പോടാ, പോയി ചാകെടാ !

ഐ എസ് കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. കേരളത്തിലെ ഏതാനും യുവതീ യുവാക്കൾ ഐ എസ് താവളങ്ങളിലേക്ക് യാത്ര പോയിരിക്കുന്നു എന്ന വാർത്തയാണ് ചർച്ചക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതും സത്യം പുറത്ത് കൊണ്ട് വരേണ്ടതും നമ്മുടെ പോലീസും അന്വേഷണ വിഭാഗവുമാണ്. അതവർ നടത്തട്ടെ.. കേരളത്തിലെ ഏതാനും യുവാക്കൾ സിറിയയിലേക്കോ ഐ എസിന്റെയോ അൽഖാഇദയുടെയോ താവളങ്ങളിലേക്കോ പോയിട്ടുണ്ടോ എന്നതിനേക്കാൾ പ്രധാനം അങ്ങനെ പോകാനുള്ള സാഹചര്യത്തിലേക്ക് യുവാക്കളെ എത്തിക്കുന്ന വിധത്തിൽ തീവ്രവാദം നമ്മുടെ മണ്ണിൽ വേര് പിടിക്കുന്നുണ്ടോ എന്ന ചിന്തയാണ്. കാരണം അറബ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, യൂറോപ്യൻ, അമേരിക്കൻ നാടുകളിൽ നിന്നും ഭീകരവാദ താവളങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്ന പേടിപ്പെടുത്തുന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. ഇതുവരെ കേരളത്തിൽ നിന്ന് ഒരാളും ഐ എസ് കേന്ദ്രങ്ങളിലേക്ക് പോയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർ സാക്ഷ്യപ്പെടുത്തിയാൽ പോലും സമീപ ഭാവിയിൽ അത്തരമൊന്ന് ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയില്ല. സ്ഥിതിഗതികൾ ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ ചിന്തകൾ എല്ലാ രംഗങ്ങളിലും നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു നാഗരിക സമൂഹമെന്ന നിലക്ക് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത് അതാണ്. ഇത്തരമൊരു ആശങ്കയുടെ ഘട്ടത്തിൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്, ഒരു ക്രിയാത്മക സമൂഹമെന്ന നിലക്ക് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ് എന്നതെല്ലാം തുറന്ന് ചർച്ച ചെയ്യേണ്ട ഘട്ടം എത്തിയിരിക്കുന്നു.

ഐസിസ് ആശയധാരയുടെ പേരിൽ യൂറോപ്യൻ - അമേരിക്കൻ നാടുകളിൽ ഉണ്ടാകുന്ന വർദ്ധിച്ച ആക്രമണങ്ങൾ ഒരു കാര്യം അർത്ഥശങ്കക്കിടയിലാത്ത വിധം വെളിപ്പെടുത്തുന്നുണ്ട്. നിരവധി മുസ്‌ലിം ചെറുപ്പക്കാർ മാനവിക വിരുദ്ധമായ അതിതീവ്ര ചിന്താധാരയിലേക്ക് ആകൃഷ്ടരാവുകയും   ഭ്രമാത്മകമായ ഒരു ചാവേർ ഭക്തിയിലേക്കുള്ള  മതത്തിന്റെ അപനിർമിതിയിൽ വിശ്വസിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ളബില്‍ കയറി ഉമർ മതീൻ എന്ന യുവാവ് അമ്പത് പേരെ വെടിവെച്ചു കൊന്ന  സംഭവമടക്കം സെപ്റ്റംബർ പതിനൊന്ന്, 26/11, ചാർളി ഹെബ്ദോ, ബ്രസ്സൽസ് സ്ഫോടനങ്ങൾ തുടങ്ങി ഈ ശ്രേണിയിലെ ആക്രമങ്ങളുടെ ലിസ്റ്റെടുത്താൽ അക്കാര്യം വ്യക്തമാവും. 

