് ചോദിച്ചാല്‍ മതി.

ജീവിതത്തിന്റെ സെഞ്ച്വറി ഇത്ര അടുത്തെത്തി നില്‍ക്കേ ഇങ്ങനെയൊരു കോഡുമായി റണ്‍ ഔട്ട്‌ ആകേണ്ട കാര്യം കൃഷയ്യര്‍ക്ക് ഉണ്ടായിരുന്നില്ല.  പി ഡി പി യുടെയും സോളിഡാരിറ്റിയുടെയും പരിപാടികള്‍ ഉദ്ഘാടനം ചെയ്തു ഉള്ള പേര് ചീത്തയാക്കാതെ കാലം കഴിച്ചു കൂട്ടുകയായിരുന്നു നന്നായിരുന്നത്. ഒറ്റയടിക്ക് അവരെയെല്ലാം പിണക്കി.  പണ്ടെങ്ങോ റവറന്റ് മാല്‍ത്യൂസച്ഛന്‍ എഴുതി വെച്ച ശുദ്ധ അസംബന്ധങ്ങള്‍ കോപ്പിയടിച്ചു ശിശുക്ഷേമം നടപ്പില്‍ വരുത്താന്‍ നോക്കുകയാണ് അയ്യരമ്മാവന്‍ ചെയ്തത്. ശിശുക്കളുടെയും സ്ത്രീകളുടെയും ക്ഷേമം നോക്കാന്‍ ഏല്‍പിച്ചിട്ടു ശിശുക്കളെ വയറ്റിനുള്ളിലോ അതല്ലെങ്കില്‍ പുറത്തോ വെച്ച് കൊല്ലാന്‍ ശുപാര്‍ശ ചെയ്തത് കടുത്ത കയ്യായിപ്പോയി!. ആവേശം തലയ്ക്കു കയറിയപ്പോള്‍ സന്താന നിയന്ത്രണ നിയമങ്ങളെ എതിര്‍ക്കുന്നവരെ (ബ്ലോഗര്‍മാര്‍ അടക്കം) ജയിലിലടക്കാനും അയ്യര്‍ ഉത്തരവിടുകയുണ്ടായി!.

കരംചന്ദ്‌ ഗാന്ധിയുടെ നാലാം ഭാര്യയില്‍ ജനിച്ച മൂന്നാമത്തെ കുട്ടിയാണ് നമ്മുടെ രാഷ്ട്രപിതാവ്. കൃഷ്ണയ്യര്‍ പോളിസി പ്രകാരം നമ്മുടെ രാഷ്ട്ര പിതാവ് പോലും ഈ ഭൂമിയില്‍ ജനിക്കേണ്ടവനല്ല. വി വി രാമ അയ്യര്‍ - നാരായണി ദമ്പതികളുടെ ഏഴു മക്കളില്‍ ഒരാളായ കൃഷ്ണയ്യരെ ജീവിതത്തില്‍ ആദ്യമായി മന്ത്രിയാക്കിയ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടും അയ്യര്‍ ഭരണഘടന  അനുസരിച്ച് ഭൂമി കാണേണ്ടവവനല്ല. എട്ടു മക്കളില്‍ നാലാമനായി പിറന്ന ഇ എം എസ് അയ്യരുടെ തേര്‍ഡ് ലോയില്‍ ആവിയായിപ്പോവേണ്ടിയിരുന്ന ആളാണ്‌. ജനസംഖ്യ വര്‍ദ്ധനവിന്റെ ദേശീയ ശരാശരി 18 ശതമാനം ആണ്. എന്നാല്‍ കേരളത്തില്‍ അത് അഞ്ചു ശതമാനത്തിനും താഴെയാണ്. കൃഷ്ണയ്യര്‍ പറയാതെ തന്നെ ഓരോ സെന്‍സസിലും ഇത് കുറഞ്ഞു കുറഞ്ഞു വരികയാണ്. അധികം താമസിയാതെ കേരളം ഒരു വൃദ്ധ സംസ്ഥാനം ആയി മാറും എന്ന ആശങ്ക നിലനില്‍ക്കെയാണ് കൃഷയ്യരുടെ തേര്‍ഡ് ലോ വരുന്നത്!!!.

