ബെര്‍ളിയുടെ ചാരിത്ര്യപ്രസംഗം. വാഹ് വാഹ്.

'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നൊരു പ്രയോഗമുണ്ട്. അവസരം നോക്കി ചാരിത്ര്യം പ്രസംഗിക്കുകയും അല്ലാത്തപ്പോള്‍ അത് വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ആ പ്രയോഗം അര്‍ത്ഥമാക്കുന്നത്. മലയാള ബ്ലോഗുകളില്‍ രാജാവാണ് ബെര്‍ളി തോമസ്‌. ബ്ലോഗ്‌ എഴുത്തില്‍ അദ്ദേഹത്തിന്‍റെ റേഞ്ചിന്റെ അടുത്തൊന്നും എത്താന്‍ കഴിവുള്ള ഒരുത്തനും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നറിയുകയുമില്ല. പക്ഷെ പുള്ളി ഒരു വലിയ ചാരിത്ര്യ പ്രസംഗം കഴിഞ്ഞ ദിവസം നടത്തി. 'ബ്ലൂ കേരള' എന്നാണു പോസ്റ്റിന്റെ ടൈറ്റില്‍ . അടിവാരം അമ്മിണി സദാചാരക്കമ്മറ്റിയുടെ പ്രസിഡന്റ്‌ ആയതു പോലെ തോന്നി എനിക്ക് ആ പോസ്റ്റ്‌ വായിച്ചപ്പോള്‍ .

കേരളത്തില്‍ ബ്ലൂ തരംഗം ആഞ്ഞടിക്കുന്നുവെന്നും പീഡനക്കേസുകളുടെ പിറകിലെ യഥാര്‍ത്ഥ കാരണങ്ങള്‍ക്കാണ് ചികിത്സ വേണ്ടതെന്നും പറയുന്ന ബെര്‍ളി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും വഴി പ്രചരിക്കുന്ന ലൈംഗിക ചിത്രങ്ങളാണ് യുവതലമുറയെ വഴിതെറ്റിക്കുന്നത് എന്ന് വ്യക്തമാക്കുന്നു!. തൊണ്ണൂറു വയസ്സുള്ള അപ്പൂപ്പന്മാര്‍ പിഞ്ചുബാലികമാരെ പീഡിപ്പിക്കുന്നതും നാലാംക്ലാസുകാരന്‍ പീഡനക്കേസ്സില്‍ പ്രതിയാകുന്നതും കേരളം വഴിതെറ്റുന്നതിന്റെ സൂചനയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു!. ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രാഫിക്ക് ആവശ്യമായ വിലക്കുകള്‍ ഏര്‍പെടുത്തുക തുടങ്ങിയ നാലിന കര്‍മപദ്ധതിയും നിര്‍ദേശിക്കുന്നു!!. വാഹ് വാഹ് എന്ന് ആരും കയ്യടിച്ചുപോകുന്ന ഇത്തരമൊരു പോസ്റ്റിനോട് എന്തിനു വിയോജിക്കുന്നു എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകും. ഒട്ടും വിയോജിപ്പില്ല. ആ പോസ്റ്റിന്റെ അന്ത:സ്സത്തയെ ഞാന്‍ ഉള്‍കൊള്ളുന്നു. പിന്നെയെന്തിനീ കുരച്ചു ചാടല്‍ ?..ജസ്റ്റ് വെയിറ്റ്. . ഞാന്‍ പറഞ്ഞു തുടങ്ങുന്നതേയുള്ളൂ.

മലയാള ബ്ലോഗില്‍ ലൈംഗികതയും സെക്സും അശ്ലീലവാര്‍ത്തകളും ഗോസ്സിപ്പുകളും ഏറ്റവും കൂടുതല്‍ വിറ്റു കൊണ്ടുകൊണ്ടിരിക്കുന്ന സൂപ്പര്‍ കച്ചവടക്കാരനാണ് ബെര്‍ളി. ഞരമ്പ്‌ രോഗികളായ വായനക്കാരെ സുഖിപ്പിക്കുന്ന ഉരുപ്പടികള്‍ ചൂടോടെ വിളമ്പി ഹിറ്റ് കൂട്ടുക എന്നതാണ് പുള്ളിയുടെ പ്രഖ്യാപിത പോളിസി. തുണ്ട് പടങ്ങള്‍ക്കെതിരെ ഇപ്പോള്‍ ചന്ദ്രഹാസമിളക്കുന്ന ഈ ബ്ലോഗ്‌ പുലിയാണ് ഏറ്റവും കൂടുതല്‍ തുണ്ടുപടങ്ങളെക്കുറിച്ച് ബ്ലോഗ്‌ എഴുതിയിട്ടുള്ളത്. ലൈംഗിക സിനിമകളിലെ നായികമാരെ പരിചയപ്പെടുത്തുക, പോര്‍ണോ നടികള്‍ക്ക് റിവ്യൂ എഴുതുക, അത്തരം വെബ്‌ സൈറ്റുകളിലേക്ക് ലിങ്ക് കൊടുക്കുക, അവരുടെ നഗ്ന ചിത്രങ്ങള്‍ ഉളുപ്പില്ലാതെ ബ്ലോഗില്‍ ഇടുക തുടങ്ങിയ വീരകൃത്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ബെര്‍ളി ഇപ്പോള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നത് ലൈംഗിക സിനിമകളുടെ അതിപ്രസരമാണെന്ന് കരഞ്ഞു പറയുന്നു. അരേ വാഹ്.. കൈസാ ബാത്ത് ഹേ.. എന്തൊരു സാമൂഹ്യ പ്രതിബദ്ധത.!!. എന്തൊരു ധാര്‍മികരോഷം.!!. കേന്ദ്ര ശര്‍ക്കാരെ, മദര്‍ തെരേസക്ക് കൊടുത്ത അവാര്‍ഡ് ഫലകത്തിന്റെ ഒരു തുണ്ട് അവിടെങ്ങാനും ബാക്കിയുണ്ടോ?. ഈ സദാചാര നായകന് സമ്മാനിക്കാന്‍ ?

