ആമിര്‍ഖാന്‍ ഹാജിയാര്‍ !

ഹജ്ജ് ചെയ്തവരെ നമ്മുടെ നാട്ടില്‍ ഹാജിയാര്‍ എന്ന് വിളിക്കാറുണ്ട്. ആ ഒരു രീതി വെച്ചാണ് തലക്കെട്ടില്‍ ആമിര്‍ ഖാന്‍ ഹാജിയാര്‍ എന്ന് കൊടുത്തത്. ഹിന്ദി സിനിമയിലെ സൂപ്പര്‍ താരം ഹജ്ജിനെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഓരോ ഹജ്ജ് കാലത്തും ഇതുപോലെ സെലിബ്രിറ്റി ഹാജിമാര്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രത്തലവന്മാര്‍ , ലോക പ്രശസ്ത കായിക താരങ്ങള്‍ , ഹോളിവുഡ് നടീ നടന്മാര്‍ തുടങ്ങി ലോക്കല്‍ നേതാക്കള്‍ വരെ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കും. മുപ്പതു ലക്ഷത്തിലധികം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്തിട്ടുണ്ട്. പക്ഷെ സെലിബ്രിറ്റികളുടെ ഹജ്ജാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. അതില്‍ നമ്മളാരും പരിഭവിച്ചിട്ട്‌ കാര്യമില്ല.

ആമിര്‍ഖാന്‍ എങ്ങിനെയാണ് ഹജ്ജ് ചെയ്തത്, ഏത് ഹോട്ടലിലാണ് താമസിച്ചത്, ഫൂലും തമീസും* കഴിച്ചിരുന്നോ തുടങ്ങി വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാന്‍ കൌതുകമുള്ള ധാരാളം കാര്യങ്ങളുണ്ട്. എന്റെ നാട്ടിലെ കുഞ്ഞവറാന്‍ എങ്ങിനെയാണ് ഹജ്ജ് ചെയ്തത് എന്നറിയാന്‍ കുഞ്ഞവറാന്റെ മോന് പോലും താത്പര്യം ഉണ്ടാവണമെന്നില്ല. അതാണ്‌ ഈ വാര്‍ത്തകളുടെ ഒരു ലോജിക്. ആമിര്‍ ഖാന്റെ തലക്കെട്ട്‌ നല്‍കി ഈ ബ്ലോഗ്‌ നാലാളെക്കൊണ്ട് വായിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കുന്ന ഞാനും ചെയ്യുന്നത് ഇതേ ലോജിക്ക് വെച്ചുള്ള കളിയാണ്. 

എല്ലാ പെരുന്നാള്‍ പിറ്റേന്നും മനോരമ പത്രത്തില്‍ വരുന്ന ഒന്നാം പേജ് ഫോട്ടോ മമ്മൂട്ടി കൊച്ചിയിലെ ഈദ് ഗാഹില്‍ നമസ്കരിക്കുന്നതായിരിക്കും. മമ്മൂട്ടി മാത്രമേ കേരളത്തില്‍ പെരുന്നാള്‍ നമസ്കരിക്കുന്നതായിട്ടുള്ളൂ എന്നൊക്കെ ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ കഴിയില്ല. ഞാനോ നിങ്ങളോ നമസ്കരിക്കുന്ന ഫോട്ടോ ഒന്നാം പേജില്‍ കൊടുത്താല്‍  അച്ചായന് വട്ടായോ എന്ന് ഇപ്പറയുന്ന നമ്മള് തന്നെ ചോദിക്കും. ആമിര്‍ ഖാന്റെ ഹജ്ജിനെക്കുറിച്ചു ഒരു പോസ്റ്റിടുന്നതിനു വേണ്ടി ഞാന്‍ നിരത്തിയ ന്യായീകരണങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു കാണുമെന്നു വിശ്വസിക്കുന്നു. 

