പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?

മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദവും അത് കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും ചില വിശകലനങ്ങൾ അർഹിക്കുന്നുണ്ട്. വാർത്തകളുടെ ലോകത്തെ മാധ്യമങ്ങളുടെ ധർമമെന്ത്?. വായനക്കാരോടും പ്രേക്ഷകരോടുമുള്ള അവരുടെ ബാധ്യതയെന്താണ്?. പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തോട് അവർ സ്വീകരിക്കേണ്ട നൈതികമായ സമീപനമെന്ത്?. കേരളത്തിലെ പ്രമുഖ പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഈ വിവാദവുമായി ബന്ധപ്പെട്ട് അവർ സ്വീകരിച്ച സമീപനങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ആരെയും അസ്വസ്ഥപ്പെടുത്തുന്ന ചില നിഗമനങ്ങളിലാണ് എത്തിച്ചേരാൻ സാധിക്കുന്നത് എന്ന് പറയാതെ വയ്യ. പ്രബുദ്ധ കേരളമെന്ന് നാം സ്വയം വിളിക്കുമ്പോഴും പ്രബുദ്ധമല്ലാത്ത നിരവധി ഘടകങ്ങളുടെ തടവറയിൽ നിന്ന് നമ്മുടെ ബോധവും ബോധ്യങ്ങളും വിട്ടു മാറിയിട്ടില്ല എന്നും നമ്മുടെ മുൻനിര മാധ്യമങ്ങൾ പോലും പ്രാകൃതമായ ഒരു സാംസ്കാരിക തലത്തിൽ നിന്ന് കൊണ്ടാണ് നമ്മോട് സംവദിച്ചു കൊണ്ടിരിക്കുന്നത് എന്നും അസ്വസ്ഥതയോടെ തിരിച്ചറിയേണ്ട അവസ്ഥയുണ്ട്.  

കേരളത്തിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള രണ്ട് പത്രങ്ങൾ മനോരമയും മാതൃഭൂമിയുമാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പത്രമുത്തശ്ശിമാർ. കേരളീയ പൊതുസമൂഹത്തിന്റെ നിത്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ.. ലക്ഷക്കണക്കിന്‌ വരിക്കാർ. അനുദിനം വളരുന്ന വായനാ സമൂഹം. പക്ഷെ എന്തുകൊണ്ടാണ് ഈ രണ്ടു പത്രങ്ങളും വള്ളിക്കാവ് ആശ്രമവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെക്കുറിച്ച് ഒരക്ഷരം എഴുതാതിരുന്നത്. ഇതൊരു വാർത്ത‍ അല്ല എന്നത് കൊണ്ടാണോ?. ഈ വാർത്തയിൽ തെല്ലും സത്യമില്ല എന്ന് അന്വേഷിച്ചു കണ്ടെത്തിയത് കൊണ്ടാണോ? അതല്ല ഈ വാർത്ത‍ പുറത്ത് വിട്ടാൽ അമ്മയുടെ ആരാധക വൃന്ദങ്ങൾ പിണങ്ങുമെന്നത് കൊണ്ടാണോ?. ആദ്യത്തെ രണ്ടു കാരണങ്ങളുമാകാൻ ഇടയില്ല. വളരെ സെൻസിറ്റീവായ ഒരു വാർത്ത തന്നെയാണിത്. എന്റെ കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ ഗെയിലിന്റെ പുസ്തകത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഉറപ്പിച്ചു പറയുക വയ്യ. അവർക്ക് അവരുടെതായ ലക്ഷ്യങ്ങളും താത്പര്യങ്ങളും കാണുമായിരിക്കാം. പക്ഷേ വളരെ ആധികാരികമായ സ്വരത്തിൽ ഉന്നയിച്ചിരിക്കുന്ന ആ ആരോപണങ്ങൾ ഒരു വാർത്തയാണ്. അതറിയാനുള്ള അവകാശം ഓരോ വായനക്കാരനുമുണ്ട്. അതിലെ ശരി തെറ്റുകൾ അവരുടെ ചിന്തകൾക്കും ബോധ്യങ്ങൾക്കുമാണ് വിട്ടു കൊടുക്കേണ്ടത്. പത്ര മുതലാളിമാരുടെ ദാർഷ്ട്യങ്ങളും താത്പര്യങ്ങളുമല്ല അത് തീരുമാനിക്കേണ്ടത്.

