November 1, 2012

ആമിര്‍ഖാന്‍ ഹാജിയാര്‍ !

ഹജ്ജ് ചെയ്തവരെ നമ്മുടെ നാട്ടില്‍ ഹാജിയാര്‍ എന്ന് വിളിക്കാറുണ്ട്. ആ ഒരു രീതി വെച്ചാണ് തലക്കെട്ടില്‍ ആമിര്‍ ഖാന്‍ ഹാജിയാര്‍ എന്ന് കൊടുത്തത്. ഹിന്ദി സിനിമയിലെ സൂപ്പര്‍ താരം ഹജ്ജിനെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഓരോ ഹജ്ജ് കാലത്തും ഇതുപോലെ സെലിബ്രിറ്റി ഹാജിമാര്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രത്തലവന്മാര്‍ , ലോക പ്രശസ്ത കായിക താരങ്ങള്‍ , ഹോളിവുഡ് നടീ നടന്മാര്‍ തുടങ്ങി ലോക്കല്‍ നേതാക്കള്‍ വരെ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കും. മുപ്പതു ലക്ഷത്തിലധികം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്തിട്ടുണ്ട്. പക്ഷെ സെലിബ്രിറ്റികളുടെ ഹജ്ജാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. അതില്‍ നമ്മളാരും പരിഭവിച്ചിട്ട്‌ കാര്യമില്ല.

ആമിര്‍ഖാന്‍ എങ്ങിനെയാണ് ഹജ്ജ് ചെയ്തത്, ഏത് ഹോട്ടലിലാണ് താമസിച്ചത്, ഫൂലും തമീസും* കഴിച്ചിരുന്നോ തുടങ്ങി വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാന്‍ കൌതുകമുള്ള ധാരാളം കാര്യങ്ങളുണ്ട്. എന്റെ നാട്ടിലെ കുഞ്ഞവറാന്‍ എങ്ങിനെയാണ് ഹജ്ജ് ചെയ്തത് എന്നറിയാന്‍ കുഞ്ഞവറാന്റെ മോന് പോലും താത്പര്യം ഉണ്ടാവണമെന്നില്ല. അതാണ്‌ ഈ വാര്‍ത്തകളുടെ ഒരു ലോജിക്. ആമിര്‍ ഖാന്റെ തലക്കെട്ട്‌ നല്‍കി ഈ ബ്ലോഗ്‌ നാലാളെക്കൊണ്ട് വായിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കുന്ന ഞാനും ചെയ്യുന്നത് ഇതേ ലോജിക്ക് വെച്ചുള്ള കളിയാണ്. 

എല്ലാ പെരുന്നാള്‍ പിറ്റേന്നും മനോരമ പത്രത്തില്‍ വരുന്ന ഒന്നാം പേജ് ഫോട്ടോ മമ്മൂട്ടി കൊച്ചിയിലെ ഈദ് ഗാഹില്‍ നമസ്കരിക്കുന്നതായിരിക്കും. മമ്മൂട്ടി മാത്രമേ കേരളത്തില്‍ പെരുന്നാള്‍ നമസ്കരിക്കുന്നതായിട്ടുള്ളൂ എന്നൊക്കെ ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ കഴിയില്ല. ഞാനോ നിങ്ങളോ നമസ്കരിക്കുന്ന ഫോട്ടോ ഒന്നാം പേജില്‍ കൊടുത്താല്‍  അച്ചായന് വട്ടായോ എന്ന് ഇപ്പറയുന്ന നമ്മള് തന്നെ ചോദിക്കും. ആമിര്‍ ഖാന്റെ ഹജ്ജിനെക്കുറിച്ചു ഒരു പോസ്റ്റിടുന്നതിനു വേണ്ടി ഞാന്‍ നിരത്തിയ ന്യായീകരണങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു കാണുമെന്നു വിശ്വസിക്കുന്നു. 

ആമിര്‍ ഖാന്റെ ഹജ്ജ് വാര്‍ത്തകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് തന്റെ പ്രായമായ ഉമ്മയുമായാണ് അദ്ദേഹം ഹജ്ജിനെത്തിയത് എന്നാണ്. മിനായിലെ ടെന്റുകള്‍ക്ക്‌ സമീപത്തു കൂടെ വീല്‍ ചെയറില്‍ ഉമ്മയെയും ഉന്തിക്കൊണ്ടു താരം നടന്നു പോകുന്ന ഫോട്ടോ ഏറെ വാചാലമായിരുന്നു. ഉയരങ്ങളില്‍ എത്തുമ്പോള്‍ പെറ്റ ഉമ്മയെ മറക്കാതിരിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ ഉമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിനു വേണ്ടി തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് മക്കയിലെത്തിയ താരത്തോട് ഇത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു. ഈ ഹജ്ജ് വേളയില്‍ മിനായില്‍ ഞാന്‍ ഉണ്ടായിരുന്നു. അവിടത്തെ തിരക്കും ചൂടും ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്‌. ഞാന്‍ കഴിഞ്ഞിരുന്ന ടെന്റിന് തൊട്ടു മുന്നില്‍ വെച്ചാണ് തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞു വീണു മരിച്ചത്. അതുകൊണ്ട് തന്നെ ഈ ഒരു ഫോട്ടോയുടെ വാചാലത എനിക്ക് പെട്ടെന്ന് അനുഭവവേദ്യമായി.
  

