മലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത്

(കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ  വിവർത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ദേശീയ തലത്തിൽ വ്യാപകമായ കുപ്രചരണങ്ങൾ നടക്കുന്ന ഇക്കാലത്ത് മൂന്നാർ സ്വദേശിയായ സേതുരാമന്റെ പോസ്റ്റ് കൂടുതൽ ചർച്ചയർഹിക്കുന്നുണ്ട് എന്ന് കരുതുന്നതിനാലാണ് ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്)

കേരളത്തിൽ മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നതിൽ ആകുലപ്പെട്ട് മുൻ ഡി ജി പി സെൻകുമാർ നടത്തിയ വിവാദ പ്രസ്താവനകളുടെ പാശ്ചാത്തലത്തിൽ ഇത്തരമൊരു കുറിപ്പിന് വലിയ പ്രസക്തിയുണ്ട്.  10 July 2017 ന് കെ സേതുരാമൻ ഐ പി എസ് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ വിവർത്തനം.

* * *
കേരളത്തിൽ മുസ്‌ലിം ജനസംഖ്യ വർദ്ധിച്ചാൽ എന്ത് സംഭവിക്കും?. ഒരു ഐ പി എസ് ഓഫീസർ എന്ന നിലക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി നാല് വർഷം ജോലി ചെയ്ത പരിചയം വെച്ച് എനിക്ക് പറയാൻ കഴിയും, അത് കേരളത്തെ എല്ലാ അർത്ഥത്തിലും ജീവിക്കാൻ ഏറ്റവും മികച്ച ഒരു പ്രദേശമാക്കി മാറ്റും.

പോലീസ് ഓഫീസർമാർ എന്ന നിലക്ക് ഞങ്ങൾ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയും എല്ലാ പ്രദേശത്തെ ജനങ്ങളെയും അടുത്തറിയുകയും ചെയ്യാറുണ്ട്. എല്ലായിടത്തും ഞാൻ കണ്ടത് ഹിന്ദുവിനേയും മുസ്ലിമിനേയും നായരേയും ഈഴവനേയും ക്രിസ്ത്യാനിയേയും ദളിതനേയുമാണ്, എന്നാൽ മലപ്പുറം ജില്ലയിൽ കണ്ടതാകട്ടെ, 'പച്ച മലയാളി'യെയാണ്. ഒരാൾ മറ്റൊരാൾക്ക് സഹായഹസ്തം നീട്ടി നില്ക്കുന്ന ഒരിടം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ ഈ ജില്ലയ്ക്ക് സാമുദായിക കലാപങ്ങളുടെ ചരിത്രമില്ല, നിയമ വ്യവസ്ഥകളെ അങ്ങേയറ്റം ആദരിക്കുകയും തികഞ്ഞ സൗഹൃദം പുലർത്തുകയും ചെയ്യുന്ന ഒരു ജനത. മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്ന പക്ഷം തീർച്ചയായും അത് മലയാളിത്വത്തേയും അതിന്റെ യൗവ്വനത്തേയും വർദ്ധിപ്പിക്കും,  മാത്രമല്ല, അത് സാമുദായികതയും ജാതീയതയും കുറച്ചു കൊണ്ടുവരും.