വാർത്ത‍ സത്യമാണോ അല്ലയോ എന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തി റിപ്പോർട്ട്‌ വന്ന ശേഷം പത്രത്തിൽ കൊടുത്താൽ മതി എന്ന ഒരു പോളിസി എടുത്തു കഴിഞ്ഞാൽ പത്രമുതലാളി ആപ്പീസ് പൂട്ടി എന്ന് കാശിക്ക് പോയി എന്ന് ചോദിച്ചാൽ മതി. അപ്പോൾ പ്രശ്നം അവസാനം പറഞ്ഞത് തന്നെ. അമ്മയെ ദൈവമായി കണ്ട് വിശ്വാസമർപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ വികാരം വൃണപ്പെടും. അവർ പത്രത്തിനെതിരെ തിരിയും. ആരുടെയൊക്കെ വികാരം വ്രണപ്പെടും എന്ന് നോക്കി വാർത്തകൾ തരം തിരിക്കുകയും മുക്കേണ്ടത് മുക്കുകയും പൊക്കേണ്ടത് പൊക്കുകയും ചെയ്യുന്ന ഒന്നിനെയാണോ നാം പത്രപ്രവർത്തനം എന്ന് വിളിക്കുന്നത്. മാതൃഭൂമിയുടെ ഭാഷയിൽ 'പത്രത്തോടോപ്പമുള്ള ഒരു സംസ്കാരം' എന്ന് വിളിക്കുന്നത്‌ വികാരം നോക്കി വാർത്തകൾ മുക്കുന്നതിനെയാണോ?. 'മലയാളത്തിന്റെ സുപ്രഭാതം' എന്ന് മനോരമ പറയുന്നത് സ്വന്തം ഇഷ്ടത്തിനൊത്ത വാർത്തകൾ പടച്ചുണ്ടാക്കുകയും അറിയപ്പെടേണ്ട വാർത്തകൾ  മുക്കുകയും ചെയ്യുന്ന ഒരു പ്രഭാതത്തെയാണോ? ഇതാണോ തഴക്കവും പഴക്കവും ചെന്ന ഒരു പത്രസ്ഥാപനത്തിൽ നിന്നും അതിന്റെ വായനക്കാർ പ്രതീക്ഷിക്കുന്ന മാധ്യമ നൈതികത?.

വിദേശത്തുള്ള ഏതെങ്കിലും 'അനോണി' എഴുത്തുകാരന്റെ കൃതിയെ കേന്ദ്രീകരിച്ചുള്ള ഒരു വിവാദമായിരുന്നുവെങ്കിൽ മാധ്യമങ്ങൾക്ക് അവ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കേണ്ടി വരുമായിരുന്നു. പക്ഷേ ഇത് വള്ളിക്കാവിലെ ആശ്രമത്തിൽ അമ്മയോടൊപ്പം ഇരുപതു വർഷം ജീവിച്ച, കേരളീയ പൊതുസമൂഹത്തിലും മാധ്യമങ്ങൾക്കിടയിലും അമ്മയുടെ ആധികാരിക പ്രതിനിധിയായ അറിയപ്പെട്ട ഒരു സന്യാസിനി എഴുതിയ പുസ്തകമാണ്. ആ പുസ്തകത്തിൽ അവർ വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങളെ അറിയാനുള്ള അവകാശം മനോരമയുടെയും മാതൃഭൂമിയുടെയും വായനക്കാർക്കില്ലേ?. അവരിൽ നിന്ന് അത്തരമൊരു വാർത്ത‍ മറച്ചു വെക്കുന്നത് കൊണ്ട് എന്ത് പത്ര ധർമമാണ് നിർവഹിക്കപ്പെട്ടത്‌?. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിലെ ഒരു ചെറിയ ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ആത്മീയ കേന്ദ്രമാണ് വള്ളിക്കാവിലേത്. ഈ കേന്ദ്രത്തിനെതിരെ ഏറ്റവും ശക്തമായ എതിർപ്പുകൾ വന്നിട്ടുള്ളത് ഹൈന്ദവ സമൂഹത്തിലെ ഉത്പതിഷ്ണുക്കളിൽ നിന്നും സന്യാസിമാരിൽ നിന്നും തന്നെയാണ്. ആ എതിർപ്പുകളെ മനസ്സ് കൊണ്ട് അംഗീകരിക്കുന്ന ഒരു വലിയ ജനസഞ്ചയമാണ് ഈ പത്രങ്ങളുടെ വായനക്കാർ ... അവരോട് ഈ പത്ര മുത്തശ്ശിമാർക്ക് കടപ്പാടുകളും ബാധ്യതകളുമില്ലേ?. 