രണ്ട് തലങ്ങളിലായാണ് തീവ്രവാദ ചിന്താധാരകൾക്കെതിരെയുള്ള പോരാട്ടം വേണ്ടത്. ഒന്നു രാഷ്ട്രീയ തലത്തിൽ. മറ്റൊന്ന് മതത്തിനകത്തെ ആന്തരിക തലത്തിൽ.  സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിൽ തീവ്രവാദ വിത്തുകൾ മുളപ്പിക്കാൻ ഭീകരർക്ക് അവസരങ്ങൾ നൽകാതിരിക്കുക എന്നതാണ് രാഷ്ട്രീയ തലത്തിലുള്ള പോരാട്ടം കൊണ്ട് അര്തഥമാക്കുന്നത്. ലോക ശക്തികൾ ഇസ്‌ലാമിനും മുസ്ലിംകൾക്കും എതിരാണ്, അതുകൊണ്ട് നാം സായുധരായി സംഘടിച്ചേ തീരൂ എന്ന 'സാമ്രാജ്യ ഫോബിയ' സൃഷ്ടിക്കാനുള്ള ഭീകരരുടെ തന്ത്രങ്ങളെ രാഷ്ട്രീയ സമചിത്തതയുടെയും നയതന്ത്ര നീക്കങ്ങളുടേയും  തലത്തിൽ പ്രതിരോധിക്കുക. ഇത് ചെയ്യേണ്ടത് അമേരിക്കയും റഷ്യയും യൂറോപ്യൻ രാജ്യങ്ങളുമടങ്ങുന്ന സൈനിക ശക്തികളുടെ ഇസ്‌ലാമിക രാജ്യങ്ങളോടും മുസ്‌ലിംകളോടുമുള്ള നയനിലപാടുകളുടെ ഭാഗമായാണ്. പൊതുധാരയിൽ ഒരു ഇൻക്ളൂസീവ്നെസ്സ് ഫീൽ ചെയ്യുന്ന രൂപത്തിൽ മുസ്‌ലിം സമൂഹം  പൊതുധാരയുടെ ഭാഗമാണെന്നും ആ പൊതുധാരയോട് ചേർന്ന് നിൽക്കേണ്ടത് തങ്ങളുടെ കൂടി താത്പര്യങ്ങൾക്ക് അനിവാര്യമാണെന്നും അവർക്ക് തോന്നുന്ന രൂപത്തിലുള്ള ഒരു സമീപനം വളർത്തിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകത.


ഐസിസ് ഭീകരത ഒരു ഇസ്‌ലാമിക വിഷയം മാത്രമാക്കി ചുരുക്കുന്നതിനോട് ഈ ലേഖകന് യോജിപ്പില്ല. അത് മാനവ സമൂഹത്തിന് നേരെയുള്ള ഒരു പൊതു ഭീഷണിയാണ്. അതുകൊണ്ടു തന്നെ അതിനെ നേരിടേണ്ടതും പൊതുസമൂഹം ഒന്നിച്ചാണ്. ഇത്തരം ഭീകരതകൾക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ ഒന്നിച്ചുള്ള പോരാട്ടത്തിൽ സാമുദായികമായി മുസ്ലിം സമൂഹത്തിനു ചില ക്രിയാത്മക പിന്തുണകൾ നൽകാൻ സാധിക്കും. സമുദായത്തിനകത്ത് നിന്നു തന്നെയുള്ള അത്തരമൊരു പിന്തുണയുടെ അഭാവത്തിൽ എത്ര ശക്തമായ അന്താരാഷ്ട്ര നീക്കങ്ങളും വേണ്ടത്ര ഫലം കാണില്ല എന്നുറപ്പാണ്.

