തും ബിൽകുൽ ഹം ജയ്സേ നിക് ലേ

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ വാർത്ത പുറത്ത് വന്ന ഉടനെ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ ഒരു സ്റ്റാറ്റസിട്ടു. "എന്റെ ട്രമ്പുരാനേ!".. അവിശ്വസനീയമായ ഒരു വാർത്തയുടെ കടന്നു വരവ് പോലെ അത്തരമൊരു ഞെട്ടൽ ലോകത്ത് എല്ലായിടത്തും പ്രകടമായിരുന്നു. മാധ്യമങ്ങളുടെ സർവേകളും തിരഞ്ഞെടുപ്പ് വിശാരദന്മാരുടെ പ്രവചനങ്ങളും ഹിലാരി ക്ലിന്റന് അനുകൂലമായിരുന്നു. അമേരിക്കൻ ജനതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാറുള്ള തെരഞ്ഞെടുപ്പ് ഡിബേറ്റുകളിലും തിളങ്ങിയത് ഹിലാരി തന്നെയായിരുന്നു. ഇമെയിൽ വിവാദത്തിന്റെ കരിനിഴൽ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ രണ്ട്‌ ദിവസം മുമ്പ് എഫ് ബി ഐ അവർക്ക് ക്ളീൻ ചിറ്റ് നൽകിയതോടെ വൻഭൂരിപക്ഷത്തിന്‌ ഹിലാരി ജയിച്ചു കയറുമെന്ന് പൊതുവിൽ വിലയിരുത്തപ്പെട്ടു. പക്ഷേ ഫലം വന്നപ്പോൾ നേരെ തിരിച്ചാണുണ്ടായത്.   "എന്റെ ട്രമ്പുരാനേ!" എന്ന് തലയിൽ കൈവച്ചു പോകുന്ന ജനവിധി.

പാക്കിസ്ഥാനി കവയത്രിയും ആക്ടിവിസ്റ്റുമായ ഫഹ്മിദ റിയാസിന്റെ പ്രശസ്തമായ ഒരു കവിതയുണ്ട്. ഇന്ത്യയിൽ വർഗീയ ശക്തികൾ വേര് പിടിക്കുകയും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പാർലമെന്റിലെത്തുകയും ചെയ്ത അവസരത്തിലാണ് അവർ ഈ കവിത എഴുതിയത്. അതിന്റെ തലക്കെട്ട് ഇതായിരുന്നു. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ".. 

നിങ്ങളുമിപ്പോൾ ഞങ്ങളെപ്പോലെത്തന്നെയായി എന്നാണ് ഈ കവിതയിലൂടെ ഫഹ്മിദ പറയുന്നത്. മതതീവ്രവാദത്തിന്റെ നരകയാതനകളിലൂടെയാണ് ഇപ്പോൾ പാക്കിസ്ഥാൻ കടന്നുപോകുന്നതെന്നും അതേ യാതനകളിലേക്ക് തന്നെയാണ് ഇന്ത്യയും നടന്നടുക്കുന്നത് എന്നും അവർ  പറഞ്ഞു.  പാക്കിസ്ഥാനിലെ മതതീവ്രവാദത്തിനെതിരെ അഭിപ്രായങ്ങൾ തുറന്നെഴുതുന്നതിന് പല വിധ എതിർപ്പുകൾ നേരിട്ട ഫഹ്മിദ സിയാവുൽ ഹഖിന്റെ പട്ടാള ഭരണ കാലത്ത് ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ട്. മറ്റൊരു പാക്കിസ്ഥാനാകാൻ നിങ്ങൾ ശ്രമിക്കാതിരിക്കൂ, മതേതര ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കുന്ന ഇന്ത്യയായി തന്നെ തുടരൂ എന്ന വലിയ സന്ദേശമാണ് ഈ കവിത ഇന്ത്യയോട് പറയുന്നത്. ഫഹ്മിദയുടെ ഇതേ കവിതയിപ്പോൾ അമേരിക്കയെ നോക്കി പാടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ".

