മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?

'പണം സംസാരിക്കുമ്പോൾ സത്യം മൗനം പാലിക്കും' എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പ്രമുഖ ജ്വല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കഴിഞ്ഞ ദിവസം പുറത്തു വന്ന വിവാദ വീഡിയോ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ രീതി കാണുമ്പോൾ ഈ ചൈനീസ് പഴമൊഴി എത്രമാത്രം അർത്ഥവത്താണ് എന്ന് നമുക്ക് ബോധ്യപ്പെടും. നിരവധി സ്ത്രീകളെ പ്രേമം അഭിനയിച്ച് വശത്തിലാക്കി ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നു എന്നാണ് ഒരു ഒളിക്യാമറ ദൃശ്യത്തിലൂടെ പീഡനത്തിനിരയായ യുവതി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബോബിക്കെതിരെ നടപടിയാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് കേരള പോലീസിന് നല്കിയ പരാതിയോടൊപ്പമുള്ള വീഡിയോയാണ് വിവരാകാശ നിയമത്തിലൂടെ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ഓഫിസില്‍ നിന്ന്  ലഭിച്ചതെന്നാണ് ഈ വാർത്ത പുറത്ത് വിട്ട വെബ്‌ പോർട്ടൽ പറയുന്നത്. "എത്ര പെൺകുട്ടികളെയാണ് നീ ചതിച്ചിരിക്കുന്നത്. ഞാനൊരനാഥയാണ്. എനിക്കൊരു അച്ഛനുണ്ടായിരുന്നെങ്കിൽ നീയിതെന്നോട് ചെയ്യുമായിരുന്നില്ല" എന്നൊക്കെ ആ പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. "ഞാൻ ചാരിറ്റിയും നടത്തും, പെണ്ണ് പിടുത്തവും തുടരും. നാട്ടുകാർ അറിഞ്ഞാലും എനിക്കൊരു പ്രശ്നമല്ല" എന്നയാൾ ആ പെണ്ണിനോട് കയർക്കുന്നുമുണ്ട്. ആ ഫ്രാഡ് ചട്ടയും മുണ്ടും തന്നെയാണ് അപ്പോഴും വേഷം.

വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥയെന്തെന്ന് നമുക്കറിയില്ല. അത് പരാതി ലഭിച്ച പോലീസാണ് കണ്ടെത്തേണ്ടത്‌. പക്ഷേ ഇതുപോലെ പെൺകുട്ടികൾ ഇയാളുടെ വലയിൽ വീഴാതിരിക്കണമെങ്കിൽ മിനിമം ഇത്തരമൊരു വാർത്ത‍ പബ്ലിഷ് ചെയ്യുകയെങ്കിലും വേണ്ടേ.. ഒരന്വേഷണമെങ്കിലും നടക്കേണ്ടേ.  പരസ്യം തരുന്നു എന്ന ഒരൊറ്റ കാരണത്താൽ എന്ത് തോന്നിവാസവും പൂഴ്ത്തി വെക്കാമെന്ന് മാധ്യമങ്ങൾ വാക്ക് കൊടുത്തിട്ടുണ്ടോ?. ഇതിനേക്കാൾ ആധികാരികത കുറഞ്ഞ ജോസ് തെറ്റയിലിന്റെ പീഡന വീഡിയോ ലൈവായി ആഘോഷിച്ച മാധ്യമങ്ങൾ ഒരു വരി വാർത്തയെങ്കിലും മുതലാളിക്കെതിരെ കൊടുക്കാത്തതെന്ത്?. സ്ത്രീ പീഡനങ്ങൾ ഏറ്റവും വലിയ വാർത്ത സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ നാളുകളിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും അവാർഡ് നല്കാനും ഷാൾ പുതപ്പിക്കാനും ഒച്ചാനിച്ചു നില്ക്കുന്ന ഒരു വൻ മുതലാളി നടത്തിയ  സ്ത്രീ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്ത തമസ്കരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് എങ്ങിനെ ധൈര്യം വന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. പണത്തിന് മീതെ പരുന്ത് മാത്രമല്ല, മാധ്യമങ്ങളും പറക്കില്ല എന്ന കയ്പ്പേറിയ സത്യം നാം തിരിച്ചറിഞ്ഞേ തീരൂ എന്നത് മാത്രമാണ് അതിനുള്ള മറുപടി.

ഈ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തു വിട്ട വെബ് പോർട്ടൽ പറയുന്നത് ഇങ്ങനെയാണ്.

" കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തീക തട്ടിപ്പുകളും ലൈംഗീക പീഡനങ്ങളും യെസ് ന്യൂസ് ലൈവ് പുറത്ത് വിടുന്നു. കോടികളുടെ സാമ്പത്തീക തട്ടിപ്പ് നടത്താന്‍ ചാരിറ്റിയുടെ മറവ് ദുരുപയോഗം ചെയ്യുകയാണെന്നും ചാരിറ്റിയുടെയും ജ്വല്ലറികളുടെ മറവിലും പീഡനങ്ങളുമാണെന്ന് തെളിയിക്കുന്ന രേഖകളാണ് വിവാരാവകാശ നിയമ പ്രകാരം യെസ് ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് സാമ്പത്തീക തട്ടിപ്പുകളുടെ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടതയും രേഖകള്‍ വ്യക്തമാക്കുന്നു. സ്ത്രീപീഡനത്തിന്റെ തെളിവായി പരാതിക്കാര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ഓഫിസില്‍ നിന്ന് പുറത്തായത്. 