മറ്റ് മതസമൂഹങ്ങളെ അപേക്ഷിച്ചു നോക്കിയാൽ മുസ്‌ലിം സമൂഹത്തിന് കൃത്യമായ ഒരു 'സംഘടിത' ചട്ടക്കൂടുണ്ട്. അവ്യക്തവും അദൃശ്യവുമായ വിചാരധാരയിൽ ചിതറിക്കിടക്കുന്ന ഒരാൾകൂട്ടമല്ല അത്. ഒരു ബാങ്ക് വിളിയിൽ ഒത്തു കൂടുന്നവർ. അഞ്ച് നേരം സംഘടിത നമസ്കാരം നിർവ്വഹിക്കുന്നവർ. ഓരോ വെള്ളിയാഴ്ചയും നട്ടുച്ച നേരത്ത് നിർബന്ധസംഗമത്തിൽ ഒരുമിക്കുന്നവർ, അന്നേ ദിവസം പുരോഹിതന്റെ  ഖുത്തുബ അഥവാ പ്രസംഗം ശ്രവിക്കുന്നവർ, കുഞ്ഞുനാൾ മുതൽ മതപാഠശാലകളിൽ പഠിച്ചു വളരുന്നവർ, ഓരോ ഇടവേളകളിലും മതപ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും പാതിരാവയളുകളും ലഭിക്കുന്നവർ. അത്തരമൊരു സമൂഹത്തിന് കുറേക്കൂടി മാനവികമായ ചില ബോധനരീതികൾ അവലംബിക്കാനും ഒരു ബഹുസ്വര സമൂഹത്തിലെ മതത്തിന്റെ ക്രിയാത്മക സ്വഭാവത്തെത്തക്കുറിച്ച് പഠിപ്പിക്കാനും സാധിക്കും. സാധിക്കണം. അതിന് ആദ്യമായി വേണ്ടത് ഒരു തിരിച്ചറിവാണ്. ലോകത്ത് സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഇസ്‌ലാമിക വിശ്വാസത്തെ തെറ്റായി ഇന്റർപ്രെറ്റ് ചെയ്യുന്ന ഒരു വിഭാഗം വളർന്ന് വരുന്നുണ്ട് എന്നും അവരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളിൽ നിരവധി യുവാക്കൾ വീണു പോകുന്നുണ്ടെന്നുമുള്ള തിരിച്ചറിവ്. പ്രഭാഷണങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയുമാണ് പലപ്പോഴും തീവ്രവാദ ചിന്താഗതികൾ വളരുന്നത്. അതുകൊണ്ട് തന്നെ അത്തരം മേഖലകളിൽ ഒരു കണ്ണുണ്ടായിരിക്കണം.  ഓൺലൈനിലും ഓൺലൈനിന്‌ പുറത്തും.

ഓരോ മഹല്ല് കമ്മറ്റിക്കും ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്. മൗലവിമാരുടെയും മുസ്ലിയാക്കന്മാരുടേയും ഖത്തീബുമാരുടേയും ക്ലാസ്സുകളും പ്രസംഗങ്ങളും നിരീക്ഷിക്കുക. പ്രസംഗങ്ങളും ക്ലാസ്സുകളും എപ്പോഴെങ്കിലും വഴി തിരിയുന്നുണ്ടെങ്കിൽ താക്കീത് നൽകുക. അത് 'കൈവെട്ട് ജിഹാദി'ലേക്കും അന്യമത വിദ്വേഷത്തിലേക്കും കടക്കുന്ന നിമിഷം വന്നാൽ "ഇത്രയും മതി, ഇനി നിങ്ങളുടെ ക്‌ളാസ്സ് വേണ്ട, വേഗം വണ്ടി വിട്ടോളൂ" എന്ന് പറയുക. പകരം സമാധാനത്തിന്റെ സന്ദേശവും ബഹുസ്വരതയുടെ ആത്മാവും തിരിച്ചറിയുന്ന ഒരാളെ അയാൾക്ക്‌ പകരം നിയമിക്കുക. അതുപോലെ ഓൺലൈനിൽ നിന്ന് തങ്ങളുടെ കുട്ടികൾ തീവ്രവാദ പ്രഭാഷണങ്ങൾക്ക് അടിമപ്പെടുന്നുണ്ടെങ്കിൽ അത് തുടക്കത്തിലേ തിരിച്ചറിയാനും വേണ്ട കൗൺസലിങ്ങുകൾ നൽകാനും മാതാപിതാക്കൾക്കും സാധിക്കണം. ഇനിയുള്ള കാലം ഇത്തരം ജാഗ്രതകളുടെ കൂടി കാലമായിരിക്കണം എന്നർത്ഥം. 