മതലിംഗവർണഭേദമന്യേയുള്ള പൗരാവകാശങ്ങളുടേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും ഉദാത്ത ഭൂമിയായി അറിയപ്പെട്ടിരുന്ന അമേരിക്ക മതഭ്രാന്തിന്റേയും വംശീയ വികാരങ്ങളുടെയും ഫാസിസ്റ്റ് ഭൂമിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് കടന്നു കയറുകയാണോ എന്ന സംശയം ബലപ്പെട്ടുവരികയാണ്. കടുത്ത വംശീയ വാദമാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ഉയർത്തിയത്. മുസ്‌ലിംകൾക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കണമെന്ന വർഗ്ഗീയ നിലപാടോടെയാണ് അദ്ദേഹം പ്രചാരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ടത് തന്നെ. കറുത്ത വർഗ്ഗക്കാർക്കും അഭയാർത്ഥികൾക്കുമെതിരെയുള്ള കടുത്ത നിലപാടുകളിലൂടെ തീവ്രവലത് ചിന്തയുടെ വക്താവായി അദ്ദേഹം മാറി. അമേരിക്കൻ സാമൂഹ്യക്രമത്തിൽ വെളുത്ത വർഗക്കാർ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്നും ഈ സ്ഥിതിക്കൊരു മാറ്റം വേണമെന്നുമാണ് പ്രത്യക്ഷമായും പരോക്ഷമായും ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. ഇത്ര പരസ്യമായി വംശവെറിയും വർണവെറിയും യാതൊരു സങ്കോചവുമില്ലാതെ തുറന്നു പറഞ്ഞ ഒരാൾ ഉന്നത മാനുഷിക മൂല്യങ്ങളാൽ പ്രചോദിതരെന്ന് കരുതപ്പെടുന്ന ഒരു സമൂഹം എങ്ങിനെ തങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു എന്ന ചോദ്യം കൂടുതൽ പഠനങ്ങൾ അർഹിക്കുന്നുണ്ട്.


സാധാരണ ഗതിയിൽ അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ചർച്ചയാകാറുള്ളത് സാമ്പത്തിക വളർച്ച, ഇൻഷുറൻസ് പദ്ധതികൾ, തൊഴിൽ സാധ്യതകൾ, വിദേശനയം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അവയൊന്നും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. ഡിബേറ്റുകളിൽ അവ പരാമർശിക്കപ്പെട്ടില്ല എന്നല്ല, ജനങ്ങളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുമാറുള്ള വിഷയമായി അവയൊന്നും മാറപ്പെട്ടില്ല. വിദേശ രാജ്യങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചുമുള്ള അവബോധം, അമേരിക്കൻ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമുള്ള ധാരണ തുടങ്ങി ഒരു അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഉണ്ടായിരിക്കേണ്ട പ്രാഥമിക വിവരങ്ങളുടെ കാര്യത്തിൽ ട്രംപ് ഒരു വലിയ പൂജ്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളിലും ഡിബേറ്റുകളിലും അവ വ്യക്തമായതാണ്. എന്നാൽ അവയൊന്നും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകപ്പെട്ടില്ല. എന്തിനധികം, സ്ത്രീകളെക്കുറിച്ചുള്ള ട്രംപിന്റെ വിവാദ പരാമർശങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നു വന്ന നിരവധി ലൈംഗിക പീഡന ആരോപണങ്ങൾ പോലും തിരഞ്ഞെടുപ്പ് ഗോദയിൽ ചൂടുപിടിച്ചില്ല. അമേരിക്കൻ പതിവുകൾക്ക് വിപരീതമായിരുന്നു ഇവയൊക്കെയും.

പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ധാർമിക വിശുദ്ധിയും കുടുംബ ജീവിതവും  അമേരിക്കൻ ജനതയുടെ തിരഞ്ഞെടുപ്പ് പരിഗണനകളിൽ പരമ്പരാഗതമായ സ്ഥാനം പിടിക്കുന്ന ഘടകങ്ങളാണ്. പല വമ്പന്മാരും പരാജയത്തിന്റെ രുചിയറിഞ്ഞത് ഈ രംഗത്തെ ചില 'ചാപല്യങ്ങളുടെ' പേരിലാണ്. പിന്നെ എന്ത് കൊണ്ട് ഈ തിരഞ്ഞെടുപ്പിൽ മാത്രം അവയൊന്നും പരിഗണിക്കപ്പെട്ടില്ല എന്ന ചോദ്യം പ്രസക്തമാണ്. അവിടെയാണ് ട്രംപ് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ തുടക്കത്തിൽ ഉയർത്തിയ ഇസ്‌ലാമോഫോബിയയും വർണ വെറിയും  പ്രസക്തമാവുന്നത്. ഇവ രണ്ടും ഈ തിരഞ്ഞെടുപ്പിലെ  വിധി നിർണായക ഘടകങ്ങളായി മാറി എന്നത് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. പുറമേക്ക് ശാന്തമെന്ന് തോന്നിയെങ്കിലും ആഴത്തിലുള്ള അടിയൊഴുക്കളും ചുഴികളും സൃഷ്‌ടിച്ച വംശീയ വികാരങ്ങളാണ് അമേരിക്കൻ വോട്ടർമാരിൽ ഇത്തവണ പ്രകടമായത്. മാധ്യമങ്ങളുടെ പ്രവചനങ്ങളേയും എക്സിറ്റ് പോളുകളേയും പറ്റിച്ചതും ഈ വികാരങ്ങൾ തന്നെയായിരുന്നു. സ്വാഭാവികമായും ഭൂരിപക്ഷം പേരും അത്തരം വികാരങ്ങൾ തുറന്ന് പറഞ്ഞില്ല. ഏത് മാനദണ്ഡങ്ങൾ വെച്ചളന്നാലും പരിഗണിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരു സ്ഥാനാർത്ഥിക്കാണ് തങ്ങൾ വോട്ട് ചെയ്യുന്നത് എന്ന് പറയാൻ പലരും മടിച്ചു. അതേ സമയം ട്രംപ് ഉയർത്തിയ വർണ വികാരങ്ങളും ഇസ്‌ലാമോഫോബിയയും അവരുടെ മനസ്സുകളിൽ തിളച്ചു മറിയുകയും ചെയ്തു.


