October 31, 2016

ഏകസിവിൽകോഡ് : 'വാറുണ്ണി'യാകുന്ന മുസ്‌ലിം നേതാക്കൾ

ഗ്രാമത്തിൽ പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ രംഗത്തെത്തുന്ന സാഹസികനാണ് വാറുണ്ണി. മമ്മൂട്ടി തകർത്തഭിനയിച്ച മൃഗയയിലെ കഥാപാത്രം.  പുലി നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ജീവന് ഭീഷണിയുയർത്തിയപ്പോൾ വാറുണ്ണി ജീവൻ പണയം വെച്ച് പുലിയോട് ഏറ്റുമുട്ടാനെത്തുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടുകാർക്ക് രണ്ട് ശത്രുക്കളായി. വാറുണ്ണിയും പുലിയും. അതിന് ഒരളവോളം വാറുണ്ണിയുടെ 'സ്വാഭാവഗുണവും' കാരണമായിട്ടുണ്ട്. വാറുണ്ണിക്ക് പാര പണിയാൻ നാട്ടിൽ പലരും രംഗത്തെത്തി. നാട്ടിലെ സകല അലമ്പുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പുലിയോട് ഏറ്റുമുട്ടി വാറുണ്ണി ചത്താലും കുഴപ്പമില്ല, വാറുണ്ണിയോട് ഏറ്റുമുട്ടി പുലി ചത്താലും കുഴപ്പമില്ല എന്നതായിരുന്നു അവരുടെ ലൈൻ. രണ്ട് ശത്രുക്കളിൽ ഒരെണ്ണം കുറഞ്ഞുകിട്ടുമല്ലോ. ഏതാണ്ട് ഇതുപോലെയാണ് ഏകസിവിൽ കോഡിന് എതിരെ പൊരുതാനിറങ്ങിയ മുസ്‌ലിം സംഘടനാ നേതാക്കളുടെ അവസ്ഥ. താത്വികമായി ഏക സിവിൽ കോഡിന് എതിരാണ് ഏതാണ്ടെല്ലാ മതനേതാക്കളും പുരോഹിതന്മാരും. ഗ്രാമത്തിലെ മൊത്തം ജനങ്ങൾ പുലിക്കെതിരായ പോലെ. അതിൽ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും സിക്കുകാരും പാഴ്സികളുമെല്ലാമുൾപ്പെടും. കാരണം വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ  തുടങ്ങി മതശാസനകൾ നിലനില്ക്കുന്ന മേഖലകളിൽ ഓരോ മതവിശ്വാസിക്കും ഏറെക്കുറെ അവരുടെ മതനിയമങ്ങൾക്കനുനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നല്കുന്നുണ്ട്. അതിനനുസരിച്ച് ഓരോ മതവിഭാഗങ്ങൾക്കും വെവ്വേറെ നിയമങ്ങളും ഇന്ത്യയിലുണ്ട്. പക്ഷേ ഏക സിവിൽകോഡിനെതിരേ യുദ്ധം നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് വാറുണ്ണിയുടെ റോളിത്തെത്തുന്ന മുസ്‌ലിം മതനേതാക്കളാണ്. ബാക്കിയുള്ളവരൊക്കെ വാറുണ്ണിക്ക് പാര പണിയുന്ന തിരക്കിലും. ഞാനൊറ്റക്ക് ചെയ്യേണ്ട പോരാട്ടമാണോ ഇതെന്ന് ഇവിടെ വാറുണ്ണിയാണ് ചിന്തിക്കേണ്ടത്.

ഇന്ത്യയിൽ മുസ്‌ലിം, കൃസ്ത്യൻ, പാഴ്സി തുടങ്ങിയ മത വിഭാഗങ്ങൾക്ക് പ്രത്യേകം വിവാഹ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളുമുണ്ട്. ഇതിൽ പെടാത്തവരൊക്കെ ഹിന്ദു വിവാഹ - പിന്തുടർച്ചാവകാശ നിയമങ്ങളുടെ പരിധിയിലാണ് പെടുക. അതായത് ഹിന്ദു മതത്തിലെ വിവിധ അവാന്തര വിഭാഗങ്ങൾ, ബുദ്ധ ജൈന സിക്ക് മത വിശ്വാസികൾ എന്നിവരും ഹിന്ദു വിവാഹ പിന്തുടർച്ചാവകാശ  നിയമത്തിന്റെ പരിധിയിൽ പെടും. സിക്ക് മതവിശ്വാസികൾക്ക് പ്രത്യേകമായി ഒരു വിവാഹ നിയമം (ആനന്ദ് വിവാഹ നിയമം) രണ്ടായിരത്തി പന്ത്രണ്ടിൽ പാസ്സാക്കിയതോടെ അവർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള  വിവാഹ നിയമവും നടപ്പിലായി. ഒരു മതത്തിന്റേയും നിയമങ്ങൾ പിന്തുടരാൻ  താത്പര്യമില്ലാത്തവർക്കായി സ്പെഷ്യൽ മാരേജ് ആക്ടും (1954) നിലവിലുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങൾക്ക് അവരുടെ മതവിശ്വാസ ആചാരങ്ങൾക്കനുസൃതമായ നിയമങ്ങൾ വിവാഹ- പിന്തുടർച്ചാവകാശ മേഖലകളിലുണ്ട്. അതായത് ഇത് മുസ്ലിംകളുടെ മാത്രം വിഷയമല്ല എന്നർത്ഥം. അതുകൊണ്ടു തന്നെ ഏകസിവിൽകോഡ് വിഷയത്തിൽ വരുന്ന ഏത് നിയമനിർമാണവും ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളെ ബാധിക്കുന്നതാകയാൽ പൊതുവായ ചർച്ചകളും സംവാദങ്ങളുമാണ് ഈ വിഷയത്തിൽ ഉയർന്ന് വരേണ്ടത്.

വിശ്വാസ വൈവിധ്യങ്ങളെ ആദരിക്കുകയും ബഹുസ്വരതയുടെ സൗന്ദര്യത്തെ നിയമപരമായി അംഗീകരിക്കുകയുമാണ് ചില പ്രത്യേക വിഷയങ്ങളിൽ അതാത്‌ മതവിഭാഗങ്ങളുടെ വിശ്വാസ രീതികൾക്ക് അനുസരിച്ച നിയമനിർമാണങ്ങൾ നടപ്പിലാക്കാൻ അവസരമൊരുക്കുക വഴി ഇന്ത്യൻ ഭരണഘടന ചെയ്യുന്നത്. അത്തരം നിയമങ്ങളെ സ്ക്രാപ്പ് ചെയ്തുകൊണ്ട് ഏകസിവിൽകോഡ് വരുന്നതിനെ അനുകൂലിക്കുന്നവർ എല്ലാ മതവിഭാഗങ്ങളിലും വളരെ കുറച്ചേ ഉണ്ടാവൂ. സംഘപരിവാരം പോലും താത്വികമായി ഏകസിവിൽ കോഡിനെ അംഗീകരിക്കുകയില്ല. ഹിന്ദു ആചാരങ്ങളും നടപടിക്രമങ്ങളും ഒരു പൊതു സിവിൽകോഡായി വരുന്ന ഘട്ടത്തിലല്ലാതെ അവർ അതിന് പിന്തുണ പ്രഖ്യാപിക്കാനുമിടയില്ല. ഏക സിവിൽ കോഡിനെതിരെയുള്ള പോരാട്ടം സാമുദായികമായി ചെയ്യേണ്ട  ഒന്നല്ല എന്ന് ബോധ്യം വന്നാൽ നിലവിലുള്ള നിയമ വ്യവസ്ഥ തുടരുന്നതിന് വേണ്ടി ഇത്തരം ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന എല്ലാ മതവിശ്വാസികളുടേയും ഒരു കൂട്ടായ്‌മക്ക് ശ്രമിക്കുകയാണ് മുസ്‌ലിം നേതൃത്വം ചെയ്യേണ്ടത്.