കേരളം സാംസ്കാരികമായി കൂടുതൽ സമ്പുഷ്ടമാകും, നമുക്ക് കൂടുതൽ ബഷീറുമാരെ ആവശ്യമുണ്ട്. വടക്കൻ വീരഗാഥയിൽ, അമരത്തിൽ, രാജമാണിക്യത്തിൽ, പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെക്കുറിച്ച് ഒരാൾക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. ഫാസിലാണ് നമുക്ക് മണിച്ചിത്രത്താഴ് നല്കിയത്. എം എൻ കാരശ്ശേരിയേക്കാൾ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരുണ്ട് കേരളത്തിൽ? അദ്ദേഹത്തിന്റെ മനോഹരമായ എഴുത്തിൽ നിന്നാണ് ഞാൻ മലയാള ഭാഷ പഠിച്ചിട്ടുള്ളത്. ബഹുഭാഷാ വിദഗ്ദനായ സമദാനിയുടെ പ്രഭാഷണങ്ങൾ മതേതര കാഴ്ചപ്പാടുള്ള ഏതൊരു മലയാളിയേയും പ്രചോദിപ്പിക്കും. ഏറ്റവും നല്ല വിമർശകരും ഭൗതിക വാദികളും കേരളത്തിലെ മുസ്‌ലിം സമൂഹത്തിലുണ്ട്. കേരളീയ സമൂഹത്തെക്കുറിച്ച് നിരന്തരം എഴുതുന്നയാളാണ് ഹമീദ് ചേന്ദമംഗലൂർ. ജബ്ബാർ മാഷും അയ്യൂബ് മൗലവിയും മതമൗലിക വാദികളെ വെല്ലുവിളിക്കുന്നതിനേക്കാൾ ശക്തമായി വെല്ലുവിളിക്കുന്ന ആരുമില്ല.


കേരളത്തിലെ മുസ്ലിംകളുടെ രാഷ്ട്രീയ സംസ്കാരം മറ്റ് ന്യൂനപക്ഷ സമൂഹങ്ങൾക്ക് ഒരു മാതൃകയാണ്. യു പി യിൽ അഞ്ച് കോടിയിലധികം മുസ്ലിംകളുണ്ട്. അവരെ പ്രതിനിധീകരിക്കുവാൻ ഒരു പാർലമെന്റ് മെമ്പർ പോലുമില്ല എന്നത് എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്. നിയമസഭയിലെ മെമ്പർമാരുടെ എണ്ണമാകട്ടെ ആനുപാതികമായി വളരെ വളരെ കുറവാണ് താനും. കേരളത്തിലാകട്ടെ, മുസ്ലിംകൾ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ സംസ്‌ഥാന നിർമ്മിതിയിൽ അവർക്ക് അവരുടേതായ പങ്കുണ്ട്. സ്വന്തം വീട്ടിലെന്ന പോലെ ആർക്കും പാണക്കാട് തങ്ങളെ പോയി കാണാം, കുഞ്ഞാലിക്കുട്ടിയെ കാണാം. ഇസ്‌ലാമിന്റെ മനോഹാരിതയെക്കുറിച്ച് കെ ടി ജലീലിൽ നിന്ന് പഠിക്കാം, ലാളിത്യവും പ്രതിബദ്ധയും ഉൾക്കൊള്ളാം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനേക്കാൾ മതേതരനായ ഒരു അമുസ്‌ലിമിനെ  കാണാൻ കഴിയുമോ? എനിക്ക് സംശയമുണ്ട്. യുവനിരയിലെ   മുസ്‌ലിം എം എൽ എ മാരും രാഷ്ട്രീയക്കാരും കൂടുതൽ പ്രതീക്ഷ നൽകുന്നവരാണ്, അവർ കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ കൂടുതൽ മികച്ചതാക്കും.

കൂടുതൽ മുസ്‌ലിംകൾ എന്നാൽ കൂടുതൽ ഇന്ത്യക്കാർ, കൂടുതൽ മലയാളികൾ, കൂടുതൽ നിക്ഷേപകർ, കൂടുതൽ ഉപഭോക്താക്കൾ എന്നൊക്കെയാണർത്ഥം, അതുവഴി കൂടുതൽ പുരോഗതിയെന്നും. കേരളത്തിലേക്ക് ഏതൊരു നയതന്ത്രജ്ഞനും ഉദ്യോഗസ്ഥ മേധാവിയും കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ നിക്ഷേപവും വികസനവും യൂസഫലി കൊണ്ടുവന്നിട്ടുണ്ട്. മുസ്‌ലിം നിക്ഷേപകരുടെ എണ്ണം ഈ കുറിപ്പിൽ സൂചിപ്പിക്കാൻ കഴിയുന്നതിലും കൂടുതലാണ്. ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ള വരുമാനമില്ലായിരുന്നുവെങ്കിൽ കേരളം എന്നേ കുത്തുപാളയെടുത്തേനേ.

