പ്രീജ ശ്രീധരന് ഒരു വോട്ട്

ചാനലുകളും പത്രങ്ങളും നടത്തുന്ന എസ് എം എസ് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും ഒട്ടും താല്പര്യം കാണിക്കുന്ന ആളല്ല ഞാന്‍. ഫ്രീയായി കിട്ടുന്ന ടി വി പരിപാടികള്‍ കാണുക, ഓണ്‍ലൈനില്‍ ഫ്രീയായി പത്രം വായിക്കുക, എസ് എം എസ്സിന് കാശ് കളയാതിരിക്കുക എന്നതൊക്കെയാണ് എന്റെ ലൈന്‍. ആ ലൈനിന് ഇപ്പോഴും മാറ്റമൊന്നുമില്ല. പക്ഷെ മനോരമയുടെ ന്യൂസ്‌ മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെ നാല് പേരെ കണ്ടപ്പോള്‍ എനിക്കീ മത്സരത്തില്‍ അല്പം താല്പര്യം എങ്ങിനെയോ കടന്നു കൂടി.

പ്രീജ ശ്രീധരന്‍ ആ ലിസ്റ്റിലുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും വെള്ളി മെഡലും വാങ്ങിച്ചു വന്ന ആ പെണ്‍കുട്ടി മത്സരിക്കുന്നത് അരുന്ധതി റോയ്, കെ എം മാണി, ഒ എന്‍ വി കുറുപ്പ് എന്നീ മൂന്നു കൊല കൊമ്പന്‍മാരുമായാണ്. അവിടെയാണ് എന്റെ താല്പര്യത്തിന്റെ ലോജിക്ക് കിടക്കുന്നത്. മനോരമയെ പൂട്ടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളാണ്‌ ഞാന്‍ . ആ ഞാന്‍ മനോരമ ചാനലിന്റെ ന്യൂസ് മേക്കര്‍ മത്സരം വിജയിപ്പിച്ചു കൊടുക്കാന്‍ വേണ്ടി ഇറങ്ങിയതല്ല എന്ന് ചുരുക്കം.


ഈ മത്സരത്തില്‍ പ്രീജ ശ്രീധരന്‍ ജയിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. തളരാതെ ഓടി നൂറ്റിപ്പത്തു കോടി ഇന്ത്യക്കാരുടെ അഭിമാനം കാത്തുസൂക്ഷിച്ച പെണ്‍കൊച്ചാണിത്. മറ്റു മൂന്നു പേര്‍ക്കും ഒരവാര്‍ഡ് കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. അരുന്ധതിക്ക് കോടികളുടെ ബുക്കര്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. ഒ എന്‍ വി ക്ക് ജ്ഞാനപീഠം അടക്കം കാക്കതൊള്ളായിരം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പെന്‍ഷനും ഡി സി രവി നല്‍കുന്ന റോയല്‍റ്റിയും ഓരോ പാട്ടിനും സിനിമാക്കാര്‍ നല്‍കുന്ന പതിനായിരങ്ങളുമുണ്ട് . കെ എം മാണിയുടെ കഥ പറയുകയും വേണ്ട. ഒരൊറ്റ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ നൂറു അവാര്‍ഡുകള്‍ പാലായിലെത്തും.

പാവം പ്രീജയുടെ കാര്യം അതല്ല. അച്ഛനില്ലാത്ത, പട്ടയമില്ലാത്ത, വൈദ്യുതിയില്ലാത്ത ഒരു കൊച്ചു വീട്ടിലാണ് അവള്‍ കഴിയുന്നത്‌. മഴ പെയ്യുമ്പോള്‍ വെള്ളം വീഴാതിരിക്കാന്‍ ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്‌!!. തന്നെ കായികതാരമാക്കാന്‍ പഠനം ഉപേക്ഷിച്ചു കൂലിപ്പണി ചെയ്ത ഒരു സഹോദരനാണ് ആ പെണ്‍കുട്ടിയുടെ ഏക സമ്പാദ്യം. അവരുടെ പട്ടിണിയുടെയും വിയര്‍പ്പിന്റെയും വിലയാണ്  ഇന്ത്യ നേടിയ സ്വര്‍ണപ്പതക്കത്തിലുള്ളത്. പണവും പ്രതാപവും സകല സൌകര്യങ്ങളുമായി വന്ന നാല്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളെ പിന്തള്ളി കഞ്ഞിയും പുഴുക്കും അരവയറുമായി കഴിഞ്ഞ ഈ പെണ്‍കുട്ടി കിതച്ചു കിതച്ചു ഓടിയപ്പോള്‍ അവളുടെ കൂടെ ഓടിയത് ഇന്ത്യയുടെ മൊത്തം ഹൃദയമാണ്.  ഇന്ത്യന്‍ അഭിമാനത്തെ അണുവിട വിട്ടുകൊടുക്കാതെ പത്തു കിലോമീറ്റര്‍ നിര്‍ത്താതെയോടി ത്രിവര്‍ണ പതാക വിക്ടറി സ്റ്റാന്റില്‍ ഉയര്‍ത്തിയ ഈ പെണ്‍കുട്ടി കേരളത്തിന്റെ ന്യൂസ് മേക്കര്‍ അല്ലെങ്കില്‍ പിന്നെയാരാണ് മനോരമേ ന്യൂസ് മേക്കര്‍ ? ഇതിനൊക്കെ ഒരു മത്സരം നടത്തണോ?