അതോടൊപ്പം മുസ്‌ലിം മതനേതാക്കളും പുരോഹിതന്മാരും കാര്യഗൗരവമായി ചിന്തിക്കേണ്ട മേഖല മറ്റൊന്നാണ്. ശരീഅത്ത് നിയമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പ്രവണതകൾക്കെതിരെ സമുദായത്തിനകത്ത് നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നത്. പക്ഷേ ആ ദിശയിൽ മുസ്‌ലിം നേതാക്കളുടെ ഭാഗത്ത് നിന്ന് മാത്രമല്ല, മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. വൈവാഹിക സംബന്ധമായ മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് ഇന്ത്യയിൽ ഏറെ വിവാദമുയർത്തിയ ഷാബാനു കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന വസ്തുത ഇത്തരമൊരു വിവാദത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇസ്‌ലാമിക നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഷാബാനുവിന്റെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ സ്വീകരിച്ച ചില സമീപനങ്ങളാണ് എന്നതാണ്. ഷാബാനുവിനെ വിവാഹം കഴിച്ച ഖാൻ പതിനാലു വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം കഴിക്കുന്നു. പ്രായം കുറഞ്ഞ മറ്റൊരു പെണ്ണിനെ..  അവളും അതേ വീട്ടിലേക്ക് കയറി വരുന്നു. ഷാബാനുവിൽ ഇതിനകം അഞ്ചു കുട്ടികളുണ്ട്. രണ്ട് ഭാര്യമാരും ഒരുമിച്ചു താമസിക്കുന്നു. ഷാബാനുവിന് അറുപത്തിരണ്ട്‍ വയസ്സുള്ളപ്പോൾ അവരേയും കുട്ടികളേയും ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കുന്നു. മാസം ഇരുന്നൂറ് രൂപയാണ് അവർക്ക് അദ്ദേഹം ചിലവിന് കൊടുത്തിരുന്നത്. അത് പോലും ലഭിക്കാതായപ്പോഴാണ് ഷാബാനു കോടതിയിൽ പോകുന്നത്.

പ്രാദേശിക കോടതിയിൽ നിന്ന് ഷാബാനുവിന് അനുകൂലമായ വിധിയുണ്ടാകുന്നു. ആ വിധിയെ മറികടക്കാനാണ് ഭർത്താവ് മുഹമ്മദ് ഖാൻ ഷാബാനുവിനെ മുത്തലാഖ് ചൊല്ലി സുപ്രിം കോടതിയിൽ പോകുന്നത്. അതിനെത്തുടർന്നാണ് ജീവനാംശ സംബന്ധമായ സുപ്രിം കോടതിയുടെ വിവാദ വിധിയുണ്ടാകുന്നതും മുസ്‌ലിംകളുടെ പക്ഷത്ത് പ്രക്ഷോഭകൊടുങ്കാറ്റ് ആരംഭിക്കുന്നതും. ആ വിധിയുടെ ഇസ്‌ലാമിക മാനം ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആ വിധിയിലേക്ക് നയിച്ച സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഭർത്താവിനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്ന മത മേലദ്ധ്യക്ഷൻമാർക്കും വ്യക്തമായ പങ്കുണ്ട്. ഭാര്യയ്ക്കും മക്കൾക്കും ചിലവിന് കൊടുക്കാതെ സാമ്പത്തിക കഴിവുകൾ ഏറെയുണ്ടായിട്ടും അവരെ തെരുവിലേക്ക് തള്ളിയ ഭർത്താവാണ് ഒന്നാം പ്രതി. കോടതിയിൽ നിന്ന് വിധിയുണ്ടായപ്പോൾ ആ വിധിയെ മറികടക്കാൻ തലാഖ് ചൊല്ലിയതും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി തന്നെ. പറഞ്ഞു വരുന്നത് ഇതാണ്, ഇസ്‌ലാമിക നിയമങ്ങളെ മുസ്‌ലിം പുരുഷന്മാർ തന്നെ പരസ്യമായി വ്യഭിചരിക്കുമ്പോൾ ആ വ്യഭിചാരങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പുരോഹിതന്മാരും സമുദായ നേതൃത്വവുമാണ് ഏകസിവിൽകോഡിന് വേണ്ടി മുറവിളി കൂട്ടുവാൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഷാബാനു കേസ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.


മുത്തലാഖ് വിഷയമെടുക്കാം. (മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത്) . അങ്ങിനെയൊരു പരിപാടി തന്നെ ഇസ്‌ലാമിലില്ല. വിവാഹ മോചനത്തിന് ഇസ്‌ലാം ധാരാളം മുന്നുപാധികൾ മുന്നോട്ട് വെക്കുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹ മോചനമാണെന്നാണ് പ്രവാചകൻ പറഞ്ഞത്. വിവാഹ ജീവിതത്തിൽ ഒന്നിച്ചു പോകാൻ പ്രയാസമാണെന്ന് തോന്നുന്ന ഘട്ടത്തിൽ ത്വലാഖ് എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭാര്യയും ഭർത്താവും രമ്യമായ പരിഹാര മാർഗങ്ങൾ തേടണം. ധാരാളം നിർദേശങ്ങൾ ഇതിനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് പുറമേ ഇരു കുടുംബങ്ങളിലേയും ബന്ധപ്പെട്ടവർ തമ്മിൽ ചർച്ചകൾ നടത്തണം.
ഒരു നിലയ്ക്കും മുന്നോട്ട് പോകാൻ സാധ്യമല്ല എന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമാണ് ഇസ്‌ലാം ത്വലാഖ് അനുവദിക്കുന്നത്. അത് തന്നെ ഒരു തവണ. ത്വലാഖ് ചൊല്ലിയ ശേഷം വീണ്ടുവിചാരം ഉണ്ടാവുകയും വേണ്ടിയിരുന്നില്ല എന്ന് ഇരുവർക്കും തോന്നുകയും ചെയ്‌താൽ ഒരുമിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു ത്വലാഖ് മാത്രം ചൊല്ലുന്നത് വഴി ഉണ്ടാകുന്നത്. അങ്ങനെ മൂന്ന് ത്വലാഖുകൾ മൂന്ന് ജീവിത ഘട്ടങ്ങളിലായി ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അവരുമായി പുനർ വിവാഹത്തിന് കടുത്ത നിബന്ധനകൾ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ 'മുത്തലാഖ്' എന്ന പേരിൽ ഇപ്പോൾ പലരും ചെയ്യുന്നത് കൊടിയ പാപമാണ്. ഒറ്റയടിക്ക് മൂന്ന് ത്വലാഖുകൾ ചൊല്ലുക. അതും ടെലിഫോണിലൂടെയും വാട്സ്ആപ്പിലൂടെയും വരെ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുപ്രിം കോടതി ഇടപെട്ടിട്ടില്ലെങ്കിൽ പോലും മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം അസംബന്ധങ്ങളെ മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും അനുവദിച്ചു കൊടുക്കരുത്. മതത്തിന്റെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നവരെ തടയാനും കണ്ണീർ കുടിക്കുന്ന പെണ്ണിന്റെ കൂടെ നില്ക്കാനും അവർക്ക് സാധിക്കണം. അതിലാണ് മതമുള്ളത്, മനുഷ്യത്വവും..