ചാരിറ്റിയുടെയും പൊതുപ്രവര്‍ത്തകന്റെയും മൂഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യാവസായിക്കെതിരെയുള്ള ഈ സീഡി പുറത്ത് വിടുന്നത് ബോബിയുടെ തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന സംഭാഷണ ദൃശ്യങ്ങള്‍ ഇതില്‍ ഉളളത് കൊണ്ടാണ്. ചാരിറ്റിയുടെ മറവില്‍ അനാഥാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ജോലിക്കെത്തിക്കുയും പിന്നീട് തന്റെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍തന്നെ സിഡിയില്‍ സമ്മതിക്കുന്നു. അത്തരത്തില്‍ ചതിയില്‍പെട്ട ഒരു പെണ്‍കുട്ടിയാണ് ബോബിയെ ഒളിക്യാമറയില്‍ കുടുക്കിയത്. പിന്നീട് പരാതിയായി സംസ്ഥാന ആഭ്യന്തരവകുപ്പിന് ഈ സിഡിയും തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്ന രേഖകളും ലഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തവിട്ടെങ്കിലും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അന്വേഷണം നിലച്ചു. 2.4.2015 മുതല്‍ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഇടപെടല്‍ മൂലം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളുടെ നിരവധി രേഖകള്‍ പുറത്തുവന്നെങ്കിലും ചെമ്മണ്ണൂരിന്റെ കോടികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയായിരുന്നു. എണ്‍പ്പത്തേഴായിരം പേരില്‍ നിന്ന് മൂവായിരത്തിലേറെ കോടിയാണ് ബോബി ചെമ്മണ്ണൂര്‍ പിരിച്ചെടുത്തിരിക്കുന്നത്. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ സാമ്പത്തീക തട്ടിിന്റെ വിശദാംശങ്ങള്‍ യെസ് ന്യൂസ് പുറത്ത് വിടുന്നു."

പൊതുപ്രവർത്തകനായ ജോയ് കൈതാരം എഡിറ്ററായുള്ള വെബ് പോർട്ടൽ ഇത് പുറത്ത് വിട്ടതോടെ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ ഈ വാർത്ത‍ പടർന്നു പിടിച്ചെങ്കിലും കേരളത്തിലെ ഒരൊറ്റ മുഖ്യധാരാ മാധ്യമവും ഒരു വരി വാർത്ത പോലും ഇതിനെക്കുറിച്ച്‌ നല്കിയിട്ടില്ല. ലക്ഷക്കണക്കിന്‌ രൂപയുടെ പരസ്യമാണ് ചെമ്മണ്ണൂർ ജ്വല്ലറിയുടെതായി മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ  മുതലാളിക്കെതിരെ ഒരു വരി റിപ്പോർട്ട്‌ കൊടുക്കാൻ മാധ്യമ സിംഹങ്ങളുടെ മുട്ട് വിറക്കും.  മദർ തെരേസ അവാർഡ്, Best Humanitarian Award,Excellent Young Businessman Award, വിശയശ്രീ അവാർഡ് തുടങ്ങി പല അവാർഡുകളും കരസ്ഥമാക്കിയ ഈ പ്രാഞ്ചി ഇനി പദ്മശ്രീയാണത്രെ നോട്ടമിട്ടിരിക്കുന്നത്. അതയാൾക്ക്‌ വാങ്ങിക്കൊടുക്കാനായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ ക്യൂവിലാണ്.  രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഈ സ്വർണ വ്യവസായി നടത്തിയിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് തെളിവുകൾ സഹിതം പരാതിയുന്നയിച്ചിട്ട് ഒരു വർഷമാകാറായി. ഒരന്വേഷണവും നടന്നിട്ടില്ല. ഒരു വാർത്തയും വന്നിട്ടില്ല. അന്നെഴുതിയ പോസ്റ്റിലെ ചില വരികൾ തന്നെ വീണ്ടും ഉദ്ധരിക്കുന്നതിൽ ക്ഷമിക്കുക.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും
ഒത്തുചേർന്ന് "Best Humanitarian" അവാർഡ് നല്കുന്നു. 