എരന്ന് തിന്നാലും മേനോന്റെ മീശ മേലോട്ട് എന്ന് പറഞ്ഞ പോലെ ഈ സദാചാര ഷക്കീലയുടെ പ്രസംഗം അവിടെയും അവസാനിക്കുന്നില്ല. 'രതിനിര്‍വേദമൊക്കെ പിന്നെയും പിന്നെയും വിജയിക്കുമ്പോള്‍ റിസ്കിലാവുന്നത്' കേരളത്തിന്റെ ധാര്‍മികത ആണെന്നും ഈ പുലി പ്രഖ്യാപിച്ചു കളഞ്ഞു!!. 'ഹെന്റീശ്വരാ.. എന്ന് ഒരു ഇന്നസെന്റ് ടോണില്‍ പറഞ്ഞു പോകുന്ന ചരിത്ര മുഹൂര്‍ത്തം!!. രതിനിര്‍വേദം എന്ന റിമേക്ക് സിനിമക്ക് ആളെക്കൂട്ടാന്‍ രണ്ടോ മൂന്നോ പോസ്റ്റും ആ സിനിമയിലെ അശ്ലീലചിത്രങ്ങളും യുട്യൂബ് ക്ലിപ്പും ബ്ലോഗിലും ഫേസ്ബുക്കിലും ഇട്ട് സായൂജ്യമടഞ്ഞ മഹാനവര്‍കളാണ് രതിനിര്‍വേദം വിജയിച്ചതില്‍ 'നീലക്കണ്ണീര്‍' വാര്‍ക്കുന്നത്. എഴുന്നേറ്റു നിന്ന് കയ്യടിക്കൂ.. ബ്ലീസ്.. പീഡനക്കേസുകളുടെ യഥാര്‍ത്ഥ വില്ലന്‍ ഇത്തരം സിനിമകളും സിഡികളും ആണത്രേ!!. (കേരള പോലീസിന്റെ കയ്യില്‍ ഇനി കയ്യാമം ബാക്കിയുണ്ടോ ആവോ.. ഇത്തരം സിനിമകളുടെ ഹോള്‍സെയില്‍ കച്ചവടക്കാരന് ഒന്ന് ചാര്‍ത്തിക്കൊടുക്കാന്‍. )  കുടുംബ ബന്ധം, ധാര്‍മികത, സദാചാരം എന്നിവയെക്കുറിച്ചൊക്കെ അല്പമെങ്കിലും സമൂഹത്തില്‍ ബോധവത്കരണം നടത്താന്‍ ശ്രമിക്കുന്നവരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം പരിഹസിക്കുക എന്നത് ട്രേഡ് മാര്‍ക്ക് ആയി കൊണ്ടുനടക്കുന്ന ഒരു വിദ്വാനാണ് ഇപ്പോള്‍ സദാചാര പ്രസംഗം നടത്തുന്നത്. സാമൂഹ്യ പ്രസക്തമായ പോസ്റ്റുകള്‍ക്കിടയില്‍ പോലും അശ്ലീല ചിത്രങ്ങള്‍ തിരുകിക്കയറ്റുന്നതിനെതിരെ രണ്ടു വര്‍ഷം മുമ്പൊരിക്കല്‍ ഞാന്‍ പ്രതികരിച്ചപ്പോള്‍ എന്നെ പരിഹസിച്ചു ഒരു പോസ്റ്റ് ഇടുകയാണ് യുവതലമുറയെ രക്ഷിക്കാന്‍ ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സദാചാര പോലീസുകാരന്‍ അന്ന് ചെയ്തത്.