ഇസ്‌ലാമിലില്ലാത്ത മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുക്കുകയും അതിന് വേണ്ടി ഐക്യപ്പെടുകയും ചെയ്യുന്ന  പുരോഹിതന്മാരെയും മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെയുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഇസ്‌ലാമിക വിധികൾക്കനുസൃതമായി കാര്യങ്ങൾ പഠിക്കാനും വേണ്ട ഭേദഗതികൾ നിയമങ്ങളിൽ നിർദ്ദേശിക്കാനുമാണ് മുസ്‌ലിം പേർസണൽ ലോ ബോർഡുള്ളത്. എന്നാൽ വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾക്ക് അനുസൃതമായി നിലവിലുള്ള നിയമത്തിൽ ക്രിയാത്മകമായ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ നാളിതുവരെ ഈ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ഏക സിവിൽ കോഡിന്റെ ചർച്ചകൾ വരുമ്പോൾ പ്രതിഷേധ പ്രസ്താവനകൾ ഇറക്കാനാല്ലതെ മുസ്‌ലിം സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കാനുള്ള ഒരു ചെറുവിരലനക്കം ഇവരിൽ നിന്ന് ഉണ്ടാകാറില്ല. കോടതികൾ ഇടപെടുന്നത് വരെ സമുദായത്തിനകത്ത് ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി മുൻകൈ എടുക്കാത്തവർ മത നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി നിയമങ്ങൾ വരുമ്പോൾ നിലവിളിക്കാൻ മാത്രമാണ് ഒന്നിച്ചു കൂടാറുള്ളത്. ഇവിടെ ആരാണ് പ്രതി എന്ന ചോദ്യം പ്രസക്തമാണ്. ക്രിയാത്മക മാറ്റങ്ങൾക്ക് പുറംതിരിഞ്ഞു നില്ക്കുന്ന സമുദായ നേതൃത്വമോ അതോ കാലിക മാറ്റങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പൊതുസമൂഹമോ?. ഉത്തരം തേടേണ്ട ചോദ്യമാണിത്.

മുത്തലാഖ് വിഷയം ഇപ്പോൾ സജീവമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ ബി ജെ പി ക്ക് അവരുടെ ലക്ഷ്യങ്ങളുണ്ടാവാം. മുസ്‌ലിം സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനേക്കാൾ ഈ ചർച്ചകൾ കൊണ്ടുവരുന്ന രാഷ്ട്രീയ നേട്ടങ്ങളിലാവാം അവരുടെ കണ്ണ്. എന്നാൽ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം തീർത്തും മതവിരുദ്ധമായ ഇത്തരമൊരു സമ്പ്രദായത്തെ നിർത്തലാക്കാൻ ശ്രമിക്കുക എന്നതാണ് മറ്റാരെങ്കിലും അതിനെ മുതലെടുക്കുമോ എന്ന് ഭയന്ന് പിറകോട്ട് നടക്കുന്നതിനേക്കാൾ അഭികാമ്യമായിട്ടുള്ളത്. മുത്തലാഖിന് എതിരായി മുസ്‌ലിം നേതാക്കൾ നിലപാടുകൾ സ്വീകരിക്കുന്നതായിരിക്കും അതിനെ എതിർക്കുന്നതിനേക്കാൾ ബി ജെ പി യുടെ പ്രചാരങ്ങളുടെ മുനയൊടിക്കുക എന്നതാണ് യാഥാർത്ഥ്യം.

ഏകസിവിൽ കോഡിനെതിരെ മുറവിളി കൂട്ടുന്നതിന് ചെലവഴിക്കുന്ന ഊർജ്വത്തിന്റെ പത്തിലൊന്നെങ്കിലും ഇസ്‌ലാമിക നിയമങ്ങളെ കാറ്റിൽ പറത്തി പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെയും മത പൗരോഹിത്യത്തിനെതിരേയും ചെലവഴിക്കാൻ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.

Recent Posts
പോടാ, പോയി ചാകെടാ !
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ? 

24 comments:

 1. ഏകസിവിൽ കോഡിനെതിരെ മുറവിളി കൂട്ടുന്നതിന് ചെലവഴിക്കുന്ന ഊർജ്വത്തിന്റെ പത്തിലൊന്നെങ്കിലും ഇസ്‌ലാമിക നിയമങ്ങളെ കാറ്റിൽ പറത്തി പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെയും മത പൗരോഹിത്യത്തിനെതിരേയും ചെലവഴിക്കാൻ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്. well said basheer bai.

  ReplyDelete
 2. സമുദായത്തിലെ ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി നാളിതു വരെ ആയിട്ടും ഒരു സമുദായ സംഘടനയും ശബ്ദിച്ചിട്ടില്ല. ഷാബാനു കേസ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ശാരീരിക സുഖത്തിനു അത്ര പോരാ എന്ന് തോന്നിയപ്പോൾ ചവിട്ടി പുറത്താക്കപ്പെട്ട ഷാബാനു വേണ്ടി ശബ്ദിക്കാൻ ഒരു സംഘടനയും കൂടെ നിന്നില്ല എന്ന് മാത്രമല്ല പ്രതിയുടെ കൂടെ കൂടി ജീവനാംശം കൊടുക്കാതിരിക്കുവാനുള്ള പതിനെട്ടടവും പയറ്റുന്നതിന്റെ ഭാഗവാക്കാവുകയായിരുന്നു മുസ്ലിം പേർസണൽ ലോ ബോർഡ് വരെ. ഇനി ഇപ്പൊ വിവാദം കത്തി നിൽക്കുന്ന മുത്വലാക്ക് വിഷയവും ഇതേ രീതിയിൽ തന്നെ ആണ്. ഇരയാക്കപ്പെട്ട സ്ത്രീ ആണ് ഇന്ത്യൻ നിയമ വ്യവസ്ഥയെ സമീപിച്ചത്. മുത്വലാക്ക് മത നിഷിദ്ധം എന്ന് വലിയ വായിൽ വിളിച്ചു പറയുന്ന വ്യക്തികളോ സംഘടനകളോ ഈ ഇരയോടപ്പം നിൽക്കുന്നില്ല. ഇനി മുത്വലാക്ക് മത വിരുദ്ധമാണെങ്കിൽ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ആ നിയമം ഇല്ലാതാക്കണം എന്ന് പറഞ്ഞു ഏതെങ്കിലും മുസ്ലിം സംഘടനകളോ വ്യക്തിയോ കോടതിയെ സമീപിച്ചിട്ടുണ്ടോ? ശരീഅത്തും പേഴ്സണൽ ബോർഡും അല്ല ഇരയാക്കപ്പെട്ട സ്ത്രീകളുടെ കൂടെ നിന്നത്. ഇന്ത്യയിലെ പരമോന്നത നീതി പീഠവും നിയമ വ്യവസ്ഥകളുമാണ് സാധു മുസ്ലിം സ്ത്രീകൾക്ക് തണലായത്.