ദൃശ്യമാധ്യങ്ങളുടെ കൂട്ടത്തിൽ ഈ വാർത്ത സമ്പൂർണമായി തമസ്കരിച്ചത് ഏഷ്യാനെറ്റാണ്‌. 'നേരോടെ നിർഭയം നിരന്തരം' അവർ ആ വാർത്ത മുക്കിക്കൊണ്ടിരുന്നു. അപ്രധാനമായ ഒരു സ്ലോട്ടിൽ പോലും ഈ 'ബ്രേക്കിംഗ് ന്യൂസ്' പുറത്തു വിട്ടില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സരിതയുടെ പിറകെ നാണമില്ലാതെ ഓ ബി വാനുകളുമായി ഓടിയവർ ഒരു റിപ്പോർട്ടറെപ്പോലും വള്ളിക്കാവിലേക്ക് വിട്ടില്ല. കവർ സ്റ്റോറിക്കാരെ തിരിയിട്ടു തിരഞ്ഞിട്ട് കണ്ടില്ല. ഞെട്ടിപ്പിക്കുന്ന വാർത്താസമീപനം. ഏഷ്യാനെറ്റും അതിന്റെ കഴിവുറ്റ വാർത്താ ടീമും സമ്പൂർണമായി മോദിവത്കരണത്തിലേക്ക് വഴുതി വീണു കഴിഞ്ഞുവോ എന്ന സംശയം നാൾക്കുനാൾ ബലപ്പെട്ടു വരികയാണ്. കേരള ജനത നെഞ്ചേറ്റി വളർത്തിയ വാർത്താ സ്ഥാപനങ്ങൾ തന്നെ ആ ജനതയുടെ ശാപമായി തിരിച്ചടിക്കുന്ന നാളുകളാണോ ഇനി വരാൻ പോകുന്നത്. പറയുക വയ്യ. മറ്റൊന്നുള്ളത്‌ ഒരു സ്ത്രീ നിരന്തരം പീഡിക്കപ്പെട്ടു എന്ന് തുറന്നെഴുതിയിട്ടും സാംസ്കാരിക കേരളത്തിലെ നായകന്മാർ ശബ്ദമുയർത്തിയില്ല എന്നതാണ്. വനിതാ സംഘടനകളുടെ പ്രകടനം നടന്നില്ല. ഒരു 'അന്വേഷി'കളെയും പുറത്ത് കണ്ടില്ല.യുവ സംഘടനകളുടെ പ്രതിഷേധ മാർച്ചുകൾ ഉണ്ടായില്ല. ഒരു കോടതിയും സ്വമേധയാ കേസേടുത്തില്ല. എന്ത് പ്രബുദ്ധതയാണ് കേരളം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.  

മാധ്യമങ്ങളെ മൊത്തമായി അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഈ വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നപ്പോൾ തുടക്കത്തിൽ ഒന്ന് അറച്ച് നിന്നെങ്കിലും മാധ്യമ ധർമത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട്‌ ഈ വാർത്തക്ക് ഇടം നല്കുവാൻ ചില മാധ്യമങ്ങൾ മുന്നോട്ട് വരികയുണ്ടായി. അവരെ അഭിനന്ദിച്ചേ തീരൂ.. ഇന്ത്യാവിഷൻ ചാനലാണ്‌ അവയിൽ എടുത്തു പറയേണ്ടത്. ഈ വാർത്ത‍ പുറത്ത് വന്നതിന്റെ പിറ്റേ ദിവസം തന്നെ അവരുടെ ന്യൂസ് നൈറ്റ് ഈ വിഷയത്തെക്കുറിച്ചായിരുന്നു. റിപ്പോർട്ടർ ടി വിയും ഈ വാർത്തയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അവരുടെതായ പങ്ക് വചിച്ചു. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഈ വിഷയത്തെ അതിന്റെ തുടക്കം മുതൽ അർഹിക്കുന്ന ഗൌരവത്തോടെയും പാകതയോടെയും പുറത്തു വിട്ടു എന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സജീവ ഇടപെടലുകൾ നടത്തിയ മംഗളം, മലയാളം ന്യൂസ്, വർത്തമാനം തുടങ്ങിയ പത്രങ്ങളേയും പരാമർശിക്കേണ്ടതുണ്ട്. വൃണപ്പെടുന്ന വികാരങ്ങളെ ഭയപ്പെട്ട് വാർത്തകളെ മുക്കുന്ന മാധ്യമങ്ങൾക്കിടയിൽ ധീരതയോടെ തലയുയർത്തിപ്പിടിച്ചു നില്ക്കുന്ന ചുരുക്കം ചില മാധ്യമങ്ങളും നമുക്കുണ്ട്  എന്നത് നല്കുന്ന ആശ്വാസം ചെറുതല്ല. ആരൊക്കെ വാർത്തകൾ ഒതുക്കിയാലും മുക്കിയാലും ജനമറിയേണ്ട വാർത്തകളെ ജ്വലിപ്പിച്ചു നിർത്തുവാനും ഒരു കാട്ടുതീ പോലെ അതിനെ പടർത്തുവാനും കഴിയുന്ന സോഷ്യൽ മീഡിയയെന്ന കരുത്തുറ്റ ആയുധം സാധാരണക്കാരന്റെ കയ്യിലുണ്ടെന്നതും ആവേശമുണർത്തുന്നു.  