സര്‍ക്കാരിനെയും സമൂഹത്തെയും എന്ന് വേണ്ട പീഡനകഥകള്‍ എഴുതി വായനക്കാരെ ഹരം പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെയും ബെര്‍ളിയുടെ മെഷിന്‍ഗണ്ണില്‍ നിന്നും വെടിയുതിരുന്നുണ്ട്.  തന്റെ സ്വന്തം ബ്ലോഗില്‍ എത്ര നിറംപിടിപ്പിച്ച പീഡനകഥകള്‍ ഉണ്ടെന്ന് എണ്ണിനോക്കി ഒരു വെടി സ്വന്തം നെഞ്ചത്തേക്കും വെച്ചുനോക്കുന്നത് നല്ലതാണ് എന്നാണ്‌ എനിക്ക് പറയാനുള്ളത്. (ഉണ്ടക്കു ഉറപ്പുണ്ടോ എന്നറിയാനും പറ്റും!).  ഗോസ്സിപ്പുകളും മസാല വാര്‍ത്തകളും ചിത്രങ്ങളും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചു വായനക്കാരെ മനോരമിപ്പിച്ചു കൊണ്ടേയിരിക്കുന്ന മഹാസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാലാകണം പത്രത്തിന്റെ പേര് പറയാതെ മാധ്യമങ്ങളെ മൊത്തത്തില്‍ അലക്കി വെടി ആകാശത്തേക്ക് വെച്ചത്!.

ഇത്രയും എഴുതിയെന്ന് വെച്ച് ബെര്‍ളി ഫാന്‍സുകാര്‍ എന്നെ 'നിരപരാധി' ആക്കരുത്. ഞാന്‍ ഒരു പാവമാണ്. എന്റെ ബ്ലോഗില്‍ ഭീകരാക്രമണം നടത്തുകയും ചെയ്യരുത്. ആനുകാലിക വിഷയങ്ങളില്‍ ഇടിവെട്ട് പോലെ വീഴുന്ന ബെര്‍ളി പോസ്റ്റുകളുടെ ഒരു ഫാനാണ് ഞാനും!. ബ്ലൂ കേരള എന്ന തന്റെ പോസ്റ്റിന്റെ സന്ദേശം ഉള്‍ക്കൊണ്ടു ഇനിയെങ്കിലും ഒരു ട്രാക്ക് മാറ്റം ബെര്‍ളിക്ക് നല്ലതാണ് എന്ന് ഉപദേശിച്ചു 'കൊല്ലുക' മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. 'ഞരമ്പ്‌ രോഗികളുടെ സ്വന്തം ബ്ലോഗ്ഗര്‍ 'എന്ന ഒരു അവാര്‍ഡ് എന്റെ സുഹൃത്ത് ബെര്‍ളിക്ക് കിട്ടാതിരിക്കട്ടെ.

Note : 17.07.2011
ബെര്‍ളിയെ വിമര്‍ശിച്ച് ഞാന്‍ പോസ്റ്റിട്ടത് എന്തെങ്കിലും ഈഗോയുടെ കളി കൊണ്ടല്ല. മറിച്ച് ബ്ലൂ കേരള എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. അത് എഴുതി എന്ന് മാത്രം. പുതുതലമുറ വഴിതെറ്റുന്നു എന്ന് നാം പരിതപിക്കുമ്പോള്‍ അത്തരം വഴിതെറ്റലിന് നമ്മുടെതായ എന്തെങ്കിലും സംഭാവനകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്. കൊച്ചുകുട്ടികള്‍ വരെ ഇന്ന് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുണ്ട്. ബ്ലോഗുകള്‍ വായിക്കുന്നുണ്ട്. അവരുടെ ടേസ്റ്റിനെ വഴിതിരിച്ചു വിടുന്ന പോസ്റ്റുകള്‍ നിരന്തരം എഴുതുകയും പിന്നെ അവര്‍ വഴിതെറ്റുന്നു എന്ന് പരിതപിക്കുകയും ചെയ്യുന്നത് എത്ര മാത്രം പരിഹാസ്യമാണ്. ബെര്‍ലിയുമായി മുമ്പുണ്ടായ ചില പ്രതികരണങ്ങളുടെ അലയൊലിയാണ് ഈ പോസ്റ്റ്‌ എന്നൊക്കെ ചിലര്‍ പ്രതികരിച്ചു കണ്ടു. അങ്ങനെ കരുതുന്നവരോട് തര്‍ക്കിക്കുന്നില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ആ വിവാദങ്ങള്‍ക്ക് ശേഷവും സാമൂഹ്യ പ്രസക്തമായ അദ്ദേഹത്തിന്റെ പല പോസ്റ്റുകളിലും ഞാന്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഏറെ വായനക്കാരുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ബ്ലോഗിങ്ങിനെ കുറേക്കൂടി ഉത്തരവാദിത്വബോധത്തോടെ സമീപിക്കുവാന്‍ അദ്ദേഹം തയ്യാറാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.