സിനിമാ താരങ്ങളുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കുമോ എന്നൊരാള്‍ ചോദിച്ചു. അക്കാര്യം ആലോചിച്ചു നിങ്ങള് ബേജാര്‍ ആവേണ്ട, അത് അല്ലാഹു നോക്കിക്കൊള്ളും എന്ന് ഞാന്‍ മറുപടിയും കൊടുത്തു. ആമിര്‍ഖാന്റെ ഹജ്ജിനു മാര്‍ക്കിടുന്ന പരിപാടി നിര്‍ത്തി നിങ്ങളുടെ ഹജ്ജ് ശരിക്ക് ചെയ്യാന്‍ നോക്ക് എന്ന് കൂടി പറയണം എന്നെനിക്കുണ്ടായിരുന്നു. വെറുതെ മിനായില്‍ വെച്ചു കച്ചറയുണ്ടാക്കണ്ട എന്ന് കരുതി അത് പറഞ്ഞില്ല. പലരുടെയും ഒരു പൊതു സ്വഭാവം ഇതാണ്. സ്വയം മാര്‍ക്കിടില്ല. എന്നാല്‍ മറ്റെല്ലാവര്‍ക്കും മാര്‍ക്കിട്ടു കൊടുക്കും. മറ്റുള്ളവര്‍ക്ക് എങ്ങനെയെങ്കിലും സ്വര്‍ഗത്തിലേക്കോ  നരകത്തിലേക്കോ ടിക്കറ്റ് ഒക്കേയാക്കി ബോര്‍ഡിംഗ് പാസ് എടുത്തു കൊടുത്ത ശേഷമേ അവര്‍ക്ക് ഉറക്കം കിട്ടൂ. സ്വന്തം ടിക്കറ്റ് ഒക്കെയാക്കുന്ന കാര്യത്തില്‍ മാത്രമാണ് അശ്രദ്ധയുണ്ടാകുക.  

ഒരു ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കുമ്പോഴേക്ക് മാതാപിതാക്കളെ മറന്നു പോകുന്ന മക്കള്‍ ഏറെയുള്ള നമ്മുടെ തലമുറയില്‍, അനാഥ മന്ദിരളേക്കാള്‍ കൂടുതല്‍ വൃദ്ധമന്ദിരങ്ങള്‍  ഉയര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, പെറ്റ അമ്മയെ പുഴുവരിക്കാന്‍ വിട്ട മക്കളുള്ള നമ്മുടെ മണ്ണില്‍ , അമ്മയെയും ഉമ്മയെയും വിലമതിക്കുന്ന മക്കള്‍ ഒരമൂല്യ നിധിയാണ്‌.ഒരായുഷ്കാലം മുഴുവന്‍ പകര്‍ന്നു കിട്ടിയ സ്നേഹത്തിനു പകരമായി വല്ലപ്പോഴും അയച്ചു കൊടുക്കുന്ന ഡോളറിന്റെയും റിയാലിന്റെയും കണക്കെഴുതി വെക്കുന്ന മക്കള്‍ക്കിടയില്‍ ആമിര്‍ ഖാന്റെ ഈ ഹജ്ജ് ഫോട്ടോ തികച്ചും വാചാലമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.                   (അറബികളുടെ ഇഷ്ട ഭക്ഷണം)  

Related Posts
Old is (പുഴുവരിക്കുന്ന) Gold‌ !! 
ഐ ലവ് യു പറയേണ്ടതെങ്ങിനെ? 
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

Recent Posts
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!. 
മലാല തിരിച്ചു വരുമ്പോള്‍ 
പ്രവാചകനോ അതോ സിനിമയോ വലുത്?
ചാടിച്ചാടി ഈ വേണു എവിടെയെത്തും?

61 comments:

  1. ഇതും ഒരു പോസ്റ്റിനുള്ള "വിഭവം" ആക്കി എന്നത് 'ഇഷ്ട'പ്പെട്ടു എന്നു അറിയിച്ചു കൊള്ളട്ടെ ...

    ReplyDelete
  2. കണ്ണുകാണാന്‍ കഴിയാത്ത വൃദ്ധ ഒരു പഴയ മരപ്പാലം കടക്കുമ്പോള്‍ ഒരു ഹാജി പാലം പിടിച്ചു കുലുക്കി. ഉടനെ വൃദ്ധ പറഞ്ഞു "എന്‍റെ പൊന്ന് ഹാജ്യാരേ. ങ്ങള് പാലം കുലുകല്ലീ..." ഇത് കേട്ട ഹാജിയാര്‍ വീണ്ടും പാലം കുലുക്കി. വീഴാന്‍ പോയ വൃദ്ധ വീണ്ടും പറഞ്ഞു "എന്‍റെ മക്ക കണ്ട ഹാജിയാരേ, പാലം കുലുകല്ലീ....". രസം കയറിയ ഹാജിയാര്‍ വീണ്ടും കുലുക്കി. വൃദ്ധ പറഞ്ഞു "എന്‍റെ കുരിപ്പ് പിടിച്ച ഹാജിയാരേ, ങ്ങള് പാലം കുലുകല്ലീ.." ഇതും പറഞ്ഞു വൃദ്ധ എങ്ങനെയോ കഷ്ടപ്പെട്ട് ഇക്കരെ എത്തിയപ്പോള്‍ നമ്മുടെ ഹാജിയാര്‍ ചോദിച്ചു. കണ്ണ് കാണാഞ്ഞിട്ടും എങ്ങനെ നിങ്ങള്ക്ക് എന്നെ മനസ്സിലായി? വൃദ്ധയുടെ മറുപടി. ഒരു ഹാജിയാര്‍ അല്ലാതെ, ഇത്തരം ഒരു അക്രമം മറ്റാര് ചെയ്യാനാണ്? പിന്നെ എന്തിനാ എന്നെ മക്ക കണ്ടവന്‍ എന്നും കുരിപ്പ് പിടിച്ചവന്‍ എന്നും വിളിച്ചത്, എന്ന് ഹാജിയാരുടെ സംശയം... വൃദ്ധയുടെ മറുപടി: "ആദ്യം നിങ്ങള്‍ ചെയ്ത ഒരു സല്‍പ്രവര്‍ത്തി പറഞ്ഞു നോക്കിയതാ...അക്രമം നിര്‍ത്തുമോ എന്നറിയാന്‍...എവിടെ നിര്‍ത്താന്‍....അതുകൊണ്ടാണ് പിന്നെ ചീത്ത പറഞ്ഞത്...". ഇതൊരു കഥ മാത്രം. നമ്മുടെ ഫുള്‍ മാര്‍ക്ക് ഹാജിയാര്മാരുടെ കയ്യിലിരിപ്പ് കൊണ്ട് നാട്ടില്‍ പരന്ന ഒരു കഥ. ഹജ്ജ് കഴിഞ്ഞാല്‍ ജനിച്ച കുഞ്ഞിനെപ്പോലെ നിഷ്കളങ്കന്‍ എന്ന് നബി വചനം. പക്ഷെ, ഹാജിയാര്‍ ആയി വന്നാല്‍ പൂര്‍വാധികം ശക്തിയോടെ കുഴപ്പക്കാരന്‍ ആകലാണ് ഫാഷന്‍. പക്ഷെ നമ്മുടെ അമീര്‍ ഹാജി, ഹജ്ജും കഴിഞ്ഞു വന്നു നേരെ പോകുന്നത് അദ്ധേഹത്തിന്റെ ആത്മീയ ഗുരു ദാദ വാസ്വിനിയുടെ അടുത്തെക്കായിരിക്കും. കൂടെ രണ്ടാമത്തെ ഭാര്യ കിരണ്‍ റാവും ഉണ്ടായിരിക്കും. സിനിമാ രംഗത്തെ കഥ പറയുകയും വേണ്ട. ഫുള്ള് പോയിട്ട്, പാസ്‌ മാര്‍ക്ക് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത അമീര്‍ ഹാജി ഏതായാലും മേല്പറഞ്ഞ കഥകള്‍ സൃഷ്‌ടിച്ച ഫുള്‍മാര്‍ക്ക് ഹാജിയാര്‍മാരെ പോലെ തരം താഴാന്‍ ഇടമില്ല.