  ReplyDelete
  Replies
  1. അത് തന്നെയാണ് വിഷയം. കോടതികൾ ഇടപെടുന്നത് വരെ സമുദായത്തിനകത്ത് ഗുണപരമായ ഇടപെടലുകൾ നടത്താൻ മത നേതൃത്വം തയ്യാറാകുന്നില്ല. മത നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി നിയമങ്ങൾ വരുമ്പോൾ നിലവിളിക്കാൻ മാത്രമാണ് അവർ ഒന്നിച്ചു കൂടാറുള്ളത്.

   Delete
 3. Anas KalluparambilOctober 31, 2016 at 9:40 AM

  സുപ്രിം കോടതി :ഷാബാനു കേസ്
  ഈ കേസിൽ ബഹു; സുപ്രീം കോടതിയുടെ മുമ്പിൽ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതായത്, ഒരാൾ ഭാര്യയെ തലാഖ് ചൊല്ലുകയും ഇദ്ദ കാലം കഴിയുകയും ചെയ്തു കഴിഞ്ഞാൽ ഭാര്യ എന്ന പദവി നഷ്ടപ്പെടുന്നുണ്ടോ എന്നും , വിവാഹ മോചിതയായ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാക്കിയ സി.ആർ.പി.സി.125-)0 വകുപ്പ് മുസ്ലിം വിവാഹമുകതയുടെ കാര്യത്തിൽ ബാധകമാണോ എന്നും, മുസ്ലിം വിവാഹമുക്തയ്ക്ക് തന്റെ മുൻ ഭരത്താവു ഇദ്ദ കാല ചെലവും മഹറും നൽകിയാൽ മുൻ ഭർത്താവിന്റെ ബാദ്ധ്യത അവസാനിക്കുമോ എന്നുള്ള കാര്യങ്ങൾ ഈ വിധിയിലൂടെ തീരുമാനിക്കപ്പെട്ടു. ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. മാത്രമല്ല, വിധിയിൽ ഖുർആനിലെ നിർദ്ദേശങ്ങളെ സ്വയം വ്യാഖ്യാനിക്കുകയും ഏക സിവിൽകോഡ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു[4].ഈ കേസിൽ കക്ഷിചേർന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, തലാക്ക് ചൊല്ലപ്പെട്ട മുസ്ലിം ഭാര്യയ്ക്ക് ഇദ്ദ കാലത്തേക്ക് ചിലവിനു നൽകാൻ മാത്രമേ മുൻ ഭർത്താവിനു ബാദ്ധ്യതയുള്ളുവെന്നും ആ കലയളവിനു ശേഷം ചെലവു നൽകേണ്ടത് വിവാഹമുക്തയുടെ കുടുംബമാണെന്നും വാദിക്കുകയുണ്ടായി. ബഹു; കോടതി, വിവിധ പണ്ഡിതന്മാരുടെ ഖുർ ആൻ തർജ്ജമ വിശകലനം ചെയ്യുകയും ഖുർ ആനിലെ അധ്യായം സുറ:2: ആയത്ത് 241,242 -ൽ വിവാഹ മോചിതയോടുള്ള കടമകൾ വിശതീകരിക്കുന്നിടത്ത് "മതാഅ്' എന്ന പദത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊണ്ട് മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകേണ്ടത് മുൻ ഭർത്താവിന്റെ ബാദ്ധ്യതയാണെന്നും ഇതിനെതാരായുള്ള വാദങ്ങൾ ഖുർആന്റെ ആശയത്തിനെതിരാണെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ, മഹർ വിവാഹ സമയത്ത് ഭർത്താവു നൽകേണ്ടതാണെന്നും വിവാഹമോചനം ചെയ്യുന്ന സമയത്ത് നൽകുന്നതല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഈ കേസിൽ ഭർത്താവിന്റെയും മുസ്ലിം പേർസണൽ ലോ ബോർഡിന്റെയും വാദങ്ങൾ തള്ളിക്കൊണ്ട്, സ്വയം സംരക്ഷിക്കപ്പെടാൻ കഴിവില്ലാത്ത മുസ്ലിം വിവാഹ മുക്തയ്ക്ക്, തന്റെ മുൻ ഭർത്താവിൽ നിന്നും പുനർവിവാഹം ചെയ്യുന്നത് വരെ മറ്റേതൊരു ഇന്ത്യൻ വിവാഹ മോചിതയേയും പോലെ ജീവനംശം ആവശ്യപ്പെടാമെന്നു ബഹു; കോടതി വിധിക്കുകയുണ്ടായി

  ReplyDelete
 4. മൂന്നു ത്വലാഖും ഒരുമിച്ച് ചൊല്ലുന്നതിനെ ഇസ്ലാമും പണ്ഡിതന്മാരും പ്രോത്സാഹിപ്പിക്കുന്നില്ല. അഥവാ അങ്ങിനെ ഒരാൾ ചൊല്ലിയാൽ അത് സാധുവാണ് താനും. അത് മുസ്ലിം ശരീഅത്തിന്റെ നിയമമാണ്. ഒരു യഥാർത്ഥ മുസ്ലിം വിശ്വസിക്കുന്നത് ശരീഅത് നിയമം ദൈവികമാണ്, മാറ്റങ്ങൾ അംഗീകരിക്കപ്പെടുകയില്ല. വിവാഹത്തിൽ നിന്ന് പിന്മാറാൻ ഉള്ള അവസരം സ്ത്രീകൾക്കുമുണ്ട് ഇസ്ലാമിൽ. ഈ വിഷയത്തിൽ ഇസ്ലാമിലെ നിയമങ്ങളെ പരിഹസിക്കുന്നവർ മറ്റു മതങ്ങളിൽ വിവാഹ മോചന സമയത്തിൽ സ്ത്രീക്ക് എന്തോകെ ആനുകൂല്യങ്ങൾ കിട്ടുന്നു എന്ന് കൂടി വ്യക്‌തമാക്കിയാൽ കൊള്ളാം

  ReplyDelete
  Replies
  1. മറ്റുള്ള മതങ്ങളിൽ അപാകതകളുണ്ടാവാം, പക്ഷെ ദൈവികമെന്നു നാം വിളിക്കുന്ന മതനിയമങ്ങൾ അങ്ങിനെ അപാകതകൾ നിറഞ്ഞതാകമോ..?