ട്രംപിന്റെ കണക്കുകൂട്ടലുകൾ വളരെ കൃത്യമായിരുന്നു. അമേരിക്കൻ ജനസംഖ്യയുടെ വംശീയ ശതമാനക്കണക്കിലാണ് അദ്ദേഹം ആദ്യമായും അവസാനമായും കണ്ണ് വെച്ചിരുന്നത്. അതിനെ സ്വാധീനിക്കാനും മാറ്റി മറിക്കാനും പറ്റുന്ന സ്ട്രാറ്റജിയാണ് തുടക്കം മുതൽ അദ്ദേഹം പയറ്റിയത്. രണ്ടായിരത്തി പതിമൂന്നിലെ കണക്കുകൾ പ്രകാരം അമേരിക്കൻ ജനതയിൽ 77.7 ശതമാനം വെളുത്ത വർഗക്കാരാണ്. അതിൽ തന്നെ 62.6 ശതമാനം നോൺ ഹിസ്പാനിക് വൈറ്റ്‌സ് വിഭാഗത്തിലാണ് പെടുന്നത്. അതായത് ലാറ്റിൻ ഹിസ്പാനിക് കലർപ്പുകളില്ലാത്ത ശുദ്ധ വെള്ളക്കാർ. കറുത്ത വർഗക്കാരും മറ്റ് കുടിയേറ്റ വംശക്കാരുമൊക്കെ ഇതുകഴിഞ്ഞുള്ള ശതമാനത്തിലാണ് പെടുന്നത്. ഈ ശതമാനകണക്കുകൾ നൽകുന്ന വംശീയ രസതന്ത്രത്തെ ഉദ്ധീപിപ്പിച്ചാൽ വിജയം സുനിശ്ചിതമെന്ന് അയാൾ കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ അമേരിക്കയിലും അമേരിക്കക്ക് പുറത്തും അദ്ദേഹത്തിന്റെ വംശീയ പ്രസ്താവനകൾക്കെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്ന് വന്നപ്പോഴും അദ്ദേഹം കുലുങ്ങാതെ പിടിച്ചു നിന്നു. എതിർപ്പുകളുടെ രൂക്ഷതക്ക് അനുഗുണമായി താൻ മനസ്സിൽ കണ്ട ജനസംഖ്യാ രസതന്ത്രം പ്രവർത്തിച്ചു തുടങ്ങുമെന്ന് അയാൾ കണക്കുകൂട്ടി. ആ കണക്കു കൂട്ടൽ കൃത്യമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയും ചെയ്തു. ട്രംപിന്റെ വ്യക്തിപരമായ പരിമിതികളേയും വിടുവായത്തങ്ങളേയും അതിജയിക്കുവാൻ തക്കതായ കരുത്ത് വംശീയ അടിയൊഴുക്കുകൾക്ക് ഉണ്ടായിരുന്നു എന്നർത്ഥം.