    ReplyDelete
    Replies
    1. "എന്‍റെ കുരിപ്പ് പിടിച്ച ഹാജിയാരേ, ങ്ങള് പാലം കുലുകല്ലീ.." ha ha

      Delete
  3. ചെറിയ വിഷയം, വലിയ സന്ദേശം.

    ReplyDelete
  4. നമസ്കാരത്തില്‍ കൈ കെട്ടുന്ന സ്ഥാനം zoom ചെയ്തു നോക്കി അയാളുടെ സ്വര്‍ഗത്തിലെയോ നരകത്തിലെയോ മരണാന്തര സ്ഥാനം നാട്ടുകാരോട് വിളംബരം ചെയ്തു കൊടുക്കുക എന്നതാണ് പല മത സംഘടനകളുടെയും മുഖ്യമായ കാര്യപരിപാടി.
    പുരാതന കാലം മുതല്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉറക്കവും ആരോഗ്യവും കളഞ്ഞും ചെവികൊടുക്കുന്നവരാന് നല്ല ഒരു വിഭാഗം ആളുകളും. ഇതിന്റ സ്വാഭാവിക ഫലമായിട്ടാവാം ഒരുപാട് ആളുകളുടെ ഉറക്കം കെടുത്തുന്ന സമസ്യ നസീര്‍ ചെയ്ത നന്മകള്‍ക്ക് പരലോകത്ത് വല്ല ഗുണവും ലഭിക്കുമോ, മമ്മൂട്ടിയുടെ നമസ്ക്കാരം ശരിയാവുമോ, ആമിറിന്റെ ഹജ്ജിന്റെ പണം വെയ്സ്റ്റാവുമോ എന്നൊക്കെയാണ്.

    ഈ mind set സെറ്റ് ലേക്ക് ജനങ്ങളെ എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം ആര്‍ക്കാണ്?

    ReplyDelete
    Replies
    1. ദിവസവും അഞ്ചു നേരം നിര്‍വഹിക്കുന്ന ഒരു സുപ്രധാന ആരാധന എന്ന നിലയില്‍ നമസ്കാരത്തില്‍ കൈ കെട്ടുന്നതടക്കം പ്രവാചകന്‍ കാണിച്ചു രീതി പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്തുടരുന്നതിനെ ഒരു മോശം കാര്യമായി ഞാന്‍ കാണുന്നില്ല. പക്ഷെ അത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ താങ്കള്‍ സൂചിപ്പിച്ച പോലെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്നൊക്കെ തീര്‍പ്പ് കല്പിക്കുന്നത് ഒട്ടും ആശ്വാസ്യമല്ല.

      Delete
  5. വല്ലിക്കുന്നാജീ, അസ്സലാമു അലൈക്കും

    ReplyDelete
  6. നമ്മുടെ വാര്‍ത്തകള്‍ ഇങ്ങിനെയൊക്കെയാണ്...സത്യത്തില്‍ ഇതൊക്കെ നമ്മള്‍ അറിയേണ്ട വാര്‍ത്തകള്‍ ആണോ. അതോ അറിയേണ്ട വാര്‍ത്തകള്‍ തമസ്കരിക്കുകയും അറിയേണ്ടതില്ലാത്ത ഇത്തരം വാര്‍ത്തകള്‍ അറിയിക്കുകയും ചെയ്യുന്ന ഒരു റിവേഴ്സ് മീഡിയ പ്രവര്‍ത്തന രീതിയാണ് ഫോര്‍ത്ത് എസ്റെറ്റുകള്‍ സീകരിക്കുന്നത്. അമീര്‍ ഖാന്‍ ഹജ്ജും, സുനന്ദ പുഷ്ക്കര്‍ അടിയും, തരൂരിന്റെ ഭാര്യ സ്നേഹവും, മാരഡോനയുടെ കേരളത്തിലെ താമസവും, മമ്മൂട്ടിയുടെ നമസ്കാരവും വാര്തകലെന്നു പറഞ്ഞു തള്ളി കേറുന്നത് അങ്ങിനെയാണ്...

    അമീര്‍ ഹജ്ജ് ചെയ്താലെന്ത്, മമ്മൂട്ടി നമസ്കാരിചാലെന്ത്...സാമൂഹിക വിഷയങ്ങള്‍ ഒട്ടനവധി ഉള്ളപ്പോഴാണ് അതൊക്കെ ഈ സെലെബ്രിട്ടി വാര്‍ത്തകള്‍ ഒറ്റയടിക്ക് വിഴുങ്ങുന്നത് !! ഇത്തരം വാര്‍ത്തകള്‍ ചമാക്കുന്നതിലൂടെ ഇസ്ലാമിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങളെ വ്യാപരവല്‍ക്കരിച്ചു ഗതി മാറ്റുകയാണോ എന്ന് കൂടി ഒരു സംശയം ഇല്ലാതില്ല.....സമൂഹത്തില്‍ പ്രതിഫലിക്കാത്ത വ്യാപാരവല്‍ക്കരിക്കപെട്ട ആരാധനകള്‍ ആണല്ലോ എല്ലായിടത്തും ! ഹജ്ജും അങ്ങിനെയോന്നായി മാറി കഴിഞ്ഞിരിക്കുന്നു......