ഈ കൃതിയിലെ പരാമർശങ്ങളെ അധികരിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്കെതിരെ കേസെടുത്ത കേരള സർക്കാരിന്റെ നടപടിയാണ് ഈ വിവാദത്തിലെ ഏറ്റവും വലിയ തമാശയായി  തോന്നിയത്. ഭൂലോകത്തെവിടെയും കേട്ട് കേൾവിയില്ലാത്ത ഒരു ഫാസിസ്റ്റ് നടപടിക്കാണ് ചെന്നിത്തലയുടെ പോലീസ് മുതിർന്നിരിക്കുന്നത്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ കൃതികൾക്കെതിരെയും ഗ്രന്ഥകാരനെതിരെയും കേസുകൾ എടുത്ത ചരിത്രം ധാരളമുണ്ട്.  പക്ഷേ ലോകം മുഴുക്കെ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കൃതിയിലെ പരാമർശങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തവരെയും അവ ഷെയർ ചെയ്തവരെയും അറസ്റ്റ് ചെയ്യുക എന്നത് തീർത്തും ഞെട്ടിപ്പിക്കുന്ന ഒന്നായി. അതും രാജ്യത്ത് വില്പനയുള്ള നിരോധിക്കപ്പെടാത്ത ഒരു ഗ്രന്ഥത്തിന്റെ പേരിൽ. ഇന്ത്യൻ ഭരണഘടനയാണോ അതോ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണഘടനയാണോ ചെന്നിത്തല നടപ്പിലാക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു തീരുമാനമാകേണ്ടതുണ്ട്.

അമൃതാനന്ദ മഠവും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പൊതുസമൂഹത്തിൽ ചെയ്യുന്ന നല്ല കാര്യങ്ങളെയും റിലീഫ് പ്രവർത്തനങ്ങളെയും ഒട്ടും വില കുറച്ച് കാണേണ്ടതില്ല. അവ മുന്നോട്ട് പോകട്ടെ. പക്ഷേ ഇപ്പോൾ ഉയർന്നിരിക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങൾ ആ ആശ്രമത്തെ സംശയത്തിന്റെ നിഴലിൽ ആക്കിയിട്ടുണ്ട്. അത്തരം സംശയങ്ങളെ ദുരീകരിക്കുവാൻ ഏറ്റവും കൂടുതൽ ശ്രമങ്ങളുണ്ടാവേണ്ടത്  മഠത്തിന്റെ ഭാഗത്ത് നിന്ന് തന്നെയാണ്. നിഷ്പക്ഷമായ ഒരന്വേഷണത്തിന് ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് കൊണ്ട് ഇപ്പോൾ മുന്നോട്ട് വരേണ്ടത് മഠമാണ്. അതിനവർ തയ്യാറാവാതെ പോലീസിനെക്കൊണ്ട് ആരോപണങ്ങൾ ഉയർത്തിയവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെങ്കിൽ ഒന്നേ പറയാനുള്ളൂ.. വിവരവും വിവേകവുമുള്ള ഒരു സമൂഹം നിങ്ങളെ വിലയിരുത്തും. അവരുടെ ബുദ്ധിയേയും ചിന്തയേയും ഭീഷണികളിലൂടെ നിങ്ങൾക്ക് വിലക്ക് വാങ്ങാനാവില്ല.  Post update  ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

Recent Posts
ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും
ബാബ രാംദേവും സാദിഖലി തങ്ങളും
ജസീറാ, ബെറുപ്പിക്കല്ലേ!!
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. ക്യാ...