   Delete
  2. അപാകത എന്താണെന്ന് പറയൂ സുഹൃത്തേ, മുസ്ലിം നാമധാരികൾ ചെയ്യുന്നന്നതെല്ലാം ഇസ്ലാം ശരീഅത്താണ് എന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ത്വലാഖിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇസ്ലാം ശരീഅത്തനുസരിച്ചുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും കൂടി അറിഞ്ഞിരിക്കണം. അവിടെ പുരുഷൻ സ്ത്രീക്ക് നിർബന്ധമായും നൽകേണ്ട അവകാശങ്ങൾ എന്തോക്കെയാണെന്ന് പഠിക്കണം. ഒരാൾ വിവാഹം ഉദ്ദേശിക്കുമ്പോൾ ആദ്യം അവനു വേണ്ടത് അവൻ വിവാഹം കഴിക്കുന്നവൾക്കുള്ള താമസം, ഭക്ഷണം വസ്ത്രം തുടങ്ങി അവൾക്കു വേണ്ട എല്ലാം നല്കാൻ കഴിവുണ്ടായിരിക്കണം. ഇങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. ഇസ്ലാം എന്നത് ഒരു മനുഷ്യന്റെ ജീവിത സംഹിതയാണ്. ഒരു വിവാഹത്തിന്റെ മറ്റോ ഒതുകുന്നതല്ല. മറിച്ചു അവന്റെ ജീവിത്തിന്റെ സകല മേഖലകളിലും അവൻ അനുവര്തിക്കെണ്ടത് വ്യക്‌തമായി പഠിപ്പിക്കുന്നതാണത്.
   മറ്റു മതങ്ങളെ കുറിച്ച പറഞ്ഞത്, ഇസ്ലാമിനെ കുറിച്ച് മാത്രമേ ചർച്ച കാണുന്നുള്ളൂ. മറ്റുള്ള മത സമ്പ്രദായവും അറിഞ്ഞാൽ നമുക് മനസ്സിലാക്കം, ഏതു മതമാണ് സ്ത്രീയോട് കൂടുതൽ സഹിഷ്ണുതയും കരുതലും കാണിച്ചിട്ടുള്ളത് എന്ന്.
   നല്ലതു മാത്രം ഉദ്ദേശിച്ചു കൊണ്ട്.

   Delete
 5. മുത്തലാഖ് മാത്രമല്ല ബഹുഭാര്യത്വ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കേണ്ടതുണ്ട്.കഴിയുമെങ്കിൽ ബഷീർ ഭായ് ഇതിനെ കുറിച്ച് ഒന്ന് എഴുതണം.ഈ കാര്യങ്ങൾ പറയാൻ നമ്മുടെ പണ്ഡിതന്മാർ ബഹുദൂരം പിന്നിലാണ്.

  ReplyDelete
 6. പഠിച്ചിട്ടും അറിഞ്ഞിട്ടും നമ്മളെന്താ ഇങ്ങനെ
  ---------------------------------------
  ഈ ബഷീർ വള്ളിക്കുന്നടക്കമുള്ള നമ്മൾ എത്രത്തോളം നമ്മളുടെ ജീവിത രീതിയിൽ മത ഗ്രന്തങ്ങളിലെ നിയമങ്ങൾ പാലിക്കപെടുന്നുണ്ട് എന്നുള്ള വസ്തുത കൂടി ഉൾപ്പെടുത്തണമായിരുന്നു മത നേതൃത്വങ്ങൾ എത്രകണ്ട് ഇടപെട്ടാലും സമൂഹം എന്ന നമ്മൾ എത്രത്തോളം വിവാഹ ദൂർത്തിലും ആഡബ്ബര ജീവിതത്തിലും നീതി പുലർത്തിട്ടുണ്ട് എന്നുള്ളത് സ്വയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു വരും കാലങ്ങൾ ഒരിറ്റു വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അന്നും വിമർശനങ്ങൾ നേതൃത്വങ്ങൾക്കായിരിക്കും
  ഉറങ്ങുന്നവരെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്നവരെ നാം എന്താ ചെയ്യാ ....
  Mohammedshareef
  Tirur

  ReplyDelete
 7. ഏക സിവില്‍ കോഡ് നടപ്പിലാക്കട്ടെ
  -------------------------------------
  ദൈവം എന്ന് പറയുമ്പോള്‍ സാത്താന്‍ എതിര്‍ഭാഗത്തു വരുന്നതു പോലെ, സ്വര്‍ഗ്ഗത്തിനു നരകം പോലെ, ഏക സിവില്‍ കോഡ് എന്നു കേള്‍ക്കുമ്പോള്‍ തനിയെ മനസ്സില്‍ വരുന്ന എതിര്‍പദം ആയിരിക്കുന്നു മുസ്ലിം സംഘടനകള്‍.
  എന്തുകൊണ്ടാണോ മുസ്ലിം സംഘടകള്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നത്, അതേ മാനദണ്ഡം വെച്ചു മറ്റു മതസ്ഥര്‍ക്കും അസ്വീകാര്യമോ സ്വീകരിക്കാന്‍ ആവാത്തതോ ആയ ഒന്നാണ് ഏക സിവില്‍ കോഡ്.
  എന്നിട്ടും ആകെ മൊത്തം പൊതുസമൂഹത്തില്‍ ഇതിനെതിരെയുള്ള ശബ്ദങ്ങളുടെ "അപ്പോസ്തലസ്ഥാനം" മുസ്ലിം സംഘടനകള്‍ സ്വയം എടുത്തണിഞ്ഞിരിക്കുകയാണ്.
  ഏക സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുകയില്ല എന്നും പ്രസ്തുത ലക്ഷ്യത്തിന് ഏകതയല്ല, സഹകരണവും യോജിപ്പും ആണ് അനിവാര്യമായതെന്നുമുള്ള ആര്‍.എസ്.എസ് സ്ഥാപക നേതാക്കളില്‍ പെട്ട ഗോള്‍വാക്കര്‍ തന്നെ 1972 ല്‍ അഭിപ്രായപ്പെട്ടത് വ്യക്തി നിയമങ്ങളുടെ നിലനില്‍പിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്.
  ഇനി ക്രിസ്ത്യന്‍ വിഭാഗങ്ങളിലേയ്ക്ക് പോയാലും മറിച്ചൊന്നുമല്ല അവസ്ഥ. തികച്ചും വ്യത്യസ്ത മതങ്ങളായി തന്നെ നില്‍ക്കുന്ന ഉപമതങ്ങള്‍ ആണ് ഓരോ വിഭാഗവും. അവിടെയൊന്നും ഏകമാനമായ ഒരു നിയമം ഒരിക്കലും സാധ്യമല്ല.
  ഭരണ ഘടനാനുസാരം എന്തെങ്കിലും ഒന്നു നിയമമായി കൊണ്ടു വരണമെങ്കില്‍, ഹിന്ദു സമുദായത്തെയും ആദ്യം നിര്‍വചിക്കേണ്ടി വരും. ഇന്നേവരെ സുപ്രീം കോടതിക്കു അതിനു കഴിഞ്ഞിട്ടില്ല.
  ചുരുക്കത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് ഏക സിവില്‍ കോഡ് വന്നാല്‍ തന്നെയും ഹൈന്ദവ വിഭാഗങ്ങളില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ അതിനെ നിര്‍വചിക്കാന്‍ പോലും ആവില്ല.
  എന്നിട്ടും ഇതു തങ്ങളുടെ മാത്രം പ്രശ്നമാണെന്ന രീതിയില്‍ പൊതുസമൂഹത്തെ തോന്നിപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ് മുസ്ലിം സംഘടനകളെക്കൊണ്ടു ഇക്കാര്യത്തില്‍ ആകെ ചെയ്യാന്‍ കഴിഞ്ഞത്.
  ഇനി അതല്ല, ഇത് തങ്ങളുടെ പണിയാണ് എന്ന വാദത്തില്‍ ഊന്നിയാണിത് ചെയ്യുന്നതെങ്കില്‍ വിളിച്ചു പറയേണ്ടുന്ന വേറെ ചില കാര്യങ്ങളുണ്ട്.
  ഏക സിവില്‍ കോഡിനെതിരെ ഇപ്പോള്‍ അണിനിരന്ന എല്ലാ സംഘടനകളും വിവിധ സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പല തവണ സമ്മതിച്ച കാര്യമാണ് മുസ്ലിം ശരീഅത്ത്‌ നിയമങ്ങളില്‍ അനവധി നിരവധി പുഴുക്കുത്തുകള്‍ ഉണ്ട് എന്നത്.
  1973 ല്‍ ഇതുമായി ബന്ധപ്പെട്ട ബഹളങ്ങളുടെ പേരില്‍ മാത്രം എല്ലാ മുസ്ലിം സംഘടനകളും കൂടി ഉണ്ടാക്കിയ "ആൾ ഇന്ത്യ മുസ്ലീം പേർസണൽ ലോ ബോർഡ്‌" കഴിഞ്ഞ 43 വര്‍ഷമായി ഒരിലയെങ്കിലും അനക്കിയോ എന്നു നമ്മള്‍ പരിശോധിക്കണം. പകുതിയിലധികം കാലഹരണപ്പെട്ട മുഹമ്മദന്‍ ലോ എന്ന ശരീഅത്ത്‌ നിയമങ്ങള്‍ അപ്പടി തന്നെ തുടരുകയാണ്.