    ReplyDelete
    Replies
    1. സമൂഹത്തിന്റെ മുഖ്യ ധാര മേഖലയില്‍ ഇരിക്കുന്ന ഇത്തരം ആളുകളുടെ വാര്‍ത്തകള്‍ മൂടിവെക്കുന്നതിലൂടെ , തമസ്കരിക്കപ്പെട്ട അറിയേണ്ട വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ട് വരുവാന്‍ സഹായകമാകുമെന്ന് കരുതിന്നില്ല !! പിന്നെ ഇത്തരം ആളുകളുടെ വാര്‍ത്തകള്‍ അറിയാനായി കാതോര്‍ത്തിരിക്കുന്ന വാര്‍ത്ത പ്രേമികളും നമുക്കിടയിലുണ്ട് ! കാരണം സമൂഹത്തില്‍ അവരുടെ സ്വാദീനം തന്നെയാണ് .അത് ചിലപ്പോള്‍ രാഷ്ട്രീയക്കാരന്റെ അല്ലെങ്കില്‍ കലാകാരന്റെ വേഷത്തിലകാം . ആ സ്വാദീനം തന്നെയാണല്ലോ അവരുടെ ബിസിനസ്സിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും ഒന്നാമന്‍ ആക്കുന്നത് .. അതുകൊണ്ട് ഞാനും നിങ്ങളും അതില്‍ അസൂയ കൊണ്ടിട്ടു കാര്യമില്ല !

      പിന്നെ താങ്കള്‍ പറഞ്ഞു ഹജ്ജിനെ വ്യാപാര വല്‍കരിക്കുകയാണ് എന്ന് . അങ്ങിനെ ഒരാവിശ്യം ഇസ്ലാമിനോ അല്ലെങ്കില്‍ സൗദി സര്കാരിനോ ഒരിക്കലും ഇല്ല താനും . കാരണം അപേഷ കൊടുത്തു അഞ്ചും പത്തും വര്‍ഷം വരെയാണ് മുസ്ലിങ്ങള്‍ അവന്റെ രക്സിതാവിനോടുള്ള കടമ(ഹജ്ജ്) നിര്‍വഹിക്കാനായി ലോകത്തിന്റെ നാനാ ദിക്കുകളിലും കാത്തിരിക്കുന്നത് ! അത് കൊണ്ട് ആ സംശയത്തിനു ഒരു ബേജാറും വേണ്ട.

      ഇനി ആമീര്‍ ഹജ്ജ് ചെയ്താലും സല്‍മാന്‍ ഖാന്‍ ഹജ്ജ് ചെയ്തില്ലെങ്കിലും ഇസ്ലാമിന് ഒരു കോട്ടവും തട്ടില്ല ! അവനവന്റെ വിശ്വാസ പ്രകാരമുള്ള കടമകള്‍ അവനവന്‍ നിര്‍വഹിക്കുക . വള്ളിക്കുന്ന് പറഞ്ഞ പോലെ മറ്റുള്ളവര്‍ക്ക് മാര്‍ക്ക് ഇട്ടു കൊടുത്തു സ്വയം മാര്‍കിടാന്‍ മറക്കേണ്ട .

      Delete
  7. This comment has been removed by the author.

    ReplyDelete
  8. ആമിര്‍ ഖാന്‍ ഹജ്ജ് ചെയ്ത വിവരം എല്ലാവരെയും അറിയിക്കുക എന്ന എന്‍ ഡി എഫ് തന്ത്രമല്ലേ ബഷീര്‍ താങ്കള്‍ ഇവിടെ നടത്തുന്നത്?

    ReplyDelete
    Replies
    1. ഓ ഹോ.. അങ്ങനെയൊരു തന്ത്രം എനിക്കുണ്ടായിരുന്നു അല്ലെ.. ഞാനാരാ മോന്‍ ?

      Delete
    2. നല്ല മറുപടി കലക്കന്‍

      Delete
  9. His Hajj may accepted or not accepted. BUT, ഉമ്മയെ വിലമതിക്കുന്ന സൂപ്പര്‍ താരം അമീര് ഒരമൂല്യ നിധിയാണ്‌..

    ReplyDelete
  10. അമീര്‍ഖാന്‍ ഹജ്ജിനെത്തിയ ഫോട്ടോ ഫേസ് ബുക്കിലൂടെ ഒഴുകി നടക്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി, ഇതിനൊക്കെ ഇത്രക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടോ, മുപ്പത്തൊന്നര ലക്ഷം ജനങ്ങളില്‍ ഒരാള്‍ മാത്രമല്ലേ ഈ അമീര്‍ഖാനും എന്ന്.
    ഇതുപോലുള്ള സെലിബ്രെറ്റികളെ മാത്രം ഹൈലൈറ്റ് ചെയ്തു വരുന്ന മത ചടങ്ങുകളുടെ വാര്‍ത്തകള്‍, ആ ചടങ്ങിന്റെ വലുപ്പം കുറച്ചു കാണിക്കാനുള്ള ഒരു മാധ്യമ തന്ത്രമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. പൂർണ്ണമായും യോജിക്കുന്നു......

      Delete
  11. ബഷീര്‍ക്കാ,,പണ്ട് പ്രീജാ ശ്രീധരന്‍ ഓടിയപ്പോ പിന്നാലെ പോസ്റ്റും ഉണ്ടായിരുന്നു ,,,ഇപ്പോള്‍ ഒരു ശ്രീധരനെ ഇതുവരെ കോണ്‍ഗ്രസുകാരും ഇന്നലെ മുതല്‍ കൊദതിയും പന്ത്തട്ടിക്കളിക്കുന്ന വിവരം താങ്കളെ വ്യസനസമേതം അറിയിക്കുന്നു...