മനോഹരവും അനുഗ്രഹീതവുമായ ഒരിടമാണ് കേരളം. മുസ്‌ലിം യുവത്വം അതിനെ കൂടുതൽ ചടുലവും ഊർജ്വസ്വലവുമാക്കി മാറ്റും. പ്രതീക്ഷ നല്കുന്ന വിദ്യാർത്ഥി സമൂഹവും യുവത്വവും നിറഞ്ഞു നില്ക്കുന്ന ഒരിടമാണ് മലപ്പുറം. മികവുറ്റ ശാസ്ത്രകാരന്മാരേയും ഡോക്ടർമാരെയും കലാകാരന്മാരേയും വ്യവസായികളേയും അവരിൽ നിന്ന് ഈ രാജ്യത്തിനു ലഭിക്കും. ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് അവർ അവരുടേതായ സംഭാവനകൾ അർപ്പിക്കുന്നുണ്ട്, അതിനിയും തുടരും.

മുസ്ലിംകൾ കൂടുതൽ പ്രത്യുത്പാദന നിരതരാണെന്നത് ഒരു മിത്താണ്. ഇന്തോനേഷ്യയിലേയും ബംഗ്ളാദേശിലേയും ജനനനിരക്ക് യു പിയിലേയും ബിഹാറിലേയും നിരക്കിനേക്കാൾ കുറവാണ്. ദരിദ്ര സമൂഹങ്ങളിലാണ് ജനനനിരക്ക് കൂടുതൽ. മുസ്‌ലിം ജനസംഖ്യ കുറയ്ക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അവരെ സമ്പന്നരാക്കൂ. അവർക്ക് അവസരങ്ങൾ നല്കൂ. അഭ്യസ്ഥവിദ്യരും സമ്പന്നരുമായ മുസ്ലിംകളിൽ ജനനനിരക്ക് വളരെ കുറവാണ്.

മനുഷ്യന് മേൽ വിഭാഗീയതയുടെ മുദ്ര കുത്തുന്നതാണ് ഏറ്റവും വലിയ പാതകം. ഈ ലേഖനത്തിൽ ഞാനും ആ മുദ്ര കുത്തൽ നടത്തിയിട്ടുണ്ട്. കാരശ്ശേരി മാഷിനെയോ, മമ്മൂട്ടിയെയോ, മന്ത്രി കെ ടി ജലീലിനെയോ മുസ്ലിമെന്ന് മുദ്ര ചാർത്താൻ എനിക്ക് താത്പര്യമില്ല. അവർ അനുഗ്രഹീതരായ ഇന്ത്യക്കാരാണ്, ഒരു മതത്തോട് വിളക്കിച്ചേർത്ത് പറയപ്പെടേണ്ടവരല്ല അവർ. ഒരു സാധാരണ പൗരനെപ്പോലും അങ്ങിനെ ലേബൽ ചെയ്യാൻ പാടില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന ലേബലുകളില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും വളരാനും വികസിക്കാനുമുള്ള  അവസരം നൽകാൻ നമുക്കാകില്ലേ.

മതങ്ങളിലെ സങ്കുചിത വിഭാഗക്കാർ മനുഷ്യന്റെ ജീവിതം ദുരിതപൂർണമാക്കുകയാണ്. കുട്ടികളെ കുട്ടികളായി കാണാൻ കഴിയാത്തവർ, അമ്മമാരെ അമ്മമാരായി കാണാൻ കഴിയാത്തവർ. മുസ്‌ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ, ക്രിസ്ത്യൻ കുട്ടികൾ, നായർ കുട്ടികൾ.. അങ്ങിനെയങ്ങിനെ അവർ ലേബൽ ചെയ്യുകയാണ്. ഒരു കുഞ്ഞും ഒരു പ്രത്യേക മതക്കാരനായി ജനിക്കുന്നില്ല. ഒരമ്മക്ക് കുഞ്ഞിനേക്കാൾ വലുതല്ല ഒരു പ്രവാചകനും ഒരു ദൈവവും.

Related Posts
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി

Recent Posts
തും ബിൽകുൽ ഹം ജയ്സേ നിക് ലേ 
പോടാ, പോയി ചാകെടാ !