  ReplyDelete
 8. ഇന്ത്യയിലെ മുക്കാല്‍ ഭാഗം മുസ്ലിങ്ങള്‍ പോലും പ്രായോഗിക ജീവിതത്തില്‍ അതുപേക്ഷിച്ച മാതിരിയാണ്. അതിനൊരു ഉദാഹരണമാണ് മുത്തലാഖ്.
  18 എന്ന വിവാഹ പ്രായം വേറെ ഉദാഹരണമാണ്. ഇതിനെതിരെ പണ്ടു സംഘടനകള്‍ എതിര്‍പ്പുമായി വന്നു. കൊണ്ഗ്രെസ്സ് ഗവ: തന്നെയതു നടപ്പിലാക്കി.
  രണ്ടു വര്‍ഷം മുമ്പ് കേരളത്തിലും വിവാഹപ്രായവുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയര്‍ന്നു. അന്നും 18 വയസ്സിനു എതിരെ ഒരൊറ്റ എല്ലാ സംഘടനകളും എല്ലാ ശത്രുതയും വെടിഞ്ഞു രംഗത്തു വന്നു.
  പക്ഷേ, എന്താണ് യാഥാര്‍ത്ഥ്യം? ഒന്നും കെട്ടും രണ്ടും കെട്ടും ഇ എം എസിന്റെ ഒളേം കെട്ടും എന്നും പറഞ്ഞു പണ്ടു റോഡില്‍ പ്രകടനം നടത്തിയവര്‍ അവരുടെ മക്കളെയും മക്കളുടെ മക്കളെയും കെട്ടിച്ചത്, ഇപ്പോള്‍ കെട്ടിച്ചു വിടുന്നത് ഇരുപതും ഇരുപത്തി രണ്ടു വയസ്സിലും അതിനു മേലെയുമാണ്.
  അങ്ങിനെ ആ വിവാദത്തില്‍ ആകെ മൊത്തം നാണം കെട്ടു. സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്നും സംഘടനകള്‍ക്ക് പിന്മാറേണ്ടി വന്നു.
  ചുരുക്കത്തില്‍ ഫിഖ്ഹ് , ശരീഅത്ത് എന്നൊക്കെ പറഞ്ഞു ഒച്ചയിടുക എന്നതല്ലാതെ ജീവിതത്തില്‍ അതില്ല.
  പൊതുസമൂഹത്തിനു മുന്നില്‍ ഇസ്ലാമിനെ പരിഹാസിതരാക്കുക, അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കലഹിക്കുന്ന പ്രസംഗങ്ങള്‍ യൂട്യൂബില്‍ അപ്ഡേറ്റ് ചെയ്യുക, അത്തരം എഴുത്തുകള്‍ അവരവരുടെ വെബ് സൈറ്റുകളില്‍ പരസ്യമായി പ്രസിദ്ധീകരിക്കുക, അന്യമതവിദ്വേഷവും സ്വസമുദായ ഉപവിഭാഗ ശത്രുതകളും വര്‍ദ്ധിപ്പിക്കുക പോലെയുള്ള പണികളാണ് നിലവില്‍ ഇസ്ലാമിക സംഘടനകളുടെ പ്രധാന ധര്‍മ്മങ്ങള്‍.
  വ്യക്തിനിയമങ്ങളിലെ പുഴുക്കുത്തുകളെ സ്വയം തിരുത്താതെ, കാലഘട്ടവുമായും പൊതുസമൂഹവുമായും സംവദിക്കാന്‍ പറ്റാത്ത പുതിയൊരു അവസ്ഥയാണ് ഏക സിവില്‍ കോഡിനെ എതിര്‍ക്കാന്‍ കയ്മെയ്‌ മറന്നു യോജിക്കുന്നതിലൂടെ വീണ്ടും മുസ്ലിം സംഘടനകള്‍ ചെയ്തിരിക്കുന്നത്.
  അന്യായമായ ശാബാനു കേസില്‍ ഒന്നിച്ച അതേ അബദ്ധമായി, വരും കാലങ്ങളില്‍ "എകസിവില്‍കോഡ് ഒരുമയും" ഒരു ചരിത്രമായി അടുത്ത തലമുറയ്ക്ക് വായിക്കേണ്ടി വരും.
  മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിഷ്‌കരണം അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ സ്വാഭാവികമായ ജനിതക വൈകല്യങ്ങളുടെ കാരണങ്ങള്‍ മുമ്പ് എല്ലാവരാലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
  ശരീഅത്തിനെതിരെയും വ്യക്തി നിയമ നടപ്പു രീതികള്‍ക്കെതിരെയും എതിര്‍പ്പുകളും വിമര്‍ശനങ്ങളും വരുമ്പോള്‍ അന്ധമായി പ്രതിരോധിക്കുന്നതിനപ്പുറം പ്രസ്തുത വിമര്‍ശന വിശകലനങ്ങളുടെ പശ്ചാത്തലം ക്രിയാത്മകമായി മനസ്സിലാക്കി, വീഴ്ചകളെ തിരുത്താനുള്ള ആര്‍ജ്ജവം പൊതുസമൂഹത്തില്‍ മുസ്‌ലിം നേതൃത്വം പ്രകടമാക്കണം.
  പ്രതിരോധം വര്‍ദ്ധിക്കുന്തോറും തിരുത്താനുള്ള മനസ്സ് ഇല്ലാതെയാകും എന്നത് യാഥാര്‍ത്ഥ്യമാണ്.
  ഈയൊരു മര്‍മ്മ പ്രധാന വിഷയം കൈകാര്യം ചെയ്യുന്നതിനോടൊപ്പം, ഇതര മത വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും എതിര്‍പ്പുകള്‍ക്ക് ഒരു പൊതുമാനം കണ്ടെത്തുകയും ആയിരുന്നു സംഘടനകള്‍ ചെയ്യേണ്ടിയിരുന്നത്.
  ഇടയ്ക്കിടെ മുസ്ലിംകളെ വൈകാരികമായി തോണ്ടുന്നവര്‍ക്ക് ചില അജണ്ടകള്‍ ഉണ്ടാവാം. അതിനു നിന്നു കൊടുക്കുകയും തൊട്ടാല്‍ പൊട്ടുന്ന സമുദായമാണ് ഇതെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നതില്‍ അല്ല ഇനി മുസ്ലിം സംഘടനകള്‍ ശ്രദ്ധിക്കേണ്ടത്.
  പണ്ടു പറഞ്ഞു പോയ , പ്രസംഗിച്ചു പോയ, പ്രസിദ്ധീകരിച്ചു പോയ അബദ്ധങ്ങളില്‍ വീണ്ടും ഉറച്ചു നില്‍ക്കുകയല്ല വേണ്ടത്.
  ഏക സിവില്‍ കോഡ് വേണമെന്ന് വാദിക്കുന്നവരോട് ധൈര്യമായി വിളിച്ചു പറയൂ, ഞങ്ങള്‍ തയ്യാറാണ്, നിങ്ങളുടെ ഒരു കരടു രൂപം ഉണ്ടാക്കൂ എന്ന്. ശേഷം ചര്‍ച്ച ചെയ്യാമെന്ന്.
  കാരണം, ഇന്ത്യന്‍ സാഹചര്യത്തില്‍ അതൊരെളുപ്പമുള്ള പണിയല്ല. ഒരു പരിധിവരെ അസാധ്യവുമാണ്‌. അതിനാല്‍ തന്നെ ഇതൊരു മുസ്ലിം പ്രശ്നമേയല്ല.( എന്റെ പോസ്റ്റ്‌ ആണിത് https://www.facebook.com/fasilfasil/posts/1186932434683374?pnref=story