    ReplyDelete
  12. 100 പേരെ കൊന്ന കൊടും പാപി സ്വര്‍ഗത്തില്‍ പ്രവേശിച്ചു.., വെറുമൊരു പൂച്ചയെ കെട്ടിയിട്ടു ഭക്ഷണം കൊടുക്കാതിന്റെ പേരില്‍ ധീനിയായ ഒരു സ്ത്രീ നരകത്തിലും...
    അതാണ്‌ ഇസ്ലാം.., നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അല്ലാഹു സ്വീകരിക്കുമാരാകട്ടേ.., ആമീന്‍...Mohammed Asif Bukhari

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. hambada fayankaraa...thala ingine work cheyyichu loadu koottano ??

      Delete
  13. അടുത്തതായി Steven Speilbergഉം James Cameronഉം Woody Allenഉം Mani Ratnamവും Ram Gopal Varmaയും Rupert Murdochഉം ഹജ്ജ്‌ ചെയ്യാന്‍/കാണാന്‍ പോകട്ടെ; സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ കുറയ്ക്കാനും ignorance കാരണം പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാനും ഒരു പരിധിവരെ സഹായിക്കും. വൈജാത്യങ്ങളുടെ ആ മഹാസമ്മേളനം സ്വധീനിക്കാത്ത ഒരു കലാമനസ്സും ഉണ്ടാകില്ല, കല സ്വാധീനം ചെലുത്താത്ത ഒരു പൊതുമനസ്സും!

    ReplyDelete
    Replies
    1. "വൈജാത്യങ്ങളുടെ ആ മഹാസമ്മേളനം സ്വധീനിക്കാത്ത ഒരു കലാമനസ്സും ഉണ്ടാകില്ല, കല സ്വാധീനം ചെലുത്താത്ത ഒരു പൊതുമനസ്സും!"
      exactly..

      Delete
  14. ഒരായുഷ്കാലം മുഴുവന്‍ പകര്‍ന്നു കിട്ടിയ സ്നേഹത്തിനു പകരമായി വല്ലപ്പോഴും അയച്ചു കൊടുക്കുന്ന ഡോളറിന്റെയും റിയാലിന്റെയും കണക്കെഴുതി വെക്കുന്ന മക്കള്‍ക്കിടയില്‍ ആമിര്‍ ഖാന്റെ ഈ ഹജ്ജ് ഫോട്ടോ തികച്ചും വാചാലമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.

    Full Mark for this statement

    ReplyDelete
  15. ആമിര്‍ ഖാന്റെ ഹജ്ജ് വാര്‍ത്തകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് തന്റെ പ്രായമായ ഉമ്മയുമായാണ് അദ്ദേഹം ഹജ്ജിനെത്തിയത് എന്നാണ്. മിനായിലെ ടെന്റുകള്‍ക്ക്‌ സമീപത്തു കൂടെ വീല്‍ ചെയറില്‍ ഉമ്മയെയും ഉന്തിക്കൊണ്ടു താരം നടന്നു പോകുന്ന ഫോട്ടോ ഏറെ വാചാലമായിരുന്നു. ഉയരങ്ങളില്‍ എത്തുമ്പോള്‍ പെറ്റ ഉമ്മയെ മറക്കാതിരിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ ഉമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിനു വേണ്ടി തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് മക്കയിലെത്തിയ താരത്തോട് ഇത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു.ഇത് തന്നെയാണ് എന്നെയും ആകര്‍ഷിച്ചത് ആ നല്ല മനസു തന്നെയാണ് അദ്ധേഹത്തെ അവിടെ എത്തിച്ചതും .

    ReplyDelete
  16. ഒരായുഷ്കാലം മുഴുവന്‍ പകര്‍ന്നു കിട്ടിയ സ്നേഹത്തിനു പകരമായി വല്ലപ്പോഴും അയച്ചു കൊടുക്കുന്ന ഡോളറിന്റെയും റിയാലിന്റെയും കണക്കെഴുതി വെക്കുന്ന മക്കള്‍ക്കിടയില്‍ ആമിര്‍ ഖാന്റെ ഈ ഹജ്ജ് ഫോട്ടോ തികച്ചും വാചാലമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.

    ഇക്കാ ഞാൻ ഇങ്ങനൊരു പേരു കണ്ടപ്പോൾ അതിലെ വിഷയത്തെ തെറ്റായി മനസ്സിലാക്കിയിട്ടാ അങ്ങനൊരു കമന്റിട്ടത്.
    വായിച്ചു. ഹൃദയം നിറഞ്ഞു.

    ReplyDelete
    Replies
    1. ക്ഷമിച്ചിരിക്കുന്നു. ആയുഷ്മാന്‍ ഭവ: :)

      Delete
  17. ഇതെനിക്കിഷ്ടപ്പെട്ടു.
    എന്തുകൊണ്ടെന്നാല്‍ ഇറാന്‍ പ്രസിഡന്റ് ഹജ്ജ് ടെന്റില്‍ ഇരുന്ന് ഖുര്‍‌ആന്‍ വായിക്കുന്നതും അമീര്‍ഖാന്‍ ഹോട്ടല്‍ മുറിയില്‍ ഭക്ഷണം കഴിക്കുന്നതും ഒരുമിച്ച് ചേര്‍ത്ത് ഇയാളുടെ ഹജ്ജ് സ്വീകരിക്കുമോ അയാളുടെ ഹജ്ജ് സ്വീകരിക്കുമോ എന്നൊക്കെ ബേജാറാവുന്ന ചില കക്ഷികളുടെ
    ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു.
    മറ്റുള്ളവരുടെ ഈമാന്‍ അളന്ന് നോക്കി സ്വന്തം ഈമാന്‍ കളയണ്ട..അതൊക്കെ അള്ളാഹു നോക്കിക്കൊള്ളും..എന്ന് എഴുതാന്‍ കൈ തരിച്ചതാണ്..പിന്നെ അവിടേം ഇവിടേം കേറി കമന്റിട്ട്
    അടിപിടി കൂടേണ്ട എന്ന് കരുതി മൗനം പാലിച്ചു. എന്തായാലും
    ഈ പോസ്റ്റ് കണ്ടതോടെ ആ വിഷമം മാറിക്കിട്ടി! :)

    ReplyDelete
    Replies
    1. എന്നാലും ഒരു കാര്‍ട്ടൂണ്‍ ആവാമായിരുന്നു.

