ജസീറാ, ബെറുപ്പിക്കല്ലേ!!

ഏത് വിഷയവും വല്ലാതെ ഓവറാക്കുന്നവരോട് ഞങ്ങൾ നാട്ടുമ്പുറത്തുകാർ പറയുന്ന ഡയലോഗാണ് 'വല്ലാതെ ബെറുപ്പിപ്പിക്കാതെ പോ' എന്നത്. ജസീറയോടും അതാണ്‌ പറയാനുള്ളത്. വല്ലാതെ ഓവറാക്കല്ലേ മോളേ. പണി പാളും. ഡൽഹിയിൽ നിന്നുള്ള സമരം തീർത്ത ശേഷം ജസീറ നേരെ പോയത് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ്. പാരിതോഷികമായി പ്രഖ്യാപിച്ച കാശ് വേണമെന്ന് പറഞ്ഞ്.. കൊച്ചു കുഞ്ഞുങ്ങളെയും പ്രദർശിപ്പിച്ചുള്ള കുത്തിയിരുപ്പ് സമരവും തുടങ്ങിക്കഴിഞ്ഞു. ഏതോ ഒരു സിനിമയിൽ ഇന്നസെന്റ് ചോറ് വിളമ്പുന്ന ഒരു കോമഡി രംഗമുണ്ട്. അല്പം ചോറിടട്ടെ എന്ന് പല കുറി ചോദിച്ചിട്ടും വേണ്ട എന്ന് പറഞ്ഞ കക്ഷി പിന്നെ ഇന്നസെന്റിനെ തിരിച്ച് വിളിച്ചു ചോറ് ചോദിക്കുന്ന രംഗം. അപ്പോൾ ഇന്നസെന്റ് ഒരു പ്രത്യേക രീതിയിൽ തല വെട്ടിച്ചു കൊണ്ട് ഒരു ഡയലോഗടിക്കുന്നുണ്ട്. ആ ഡയലോഗാണ് ജസീറയുടെ ഇപ്പോഴത്തെ സത്യാഗ്രഹം കാണുമ്പോൾ ഓർമ വരുന്നത്. ഡൽഹിയിൽ നിന്നും തിരിച്ചു വരുമ്പോൾ ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കലേക്കു പോകുന്നതിന് പകരം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളമൊട്ടാകെ തരംഗമുയർത്തി സമരം നടത്തുന്ന കെ കെ രമയുടെ നിരാഹാര പന്തലിലേക്ക് ജസീറ പോയിരുന്നെങ്കിൽ അതൊരു അന്തസ്സുള്ള വാർത്തയാകുമായിരുന്നു.

ജസീറയോട് സഹതാപമുണ്ട്. ആ കുട്ടികളെ ഓർത്ത്.. എന്നിരുന്നാലും വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച് പെണ്‍കരുത്തിന്റെ ചരിത്രം സൃഷ്‌ടിച്ച സന്ധ്യയോടൊപ്പം അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞ അവർക്ക് ഇനി അഞ്ച് കാശ് പാരിതോഷികം കൊടുക്കരുതെന്നാണ് ചിറ്റിലപ്പിള്ളിയോട് അഭ്യർത്ഥിക്കാനുള്ളത്. തോന്നുമ്പോൾ വേണ്ട എന്നും പിന്നീട് വേണമെന്നും പറയാൻ ഇതെന്താ ബാങ്കിലിട്ട കാശാണോ. അല്പം മാധ്യമ ശ്രദ്ധ കിട്ടുമെന്ന് വന്നാൽ എന്ത് കോമാളിത്തരവും കാണിക്കാമെന്ന അവസ്ഥ മാറിയേ തീരൂ. പാരിതോഷികം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. സന്ധ്യ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ചിറ്റിലപ്പിള്ളിയുടെ കാശ് വാങ്ങിക്കരുത്, അതിനെതിരെ ഒരു പ്രസ്താവന നടത്തിയാൽ ഇപ്പോൾ നല്ല മാധ്യമ ശ്രദ്ധ കിട്ടും എന്ന് ഏതോ കുരുട്ട് ബുദ്ധികൾ ഉപദേശിച്ച് കൊടുത്തത് കേട്ടാണ് ആ കാശ് വേണ്ടെന്ന്  ജസീറ പറഞ്ഞത്. ദേശാഭിമാനിയുടെ വക അഭിനന്ദനങ്ങളും ഫേസ്ബുക്കിൽ കുറെ ചുകപ്പൻ അഭിവാദ്യങ്ങളും അത് വഴി കിട്ടി. ഇനി കാശ് വേണമെന്ന് ഇപ്പോൾ തോന്നുന്നുവെങ്കിൽ ആ ഉപദേശികളുടെ കയ്യിൽ നിന്ന് അത് വാങ്ങിക്കുകയാവും നല്ലത്. അല്ലെങ്കിൽ ദേശാഭിമാനി ഓഫീസിൽ നിന്നായാലും കഴപ്പമില്ല.