കാരണം ചുറ്റുപാടുകളിൽ നിന്നു നാം കേൾക്കുന്ന വാർത്തകൾ അത്രമേൽ ശുഭകരമല്ല. പച്ചയോടെ കഴുത്തറുക്കുന്ന വാർത്തകൾ, കൂട്ടത്തോടെ കുരുതി കഴിക്കുന്ന വാർത്തകൾ.. അത്തരം വാർത്തകൾ നമ്മുടെ പച്ചപ്പിലേക്കും കടന്നു വരാൻ ഇടയുണ്ട്. അതിനെ തമാശയാക്കി തള്ളരുത്. ജൂതന്റെ കളികളാണ്, അമേരിക്കക്കാരന്റെ തന്ത്രമാണ് എന്നെല്ലാം പറഞ്ഞു കൈ കഴുകരുത്. കാരണം ലളിതമാണ്. ഈയടുത്ത കാലത്തുണ്ടായ ഭീകര ആക്രമണങ്ങളിൽ ചാവേറായി പൊട്ടിത്തെറിച്ചവരെല്ലാം മുസ്‌ലിംകളാണ്. അവരിൽ ഒരു ജൂതനെ നാളിതു വരെ കണ്ടിട്ടില്ല. അഫ്‌ഗാനിലും ഇറാഖിലും സിറിയയിലും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മുസ്ലിംകളാണ്. ചാവേറായി പൊട്ടിച്ചിതറുന്നവനും പൊട്ടിച്ചിതറപ്പെടുന്നവരും മുസ്ലിംകളാണ്. അപ്പോൾ ഇതു ജൂതന്റെ കളിയാണ് എന്ന് പറഞ്ഞിരിക്കാനാവില്ല എന്ന് ചുരുക്കം. ഈ നാടകത്തിലെ പ്രധാന വേഷം കെട്ടിയാടുന്നവരെല്ലാം  മുസ്ലിംകളാണ് എന്നതാണ് നാം നേരിട്ട് കാണുന്ന യാഥാർത്ഥ്യം. ഇനി  ആരെങ്കിലും പിറകിൽ നിന്നു ചരട് വലിക്കുന്നുണ്ടെങ്കിൽ അത്തരം ചരട് വലികൾക്ക് അനുസരിച്ചു തുള്ളുന്ന പൊട്ടന്മാരായി മാറണമോ മുസ്ലിംകൾ എന്ന ചോദ്യവുമുണ്ട്.  ജൂതന്റെ കളിയാണ് എന്ന കോറസ് പാട്ട് നിർത്താൻ സമയമായിരിക്കുന്നു എന്ന് സാരം.

Varthamanam Daily 12 July 2016

മുസ്ലീം സമൂഹത്തിനകത്ത് നിന്ന് തന്നെ ശക്തമായ തീവ്രവാദ വിരുദ്ധ പ്രതിരോധം ഉണ്ടാവേണ്ടിയിരിക്കുന്നു. Not in my Name എന്ന് ഓരോ വിശ്വാസിയും പ്രഖ്യാപിക്കേണ്ട സമയമാണിത്. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ സർക്കാരുകൾക്കും നിയമപാലകർക്കും കൃത്യമായ കടമകളും റോളും ഉള്ളത് പോലെ മതവിശ്വാസികൾക്കും മഹല്ല് കമ്മറ്റികൾക്കും കൂടി അവരുടേതായ റോളുണ്ടാകണം. ഇത് ഒന്നിച്ചുള്ള പോരാട്ടമാണ്. എല്ലാ വിഭാഗത്തിന്റേയും മദ്രസകളിലെ സിലബസുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഇപ്പോഴുള്ള സിലബസുകൾ തീവ്രവാദത്തെ വളർത്താൻ സഹായിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് പറയുന്നത്. തീവ്രവാദത്തിന്റെ വഴികളിലേക്ക് നമ്മുടെ കുട്ടികൾ ഭാവിയിൽ വീഴാതിരിക്കാൻ അവരെ പ്രാപ്തരാക്കുന്ന വിധത്തിൽ ബഹുസ്വരതയുടെ സൗന്ദര്യവും ഇസ്‌ലാമിന്റെ സമാധാന സന്ദേശവും കൃത്യമായി അവരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന രൂപത്തിലുള്ള പാഠ്യപദ്ധതി ഇന്നത്തെ കാലം ആവശ്യപ്പെടുന്നുണ്ട്.