      Delete
  18. സംശയക്കാര്‍ക്കുള്ള മറുപടി ബഷീര്‍ക്ക തന്നെ കൊടുത്ത സ്ഥിതിക്ക് വേറെ ഒന്നും പറയാനില്ല.

    ReplyDelete
  19. ബഷീര് വള്ളിക്കുന്നാജി...എന്നൊരു തലക്കെട്ടും വേണം...ബ്ലോഗര്മാര്ക്കിടയിലെ സെലിബ്രിറ്റിയല്ലേ...
    താഴെ കൊടുത്ത വാചകം എന്നെ വെല്ലാതെ വേട്ടയാടുന്നു..കാരണം ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടവന്റെ വേദന ആര്ക്കും പറഞ്ഞാല് മനസ്സിലാകില്ല...ഒരു പാട് ആഗ്രഹങ്ങളുണ്ടായിരുന്നു..പക്ഷെ കൊണ്ടുവന്നവന് തന്നെ കൊണ്ടുപോയി....
    "ആമിര്‍ ഖാന്റെ ഹജ്ജ് വാര്‍ത്തകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് തന്റെ പ്രായമായ ഉമ്മയുമായാണ് അദ്ദേഹം ഹജ്ജിനെത്തിയത് എന്നാണ്. മിനായിലെ ടെന്റുകള്‍ക്ക്‌ സമീപത്തു കൂടെ വീല്‍ ചെയറില്‍ ഉമ്മയെയും ഉന്തിക്കൊണ്ടു താരം നടന്നു പോകുന്ന ഫോട്ടോ ഏറെ വാചാലമായിരുന്നു. ഉയരങ്ങളില്‍ എത്തുമ്പോള്‍ പെറ്റ ഉമ്മയെ മറക്കാതിരിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ ഉമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിനു വേണ്ടി തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് മക്കയിലെത്തിയ താരത്തോട് ഇത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു".

    ReplyDelete
  20. സത്യത്തില്‍ ഈ അമീര്‍ഖാന്‍ ഹാജിയാര്‍ സുന ന്ദയില്‍ നിന്നും ചര്‍ച്ച ഒഴിവാക്കാന്‍ കൊണ്ട് വന്നതല്ലേ????

    ReplyDelete
  21. ഒരു ഫോട്ടോയെ ഒരു നല്ല ചിന്തയാക്കി മാറ്റിയ ബഷീര്കക്ക അഭിനന്ദനങ്ങള്‍

    ReplyDelete
  22. excellent thoughts. best wishes to Amir khan and his mother

    ReplyDelete
  23. മിനായിലെ ടെന്റുകള്‍ക്ക്‌ സമീപത്തു കൂടെ വീല്‍ ചെയറില്‍ ഉമ്മയെയും ഉന്തിക്കൊണ്ടു താരം നടന്നു പോകുന്ന ഫോട്ടോ ഏറെ വാചാലമായിരുന്നു എന്ന വരി തന്നെ ഏവര്‍ക്കുമുള്ള ഉപദേശമാണ്. സമീപകാലത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളവയില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ പോസ്റ്റും ഇതു തന്നെ.

    ReplyDelete
  24. പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും സ്വന്തം മാതാവിനെ ഈ താരം എത്ര സ്നേഹിക്കുന്നു ബഹുമാനിക്കുന്നു എന്ന് അറിയുമ്പോള്‍ കണ്ണ് നിറയുന്നു.

    ReplyDelete
  25. പോസ്റ്റിന്റെ തുടക്കത്തില്‍ കാണിച്ച ഉരുണ്ടു കളി കണ്ടപ്പോളേ തോന്നി, ഇതൊരു നല്ല പോസ്റ്റ്‌ ആയിരിക്കും എന്ന്.
    മുകളില്‍ ഒരാള്‍ എഴുതിയ പോലെ, ചെറിയ വിഷയം, വലിയ സന്ദേശം.

    ReplyDelete
  26. ആദ്യം മനുഷ്യന്‍, പിന്നെ താരം എന്നതാണ് പ്രായമായ മാതാവിനെ വീല്‍ ചെയറില്‍ ചുട്ടു പൊള്ളുന്ന ചൂടിലൂടെ ഉന്തിക്കൊണ്ടു പോകുന്ന ആമിറിന്റെ ചിത്രം നല്‍കുന്ന സന്ദേശം. പിന്നെ താരങ്ങളുടെ മതാനുഷ്ടാനത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുക എന്നത് ചിലരുടെ ഒരു ഹോബി ആണ്. താരത്തോടുള്ള അസൂയ ആയിരിക്കാം അതിന്നു പിന്നില്‍ എന്ന് തോന്നുന്നു.

    ReplyDelete
  27. http://www.awamipolitics.com/indian-actor-aamir-khan-leaving-for-hajj-today-with-mother-9759.html

    ReplyDelete
  28. Shamsudhin VellikulangaraNovember 1, 2012 at 10:04 PM

    തിരഞ്ഞെടുത്ത വിഷയവും അതിനുള്ള കാരണവും ഒടുവില്‍ അല്പം സീരിയസ് ചിന്തകളും...കൊള്ളാം ബഷീര്‍

    ReplyDelete
  29. പടച്ചവൻ ഹിദായത്ത് നൽകട്ടെ... അമീർ ഖാൻ നന്നാവാണെങ്കിൽ നന്നാവട്ടെ. നമ്മളാരും അതിന് മാർക്കിടണ്ട. നല്ല ലേഖനം

    ReplyDelete
  30. ആമിര്‍ ഖാന്‍ ഹജ്ജ് ചെയ്തത് കൊണ്ടോ, ഞാനോ ബഷീര്‍ക്കയോ ചെയ്തത് കൊണ്ടോ അവരവര്‍ക്ക് നല്ലത് എന്നല്ലാതെ ഇസ്ലാമിനും മുസ്ലിമ്കള്‍ക്കും സമൂഹത്തിനും പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
    പക്ഷെ ഇവിടെ ആമിര്‍ ഖാന്‍ ചെയ്തത് അദ്ദേഹത്തിന് മാത്രമല്ല ലോകത്തിനു തന്നെ ഗുണകരമാണ് - അഥവാ നല്ലൊരു സന്ദേശം. ഈ സന്ദേശം ബ്ലോഗ്‌ വായനക്കാരിലും എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ബഷീര്‍ക്കാക്കും അഭിമാനിക്കാം.