ഈ അവാര്‍ഡിനോടൊപ്പം ക്യാഷ് പ്രൈസ് ഉണ്ടോ എന്നറിയില്ല. പക്ഷെ മനോരമയുടെ മുതലാളിമാര്‍  മനുഷ്യപ്പറ്റുള്ളവര്‍ ആണ്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്താറുണ്ട്‌. ഭൂകമ്പത്തിലും മറ്റു പ്രകൃതി ദുരിതങ്ങളിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. മനോരമയുടെ പല വാര്‍ത്താ നിലപാടുകളോടും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അതൊന്നും നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ഒരു അവാര്‍ഡ് ആ പെണ്‍കുട്ടിക്ക് കിട്ടിയാല്‍ പട്ടയമുള്ള ചോര്‍ന്നൊലിക്കാത്ത  ഒരു വീട് അവര്‍ നിര്‍മിച്ചു നല്കിക്കൂടായ്കയില്ല .  എന്റെ ഒരു പ്രതീക്ഷയാണത്. പ്രീജ ന്യൂസ് മേക്കര്‍ ആയില്ലെങ്കിലും മനോരമക്കത് ചെയ്തു കൊടുക്കാന്‍ പറ്റും.  പക്ഷെ അവാര്‍ഡിനോടൊപ്പം നല്‍കുമ്പോള്‍ അതിനൊരു വിലയുണ്ട്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡുകളൊക്കെ കിട്ടിയാല്‍ കിട്ടി എന്നേ പറയാന്‍ പറ്റൂ..


മറ്റു മൂന്നു പേര്‍ക്കും വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്താന്‍ ഒരു പക്ഷെ ആളുണ്ടായേക്കും. പ്രീജക്ക് വേണ്ടി ആരും ഉണ്ടായിക്കൊള്ളണമെന്നില്ല. പി ടി ഉഷയെപ്പോലെ വലിയ വായില്‍ സംസാരിച്ചു കാര്യം നേടാനുള്ള പ്രാപ്തിയുമില്ല. എസ് എം എസും വോട്ടും കിട്ടാതെ തന്നെ ഒന്നാം സ്ഥാനത്തു എത്തുന്നവരും ചില മത്സരങ്ങളില്‍ ഉണ്ടാവാറുണ്ട്. അത്തരം ചരടുവലികളൊന്നും ആ കുട്ടിക്ക് അറിഞ്ഞുകൊള്ളണം എന്നുമില്ല.  അതുകൊണ്ടാണ് ഇത്തരം ഷോകളിലൊന്നും താല്പര്യം ഇല്ലെങ്കിലും ഞാനീ ദൌത്യം ഏറ്റെടുക്കുന്നത്. ഒരു വോട്ട് പ്രീജക്ക് കൊടുക്കൂ. അവള്‍ ഒന്ന് മനസ്സറിഞ്ഞ് ചിരിക്കുന്നത് നമുക്ക് കാണേണ്ടേ?

ഇതാ ഈ ലിങ്കിലൂടെ പോയാല്‍ പ്രീജക്ക് വോട്ട് ചെയ്യാം. അതല്ല, അല്പം കാശ് ചിലവാക്കി എസ് എം എസ് അയക്കണമെങ്കില്‍ ഫോര്‍മാറ്റ് ദാ പിടിച്ചോ..(സോറി, മനോരമ മുഴുവന്‍ പരതിയിട്ടും ഫോര്‍മാറ്റ് കാണുന്നില്ല. കിട്ടിയാല്‍ കമന്റ് കോളത്തില്‍ എഴുതാം).. വോട്ടു ചെയ്തവര്‍ ഇവിടെ വിവരം പറയണം. ബൂത്ത് എജന്റ്റ് ഇല്ലാത്തതാണ്. മനോരമ തട്ടിപ്പ് നടത്തിയാല്‍ പിടിക്കാന്‍ അതാവശ്യമാണ്. 


മ്യാവൂ: മനോരമേ, ഈ വോട്ടൊക്കെ എണ്ണി നോക്കിയിട്ട് തന്നെയാണോ, ആക്ച്വലി, ഫലം പ്രഖ്യാപിക്കുക. അതോ ചെറിയ അച്ചായന്‍ പറയുന്ന കക്ഷിയുടെ പേര് കണ്ണും ചിമ്മി വായിക്കുമോ? (വോട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സൈറ്റിന്‍റെ സെറ്റപ്പ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.  പോരാത്തതിന് പ്രീജയുടെ നേട്ടമായി പറയുന്നത് ആയിരം മീറ്ററില്‍ മെഡല്‍ നേടി എന്നാണ്. ആയിരവും പതിനായിരവും തമ്മില്‍ ഒരു പൂജ്യത്തിന്റെ വ്യത്യാസമല്ലേയുള്ളൂ., അല്ലേ മനോരമേ....)

വിക്ടറി സ്റ്റാന്റില്‍ മെഡലണിഞ്ഞ്  ഇന്ത്യന്‍ ദേശീയ ഗാനത്തിനു ചുണ്ടനക്കുന്ന പ്രീജയെ ഇവിടെ കാണാം.  


Update Post : മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ

Related Posts