ആമിര്‍ ഖാന്റെ ഹജ്ജ് വാര്‍ത്തകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് തന്റെ പ്രായമായ ഉമ്മയുമായാണ് അദ്ദേഹം ഹജ്ജിനെത്തിയത് എന്നാണ്. മിനായിലെ ടെന്റുകള്‍ക്ക്‌ സമീപത്തു കൂടെ വീല്‍ ചെയറില്‍ ഉമ്മയെയും ഉന്തിക്കൊണ്ടു താരം നടന്നു പോകുന്ന ഫോട്ടോ ഏറെ വാചാലമായിരുന്നു. ഉയരങ്ങളില്‍ എത്തുമ്പോള്‍ പെറ്റ ഉമ്മയെ മറക്കാതിരിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ ഉമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിനു വേണ്ടി തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് മക്കയിലെത്തിയ താരത്തോട് ഇത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു. ഈ ഹജ്ജ് വേളയില്‍ മിനായില്‍ ഞാന്‍ ഉണ്ടായിരുന്നു. അവിടത്തെ തിരക്കും ചൂടും ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്‌. ഞാന്‍ കഴിഞ്ഞിരുന്ന ടെന്റിന് തൊട്ടു മുന്നില്‍ വെച്ചാണ് തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞു വീണു മരിച്ചത്. അതുകൊണ്ട് തന്നെ ഈ ഒരു ഫോട്ടോയുടെ വാചാലത എനിക്ക് പെട്ടെന്ന് അനുഭവവേദ്യമായി.
  

സിനിമാ താരങ്ങളുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കുമോ എന്നൊരാള്‍ ചോദിച്ചു. അക്കാര്യം ആലോചിച്ചു നിങ്ങള് ബേജാര്‍ ആവേണ്ട, അത് അല്ലാഹു നോക്കിക്കൊള്ളും എന്ന് ഞാന്‍ മറുപടിയും കൊടുത്തു. ആമിര്‍ഖാന്റെ ഹജ്ജിനു മാര്‍ക്കിടുന്ന പരിപാടി നിര്‍ത്തി നിങ്ങളുടെ ഹജ്ജ് ശരിക്ക് ചെയ്യാന്‍ നോക്ക് എന്ന് കൂടി പറയണം എന്നെനിക്കുണ്ടായിരുന്നു. വെറുതെ മിനായില്‍ വെച്ചു കച്ചറയുണ്ടാക്കണ്ട എന്ന് കരുതി അത് പറഞ്ഞില്ല. പലരുടെയും ഒരു പൊതു സ്വഭാവം ഇതാണ്. സ്വയം മാര്‍ക്കിടില്ല. എന്നാല്‍ മറ്റെല്ലാവര്‍ക്കും മാര്‍ക്കിട്ടു കൊടുക്കും. മറ്റുള്ളവര്‍ക്ക് എങ്ങനെയെങ്കിലും സ്വര്‍ഗത്തിലേക്കോ  നരകത്തിലേക്കോ ടിക്കറ്റ് ഒക്കേയാക്കി ബോര്‍ഡിംഗ് പാസ് എടുത്തു കൊടുത്ത ശേഷമേ അവര്‍ക്ക് ഉറക്കം കിട്ടൂ. സ്വന്തം ടിക്കറ്റ് ഒക്കെയാക്കുന്ന കാര്യത്തില്‍ മാത്രമാണ് അശ്രദ്ധയുണ്ടാകുക.  

ഒരു ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കുമ്പോഴേക്ക് മാതാപിതാക്കളെ മറന്നു പോകുന്ന മക്കള്‍ ഏറെയുള്ള നമ്മുടെ തലമുറയില്‍, അനാഥ മന്ദിരളേക്കാള്‍ കൂടുതല്‍ വൃദ്ധമന്ദിരങ്ങള്‍  ഉയര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, പെറ്റ അമ്മയെ പുഴുവരിക്കാന്‍ വിട്ട മക്കളുള്ള നമ്മുടെ മണ്ണില്‍ , അമ്മയെയും ഉമ്മയെയും വിലമതിക്കുന്ന മക്കള്‍ ഒരമൂല്യ നിധിയാണ്‌.ഒരായുഷ്കാലം മുഴുവന്‍ പകര്‍ന്നു കിട്ടിയ സ്നേഹത്തിനു പകരമായി വല്ലപ്പോഴും അയച്ചു കൊടുക്കുന്ന ഡോളറിന്റെയും റിയാലിന്റെയും കണക്കെഴുതി വെക്കുന്ന മക്കള്‍ക്കിടയില്‍ ആമിര്‍ ഖാന്റെ ഈ ഹജ്ജ് ഫോട്ടോ തികച്ചും വാചാലമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.                   (അറബികളുടെ ഇഷ്ട ഭക്ഷണം)  

Related Posts
Old is (പുഴുവരിക്കുന്ന) Gold‌ !! 
ഐ ലവ് യു പറയേണ്ടതെങ്ങിനെ? 
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

Recent Posts
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!. 
മലാല തിരിച്ചു വരുമ്പോള്‍ 
പ്രവാചകനോ അതോ സിനിമയോ വലുത്?
ചാടിച്ചാടി ഈ വേണു എവിടെയെത്തും?