    ReplyDelete
  31. സിനിമ കാണല്‍ ഹറാമാണ്{എന്ത് കൊണ്ട് ഹറാമാകുന്നു എന്നത് വിഷയമല്ല}അപ്പൊ സിനിമ നടന്‍ നരഖത്തിലാണ് എന്നാതാണ്യാഥാസ്ഥിതിക മുസ്ലിം കാക്ക താത്തമാരുടെ വിശ്വാസം അതുകൊണ്ടാണ് അമീര്‍ഖാന്‍റെ ഹജ്ജ് സീകരിക്കുമോ എന്ന് അവര്‍ ചോതിക്കുന്നത്. എനിക്കും ചിലപ്പോള്‍ തോന്നാരുണ്ട് എഴുപത്‌ വയസാകുവോളം സകല തെമ്മടിത്തരവും ചെയ്ത്‌ അവസാനം ഒരു ഹജ്ജ് ചെയ്‌താല്‍ സ്വര്‍ഗം ലഭിക്കുമോയെന്ന്(അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണല്ലോ അവര്‍ക്ക്‌ സ്വര്‍ഗം ലഭിക്കുമായിരിക്കും)ചില സംഘടനയിലും മതത്തിലും പെട്ടവര്‍ എന്ത് ചെയ്താലും അവര്‍ക്ക്‌ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അവര്‍ക്ക്‌ മറ്റുള്ളവരുടെ കാരിയത്തിലാണ് ബേജാര്‍, അവര്‍ ഒരുമിച്ച് സ്വജാതിയില്‍ പെട്ട പെണ്ണിനെ പീഡിപ്പിക്കും കൊല്ലും പച്ചക്ക് തീ കൊടുക്കും കെട്ടി തൂക്കി കൊല്ലും പക്ഷെ അടുത്ത ജാതിയില്‍പ്പെട്ട ആരെങ്കിലും മേല്‍ പറഞ്ഞ പെണ്ണിനെ ഒന്ന് നോക്കിയാല്‍ മിണ്ടിയാല്‍ തോണ്ടിയാല്‍ ധാര്‍മിക രോഷം കൊണ്ട് അവര്‍ ഉറഞ്ഞുത്തുള്ളും

    ReplyDelete
    Replies
    1. അതെ ചില വന്‍ മാര്‍ ജിന്നിനെ ഇറക്കാന്‍ വേണ്ടി സകല തെമ്മാടിത്തരവും ചെയ്യും , മുസ്ലിങ്ങളെ പറയിപ്പിക്കാന്‍

      Delete
  32. അഛനെ തനിച്ചാക്കി ബാംഗ്ലൂരിലേക്ക് പോകുന്ന മകന്‍ വരുമ്പോള്‍ അഛനെന്താ വേണ്ടതെന്ന് ചോദിക്കുന്നുണ്ട് ഒരു കഥയില്‍...

    അഛന് വേണ്ടത് ഒരിറ്റുജീവിതമാണ്.. അത് കിട്ടുമോ നിന്റെ ബാഗ്ലൂര്‍ അങ്ങാടിയില്‍.... എന്നാണ് അഛന്‍ തിരിച്ചു ചോദിക്കുന്നത്...

    ആ ചോദ്യം ഇപ്പോഴും ഉള്ളില്‍ മുഴങ്ങുന്നു..

    നന്‍മയുടെ നനവുള്ള പോസ്റ്റ്..

    ReplyDelete
  33. ആദ്യമേ ഇത്തരം ഒരു പോസ്റ്റ്‌ എഴുതിയതിനു അഭിനന്ദനങ്ങള്‍
    ആമീര്‍ഖാന്‍ എന്ന നടന്‍ എന്നതിലുപരി ആമീര്‍ഖാന്‍ എന്ന സമൂഹ്യസേവകന്‍ എന്ന നിലക്ക് അദ്ധേഹത്തെ കാണാന്‍ ആണ് എനിക്കിപ്പോള്‍ ഇഷ്ടം.
    ഒരു സിനിമാ നടന്‍ എന്ന നിലക്ക് അദ്ദേഹം ആര്‍ജ്ജിച്ച പ്രശസ്തി എങ്ങനെ നല്ല രീതിയില്‍ രാജ്യത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ തിരിച്ചു വിടാം എന്ന് അടുത്തിടെ അദ്ദേഹം കാണിച്ചു തന്നിരുന്നു.
    സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ കാലാ കാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഏറെ അനീതികള്‍ തുറന്നു കാട്ടാന്‍ അദ്ദേഹത്തിനായി. ഇതെല്ലാം പറയുന്ന ആദ്യ വ്യക്തി അല്ല അദ്ദേഹം. പക്ഷെ പൊതുവേ സമൂഹത്തില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിയുന്ന സെലിബ്രിറ്റികളാണ് സിനിമാ താരങ്ങള്‍ . അവരില്‍ ഒരാളില്‍ നിന്നുണ്ടായ ഈ ഉദ്യമം ഏറെ പേരില്‍ ചലനങ്ങള്‍ ഉണ്ടാക്കി എന്ന് അതിനു ശേഷമുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നു.
    സ്റാര്‍ വണ്‍ പോലത്തെ ഒരു ചാനല്‍ തങ്ങളുടെ ലാഭം ദൂരദര്‍ശനുമായി പങ്കു വെക്കാന്‍ തയ്യാറായി. അത് മൂലം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ചലനമുണ്ടാക്കാന്‍ ആ പരിപാടിക്ക് കഴിഞ്ഞു
    അതേ പോലെ ഈ ഹജ്ജ്‌ കര്‍മ്മം വഴിയും സമൂഹത്തില്‍ ഒരു ചലനം ഉണ്ടാക്കാന്‍ അദ്ധേഹത്തിനു സാധിച്ചു എന്ന് പറയാം. സ്വന്തം ഉമ്മയുടെ ആഗ്രഹം സാധിപ്പിക്കുകയും ഉമ്മയെ പരിചരിക്കുകയും ചെയ്യുമ്പോള്‍ അതെല്ലാം കാണുന്ന ലക്ഷങ്ങളില്‍ കുറെ പേരുടെയെങ്കിലും മനസ്സില്‍ അതിന്റെ അലകള്‍ സൃഷ്ട്ടിക്കപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഇതൊരു വാര്‍ത്തയാക്കപ്പെട്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നു.
    ജാതിമതഭേദമന്യേ അമ്മ എന്ന വികാരം ഉണര്‍ത്താന്‍ ഈ ഹജ്ജിനാകുമെങ്കില്‍ അത് അദ്ദേഹം ചെയ്താന്‍ നന്മ തന്നെയാണ്
    അതിനു പ്രതിഫലം ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഫൈസ്ബുക്കിലെ നവ മത ചിന്തകര്‍ ആര് ???