ലോക ജനസംഖ്യ 700 കോടിയിലേക്ക് എത്തിക്കുന്നതില്‍ തന്റേതായ പങ്കു വഹിച്ച ഒരാളാണ് സിയോണ ചന. പുള്ളി മിസോറാമില്‍ ആയതു കൊണ്ട് രക്ഷപ്പെട്ടു. കേരളത്തിലായിരുന്നെങ്കില്‍ കെ സി ബി സി അവാര്‍ഡ് കൊടുത്ത് മുടിഞ്ഞേനെ. ശുദ്ധ ക്രിസ്ത്ര്യാനിയായ ഇയാള്‍ക്ക് 39 ഭാര്യമാരും 94 കുട്ടികളുമുണ്ട്. പുള്ളി നില്‍ക്കുന്ന നില്‍പ്പ് കണ്ടില്ലേ. ഒറ്റ ഫ്രെയിമില്‍ എല്ലാവരെയും ഒതുക്കിക്കിട്ടാന്‍ ആ ഫോട്ടോഗ്രാഫര്‍ പെടാപാട് പെട്ട് കാണും!.  സിയോണ ചനക്ക് അവാര്‍ഡ് കൊടുത്തില്ലേലും കൃഷ്ണയ്യരുടെ അടുത്ത പിറന്നാളിന് KCBC വക ബൊക്കെ കൊടുക്കാന്‍ അയാളെ കിട്ടുമോ എന്ന് നോക്കുന്നത് നല്ലതാണ്. എന്റെ അഫിപ്രായത്തില്‍ കൃഷ്ണയ്യര്‍ക്ക് ബൊക്കെ കൊടുക്കാന്‍ ഇതിലും പറ്റിയ ഒരു candidate വേറെയില്ല!.

ഇനി കാര്യത്തിലേക്ക് വരാം. 'ജീവസമൃദ്ധി' പരിപാടിക്ക് അല്പം പബ്ലിസിറ്റി നല്‍കാനാണ് ഈ പോസ്റ്റ്‌ എന്ന് ആരും ധരിക്കരുത്. KCBC യുടെ ഈ പടപ്പുറപ്പാടിനോട് ഒട്ടും യോജിപ്പില്ല എന്ന് പറയുകയാണ് ഈ പോസ്റ്റിന്റെ പ്രധാന ഉദ്ദേശം. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മതവിഭാഗങ്ങള്‍ ചേരി തിരിഞ്ഞു ഇത്തരം സര്‍ക്കസ്സുകള്‍ കളിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്. കേരളത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുക എന്നത് മാത്രമാണ് KCBC യുടെ ലക്‌ഷ്യമെങ്കില്‍ മതം നോക്കാതെ അവാര്‍ഡ്‌ കൊടുക്കാന്‍ അവര്‍ തയ്യാറാകണം. കൂടുതല്‍ കുട്ടികളുള്ള ഹിന്ദുവിനും മുസ്ലിമിനുമൊക്കെ പൊന്നാടയും കാശും കൊടുക്കണം. അതല്ല ക്രിസ്ത്യാനികളുടെ എണ്ണം കൂട്ടുക മാത്രമാണ് ഉദ്ദേശമെങ്കില്‍ ഇന്ത്യയെപ്പോലൊരു മതേതര സമൂഹത്തില്‍ അതൊരു നല്ല കീഴ്വഴക്കമല്ല എന്ന് മാത്രമേ പറയാന്‍ പറ്റൂ. ഭ്രൂണഹത്യക്കും ഗര്‍ഭഛിദ്രത്തിനും എതിരെ എല്ലാ മതവിശ്വാസികളെയും പോലെ സമരം ചെയ്യുവാനുള്ള അവകാശം കെ സി ബി സിക്കുണ്ട്. പക്ഷേ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ മതം നോക്കി മാത്രമാണ് നല്‍കുന്നതെങ്കില്‍ അത് ഇത്തരം സമരങ്ങളുടെ മതേതര മുഖത്തെ ഇല്ലാതാക്കും. അതിനാല്‍ നവംബര്‍ പതിനാലിന്റെ ജീവസമൃദ്ധി ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് കെ സി ബി സിയോട് അഭ്യര്‍ത്ഥിക്കുകയാണ്.

ഈ പോസ്റ്റിന് ടൈറ്റില്‍ കാര്‍ട്ടൂണ്‍ വരച്ചു തന്ന ജയരാജിന്  നന്ദി.