  ReplyDelete
  Replies
  1. >> ഏക സിവില്‍ കോഡ് വേണമെന്ന് വാദിക്കുന്നവരോട് ധൈര്യമായി വിളിച്ചു പറയൂ, ഞങ്ങള്‍ തയ്യാറാണ്, നിങ്ങളുടെ ഒരു കരടു രൂപം ഉണ്ടാക്കൂ എന്ന്. ശേഷം ചര്‍ച്ച ചെയ്യാമെന്ന്.
   കാരണം, ഇന്ത്യന്‍ സാഹചര്യത്തില്‍ അതൊരെളുപ്പമുള്ള പണിയല്ല. ഒരു പരിധിവരെ അസാധ്യവുമാണ്‌. അതിനാല്‍ തന്നെ ഇതൊരു മുസ്ലിം പ്രശ്നമേയല്ല.<< Yes Fasil.. താങ്കളുടെ അഭിപ്രായം വിശദമായി പങ്ക് വെച്ചതിന് നന്ദി.

   Delete
 9. ഏക സിവിൽ കോഡല്ല യൂണിഫോം സിവിൽ കോഡ് - ഹൈക്കോടതി അഭിഭാഷകന്റെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം കേട്ടിരുന്നു. link ഇല്ല

  ReplyDelete
  Replies
  1. ഏകീകൃത സിവിൽകോഡ് എന്ന് പ്രയോഗിക്കുന്നതാവും കൂടുതൽ നല്ലത് എന്ന് തോന്നുന്നു.

   Delete
 10. " താത്വികമായി ഏക സിവിൽ കോഡിന് എതിരാണ് ഏതാണ്ടെല്ലാ മതനേതാക്കളും പുരോഹിതന്മാരും. ഗ്രാമത്തിലെ മൊത്തം ജനങ്ങൾ പുലിക്കെതിരായ പോലെ. അതിൽ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും സിക്കുകാരും പാഴ്സികളുമെല്ലാമുൾപ്പെടും."


  ഇങ്ങനെ ഒരു നിഗമനത്തിൽ താങ്കൾ എത്തിയതെങ്ങനെ എന്ന് ഒന്ന് വിശദീകരിക്കുമോ ??

  "താത്വികമായി" ഏക സിവിൽ കോഡിന് മുസ്ലീമല്ലാത്ത ഏതു മത നേതാവ് ആണ് എതിര് ?? , ക്രിസ്ത്യൻ ??

  കുറച്ചു നാളുകൾക്കു മുമ്പ് ക്രിസ്ത്യൻ ബിഷപ്പുമാർ ഏക സിവിൽ കോഡ് സ്വാഗതാർഹം ആണ് എന്ന് പറഞ്ഞത് താങ്കൾ വായിച്ചിട്ടില്ലേ ?

  ReplyDelete
  Replies
  1. ഏക സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുകയില്ല എന്നും പ്രസ്തുത ലക്ഷ്യത്തിന് ഏകതയല്ല, സഹകരണവും യോജിപ്പും ആണ് അനിവാര്യമായതെന്നുമുള്ള ആര്‍.എസ്.എസ് സ്ഥാപക നേതാക്കളില്‍ പെട്ട ഗോള്‍വാക്കര്‍ തന്നെ 1972 ല്‍ അഭിപ്രായപ്പെട്ടത് വ്യക്തി നിയമങ്ങളുടെ നിലനില്‍പിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്.

   Delete
  2. @Annunaky സീറോ മലബാർ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒരു പ്രസ്താവന മാത്രമാണ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടത്.

   www.globalchristiannews.org പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ കർദിനാൾ ക്ലിമ്മീസ് ബസേലിയോസ് ബാവ പറയുന്നതായി സൂചിപ്പിച്ചത് ഇങ്ങിനെയാണ്‌.

   Cardinal Baselios Cleemis Catholicos, president of the CBCI, said that such discussions should be held within the freedom of religious guaranteed by India’s constitution. “The unity of India should be impeccably safeguarded. All discussions on the uniform civil code must be done taking into account the diversity and freedom ensured by the constitution and without hurting the sentiments of the various religious groups,” he commented.

   ഇന്ത്യൻ ഭരണഘടന നല്കുന്ന മത സ്വാതന്ത്ര്യത്തിനകത്ത് നിന്ന് കൊണ്ടുള്ള ചർച്ചകൾ വേണം ഏകസിവിൽ കോഡ് വിഷയത്തിൽ നടത്താനെന്നും അത് വിവിധ മതവിഭാഗങ്ങളുടെ വികാരങ്ങളെ ഹനിക്കാതെ വേണമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.