    ReplyDelete
  34. ഹജ്ജ് വേള എന്നത് തന്നെ ഒരു ഉമ്മയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ത്യാഗത്തിന്റെ തീച്ചൂളയില്‍ സ്വന്തം പുത്രനുമായി ഒറ്റപ്പെടുന്ന ഹാജറ എന്ന മാതാവിനെ സഫായും മര്‍വായും വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുകയല്ലേ..ഇസ്മായീലിന്റെ ഇളംപാദങ്ങളിലൂടെ അണപൊട്ടിയൊഴുകിയ സംസം പോലും ഇന്ന് ഇബ്രാഹീമി കുടുംബത്തിന്റെ ഓര്‍മ്മകളിലേക്കാണ് ഒലിച്ചിറങ്ങുന്നത്. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കപ്പെടാത്ത ഇക്കാലത്ത് ഇത്തരം കാഴ്ചകള്‍ക്ക് വേണ്ടി ഹജ്ജ് വേളകളെ കാത്തിരിക്കേണ്ട ഗതികേടിലുമാണ് ഇന്ന് നമ്മള്‍ ....നല്ല ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ്‌

    ReplyDelete
  35. വളരെ നല്ല ഒരു പോസ്റ്റ്‌

    ReplyDelete
  36. ബഷീര്‍ ഇക്ക, വളരെ നന്നായിട്ടുണ്ട് ,അടുത്ത പോസ്റ്റ്‌ ഇന് വേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  37. IF HE SAY BYE BYE TO HOLYWODD IT'S GREAT

    ReplyDelete
  38. മറ്റുള്ളവരുടെ കാര്യം നോക്കാതെ സ്വന്തം ഏടിലേക്ക് നോക്കി എന്ത് ബാലന്‍സ് ഉണ്ട് ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    Malabar Islam
    Kerala Islam

    ReplyDelete
  39. സദ്ദാം മുതല്‍ സിറിയ വരെയും വിദര്‍ബ മുതല്‍ തമിഴ്‌നാട് അണുനിലയം വരെയും മലാല മുതല്‍ ഒബാമ വരെയും ചര്‍ച്ച ചെയ്യുന്ന മലയാളിക്ക് എങ്ങിനെ ആമിര്‍ ഹാജിയെ ഒഴിവാക്കാനാവും..................

    നടക്കട്ടെ........ഉടക്കട്ടെ..............അടക്കട്ടെ.........................

    ReplyDelete
  40. മമ്മുട്ടിയെ പറ്റി പറഞ്ഞത് നന്നായി , നടന്‍ കൊച്ചിന്‍ ഹനീഫ മരിച്ചപോള്‍ സിദ്ധീക്ക് ഇമാം നിന്നത് ചില മദ്യമങ്ങള്‍ നന്നായി ആഘോഷിച്ചു ബഷീര്‍ സാഹിബ്‌ ഇതൊന്നും ഒരു ബ്ലോഗില്‍ ഒതുകാതെ ................... പൊതുജനം അറിയണ്ടേ

    ReplyDelete
  41. നന്‍മയുടെ നനവുള്ള പോസ്റ്റ്..

    ReplyDelete
  42. അനുമണി തൂക്കം നന്മയും തിന്മയും തീര്‍ച്ചയായും കണക്കു നോക്കപ്പെടുമെന്നും രണ്ടിനും തക്ക പ്രതിഫലം കിട്ടുമെന്നുമാണല്ലോ..?    നന്മ ചെയ്യുന്നവരില്‍ നമ്മളും ഉള്‍പ്പെടുമാരകട്ടെ..!!

    ReplyDelete
  43. "പലരുടെയും ഒരു പൊതു സ്വഭാവം ഇതാണ്. സ്വയം മാര്‍ക്കിടില്ല. എന്നാല്‍ മറ്റെല്ലാവര്‍ക്കും മാര്‍ക്കിട്ടു കൊടുക്കും. മറ്റുള്ളവര്‍ക്ക് എങ്ങനെയെങ്കിലും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ടിക്കറ്റ് ഒക്കേയാക്കി ബോര്‍ഡിംഗ് പാസ് എടുത്തു കൊടുത്ത ശേഷമേ അവര്‍ക്ക് ഉറക്കം കിട്ടൂ. സ്വന്തം ടിക്കറ്റ് ഒക്കെയാക്കുന്ന കാര്യത്തില്‍ മാത്രമാണ് അശ്രദ്ധയുണ്ടാകുക." സ്വാര്‍ത്ഥത ഇല്ലാത്തതു കൊണ്ടായിരിക്കാം. Correct message

    ReplyDelete
  44. സിനിമാലയുടെ അധപതനം
    സുഹൃത്തുക്കളെ മലയാള ദ്രിശ്യ മാധ്യമ രംഗത്തെ മികവുറ്റ പരിപാടിയായ 'സിനിമാല'യുടെ അധപതനം-
    വായികൂ -സിനിമാലയുടെ അധപതനം

    ReplyDelete