അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..

ഒരു വിധം സുബോധമുള്ള ആളുകളൊക്കെ പറഞ്ഞതാണ്, പോരണ്ടാ പോരണ്ടാന്ന് , കേട്ടില്ല. അവസാനം പ്രവാസി  മലയാളികളുടെ പ്രതിഷേധത്തിന്റെ സുനാമിത്തിരകണ്ട് കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്  ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു.  ഇതൊരു വിജയമാണ്. രാഷ്ട്രീയം മറന്നുള്ള പ്രവാസി  മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന്റെ വിജയം. അധികാരത്തിന്റെ സുഖശീതളിമയില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും മയങ്ങിക്കിടക്കുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കുമുള്ള ഒരു പാഠം കൂടിയാണിത്. ജനങ്ങള്‍ കണ്ണ് തുറന്നു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.  അവരുടെ കയ്യില്‍ ഇന്ന് പ്രതികരിക്കാനുള്ള മാധ്യമമുണ്ട്. ആ പ്രതികരണങ്ങളെ അഗ്നിയായി പടര്‍ത്താനുള്ള സംഘ ബോധമുണ്ട്.

പ്രതിഷേധസ്വരങ്ങളെക്കുറിച്ച് മനസ്സിലാക്കിയ മന്ത്രി തന്റെ ഗള്‍ഫിലേക്കുള്ള വരവ് നേരത്തെ ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചിരുന്നു. പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇതിനിടക്ക്‌ വ്യോമയാന മന്ത്രിയുമായി തിരക്കിട്ടൊരു കൂടിക്കാഴ്ചയും നടത്തി. യാത്രാപ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഒരു പ്രസ്താവനയും!!. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ പ്രതിഷേധക്കാരൊക്കെ സായൂജ്യമടഞ്ഞു മന്ത്രിക്കു സിന്ദാബാദ് വിളിക്കുമെന്ന് ഏതോ പൊട്ടന്മാര്‍ ഉപദേശം കൊടുത്തുകാണണം. പക്ഷെ അതുണ്ടായില്ല പകരം മന്ത്രിയുടെ ചര്‍ച്ചാ നാടകങ്ങള്‍ പ്രതിഷേധങ്ങളെ ഇരട്ടിപ്പിക്കുകയായിരുന്നു.

ഒഴിഞ്ഞ കസേരകള്‍ സാക്ഷി. ഗള്‍ഫിലെ ഒരു സ്വീകരണ ചടങ്ങില്‍ നിന്ന്. 

വയലാര്‍ രവിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തണമെന്ന്  ഉദ്ദേശമില്ല. അദ്ദേഹത്തിന്‍റെ ചടുലമായ രാഷ്ട്രീയ പാരമ്പര്യത്തെയും വിലകുറച്ച് കാണുന്നില്ല, മറിച്ച് അതീവ ഗുരുതരമായ പ്രവാസി വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള കുറ്റകരമായ നിഷ്ക്രിയത്വത്തെ വിമര്‍ശിക്കാതെ വയ്യ. യാത്രക്കാരുടെ സ്വാഭാവിക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു എയര്‍ ഇന്ത്യ അധികൃതര്‍ ഉണ്ടാക്കിയ റാഞ്ചല്‍ തിരക്കഥയെക്കുറിച്ച് പതിനെട്ടു ദിവസം ഒരക്ഷരം മിണ്ടാതിരുന്ന മന്ത്രി ഗള്‍ഫിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസമാണ് വായ തുറന്നത്. ഒക്ടോബര്‍ പത്തൊമ്പതിന് നടന്ന പ്രശ്നത്തെക്കുറിച്ച് പ്രവാസി കാര്യമന്ത്രിക്കു തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആറ്  വരെ കാത്തിരിക്കേണ്ടി വന്നു. അതും ഗള്‍ഫിലെ പ്രതിഷേധങ്ങളെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ !!! സോഷ്യല്‍ മീഡിയയിലെ സുനാമിത്തിരയെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍  !!! ഇതിലപ്പുറം ഒരു ഗതികേട് എന്തുണ്ട്?. ഒറ്റക്കെട്ടായുള്ള പ്രവാസികളുടെ പ്രതിഷേധത്തെ രാഷ്ട്രീയ നിറം കലര്‍ത്തി രക്ഷപ്പെടാനാണ് മന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറുന്ന  ദൃശ്യം അതാണ്‌ കാണിക്കുന്നത്. ഏഷ്യാനെറ്റ്‌ വാര്‍ത്തയില്‍ കാണിച്ച ഈ വീഡിയോ അതിനു ഏറ്റവും വലിയ തെളിവാണ്."എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് എനിക്കിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും?" എന്നാണു മന്ത്രി കയര്‍ക്കുന്നത്. ഏഴു വര്‍ഷമായി കേന്ദ്ര ക്യാബിനറ്റില്‍ ഇരിക്കുന്ന പ്രവാസി മന്ത്രിക്കു ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആരാണാവോ എന്തെങ്കിലും ചെയ്യേണ്ടത്. കായംകുളം കൊച്ചുണ്ണിയോ അതോ കീരിക്കാടന്‍ ജോസോ? അതല്ല അടിവാരം അമ്മിണിയോ? പറയൂ മിനിസ്റ്റര്‍ സാര്‍ ..

പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് തരിമ്പെങ്കിലും പരിഹാരം കാണുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഈ മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടും (ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും രാഷ്ട്രീയം മറന്നു ഈ പ്രതിഷേധക്കൂട്ടായ്മയില്‍ കണ്ണികളായിട്ടുണ്ട് എന്നത് പറയാതെ വയ്യ) ഒരു വാക്ക്. നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ തന്നെ പൊതുരംഗത്തുള്ള ഇമേജാണ്. ഒന്നുകില്‍ ഈ പാവം പിടിച്ച പ്രവാസികളോടൊപ്പം നിന്ന് പൊതുപ്രവര്‍ത്തനത്തിന്റെ ആര്‍ജ്ജവത്വം തിരിച്ചെടുക്കുക. അതല്ലെങ്കില്‍ അവരെ ഒറ്റുകൊടുത്ത കരിങ്കാലിപ്പട്ടം ഏറ്റുവാങ്ങി ചാരിതാര്‍ത്ഥ്യം അടയുക. തീരുമാനം നിങ്ങള്‍ക്ക് വിടുന്നു.

Recent Posts
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ച്ചകളിലേക്ക്
ആമിര്‍ഖാന്‍ ഹാജിയാര്‍ !
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
മലാല തിരിച്ചു വരുമ്പോള്‍

Related Posts
വയലാര്‍ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ, സമയം നന്നല്ല
എയര്‍ ഇന്ത്യ v/s കൊടി സുനി
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!