മാടമ്പള്ളിയിലെ യഥാർത്ഥ രോഗി

കേരള മുൻ ഡി ജി പി ടി പി സെൻകുമാർ സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖം ഞെട്ടലോടെയാണ് വായിച്ചത്. വർഷങ്ങളോളം കേരള പോലീസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരാളുടെ സാമൂഹിക വീക്ഷണങ്ങൾ എന്താണെന്നും വിവിധ മതവിഭാഗങ്ങളോടുള്ള കാഴ്ചപ്പാടുകൾ എന്താണെന്നും ഭീതിയോടെ തിരിച്ചറിയേണ്ട അവസ്ഥാവിശേഷമാണ് ആ അഭിമുഖം കേരളക്കരക്ക് നല്കിയിരിക്കുന്നത്. വളരെ മതേതരവും നിഷ്പക്ഷവുമായിരുന്ന കേരളത്തിലെ പോലീസിനെ അടിമുടി സംഘിവത്കരിക്കുവാൻ ശ്രമിക്കുന്നത് ആരാണെന്ന ചോദ്യം കുറേക്കാലമായി നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ ഉയർന്ന് വന്നതാണ്. ആർക്കും ഉത്തരം കണ്ടെത്താൻ കഴിയാതിരുന്ന ചോദ്യം. ഇപ്പോൾ ആ ചോദ്യത്തിന് ഏതാണ്ടൊരു ഉത്തരമായിരിക്കുന്നു.  മാടമ്പള്ളിയിലെ യഥാർത്ഥ രോഗികൾ  മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ഇതുവരെ ചികിത്സിച്ചിരുന്നത് യഥാർത്ഥ രോഗിയെ ആയിരുന്നില്ല എന്ന ഒരു തിരിച്ചറിവ് കൂടി ഇതോടൊപ്പമുണ്ടാകണം എന്നർത്ഥം. ഡി ജി പി പറഞ്ഞ ജനസംഖ്യാ കണക്കുകളിൽ നിന്ന് തുടങ്ങാം.  അഭിമുഖത്തിലെ പ്രൈം ഫോക്കസ് അതാണ്.

"കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും" രണ്ടാഴ്ച മുമ്പ് റിട്ടയർ ചെയ്ത  ഒരു ഡി ജി പിയുടെ ഉത്കണ്ഠയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളുടെ മതം നോക്കി അവരുടെ ശതമാനം നോക്കി കേരളത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു പോലീസ് മേധാവിയുടെ മാനസിക നില എന്തായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.  അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

ഈ കണക്കുകൾ ഉദ്ധരിച്ച ശേഷം അദ്ദേഹം പറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യമാണ്.

"ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്"

അതായത് ഡി ജി പി യുടെ കണക്ക് പ്രകാരം 19.5 ശതമാനമുള്ള ക്രിസ്ത്യാനികൾക്കിടയിലെ ജനനനിരക്ക് 15 ശതമാനമാണ്. അതായത് നാലര ശതമാനത്തിന്റെ ആനുപാതിക കുറവ്. കേരളത്തിന്റെ മൂന്നരക്കോടി ജനസംഖ്യയിൽ ആ നാലര ശതമാനം എന്ന് വെച്ചാൽ ഏതാണ്ട് പതിനഞ്ച് ലക്ഷം വരും. പതിനഞ്ച് ലക്ഷം പേരെ മതപരിവർത്തനം നടത്തിയിട്ടാണ് ക്രിസ്ത്യാനികൾ അവരുടെ ജനസംഖ്യ കുറക്കാതെ നോക്കിയത് എന്നർത്ഥം. എവിടെ നിന്നാണ് ഡി ജി പി ക്ക് ഈ മതപരിവർത്തനത്തിന്റെ കണക്കുകൾ കിട്ടിയത്.  അഭിമുഖത്തിൽ ഒരിടത്ത് അദ്ദേഹത്തിന് വാട്സ്ആപ്പിൽ കിട്ടിയ മെസ്സേജുകളെ ക്വാട്ട് ചെയ്ത് അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഈ മതപരിവർത്തന കണക്കുകളും ഏതെങ്കിലും സംഘി അദ്ദേഹത്തിന് വാട്സ്ആപ്പിൽ കൊടുത്തതാണോ? അതോ ഡി ജി പിയെന്ന നിലക്ക് അദ്ദേഹം ശേഖരിച്ചതോ? കേരള സമൂഹത്തെ അദ്ദേഹം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