മൻഹാട്ടനിൽ നടന്ന ട്രംപിന്റെ വിജയാഹ്ലാദറാലിയിൽ  "We hate Muslims, We hate blacks, we want our great country back" എന്ന് ആയിരക്കണക്കിനാളുകൾ മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ കടക്കുന്നതിൽ നിന്ന് മുസ്‌ലിംകളെ തടയണമെന്നും പതിനൊന്ന് മില്ല്യൺ അഭയാർത്ഥികളെ നാടുകടത്തണമെന്നും അമേരിക്കക്കും മെക്സിക്കോക്കുമിടയിൽ മതിൽ പണിയണമെന്നും പറയുന്ന ഒരാൾ തിരഞ്ഞെടുപ്പിൽ ജയിച്ചു കയറണമെങ്കിൽ വംശീയതയുടെ രാഷ്ട്രീയ രസതന്ത്രത്തിന് എത്രമേൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ സാധിച്ചു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആഗോള തലത്തിലെ സമകാലിക സംഭവങ്ങൾക്ക് ട്രംപ് മുന്നോട്ട് വെച്ച വിഭജന രാഷ്ട്രീയത്തെ ശക്തമാക്കുന്നതിൽ വലിയ പങ്കുണ്ടായിട്ടുണ്ട്. ഐ എസ് എന്ന ഭീകര സംഘടന ഉയർത്തിയ വെറുപ്പിന്റെ രാഷ്ട്രീയവും ഭയവും റിപ്പബ്ലിക്കൻ പ്രചാരണങ്ങളേക്കാൾ ട്രമ്പിനെ സഹായിച്ചിട്ടുണ്ട് എന്ന് കാണാൻ കഴിയും.  ഇസ്‌ലാമിക ഖിലാഫത്ത് എന്ന പേരിൽ നടത്തപ്പെട്ട കൂട്ടക്കുരുതികളും പരസ്യമായ തലയറുക്കലുകളും പ്രാകൃതമായ മനുഷ്യാവകാശ ലംഘനങ്ങളും ലോകവ്യാപകമായി സാമാന്യ ജനങ്ങളിൽ ഒരു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങൾ മുന്നോട്ട് വെക്കുന്ന സമാധാന സാമൂഹ്യ വ്യവസ്ഥയുടെ ബാലപാഠങ്ങൾ പോലും പഠിച്ചിട്ടില്ലാത്ത മൃഗതുല്യരായ ഒരു തെമ്മാടിക്കൂട്ടം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭീകരതകൾ ഇസ്‌ലാമോഫോബിയയായി പാശ്ചാത്യൻ നാടുകളിൽ പടർന്നു വരുന്നുണ്ട് എന്ന വസ്തുതയെ ആർക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ലോകത്തെങ്ങുമുള്ള മുസ്ലീം ജനവിഭാഗങ്ങളിൽ എടുത്തുപറയാവുന്ന ഒരു മൈക്രോ ശതമാനം പോലും ഇത്തരം ഭീകരരെ ഇസ്‌ലാമിന്റെ വക്താക്കളായി അംഗീകരിക്കുന്നില്ല എങ്കിലും, ഐസിസിന്റെ ഭീകരതകൾ മുഴുവൻ ഇസ്‌ലാമിന്റെ പേരിൽ വരവ് വെച്ചു കൊണ്ട് ആഗോളതലത്തിൽ ഒരു ഫോബിയ സൃഷ്ടിക്കുവാൻ പാശ്ചാത്യ മാധ്യമരംഗത്ത് ശ്രമങ്ങളുണ്ടായിട്ടുണ്ട്. ആ ശ്രമങ്ങളിൽ അവർ വിജയിക്കുകയും ചെയ്തു. മാധ്യമങ്ങൾ വളർത്തിയെടുത്ത അത്തരമൊരു ഫോബിയയെ സമർത്ഥമായി ഉപയോഗപ്പെടുത്താൻ ട്രംപിന് കഴിഞ്ഞു.


ട്രംപ് അമേരിക്കൻ പ്രസിഡന്റാവുന്നതിന് വേണ്ടി ഇന്ത്യയിലെ സംഘപരിവാരം അതിയായി ആഗ്രഹിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ വംശീയ നിലപാടുകൾ മാത്രമായിരുന്നു കാരണം. ഫോറിൻ പോളിസിയിലും വിദേശ തൊഴിൽ നയങ്ങളിലും തീവ്രവലതു നിലപാടുകളാണ് ട്രംപിൽ നിന്നുണ്ടാകാനുള്ള സാധ്യതകൾ എന്നതിനാൽ ഇന്ത്യയെയും ഇന്ത്യക്കാരേയും അവ സാരമായി ബാധിക്കാനിടയുണ്ട് എന്ന് തിരിച്ചറിയുമ്പോഴും ട്രംപ് വരണേ എന്ന് പ്രാർത്ഥിക്കുന്ന അവസ്ഥ. ഇന്ത്യയിൽ സംഘപരിവാരം വളർത്താൻ ശ്രമിക്കുന്ന വംശീയ വിദ്വേഷത്തിന്റെ പകർപ്പ് ഡൊണാൾഡ് ട്രംപിൽ കണ്ട് പകൽകിനാവുകൾ രൂപപ്പെടുന്ന പ്രതിഭാസം. വർഗ്ഗീയ വിഭജനത്തിന്റെ കാഹളമുയർത്തി അധികാരത്തിലെത്തിയ മോദിയോടുള്ള താരാരാധന അതേ സ്വഭാവഗുണങ്ങൾ പ്രകടിപ്പിച്ച മറ്റൊരു ലോകനേതാവിനോടുണ്ടാകുന്ന ഒരേ തൂവൽപക്ഷി മനസ്സ്.. രാജ്യതാത്പര്യങ്ങളേക്കാൾ വംശീയ താത്പര്യങ്ങൾ മേൽക്കോയ്മ നേടുന്ന മാനസികാവസ്ഥയെന്നും പറയാം.