"രണ്ടായിരം കോടി രൂപയുടെതെന്ന് ആരോപിക്കപ്പെടുന്ന ഈ അഴിമതി വാർത്ത എല്ലാ മാധ്യമ സിംഹങ്ങളും ഒന്നിച്ച് ചേർന്നാണ് മുക്കിയത്. അഴിമതിക്കെതിരെ അലമുറയിട്ട് ബ്രേക്കിംഗ് ന്യൂസുകളും എക്സ്ക്ലൂസീവുകളും തയ്യാറാക്കാറുള്ള ഒരു ചാനലുകാരനും ഈ വാർത്ത കൊടുത്തില്ല. വി എസ്സിന്റെ പത്രസമ്മേളനം ലൈവായികാണിച്ചുകൊണ്ടിരുന്ന മാധ്യമങ്ങൾ വിഷയം ചെമ്മണ്ണൂരിലേക്ക് എത്തിയപ്പോൾ ലൈവ് കവറേജ് കട്ട് ചെയ്തു കളഞ്ഞു. ബോബി ചെമ്മണ്ണൂർ ഒരു കൂട്ടയോട്ടം നടത്തിയപ്പോൾ ഒ ബി വാനുകളുമായി അതിന്റെ പിറകേയോടി ജ്വല്ലറി മുതലാളിയുടെ ഇമേജുയർത്താൻ ലൈവ് കവറേജുകൾ കൊണ്ട് വാർത്താ സ്ലോട്ടുകൾ കുത്തിനിറച്ച മാധ്യമങ്ങളാണ് നമ്മുടേത്‌.   വാങ്ങുന്ന കാശിന് വാലാട്ടുന്നതിന്റെ ഭാഗമാണ് ആ റിപ്പോർട്ടുകളെന്ന് മനസ്സിലാക്കാം. എന്നാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരാരോപണം വാർത്തയാക്കുന്നതിൽ വാലാട്ടൽ കാണിക്കേണ്ടതിന്റെ ആവശ്യമെന്ത്?. നോക്കൂ നിങ്ങൾ.. നാല് കാശിന്റെ പരസ്യം തരുന്നവന്റെ ചെരുപ്പ് നക്കുന്ന മാധ്യമ ധാർമികത. ഇവരൊക്കെത്തന്നെയാണ് രാത്രി ഒമ്പത് മണിക്ക് ന്യൂസ് റൂമിൽ ടയ്യും കെട്ടി അഴിമതിക്കെതിരെ കാറുകയും കുരയ്ക്കുകയും ചെയ്യാറുള്ളത്. ആരോപണം തെറ്റോ ശരിയോ ആവട്ടെ, ആ വാർത്ത സംപ്രേഷണം ചെയ്യേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. ആരോപണ വാർത്ത കൊടുക്കുന്നതോടൊപ്പം തന്നെ ആരോപിതനായ വ്യക്തിക്ക് പറയാനുള്ളതും കൊടുക്കണം. അതാണ്‌ മാധ്യമ ധർമം. എന്നാൽ അഴിമതി വാർത്ത പാടെ മുക്കിയ മാധ്യമങ്ങൾ ചെമ്മണ്ണൂർ മുതലാളിയുടെ വിശദീകരണ പ്രസ്താവന മാത്രം പ്രസിദ്ധീകരിച്ചു എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും വലിയ തമാശ. മുതലാളി പറഞ്ഞാൽ എന്തും കൊടുക്കും, മുതലാളിക്കെതിരെ ഒന്നും കൊടുക്കില്ല എന്ന നിലപാട്.. ഇതിനെ നാം ഫോർത്ത് എസ്റ്റേറ്റ്‌ എന്നാണോ അതോ ഊമ്പൻ എസ്റ്റേറ്റ്‌ എന്നാണോ വിളിക്കേണ്ടത്."

ഇതേ മുതലാളിയുടെ കൊള്ളപ്പലിശക്ക് വിധേയനായി ജീവിതം തുലഞ്ഞ ഒരു വ്യക്തി തിരൂരിലെ ചെമ്മണ്ണൂർ ജ്വല്ലറിയിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തിരുന്നു കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ. ആ വാർത്തയിൽ പോലും ജ്വല്ലറിയുടെ പേര് കൊടുക്കാതെ വിധേയത്വം കാണിച്ചവരാണ് നമ്മുടെ മാധ്യമങ്ങൾ. അത്തരം മാമാ മാധ്യമങ്ങൾ നിറഞ്ഞു നില്ക്കുന്ന ഇക്കാലത്ത് സോഷ്യൽ മീഡിയ മാത്രമാണ് അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ സാധാരണക്കാരന് ബാക്കിയുള്ളത് എന്ന സത്യം നാം തിരിച്ചറിയുക. അപ്രിയ സത്യങ്ങൾ നാം ഉച്ചത്തിൽ വിളിച്ചു പറയുക. സാമൂഹ്യ തിന്മകൾക്കെതിരെ ജാഗ്രത്തായി നിലകൊള്ളുക. പണമെറിഞ്ഞ് നിയമവും നീതിയും മാത്രമല്ല, ദേശീയ അവാർഡുകൾ പോലും വിലക്ക് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചികൾക്കെതിരെ ശക്തമായ പൊതുബോധ നിർമ്മിതിക്കായി സാമൂഹ്യ മാധ്യമങ്ങളെ നാം ഉപയോഗപ്പെടുത്തുക. കാശ് വാങ്ങി വാർത്ത മുക്കാൻ കഴിയുന്ന കാലം കഴിഞ്ഞെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുക.

Related Posts
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ?
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?