ചെങ്കടൽ തീരത്തെ ഉപ്പുപാട കാഴ്ചകൾ

പെട്ടെന്നുള്ള കാഴ്ചയിൽ മഞ്ഞുപാളികൾ ചിതറിക്കിടക്കുന്നന അന്റാർട്ടിക്കയിലെ ഹിമപ്രദേശമാണെന്ന് തോന്നിയേക്കാമെങ്കിലും ഇതൊരു ഉപ്പ് പാടമാണ്. ജിദ്ദ നഗരത്തിൽ നിന്നും ഏതാണ്ട് നാല്പത്തിയഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ചെങ്കടൽ തീരത്ത് ഈ ഉപ്പ് പാടമുള്ളത്.  ജിദ്ദ ജിസാൻ ഹൈവേയോട് ചേർന്ന് അൽഖുംറ മേഖലയിലാണ് നൂറ് കണക്കിന് തൊഴിലാളികൾക്ക് നിത്യജീവിതത്തിന് വകയേകുന്ന രീതിയിൽ കിലോമീറ്ററുകൾ ദൂരത്ത് ഉപ്പ് തളം കെട്ടി നിൽക്കുന്നത്.  നിത്യോപയോഗ വസ്തുക്കളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പ്. പരമ്പരാഗത രീതിയിൽ അതുണ്ടാക്കിയെടുക്കുന്ന ഇടം ജിദ്ദ നഗരത്തോട് ചേർന്ന് തന്നെയുണ്ട് എന്ന് വളരെ മുമ്പേ അറിയാമായിരുന്നെങ്കിലും അങ്ങോട്ടൊരു യാത്ര തരപ്പെട്ടത് ഇപ്പോഴാണ്. ജിദ്ദയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറിക്കൊണ്ടിരിക്കുന്ന അൽസൈഫ്‌ ബീച്ച് പ്രോജക്ടിന്റെ കടലോരത്തോട് ചേർന്നാണ് ഈ ഉപ്പുപാടം സ്ഥിതി ചെയ്യുന്നത്. അവിടേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചില ഫോട്ടോകളാണ് ഈ ബ്ലോഗിൽ ചേർത്തിരിക്കുന്നത്.


ഞങ്ങൾ എട്ടു പേരടങ്ങുന്ന സംഘം രണ്ട് കാറുകളിലായാണ് അൽഖുംറയിലെത്തിയത്.  വഴിയോരത്തെ പാക്കിസ്ഥാനിയുടെ തട്ട് കടയിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ്. കട്ടൻ ചായയും കേക്കും മാത്രമാണ് കിട്ടിയത്.  ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ രാവിലെ എട്ട് മണിക്ക് ഉപ്പ് പാടത്തെത്തുമ്പോൾ നിരവധി തൊഴിലാളികൾ അവിടെ ജോലിയെടുക്കുന്നുണ്ട്.

 
യാത്രാസംഘം. 
കൂടെയുള്ളവർ  (സലാഹ് കാരാടൻ, ഇഖ്ബാൽ  മാഷ്, ഫൈസൽ പാറപ്പുറത്ത്, എഞ്ചി. വി കെ മുഹമ്മദ്, അബ്ദുൽ കബീർ ടി പി, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, മൻസൂർ കെ സി)  


വളരെ വൃത്തിയുള്ള ശുദ്ധമായ കല്ലുപ്പ് കുന്ന് പോലെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. പാടത്തിന്റെ പല ഭാഗത്തും മഞ്ഞുകട്ടകൾ പോലെ ഉപ്പ് പാളികളായി തളം കെട്ടി നില്ക്കുന്നു. 

കടലിൽ നിന്നുള്ള വെള്ളം കനാൽ വഴി  ഈ പടങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് ഉപ്പ് വറ്റിച്ചെടുക്കുകയാവുമെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. തമിഴ്‌നാട്ടിലെ മറക്കാനത്തും തൂത്തുക്കുടിയിലുമെല്ലാം അത്തരത്തിലുള്ള ഉപ്പ് പാടങ്ങളുണ്ട്. കടൽ വെള്ളം പൈപ്പ് വഴി പാടങ്ങളിലേക്ക് പമ്പ് ചെയ്ത് അവ വറ്റിച്ചെടുത്ത് ഉപ്പുണ്ടാക്കുകയാണ് അവരുടെ രീതി. എന്നാൽ ഇവിടെ ഭൂമിക്കടിയിൽ നിന്ന് തന്നെ വെള്ളം പ്രകൃത്യാ ശേഖരിക്കപ്പെട്ട് ഉപ്പ് പാടമായി (Salt evaporation pond or Salt Pans) മാറുകയാണ് ചെയ്യുന്നത്. ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് വെള്ളത്തിന്റെ അനുപാതത്തിൽ മാറ്റമുണ്ടാകുമെന്ന് മാത്രം.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലും ഇവിടെയുള്ളത്. സൊമാലിയ, നൈജീരിയ, എറിത്രിയ എന്നിവിടങ്ങളിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ ഈ പാടശേഖരത്തിന് സമീപം കൊച്ച് ടെന്റുകൾ കെട്ടി താമസിച്ച് ഉപ്പ് ശേഖരിച്ച് ചാക്കുകളിലാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ബംഗ്ളാദേശികളായ തൊഴിലാളികളേയും അവിടെ കണ്ടു. അപൂർവം മലയാളികളും അക്കൂട്ടത്തിലുണ്ട്. വെള്ളത്തിൽ ഊറിക്കിടക്കുന്ന ഉപ്പ് മരപ്പാളികൾ കൊണ്ട് വലിച്ചെടുത്ത് കരയിലേക്ക് കൂട്ടിയിടുകയാണ് തൊഴിലാളികൾ ചെയ്യുന്നത്. വളരെ ആയാസകരമായ ഒരു ജോലിയാണിത്. ഒരു തണൽ മരം പോലും പരിസരത്തെങ്ങുമില്ലാത്ത മരുഭൂ കാലാവസ്ഥയിൽ കടുത്ത വെയിലിൽ വളരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർ.   


