സുരേഷ് ഗോപി vs ടിന്റുമോന്‍

ഞാന്‍ സുരേഷ് ഗോപിയുടെ ഒരു മുടിഞ്ഞ ഫാനാണ്. ഈ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത് മലയാള നടന്മാരില്‍ സുരേഷ് ഗോപിയെക്കുറിച്ചാണ്.  ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ എന്ന ഒരൊറ്റ ഡയലോഗാണ് ഞാന്‍ അദ്ദേഹത്തിന്‍റെ ഫാനാകാനുള്ള പ്രധാന കാരണം. ഇടിവെട്ട് ശബ്ദത്തില്‍ ആ ഡയലോഗ് കാച്ചി സ്ലോ മോഷനില്‍ വരുന്ന ആ വരവുണ്ടല്ലോ അതില്‍ വീഴാത്തവന്‍ പിന്നെ പി സി ജോര്‍ജിന്റെ ഡയലോഗില്‍ പോലും വീഴില്ല. നടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തിയുള്ള ആ മറ്റേ പ്രയോഗമാണ് എന്റെ ഫാന്‍ ലിസ്റ്റിലെ രണ്ടാമത്തെ ഐറ്റം. ചുരുക്കിപ്പറഞ്ഞാല്‍ സുരേഷേട്ടന്‍ കഴിഞ്ഞിട്ടേ എനിക്ക് കുതിരവട്ടം പപ്പു പോലും ഉള്ളൂ. പത്തോ നൂറോ ഗുണ്ടകള്‍ ഒരുമിച്ചു വന്നാലും പഴം പൊരി കടിക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ സുരേഷേട്ടനെപ്പോലെ ആകാരവടിവുള്ള ഒരു നടന്‍ ഇന്ത്യയില്‍ തന്നെ വേറെയുണ്ടോ? സംശയമാണ്.

അങ്ങനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ സുരേഷ് ഗോപിയെന്ന തീപ്പൊരി നായകനാണ് ഒരൊറ്റ ആഴ്ച കൊണ്ട് ടിന്റുമോന്റെ പരുവത്തില്‍ ആയിട്ടുള്ളത്. ഏഷ്യാനെറ്റ് ഇങ്ങനെയൊരു കൊലച്ചതി സുരേഷ് അണ്ണനോട് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ 'ഷോയുടെ ആദ്യ പരസ്യങ്ങള്‍ വന്നപ്പോള്‍ തന്നെ ഒരു ടിന്റുമോന്‍ സ്മെല്ല് മണത്തുതുടങ്ങിയിരുന്നു. പരസ്യമല്ലേ, സാരമില്ല ഷോ തുടങ്ങിയാല്‍ സംഗതിയൊക്കെ മാറും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എസ് എം എസ്സിലൂടെ ഏഷ്യാനെറ്റിന് കിട്ടാനുള്ള കോടികള്‍ ആദ്യം തന്നെ ഉറപ്പിക്കാനുള്ള ഒരു ഫരിപാടിയായിരിക്കും അതെന്നും കരുതി. പക്ഷേ ആ ധാരണ ഗോപിയായി. സുരേഷ് ഗോപിയുടെ ചോദ്യങ്ങള്‍ നാട്ടിലൊക്കെ പാട്ടായി. ടിന്റുമോന്‍ ഔട്ടായി. 

എല്ലാത്തിനെയും കുറ്റം പറയുന്ന ഒരു പരിപാടിക്കാരനാണ് ഞാനെന്നു കരുതരുത്. കോടീശ്വരന്‍ ഷോ (Who Wants to Be a Millionaire?) ലോകം മുഴുക്കെ ഹിറ്റായ ഒരു ഷോയാണ്. റിയാലിറ്റി ഷോകളുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഗെയിം ഷോ. നൂറിലധികം രാജ്യങ്ങളിലെ ടി വി റേറ്റിംഗ് ചാര്‍ട്ടുകളെ കുത്തനെ ഉയര്‍ത്തിയ ഷോയാണിത്‌. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും ഹിറ്റാക്കി മാറ്റിയ അതിന്റെ ഹിന്ദി വേര്‍ഷനും നാം കണ്ടതാണ്. മൂക്ക് പിഴിച്ചില്‍ സീരിയലുകളെയും സ്റ്റാര്‍ സിംഗര്‍ എസ് എം എസ് തട്ടിപ്പുകളേയും അപേക്ഷിച്ച് നോക്കുമ്പോള്‍ ആയിരം വട്ടം ഗുണമേന്മയുള്ള ഷോയാണിത്‌. കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവിജ്ഞാനതാത്പര്യം ജനിപ്പിക്കുന്ന തികച്ചും ക്രിയേറ്റീവായ ഒരു കണ്സപ്റ്റ് ഈ ഷോക്ക് പിന്നിലുണ്ട്. ദോഷം പറയരുതല്ലോ ഏഷ്യാനെറ്റും വളരെ നന്നായി തന്നെ ഈ ഷോ പ്ലാന്‍ ചെയ്തിട്ടുണ്ട്. കെട്ടിലും മട്ടിലും ഒറിജിനല്‍ ഷോയുടെ രാജകീയത നിലനിര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. പക്ഷേ കാണികളെയും മത്സരാര്‍ത്ഥികളെയും ഒരുതരം മന്ദബുദ്ധികള്‍ ആക്കുന്ന ചോദ്യങ്ങളാണ് സുരേഷ് ഗോപിക്ക് 'ഗുരുജി' കൊടുക്കുന്നത്. തികച്ചും ലളിതമായ ചോദ്യങ്ങളില്‍ നിന്ന് പ്രയാസമുള്ള ചോദ്യങ്ങളിലേക്കു കടക്കുന്ന രീതിയെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഈ ഷോയുടെ ഫോര്‍മാറ്റ് അങ്ങനെയാണെന്നറിയാം. പക്ഷേ ഒരു എല്‍ കെ ജി കുട്ടിയുടെ ബുദ്ധിയെങ്കിലും മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ്‌ വകവെച്ചു കൊടുക്കണം. ഒരു ടിന്റുമോന്‍ ഫലിതമാക്കി ഈ ഷോയെ മാറ്റരുത്. കോടിപതികളാകാന്‍ വേണ്ടി പൊതുവിജ്ഞാനം അരച്ച് കലക്കിക്കുടിച്ചെത്തുന്ന മത്സരാര്‍ത്ഥികളോട് സുരേഷേട്ടന്‍ ചോദിച്ച ചില ചോദ്യങ്ങള്‍ നോക്കുക. നെറ്റിലാകെ പാട്ടാണ് ഈ ചോദ്യങ്ങള്‍ .


ആരായിരിക്കും ഈ ചോദ്യങ്ങള്‍ എഴുതിക്കൊടുക്കുന്നത്?. എനിക്ക് സംശയം നമ്മുടെ മര്‍ഡോക്കിന്റെ സ്വന്തം ആളെത്തന്നെയാണ് . മൂപ്പരാണല്ലോ ഇപ്പോള്‍ ചാനലിന്റെ ഹെഡ്. 'നമ്മള്‍ തമ്മില്‍ ' ഷോ മെല്ലെ കൈക്കുള്ളില്‍ ആക്കിയത് പോലെ സുരേഷ് ഗോപിയെ ഒരു പരുവത്തിലാക്കി ഈ ഷോയും അവതരിപ്പിച്ചു കളയാനുള്ള വല്ല പൂതിയും പുള്ളിക്കുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചു പോയാല്‍ അതില്‍ തെറ്റ് പറഞ്ഞു കൂട. ഏതായാലും ഇത്തരം ചില ചോദ്യങ്ങളുടെ തമാശകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സാമാന്യം നന്നായി തന്നെ സുരേഷ് ഗോപി ഈ ഷോ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ എന്ന് പറയാതെ വയ്യ. പഴയ തമിഴ്നടന്മാരെ പോലെ എന്തും അല്പം ഓവറായി പറയുക എന്നൊരു ശൈലി അദ്ദേഹത്തിനു പണ്ടേ ഉണ്ട്. മഹാ സംവിധായകന്മാര്‍ വിചാരിച്ചിട്ട് മാറ്റാന്‍ കഴിയാത്ത അക്കാര്യം നമ്മള്‍ കുറച്ചു ഒണക്ക പ്രേക്ഷകന്മാര്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് നമുക്കത് കണ്ടില്ലെന്നു നടിക്കാം. ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിന് എ പ്ലസ് മാര്‍ക്ക് കൊടുത്തേ തീരൂ.  ഏഷ്യാനെറ്റിന്റെ സെലക്ഷന്‍ തെറ്റിയിട്ടില്ല. മലയാള നടന്മാരില്‍ ഈ ഷോ ഇത്രയും നന്നായി കൊണ്ടുപോകാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. നമ്മുടെ കോബ്രയേയും കാസനോവയേയും മറന്നു കൊണ്ടല്ല ഞാനിത് പറയുന്നത്.    
 
ചോദ്യങ്ങളുടെ നിലവാരം ഉയര്‍ത്തുവാന്‍ ഏഷ്യാനെറ്റിനു താത്പര്യമുണ്ട് എങ്കില്‍ എന്റെ വകയായി രണ്ടു മൂന്നു ചോദ്യങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുകയാണ്.

1) കോഴിക്കോട് കടപ്പുറം ഏത് ജില്ലയിലാണ്?
A: കഞ്ചിക്കോട്  B: കാസര്‍ക്കോട്  C: കോഴിക്കോട്  D: അഴീക്കോട്

2) ഈയിടെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാള നടന്‍?
A: ജോര്‍ജ് ബുഷ്‌  B: നെല്‍സന്‍ മണ്ടേല C: ജഗതി ശ്രീകുമാര്‍ D:  സാനിയാ മിര്‍സ

3) മൂവാണ്ടന്‍ മാവില്‍ കായ്ക്കുന്നതു എന്താണ്?. 
A: മത്തങ്ങ B: കുമ്പളങ്ങ C: വഴുതനങ്ങ D: മൂവാണ്ടന്‍ മാങ്ങ

4) എം ടി യുടെ നാലുകെട്ട് എഴുതിയത് ആരാണ്?
A: ഷേക്സ്പിയര്‍ , B: സുരാജ് വെഞ്ഞാറമ്മൂട്, C: കാളിദാസന്‍, D: എം ടി വാസുദേവന്‍ നായര്‍

ഇതുപോലെ നിലവാരമുള്ള ചോദ്യങ്ങള്‍ ആരുടെയെങ്കിലും മനസ്സില്‍ വരുന്നുണ്ടെങ്കില്‍ അത് ഇവിടെ പങ്കു വെക്കാന്‍ മറക്കരുത്. സുരേഷ് ഏട്ടനെ സഹായിക്കേണ്ടത് നമ്മള്‍ ഫാന്‍സുകാരുടെ കടമയാണ്. ഞാനിതാ ദേ പോയി ദാ വന്നു!! 

Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക
രഞ്ജിനി സിനിമയിലേക്ക്, ന്‍റെ പടച്ചോനേ!!