സന്ധ്യയുടെ കൂടെ പണം വാങ്ങാൻ ഞാനില്ല എന്ന് ജസീറ പറഞ്ഞെങ്കിലും അതേ നാണയത്തിൽ മറുപടി പറയാൻ കൊച്ചൌസേപ്പ് തുനിഞ്ഞിട്ടില്ല. ചടങ്ങിൽ പണം വാങ്ങാൻ എത്തില്ല എങ്കിൽ എന്റെ പാരിതോഷികം പിൻ‌വലിക്കുന്നു എന്ന് അദ്ദേഹത്തിന് സിമ്പിളായി പറയാമായിരുന്നു. എന്നാൽ ചടങ്ങിന് വരുന്നില്ല എങ്കിൽ കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം ബാങ്കിൽ നിക്ഷേപിക്കാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പോരാ കാശായി തന്നെ വേണം എന്ന് ജസീറ!!.. നോക്കണേ പുകില്..

മണൽ മാഫിയക്കെതിരെയുള്ള സമരത്തെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന നിഷ്പക്ഷമതികൾ സപ്പോർട്ട് ചെയ്തിട്ടുണ്ട്. വേണ്ടത്ര മാധ്യമ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരൊറ്റ സമരത്തിലൂടെ ജസീറ കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകയുടെ ഇമേജ് നേടിയെടുത്തിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു കോമാളിയുടെ ഇമേജിലേക്ക് തരം താഴ്ത്തരുത് എന്നാണ് ജസീറയോട് വിനയപുരസ്സരം അഭ്യർത്ഥിക്കാനുള്ളത്. മണൽ മാഫിയക്കെതിരെയുള്ള സമരത്തെ പരിസ്ഥിതി പക്ഷത്ത് നിന്ന് കൊണ്ടാണ് പലരും പിന്തുണച്ചത്‌. കൊച്ചു കുട്ടികളെ വഴിയിൽ പ്രദർശിപ്പിച്ച്, അവരുടെ വിദ്യാഭ്യാസം അവതാളത്തിലാക്കി, ഒരു തരം ബാല പീഡനത്തിന്റെ രൂപത്തിൽ നടത്തിയ സമരത്തോട് മാനസികമായി യോജിക്കാൻ കഴിയാത്തവർ പോലും പരിസ്ഥിതി സ്നേഹം മൂലം പിന്തുണ നല്കി.

പല നിലക്കുള്ള പിന്തുണ കേരളീയ സമൂഹം ജസീറക്ക്‌ നല്കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ എ പി അബ്ദുള്ളക്കുട്ടി എവിടെ നിന്നാലും അയാൾക്കെതിരെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജസീറ പറഞ്ഞിരുന്നു. ആ പ്രസ്താവന കേട്ടപ്പോൾ ശരിക്കും കയ്യടിക്കാനാണ് എനിക്ക് തോന്നിയത്. പത്രത്തിൽ ഒരു ലേഖനമെഴുതുക. ശേഷം മാധ്യമ പ്രവർത്തകനെ രഹസ്യമായി വിളിച്ചു ലേഖനത്തിനെതിരെ പ്രതികരണം ഒപ്പിക്കാൻ ആവശ്യപ്പെടുക. അതുവഴി ലേഖനം വിവാദമാക്കുക. അത്തരം വിവാദങ്ങൾ മുതലെടുത്ത്‌ നേതാവായി വിലസുക. അബ്ദുല്ലക്കുട്ടിയുടെ ഈ തട്ടിപ്പ് പരിപാടി പുറത്തായ ശേഷം അയാളുടെ പേര് കേൽക്കുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാനാണ് തോന്നിയിരുന്നത്. അപ്പോഴാണ്‌ ജസീറയുടെ പ്രസ്താവനയും വന്നത്. വിവാദം കാശ് കൊടുത്ത് ഉണ്ടാക്കുന്ന ഇവന്മാരെപ്പോലുള്ള രാഷ്ട്രീയ നപുംസകങ്ങളെ എവിടെ നിന്നും മത്സരിച്ച് തോല്പ്പിക്കണം. ചിന്തിക്കാൻ അല്പം ബുദ്ധി പടച്ചവൻ കൊടുത്തിട്ടുള്ള ഏതെങ്കിലും കോണ്‍ഗ്രസ്സുകാർ ഉണ്ടെങ്കിൽ അവരുടെ പിന്തുണയും ഈ വിഷയത്തിൽ ജസീറക്ക് കിട്ടിയെന്നിരിക്കും. പക്ഷേ അത്തരം പിന്തുണകൾ എല്ലാം കണ്ട് കണ്ണ് മഞ്ഞളിക്കരുത്.

സ്ഥിരമായി മാധ്യമ ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതില്ലാതെ ഉറക്കം വരാത്ത സ്ഥിതി വരും ചിലർക്ക്. അതൊരു തരം രോഗമാണ്. അത്തരമൊരു രോഗം ഈ സത്യാഗ്രഹത്തിന് പിന്നിൽ ഉണ്ടോ എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്. ജസീറയുടെ സമരത്തെ പല നിലയ്ക്കും പിന്തുണച്ചിരുന്ന മുഴുവൻ ആളുകളും ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കൽ പണത്തിന് വേണ്ടി യാചിച്ചു കൊണ്ടുള്ള ഈ കോമാളി പരേഡിൽ ജസീറയോടൊപ്പമുണ്ടാകില്ല. തീർച്ച!

Recent Posts
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കിട്ടുന്ന വിധം.

Related Posts
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്