പഴയ കാലത്തെ നാട്ടിൻ പുറങ്ങളിലെ പലചരക്ക് കടകളുടെ മുന്നിൽ കല്ലുപ്പുകൾ നിറച്ച പത്തായം പോലുള്ള പെട്ടികൾ ഉണ്ടായിരുന്ന ഓർമകൾ മൻസൂർ പങ്ക് വെച്ചു. കാലം മാറിയപ്പോൾ ഉപ്പിനും മാറ്റം സംഭവിച്ചു. കല്ലുപ്പുകൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. എന്നാലും മായവും കെമിക്കലുകളും കലരാത്ത ശുദ്ധമായ ഈ കല്ലുപ്പിനെ തേടി ഇപ്പോഴും ആവശ്യക്കാർ എത്താറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.

ഏതാണ്ട് നാല് കിലോ തൂക്കം വരുന്ന ബാഗുകളിലാക്കി പാടത്തിന് സമീപത്ത് ഇവ വില്പനക്ക് വെച്ചിട്ടുണ്ട്. ഇടനില കച്ചവടക്കാർ ഇവരിൽ നിന്ന് മൊത്തമായി അവ ശേഖരിച്ച് മാർക്കറ്റുകളിൽ എത്തിക്കും. ഈ നാല് കിലോ ഉപ്പ് ബാഗിന് ഏതാണ്ട് ഒരു റിയാലിന് താഴെയാണ് അവർക്ക് കച്ചവടക്കാർ നൽകുന്നത്. അബ്ദുൽ കബീർ പത്ത് റിയാൽ കൊടുത്ത് ഒരു ബംഗ്ലാദേശ് തൊഴിലാളിയിൽ നിന്ന് ഉപ്പ് വാങ്ങി. ആറ് ബാഗുകൾ അവൻ വണ്ടിയുടെ ഡിക്കിയിൽ വെച്ചു. ഉപ്പ് വെള്ളത്തിലൂടെ കയറിയിറങ്ങിയത് കൊണ്ട് വണ്ടിയുടെ ടയറുകൾ കഴുകുന്നത് നല്ലതാണ് എന്ന് തിരിച്ചു പോരുമ്പോൾ അവൻ ഓർമിപ്പിക്കുകയും ചെയ്തു.

 തൊഴിലാളികൾ താമസിക്കുന്ന കൂരകൾ. 

ഉപ്പും ഉപ്പിന്റെ മണമുള്ള കുറെ മനുഷ്യരേയും പിറകിലാക്കി ഞങ്ങൾ തിരിച്ചു പോരുമ്പോൾ വഴികളിൽ ഇത് പോലെ മറച്ച് കെട്ടിയ കൂരകൾ കണ്ടു. കടകളോ മറ്റ് കച്ചവട സ്ഥാപനങ്ങളോ ഒന്നുമില്ലാത്ത ഈ വിജന പ്രദേശത്ത്, വൈദ്യുതി പോലുമില്ലാത്ത  ഇത്തരം ചെറിയ കൂരകളിൽ അന്തിയുറങ്ങിയാണ് ഈ പാവപ്പെട്ട തൊഴിലാളികൾ ലോകത്തിന്റെ മറ്റേതോ ഒരറ്റത്തുള്ള തങ്ങളുടെ കുടുംബങ്ങളെ പോറ്റി വളർത്തുന്നത്. ആ കുടുംബങ്ങളിൽ എത്ര പേർ അറിയുന്നുണ്ടാകും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തങ്ങളുടെ പ്രിയപ്പെട്ടവർ എന്തൊക്കെ പ്രയാസങ്ങളേയും പ്രതിബന്ധങ്ങളേയും അതിജയിച്ചാണ് കഴിഞ്ഞു കൂടുന്നത് എന്ന കാര്യം. ജോലി ഗൾഫിലാണെന്ന് കേൾക്കുമ്പോൾ നാട്ടിലുള്ളവരുടെ സങ്കല്പത്തിലെത്തുന്നത് മിഴിവേറിയ ചിത്രങ്ങളായിരിക്കും. എന്നാൽ ആ ചിത്രങ്ങൾക്ക് ഇങ്ങനേയും ചില രൂപഭേദങ്ങളുണ്ടെന്ന് നാം തിരിച്ചറിയണം.

(Google Location : 21.170767,39.189075)

Related Posts
വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
ഹിറാ ഗുഹയില്‍ ഒരു രാത്രി
ഗുൽമാർഗിലെ മഞ്ഞുമലയിൽ
ഫറസാൻ ദ്വീപിലേക്ക് 
ബഹറയിലെ സാൻഡ് ഡ്രൈവിംഗ് 
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ് 
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍  
ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര 

Recent Posts
മലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത്  
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി