ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

'ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞു വെള്ളം തൊടാതെ തിരിച്ചു വന്നു' എന്ന് പറയുന്നത് പോലെ ബ്രിട്ടാസ് വീണ്ടും കൈരളിയിലേക്ക് തിരിച്ചു വരികയാണ്. അവനിത് തന്നെ വേണം എന്ന് പറയുന്നവരാണ് കൂടുതലും. തമിഴ് സിനിമയില്‍ എം ജി ആറിനെപ്പോലെ കത്തിനില്‍ക്കുന്ന സമയത്താണ് ബ്രിട്ടാസ് കൈരളി വിട്ടത്. ഇപ്പോള്‍ വടിവേലുവിന്റെ അവസ്ഥയിലാണ് തിരിച്ചു വരുന്നത്. ഏഷ്യാനെറ്റില്‍ ചിലവഴിച്ച രണ്ട് വര്‍ഷങ്ങള്‍ ബ്രിട്ടാസിന്റെ മാധ്യമ ജീവിതത്തിലെ പൂച്ചയും നായയും ഒരു പോലെ നക്കിയ  വര്‍ഷങ്ങളാണെന്ന്  വിശ്വസിക്കുന്നവരാണ് ഏറെയും. മമ്മൂട്ടിയുടെയും പിണറായി സഖാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് മര്‍ഡോക്കിനെ തലാഖ് ചെല്ലുന്നത് എന്നാണു പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്. ഞാന്‍ വിശ്വസിച്ചു!!. നിങ്ങളുമത് വിശ്വസിക്കണം!!!. തെളിവിനായി മമ്മൂട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്തും ടൈപ്പ് ചെയ്തു വെച്ചിട്ടുണ്ട്. അതെന്തോ ആവട്ട്.. ഈ തിരിച്ചു വരവ് എല്ലാവര്‍ക്കും ഒരു പാഠമാണ്. ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേള്‍ക്കുന്ന എല്ലാവര്‍ക്കും.

ഏഷ്യാനെറ്റുകാര്‍ സത്യത്തില്‍ ഒരു വലിയ ട്രാപ്പിലാണ് ബ്രിട്ടാസിനെ വീഴ്ത്തിയത്. ബിസിനെസ്സ് ഹെഡെന്ന് പേരു നല്‍കി ഒരു തിരിയുന്ന കസേരയും കൊടുത്ത് മൂലക്കിരുത്തി. കൈരളിയില്‍ സര്‍വ്വാധിപനായി വിലസിയിരുന്ന ബ്രിട്ടാസ് സ്റ്റാര്‍ ഗ്രൂപ്പിന്റെ താപ്പാനകള്‍ക്കിടയില്‍ ഒരെലിയെപ്പോലെ ജീവിക്കേണ്ടി വന്നു. ബ്രിട്ടാസിന്റെ ട്രേഡ് മാര്‍ക്കായിരുന്ന അഭിമുഖങ്ങള്‍ക്ക് ഏഷ്യാനെറ്റില്‍ ഇടമുണ്ടായില്ല. ശ്രീകണ്ഠന്‍ നായര്‍ സൂപ്പര്‍ ഡൂപ്പറായി കൊണ്ടുപോയിരുന്ന 'നമ്മള്‍ തമ്മി'ലാകട്ടെ ബ്രിട്ടാസിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ ലൂ ആയി മാറി എന്നും പറയാം.  താരപദവിയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്വാഭാവിക മരണം സംഭവിച്ചു കൊണ്ടിരിക്കവെയാണ് പാവം കൈരളി ഓക്സിജന്‍ വാള്‍വുമായി രക്ഷക്കെത്തിയത്.

ബ്രിട്ടാസ് എന്തൊക്കെപ്പറഞ്ഞാലും കൈരളി ചാനലിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകന്മാരെ  സംബന്ധിച്ചിടത്തോളം ബ്രിട്ടാസ് ഒരു ബ്രൂട്ടസാണ്. നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളും ഇടതുപക്ഷ ഹൃദയവും നാല് വെള്ളിക്കാശിനു വേണ്ടി മര്‍ഡോക്കിന്റെ കാല്‍ക്കീഴില്‍ അടിയറവു പറഞ്ഞ് പാര്‍ട്ടിയെയും അതിന്റെ ചാനലിനെയും വഞ്ചിച്ചു കടന്ന് കളഞ്ഞ ബ്രൂട്ടസ്. കൈരളി പാര്‍ട്ടിയുടെ ചാനലല്ല എന്ന് എത്ര തവണ ആവര്‍ത്തിച്ചാലും അത് പാര്‍ട്ടിയുടെത് അല്ലാതാവുന്നില്ല. ബൂര്‍ഷ്വാസിയുടെയും കുത്തക മുതലാളിമാരുടെയും മാധ്യമ സംസ്കാരത്തിനെതിരെ തൊഴിലാളിവര്‍ഗ പാര്‍ശ്വവത്കൃത ജനതയുടെ ആത്മാവിഷ്കാരമായിട്ടാണ് കൈരളി ജനിക്കുന്നത്. പാര്‍ട്ടിയോട് അനുഭാവമുള്ള ശത കോടീശ്വരന്‍മാരുടെ ഷെയറുകള്‍ക്കൊപ്പം കൂലി വേല ചെയ്തും പാടത്ത് പണിയെടുത്തും വിയര്‍പ്പൊഴുക്കിയ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നാണയത്തുട്ടുകളും അതിന്റെ അസ്ഥിവാരങ്ങളില്‍ കാണാം. ആ നാണയത്തുട്ടുകളിലാണ് കൈരളിയുടെ ജീവനും ആത്മാവുമുള്ളത്.  മാധവന്‍കുട്ടിയും ഭാസുരേന്ദ്ര ബാബുവുമടക്കമുള്ള ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ കേരളീയ സമൂഹത്തെ പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നതുമതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു മാധ്യമ സംസ്കാരത്തിന്റെ ജീവിക്കുന്ന പ്രതീകമായിട്ടാണ്‌ ബ്രിട്ടാസിനെ ഇടതുപക്ഷ കേരളം നെഞ്ചേറ്റിയത്.

ഒരു ബദല്‍ മാധ്യമ സംസ്കാരത്തിന്റെ വക്താവ് എന്ന നിലയിലാണ് ബ്രിട്ടാസ് വളര്‍ന്നതും ബ്രിട്ടാസിനെ കൈരളി  വളര്‍ത്തിയതും. (കൈരളിയെ ബ്രിട്ടാസ് വളര്‍ത്തിയത് എന്നും പറയാം) മര്‍ഡോക്കിന്റെ ചാനലില്‍ നിന്നും ആയിരത്തിന്റെ ചില നോട്ടുകള്‍ പിടപിടക്കുന്നത് കണ്ടപ്പോള്‍ തൊഴിലാളി വര്‍ഗ നിലപാടുകളും അതുയര്‍ത്തിപ്പിടിക്കുന്ന മാധ്യമ സംസ്കാരവും വിട്ടേച്ച്‌കൊണ്ട് ഓടിപ്പോയതാണ് ബ്രിട്ടാസ്. സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ കൂടുമാറുന്ന പോലുള്ള ഒരു മാറ്റമായി ഇടതുപക്ഷ മനസ്സുകള്‍ക്ക് അതിനെ കാണാനാവുമായിരുന്നില്ല. അവിടെയാണ് ബ്രിട്ടാസ് കൈരളിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ പാവങ്ങള്‍ക്ക് വര്‍ഗവഞ്ചകനായത്. അത് പരസ്യമായി തുറഞ്ഞു പറഞ്ഞ നേതാക്കളുണ്ട്. പാര്‍ട്ടി വേദികളിലും പുറത്തും പ്രസംഗിച്ചവരുണ്ട്‌. ലേഖനമെഴുതിയവരുണ്ട്. മര്‍ഡോക്കിന്റെ ചാനലില്‍ ക്ലച്ചു പിടിക്കാനാവാതെ ഇപ്പോള്‍ ബ്രിട്ടാസ് തിരിച്ചു വരുമ്പോള്‍ പഴയ ബ്രിട്ടാസായി ഇനിയവര്‍ക്ക്  കാണാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. അതവരുടെ കുഴപ്പമല്ല. ബ്രിട്ടാസിന്റെ കയ്യിലിരുപ്പിന്റെ കൂടി പ്രശ്നമാണ്.

പിണറായിയെ സംബന്ധിച്ചിടത്തോളം തനിക്കൊരു ഇമേജ് മാനേജരെ അത്യാവശ്യമുണ്ട്‌. ഏത് സമരമുഖത്തെയും കൂളായി ഇമേജ് ബില്‍ഡിങ്ങിന് ഉപയോഗപ്പെടുത്തുന്ന വി എസ്സിന്റെ മിടുക്കിനു തടയിടുവാന്‍ ഒരു പെയിഡ് മാനേജര്‍. ബ്രിട്ടാസിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ അത്തരമൊരു ഇമേജ് രാഷ്ട്രീയത്തിന്റെ തന്ത്രം കാണാന്‍ പറ്റും. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇനി മക്കളും പേരമക്കളുമായി ടി വി യും കണ്ടിരിക്കേണ്ട സമയമാണ് വരുന്നത്. ന്യൂ ജനറേഷന്‍ പിള്ളേര്‍ സിനിമയെ അടിച്ചെടുത്തു കൊണ്ടുപോയി. ബ്രിട്ടാസിനെപ്പോലൊരാള്‍ കൈരളിയിലെ തലപ്പുത്താണ്ടാകുന്നത് അങ്ങേര്‍ക്കും ശിഷ്ടകാലത്ത് ഗുണം ചെയ്തേക്കും.

ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ബ്രിട്ടാസിനെ നമുക്കാര്‍ക്കും എഴുതിത്തള്ളാനാവില്ല. കഴിവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് ബ്രിട്ടാസ്. കൈരളിയെ ഇനിയും ഉയര്‍ച്ചയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. കഴിയണം. കേരളത്തിലെ മാധ്യമ രംഗം ഇപ്പോള്‍ കടുത്ത മത്സരത്തിലാണ്. മാതൃഭൂമിയും മീഡിയ വണ്ണും കടന്നു വന്നതോടെ ആ മത്സരം കുറച്ചു കൂടി മുറുകിയിട്ടുണ്ട് . എന്നാലും കൈരളിക്കു അതിലൊരിടമുണ്ട് . മാതൃഭൂമി പതിയെ പതിയെ ക്ലച്ച് പിടിച്ചു വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മീഡിയ വണ്ണിനെ സംബന്ധിച്ചിടത്തോളം ഒന്നും പറയാറായിട്ടില്ല. ചാനല്‍ തുറക്കുമ്പോഴൊക്കെ 'ഞാന്‍ സ്ത്രീ' 'ഞാന്‍ സ്ത്രീ' എന്ന് മാത്രമാണ് കേള്‍ക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍  നൃത്തവും പാട്ടും നാടകവും.  ജമാഅത്തുകാര്‍ മാറിയപ്പോള്‍ വല്ലാതങ്ങ് മാറിപ്പോയത് പോലെ. നന്നായാല്‍ അവര്‍ക്ക് നന്ന്.. (നേരത്തെ എഴുതിയ പോസ്റ്റ്‌ പിന്‍വലിക്കേണ്ടി വരുമോ എന്ന സംശയവും ഇല്ലാതില്ല).

സെലിബ്രിറ്റികളുടെ കല്യാണം പോലെ അധികം നീണ്ടുനില്‍ക്കാത്ത ബാന്ധവങ്ങളാണ് മീഡിയ രംഗത്ത് ഇപ്പോള്‍ ഏറെയുള്ളത്. എന്‍ഗേജ്മെന്‍റ് കാലത്തെ സല്ലാപ ഫോട്ടോകളും താലികെട്ട് ഫോട്ടോകളും കണ്ടു കണ്ണെടുക്കുന്നതിനു മുമ്പ് തന്നെയെത്തും ഡൈവോഴ്സ് പേപ്പറുമായി കോടതി വരാന്ത നിരങ്ങുന്നതിന്റെ സചിത്ര റിപ്പോര്‍ട്ടുകള്‍.. ഇതൊക്കെ കണ്ടു ശീലിച്ച പ്രേക്ഷകര്‍ സെലിബ്രിറ്റികളുടെ കല്യാണമെന്ന്‌ കേള്‍ക്കേണ്ട താമസം മനസ്സില്‍ ചോദിക്കും. ഡൈവോഴ്സിന്‍റെ ഡേറ്റ് നിശ്ചയിച്ചിട്ടുണ്ടോ എന്ന്?. ഏതാണ്ട് അതേ അവസ്ഥയാണിപ്പോള്‍ മാധ്യമ രംഗത്തെ പുലികള്‍ക്കുമുള്ളത്. "എടേ എത്ര ദിവസം കാണുമിവിടെ?" എന്ന് അറിയാതെ ചോദിച്ചു പോകുന്ന അവസ്ഥ. ഐ ടി കമ്പനിക്കാര്‍ നിശ്ചിത കാലത്തേക്ക് ബോണ്ടെഴുതി ഒപ്പിടിവിക്കുന്ന പോലെ മാധ്യമരംഗത്തും ബോണ്ടെഴുത്ത് വന്നു കൂടായ്കയില്ല. പുതിയ നായികമാരെ അഭിനയ രംഗത്തിറക്കുമ്പോള്‍ ഇനി പതിനാറു വര്‍ഷം കഴിഞ്ഞു മാത്രമേ മറ്റൊരു പടത്തില്‍ അഭിനയിക്കാവൂവെന്ന് ചില നിര്‍മാതാക്കള്‍ കരാറ് വെക്കാറുള്ളത് പോലെ മാധ്യമ രംഗത്തും അതുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ചുരുക്കത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരോടുമായി പറയാനുള്ളത് ഇത്രയുമാണ്. അക്കരെപ്പച്ച എന്നത് ഒരു തിയറി മാത്രമല്ല ഒരു യാഥാര്‍ത്ഥ്യം കൂടിയാണ്. ബ്രിട്ടാസ് ഡ്രാമയുടെ ആത്യന്തിക പാഠമതാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ചാടുമ്പോള്‍ കാലൊടിയാതെ നോക്കണം. അന്നന്ന് കാണുന്നവനെ അപ്പാ എന്ന് വിളിച്ച് ശീലിക്കരുത്. തോന്നുമ്പോള്‍ ഇട്ടെറിഞ്ഞ്‌ പോകാനും തോന്നുമ്പോള്‍ കയറി വന്ന് എം ഡി യാകാനും എല്ലാവര്‍ക്കും ഒരു കൈരളി ഉണ്ടായിക്കൊള്ളണമെന്നില്ല. സി പി എം നേതൃത്വത്തിന് സംഭവിച്ചത് പോലെ അത്തരമൊരു നിവൃത്തികേട് മറ്റു മാധ്യമ മുതലാളിമാര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നുമില്ല. ജസ്റ്റ് റിമംബര്‍ ദാറ്റ്‌!!. Story Update ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

Related Posts
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
മീഡിയ വണ്‍ : തുടക്കം കസറി
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