   മാത്രമല്ല, ഏക സിവിൽ കോഡിന്റെ കരട് നിയമങ്ങൾ ചർച്ചക്ക് വരുന്ന ഘട്ടത്തിൽ മാത്രമേ എതിർപ്പുകൾ ഏതൊക്കെ കോണിൽ നിന്ന് എങ്ങിനെയൊക്കെ വരുമെന്ന് പറയാൻ കഴിയൂ.. പൊതുവേ മുസ്‌ലിം നേതാക്കൾ ഈ വിഷയത്തിൽ വളരെ വികാരപരമായ നിലപാടുകൾ എടുക്കുന്നവരായത് കൊണ്ട് അവർ മുൻകൂട്ടി എതിർപ്പുകൾ തുടങ്ങി എന്ന് മാത്രം. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന് പറയുന്ന പോലെ മറ്റ് സമുദായങ്ങളുടെ നിലപാടുകൾ അറിയാൻ അല്പം വൈകുമെന്ന് മാത്രം.

   Delete
  3. ബഷീർ ഭായ് ,
   അപ്പോൾ ഒരു ബിഷപ്പ് സ്വാഗതം ചെയ്തിട്ടുണ്ട് , മറ്റൊരാൾ ' വിവിധ മതങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെ വേണം UCC കൊണ്ട് വരാൻ ' എന്നും ആണല്ലോ പറഞ്ഞിരിക്കുന്നത് ....

   കർദിനാൾ ക്ലിമ്മീസ് ബസേലിയോസ് ബാവ പൂർണമായി തള്ളിപറഞ്ഞിട്ടുണ്ടോ ? ഇല്ല എന്നാണു വായിച്ചിട്ടു മനസിലായത്, പുള്ളി ഒരു അഭിപ്രായം പറഞ്ഞു , അത്ര തന്നെ

   അതായത് ക്രിസ്ത്യാനികളെ ഇതിൽ കൂട്ടികെട്ടാൻ നോക്കിയിട്ടു ഫലം ഉണ്ടെന്നു തോന്നുന്നില്ല , ബാക്കി ഹിന്ദുക്കളും, സിക്കുകാരും, പാഴ്സികളും ആരും ഇത് വരെ ഇതിനെ എതിർത്ത് കണ്ടതും ഇല്ല ...

   മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ പേടിക്കണ്ട കാര്യം ഇല്ലല്ലോ ഭായ്.........

   Delete
 11. മുസ്ലിം സ് മാത്രം ആണ് ഇരകൾ എന്ന തെറ്റിധാരണ തെറ്റ് ആണ്, നമ്പൂതിരി വിഭാഗത്തിൽ ഉള്ള ഒരു അനാചാരം ആണ് പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞാൽ ജനിച്ച വീട്ടിൽ ഒരു സ്വത്തിനും അവകാശം ഇല്ല, അതു പോലേ ആൺകുട്ടി സ്വസമുദായത്തിലേ ഒരു പെൺകുട്ടിയേ കല്യാണം കഴിച്ചില്ല എങ്കിൽ അയാൾക്കും ഒന്നും കിട്ടില്ല, അയാളുടെ സ്വത്ത് മുഴവൻ തറവാട്ടിലേ മറ്റുള്ളവർക്ക് പോകും, ആരേ കല്യാണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് വഴിയിൽ കൂടെ പോകുന്ന നാട്ടുകാരും അറുത്ത കൈക്ക് ഉപ്പു തേക്കാത്ത കുംടുബക്കാരു അല്ല, അതു കൊണ്ട് UCC വന്നാൽ എല്ലാ വിഭാത്തിനും ഗുണം ആണ്,

  ReplyDelete
 12. രാജ്യത്തിലെ എല്ലാ പ്രജകള്‍ക്കും ഒരു സിവില്‍ നിയമം ഉണ്ടാകുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണ് ?രാജ്യ നിയമങ്ങളും മത നിയമങ്ങളും കൂട്ടിക്കുഴക്കാതിരിക്കുന്നതല്ലേ ഉചിതം .വന്നു വന്നു തലാക്ക് ചെല്ലാനുള്ള അവകാശത്തെ ഹനിക്കുന്ന (അത് മാത്രമാണ് )ഒന്നാണ് യൂണിഫോം സിവില്‍ കോഡ് എന്ന് വന്നിരിക്കുന്നു .ഇപ്പോഴും മൊഴി ചൊല്ലിയ സ്ത്രീക്ക് ജീവനാംശം നേടാന്‍ കോടതികളെ സമീപിക്കാന്‍ പറ്റില്ലേ ? സത്യത്തില്‍ സിവില്‍ കോഡ് കൊണ്ട് മുസ്ലീങ്ങള്‍ക്ക് എന്താണ് നഷ്ടമാകുന്നത് ?

  ReplyDelete
  Replies
  1. എല്ലാ മതങ്ങൾക്കും അവരുടെ മത നിയമം അനുസരിച്ചു ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടും എന്ന് തന്നെയാണ് ഏക സിവിൽ കോഡിനെ എതിർക്കാൻ കാരണം. വിവാഹമായാലും, അനന്തര സ്വത്തായാലും മറ്റു ഏതു വ്യവഹാരങ്ങളിലും മുസ്ലിം പാലിക്കേണ്ട ഒരു നിയമ സംഹിത ഉണ്ട്. അതാണ് ശരീഅത്. ഈ ശരീഅത് അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം ഏക സിവിൽ കോഡ് നടപ്പാക്കിയാൽ ഇല്ലാതാകും.
   പിന്നെ എല്ലാവരും ഇസ്ലാം ശരീഅത് അനുസരിച്ച തന്നെ ജീവിക്കണം എന്ന് ആർക്കും ശാഠ്യമില്ല. മറിച് അങ്ങിനെ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ അതിനു അനുവദിക്കണം. അത് ഇന്ത്യൻ ഭരണ കൊടുക്കുന്ന അവകാശമാണ്. ഈ അവകാശം നഷ്ടപ്പെടരുത്.

   Delete
 13. മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ വിവാഹ മോചനം നടക്കും എന്ന് പറയുന്ന ആളുകൾ ഉണ്ട് അങ്ങിനെ ഇല്ലന്ന് തീർത്ത് പറയാൻപറ്റില്ല

  ReplyDelete
 14. ഏറ്റവും ചുരുങ്ങിയത് മുസ്ലിം പേരെങ്കിലും വേണം സ്ത്രീകളുടെ വിഷയത്തിൽ ആരെങ്കിലും ഇടപെടാനും ചർച്ച ചെയ്യാനും!!!! ദിവസങ്ങൾക്കു മുമ്പ് സിനിമ നടി രംഭ തന്റെ മുൻ ഭർത്താവിന്റെ കൂടെ താമസിക്കാൻ അനുവാദം ചോദിച്ചു കോടതിയെ സമീപിച്ചു.. ആ നടിയുടെ 'കണ്ണീർ ' കാണാൻ ആരെയും കണ്ടില്ല ? കമൽ ഹസൻ തന്റെ മൂന്നാമത്തെ ഭാര്യയുടെയും ബന്ധം വേർപെടുത്തി..അതിനെ കുറിച്ച കമന്റ് ചെയ്യാൻ ഒരുത്തനെയും കണ്ടില്ല... അപ്പൊ സ്ട്രീകളുടെ നന്മയുള്ള ഇവരുടെ ഒകെ ലക്‌ഷ്യം.. മറിച് ഇസ്ലാമിനെയോ മുസ്ലിമിനെയോ ചൊറിയാൻ അവസരം വേണം..

  ReplyDelete