മുസ്‌ലിം ജനനനിരക്കിനെക്കുറിച്ച് പറഞ്ഞതിലും ചില വശപ്പിശകുകൾ കാണുന്നുണ്ട്. ക്രിസ്ത്യാനികളിൽ നാലര ശതമാനത്തിന്റെ കുറവ് ഉള്ളത് പോലെ ഹിന്ദുക്കളുടെ ജനനനിരക്കിൽ സെൻകുമാർ കണ്ടെത്തിയിട്ടുള്ള കുറവ് ആറ് ശതമാനമാണ്. ഈ കുറവ് വന്ന ആറ് ശതമാനവും നാലര ശതമാനവും മുസ്‌ലിം വിഭാഗത്തിലെ ജനനനിരക്കിലേക്ക് കൂട്ടിയാൽ തന്നെ സെൻകുമാർ പറയുന്ന നാല്പത്തിരണ്ട്‍ ശതമാനത്തിലേക്ക് എത്തില്ല. സെൻകുമാറിന്റെ കണക്ക് പ്രകാരം ശതമാനം കൂട്ടിയാൽ അത് നൂറിൽ നിൽക്കില്ല താനും!!. ശതമാനക്കണക്ക് നൂറ്റിയഞ്ചിലേക്ക് പോകും (42 + 48 + 15). അവ പരിശോധിക്കേണ്ടതുണ്ട്.



മുൻ ഡി ജി പി പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക.

"പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം."

ഇത് കേട്ടാൽ തോന്നുക പശുവിന്റെ പേരിൽ ഇന്ത്യയിൽ കൊലകൾ നടന്നിട്ടില്ലെന്നും അവയൊക്കെ കെട്ടുകഥകൾ ആണെന്നുമാണ്. അടുക്കളയിൽ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന പാവം മനുഷ്യനെ ആൾകൂട്ടം അടിച്ചു കൊന്നത് മുതൽ തീവണ്ടിയിൽ യാത്ര ചെയ്യുന്ന ജുനൈദിനെ ബീഫ് തിന്നുന്നവനെന്ന് പറഞ്ഞു കഴിഞ്ഞ പെരുന്നാൾ തലേന്ന് അടിച്ചു കൊന്നതടക്കം എണ്ണമറ്റ പശുക്കൊലപാതകങ്ങളുടെ ഭീതിതമായ ഇന്ത്യൻ അവസ്ഥയിൽ അതിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന്. അതായത് അടിച്ചു കൊല്ലുന്ന ആൾക്കൂട്ട ഭീകരതയെ കണ്ടു നിന്ന് രസിക്കണമെന്ന്.. ഒരു കടുത്ത സംഘിയിൽ നിന്ന് പോലും കേൾക്കാൻ സാധ്യതയില്ലാത്ത വാക്കുകളാണ് സർവീസിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഡി ജി പി യിൽ നിന്ന് കേട്ടിരിക്കുന്നത്. ബെഷട് ഡി ജി പീ,  ബെഷട്..  ഒരു സമുദായത്തോട് എത്രമാത്രം പകയും വിദ്വേഷവും മനസ്സിൽ വെച്ചുകൊണ്ടാകണം ഇതുപോലെയുള്ള ഓഫീസർമാർ അവരുടെ സർവീസ് കാലത്ത് പ്രവർത്തിച്ചിട്ടുണ്ടായിരിക്കുക എന്നൂഹിക്കാവുന്നതാണ്.

കോടതി വ്യക്തമായ അന്വേഷണം നടത്തി സത്യാവസ്ഥയില്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദിന്റേത്. സംഘികൾ ഉന്നയിക്കുന്ന ആ ആരോപണവും അഭിമുഖത്തിൽ സെൻകുമാർ മുസ്‌ലിം സമുദായത്തിന്റെ പുറത്ത് കെട്ടിവെക്കാൻ ശ്രമിക്കുന്നുണ്ട്. അഭിമുഖത്തിനിടക്ക് അദ്ദേഹം പറയുന്ന മറ്റൊരു വാചകവും ശ്രദ്ധേയമാണ്. "അവരിലും നല്ല ആളുകളുണ്ട്". അതായത് മുസ്ലിംകളിലും നല്ലവരുണ്ട് എന്ന്.. കള്ളന്മാരിലും ചില മര്യാദക്കാരുണ്ട് എന്ന് പറയുന്ന ടോണിൽ.

സെൻകുമാർ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം ഇതാണ്.

"മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍."

ഹമീദ് ചേന്ദമംഗലൂരും എം എൻ കാരശ്ശേരിയും മതേതര വീക്ഷണം പുലർത്തുന്ന മുസ്ലിംകളെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. അതിൽ തന്നെ കാരശ്ശേരിക്ക്  പകുതി മാർക്കേ കൊടുത്തിട്ടുള്ളൂ. ഫുൾ മാർക്ക് കിട്ടിയിട്ടുള്ളത് ഹമീദ് ചേന്ദമംഗലൂരിനാണ്. ഈ ഹമീദ് ചേന്ദമംഗലൂരെങ്ങാനും കേരളത്തിൽ ജനിച്ചിട്ടില്ലായിരുന്നുവെങ്കിലുള്ള ദുര്യോഗം ആലോചിച്ചു നോക്കൂ. കേരളത്തിലെ തൊണ്ണൂറ് ലക്ഷം മുസ്ലിംകളിൽ ഒരെണ്ണം പോലും മതേതരനായി ഉണ്ടാവുമായിരുന്നില്ല. കേരളത്തിലെ മുസ്ലിംകളെ ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഹമീദ് ചേന്ദമംഗലൂരിന് മിനിമം ഒരു ഭാരത രത്ന പുരസ്കാരമെങ്കിലും പ്രധാനമന്ത്രി മോഡിയെക്കൊണ്ട് കൊടുപ്പിക്കണം.