ക്യാമ്പയിനുകളിൽ വോട്ട് നേടാൻ വേണ്ടി ഉയർത്തിയ വംശീയ ഭ്രാന്തിന്റെ അലയൊലികൾ ട്രംപിൻറെ ഭരണത്തിലുണ്ടാകുമോ ഇല്ലയോ എന്നത് കാലമാണ് തെളിയിക്കേണ്ടത്. ആത്യന്തികമായി അമേരിക്ക അമേരിക്ക തന്നെയാണ്. സാമ്രാജ്യത്വ നിലപാടുകളിലും അടിസ്ഥാനപരമായ സമീപനങ്ങളിലും എല്ലാ പ്രസിഡന്റ്മാരും ഏറെക്കുറെ തുല്യരായ ഒരു ചരിത്രമാണ് ലോകത്തിന് മുന്നിലുള്ളത്. ഫലപ്രഖ്യാപനം വന്ന ശേഷം നടത്തിയ ആദ്യ പ്രഭാഷണത്തിൽ ക്യാമ്പയിനുകളിൽ നിന്ന് വ്യത്യസ്തമായി മഞ്ഞുരുക്കുന്ന ഒരു സമീപനമാണ് ട്രംപ് സ്വീകരിച്ചത്. അത്തരമൊരു മഞ്ഞുരുക്കൽ സമീപനം തുടർനയങ്ങളിലും നടപടകളിലും പ്രതീക്ഷിക്കാൻ പറ്റുമോ എന്ന് ഇപ്പോൾ പറയുക വയ്യ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. കറുത്തവർക്കെതിരെ ശക്തി പ്രാപിക്കുന്ന വെളുപ്പിന്റെ രാഷ്ട്രീയം ലോകത്തിന്റെ വിവിധ കോണുകളിൽ തലയുയർത്തിത്തുടങ്ങിയിട്ടുണ്ട്.  വംശീയതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയം ആഗോള തലത്തിൽ തന്നെ ശക്തി പ്രാപിച്ചു വരികയും ചെയ്യുന്നുണ്ട്.  അവർ, നിങ്ങൾ, ഞങ്ങൾ, കറുത്തവർ, വെളുത്തവർ, മുസ്ലിംകൾ, ഹിന്ദുക്കൾ, കൃസ്ത്യാനികൾ എന്നിങ്ങനെ മനുഷ്യ വംശത്തെ വിഭജിച്ചെടുക്കുന്ന രാഷ്ട്രീയം കൂടുതൽ കൂടുതൽ മേൽക്കോയ്മ നേടുന്നതായാണ് സമകാലിക സംഭവികാസങ്ങൾ തെളിയിക്കുന്നത്.   മനുഷ്യനെന്ന സ്വത്വത്തിൽ നിന്ന് അവനെ അടർത്തിയെടുക്കാത്ത രാഷ്ട്രീയങ്ങൾ പൊതുവെ ദുർബലമായി വരികയും സങ്കുചിത സ്വത്വങ്ങൾ രൂപപ്പെടുത്തുന്ന രാഷ്ട്രീയങ്ങൾ ശക്തിപ്പെട്ടുവരികയും ചെയ്യുന്ന അവസ്ഥയാണിത്. വരും കാലങ്ങളിൽ മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതായിരിക്കും.

(ശബാബ് വാരികക്ക് വേണ്ടി എഴുതിയത് - Nov 18, 2016)

Recent Posts
ഏകസിവിൽകോഡ് : 'വാറുണ്ണി'യാകുന്ന മുസ്‌ലിം നേതാക്കൾ
പോടാ, പോയി ചാകെടാ !
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?