സാമുദായികമായ ഇത്തരം ജാഗരണ ശ്രമങ്ങളേയും ബോധവത്കരണ രീതികളേയും തള്ളിക്കളഞ്ഞു കൊണ്ട് ഇനി ആർക്കെങ്കിലും ഐ എസിലേക്ക് പോയേ തീരൂ എന്നുണ്ടെങ്കിൽ,  ഫെയ്‌സ്ബുക്കിൽ ഒരു സുഹൃത്ത് എഴുതിയത് പോലെ,  അവരെ എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാനുള്ള വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുക. നരകത്തിന്റെ വാതിലുകൾ അവർക്കായി തുറന്ന് കിടപ്പുണ്ട്. എവിടെയെങ്കിലും പോയി ചാകട്ടെ എന്ന് വെക്കുക. ചാവേർ ആകുകയോ പൊട്ടിച്ചിതറുകയോ നരകത്തിലേക്ക് ചാടുകയോ എന്താണെന്ന് വെച്ചാൽ അത്.. ഒറ്റ കണ്ടീഷൻ വെക്കണം. മേലാൽ ഇന്ത്യയിലേക്ക് തിരിച്ചു വരരുത്. കാരണം ഇവിടെ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ ജനതയുണ്ട്. അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാമുണ്ട്. മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുണ്ട്. മുടങ്ങാതെ പള്ളിയിലും അമ്പലത്തിലും പോകുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗം. ഈ സ്വർഗം മതിവരാതെ ഇറാഖിലും സിറിയയിലും പോയി ചാകാനാണ് വിധിയെങ്കിൽ അത് നടക്കട്ടെ. പാട്ടപ്പിരിവ് എടുത്തിട്ടാണെങ്കിലും അവരെ അങ്ങോട്ട് അയക്കുക. അത്തരം  വിഷജീവികളെ നമ്മുടെ മണ്ണിന് ആവശ്യമില്ല.

ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്നല്ല, പ്രശ്നങ്ങളുണ്ട്. പക്ഷേ അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ തന്നെയുണ്ട്. അതിന് വേണ്ട ഭരണഘടനയുണ്ട്. നിയമമുണ്ട്, നീതിയുണ്ട്. സംഘപരിവാർ അതിക്രമങ്ങളും ഫാസിസ്റ്റ് അജണ്ടകളും കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷേ അവക്കെതിരായ പോരാട്ടം ഐ എസിലൂടെയല്ല വേണ്ടത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിൽ വേരുറപ്പിച്ചു കൊണ്ടാണത് ചെയ്യേണ്ടത്. ജനാധിപത്യ മതേതര ശക്തികളോട് തോൾ ചേർന്ന് കൊണ്ടാണത് വേണ്ടത്. എന്തൊക്കെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും, ഇറാഖിലും സിറിയയിലും അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ജീവിക്കുന്ന മുസ്ലിംകളേക്കാൾ അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യൻ മുസ്ലിംകൾ ജീവിക്കുന്നത്. അവിടങ്ങളിലുള്ള ന്യൂനപക്ഷങ്ങളേക്കാൾ പതിന്മടങ്ങ് സുരക്ഷിതരുമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ. മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആ മതം പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യമുള്ള മണ്ണാണിത്. മുസ്ലിമായി ജീവിക്കാനും മുസ്ലിമായി തന്നെ മരിക്കാനും കഴിയുന്ന മണ്ണ്. പ്രവാചക കാലത്ത് തന്നെ ഇസ്‌ലാമിനെ വരവേല്ക്കുകയും അതിന് വളരാനും പടരാനും അവസരമൊരുമൊരുക്കയും ചെയ്ത മതേതര ഭൂമി. ആ മണ്ണുപേക്ഷിച്ച് പീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട്  പറയാനുള്ളത് 'പോടാ പോയി ചാകെടാ' എന്ന് മാത്രമാണ്.

Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