അദ്ദേഹം പറഞ്ഞ കാര്യത്തിലേക്ക് തന്നെ വരാം. "ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്." അതായത് ഹമീദ് ചേന്ദമംഗലൂർ ഒഴിച്ച് കേരളത്തിലെ ബാക്കി എല്ലാ മുസ്ലിംകളേയും ('അര കാരശ്ശേരി'യടക്കം) 'ഡീറാഡിക്കലൈസ്' ചെയ്യാൻ പുള്ളി നിയോഗിച്ച അഞ്ഞൂറ്റി പതിനഞ്ച് പേർ ആരാണെന്ന് സഖാവ് പിണറായി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.  ആ  515 പേർ ഏത് വകുപ്പിലാണ് ഉള്ളത് എന്നും അവർ സെൻകുമാർ ജോലിയേല്പിച്ച ശേഷം ഇതുവരെ എന്താണ് ചെയ്തത് എന്നും ഒരു റിപ്പോർട്ട് വാങ്ങണം. ഇന്ത്യൻ സമൂഹത്തിനു അത്തരമൊരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാമിന്റെ അത്യാവശ്യമുള്ള സമയമാണ് ഇത്. സെൻകുമാറിന്റെ ഈ പ്രോഗ്രാം ദേശീയാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പറ്റുമോ എന്നും നോക്കണം.

Varthamanam Daily - 10 July 2017

ഡി ജി പി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയപ്പോൾ ഉണ്ടായ ബഹളങ്ങളെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ ഒരു വാചകമുണ്ട് "നിങ്ങൾ വല്ലാതെ ബഹളം വെക്കേണ്ട അയാൾ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാൾ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്‌ അത്‌ ഓർമ്മിച്ചോ.."

അത്തരമൊരു ഓർമപ്പെടുത്തൽ മുമ്പ് നടത്തിയ സ്ഥിതിക്ക് ഇദ്ദേഹത്തെക്കുറിച്ച വ്യക്തമായ ധാരണ മുഖ്യമന്ത്രിക്ക് മുന്നേ ഉണ്ടായിരുന്നെന്നർത്ഥം. അതിനാൽ തന്നെ അദ്ദേഹത്തിൻറെ കാലത്ത് ചുമത്തപ്പെട്ട തീവ്രവാദ കേസുകളേയും യു എ പി എ കേസുകളേയും വ്യക്തമായി പഠിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. പുനഃപരിശോധന ആവശ്യമുള്ള കേസുകൾ അവയിലുണ്ടെങ്കിൽ വേണ്ട നിയമനടപടികൾ സ്വീകരിക്കണം.

ഇത്രയും പറഞ്ഞതിൽ നിന്നും സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളോടും വിയോജിക്കുന്നു എന്നർത്ഥമില്ല. തീവ്രവാദ ചിന്താഗതികൾ വളർത്തുവാൻ ശ്രമിക്കുന്നവർ മുസ്‌ലിം സമുദായത്തിലുണ്ട്. അതിൽ പണ്ഡിതന്മാരും പ്രഭാഷകരുണ്ട്. (ഈ ബ്ലോഗിൽ തന്നെ പല തവണ അത്തരം വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്). അവർക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകണമെങ്കിൽ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയോടെ തന്നെ നടത്തണം. ഈ ഒരു പോയിന്റിൽ സെന്കുമാറിനോട്‌ യോജിപ്പുണ്ട്. എന്നാൽ സമുദായത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പോലും പിന്തുണ അവകാശപ്പെടാൻ സാധിക്കാത്ത അത്തരം തീവ്രചിന്താഗതിക്കാരെ ഈ സമുദായത്തിന്റെ മൊത്തം പ്രതീകമായി അവതരിപ്പിക്കരുത്. അത് ആ സമുദായത്തോട് മാത്രമല്ല, മത സൗഹാർദ്ദത്തിന് പേര് കേട്ട ഈ സംസ്‌ഥാനത്തിലെ മൊത്തം ജനങ്ങളേയും അപമാനിക്കുന്നതിനു അപഹസിക്കുന്നതിനും തുല്യമാണ്.

Recent Posts
തും ബിൽകുൽ ഹം ജയ്സേ നിക് ലേ
പോടാ, പോയി ചാകെടാ !  

Related Posts
അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?