കൊച്ചൌസേപ്പ് ജയിക്കില്ലേ ?

മനോരമ ന്യൂസ്‌മേക്കര്‍ 2011 അവാര്‍ഡ്‌ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രാഥമിക റൌണ്ടില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഫൈനല്‍ റൌണ്ടിലെ പിന്തുണ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടുന്നത്. ഒരു പണി ഏറ്റെടുത്ത സ്ഥിതിക്ക് അത് മുഴുവിപ്പിക്കാതെ പോകുന്നത് ശരിയല്ലല്ലോ :). ഫൈനല്‍ റൌണ്ടില്‍ ഇപ്പോള്‍ നാല് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ & കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി.  മനോരമയില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് ഇപ്പോഴത്തെ വോട്ടിംഗ് ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മൂപ്പര്‍ക്ക് വേണ്ടി SMS ചെയ്യാന്‍ മലപ്പുറത്ത് ഇപ്പോള്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ തിരക്കാണ് എന്നാണറിയുന്നത്. കൊച്ചൌസേപ്പ് ഔട്ടാകാതിരിക്കാന്‍ നമ്മളൊന്ന് ആഞ്ഞു പിടിക്കേണ്ടി വരും.

നിലവിലുള്ള നാല് പേരില്‍ ആര് ന്യൂസ്‌ മേക്കര്‍ ആയാലും അഞ്ചു കാശിന്റെ ഉപകാരം വ്യക്തിപരമായി  എനിക്കില്ല. പക്ഷെ കൊച്ചൌസേപ്പിനോട് അല്പം ഇഷ്ടമുണ്ട്. വാക്കിനേക്കാള്‍ പ്രവൃത്തിക്ക് വിലയുണ്ടെന്ന് സ്വന്തം ജീവിതം വഴി കാണിച്ചു കൊടുത്ത ഒരേ ഒരാള്‍ ഈ നാല് പേരില്‍ കൊച്ചൌസേപ്പാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി നടത്തുന്ന പൊട്ടീസ് പരിപാടികള്‍ വിജയിപ്പിച്ചു കൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പൊട്ടനാണ്‌ ഞാന്‍ എന്ന് കരുതുന്നവര്‍ ഉണ്ടാകും. എന്നാലും വേണ്ടില്ല, കൊച്ചൌസേപ്പ് കാണിച്ച മാനുഷികതയുടെ ആ മഹാ മാതൃകക്ക് ഒരംഗീകാരം ലഭിച്ചു കാണണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് ഒത്തു പിടിച്ചാല്‍ കൊച്ചൌസേപ്പിനെ നമുക്ക് ഈ വര്‍ഷത്തെ ന്യൂസ്‌ മേക്കര്‍ ആക്കാന്‍ പറ്റും.



ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ ന്യൂസ്‌ മേക്കര്‍ ആയി വരുന്നത് കൊണ്ട് യാതൊരു വിരോധവും ഉണ്ടായിട്ടല്ല. അവരൊക്കെ രാഷ്ട്രീയക്കാര്‍ ആണ്. ജനങ്ങളുടെ അംഗീകാരവും തിരസ്കാരവുമെല്ലാം വേണ്ടത്ര അനുഭവിച്ചവരുമാണ്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. ഇനി ഒരു അവാര്‍ഡ് കൂടെ കിട്ടി എന്ന് വെച്ചു അവരുടെ ഇമേജിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജീവന്‍ മരണ പോരാട്ടം നടത്തുന്ന കേരളത്തിലെ ജനങ്ങളെ പരിഹസിച്ചത്‌ വഴി സലിം കുമാറിനോട് ഇച്ചിരി നീരസം ഉണ്ട്. തണ്ണിയടിച്ചു ബഹളം ഉണ്ടാക്കിയതിനു വിമാനത്തില്‍ നിന്നും പുള്ളിയെ ഇറക്കി വിട്ട വാര്‍ത്ത വായിച്ചതോടെ ആ നീരസം വീണ്ടും കൂടി. ഇനി ഓസ്കാര്‍ വാങ്ങി വന്നാലും ആ നീരസം വഴിമാറും എന്ന് തോന്നുന്നില്ല.

കൊച്ചൌസേപ്പിനെപ്പറ്റി പറയാനുള്ളതെല്ലാം കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി ഞാന്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. ഈ വീഡിയോ ഒന്ന് കൂടി കാണുക.


കൊച്ചൌസേപ്പ് ഒരു വോട്ടു അര്‍ഹിക്കുന്നുവെങ്കില്‍ ഈ ലിങ്ക് വഴി പോയി ഒരു വോട്ടു ചെയ്യുക. അപ്പോള്‍, പറഞ്ഞ പോലെ ..  സ്റ്റാര്‍ട്ട്‌, ക്യാമറ, ആക്ഷന്‍..

(ഫൈനല്‍ റൌണ്ടില്‍ വോട്ടു ചെയ്തവര്‍ ആ വിവരം ഇവിടെ പറയുന്നത് നല്ലതാണ്)

പുതുതായി എത്തിയ വായനക്കാര്‍ക്ക് വേണ്ടി,  മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല  ഇവിടെ റീപോസ്റ്റ് ചെയ്യുന്നു. (originally posted on Dec 1, 2011)   

മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്‌മേക്കര്‍ മത്സരത്തിന്റെ നോമിനികളെ കണ്ടു ഞാന്‍ ഞെട്ടി. പി സി ജോര്‍ജ്, എം വി ജയരാജന്‍, പി കെ കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപ്പിള്ള തുടങ്ങി പലരും അതിലുണ്ട്. ഉള്ള കാര്യം പറയാമല്ലോ, ഗോവിന്ദച്ചാമിയുടെ ഒരു കുറവുണ്ട് ആ ലിസ്റ്റില്‍ !. മനോരമേ, അയാളുടെ പേര് കൂടെ ഈ ലിസ്റ്റില്‍ ചേര്‍ക്കണം. എന്നാലേ മത്സരത്തിനു ഒരു ഗുമ്മുണ്ടാകൂ.  കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ പ്രീജ ശ്രീധരനെ ജയിപ്പിക്കാന്‍ വേണ്ടി അവളുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. ഭാഗ്യത്തിന് പെങ്കൊച്ചു ജയിച്ചു കയറി ന്യൂസ്‌ മേക്കര്‍ ആയി. (അതിന്റെ ലഹങ്കാരമൊന്നും എനിക്കില്ല കെട്ടോ..)

ഇത്തവണ ജനങ്ങള്‍ക്ക്‌ വോട്ടു ചെയ്തു വിജയിപ്പിക്കാന്‍ വേണ്ടി പന്ത്രണ്ടു പേരെയാണ് മനോരമ തിരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ നാല് പേരെയാണ് ഞാന്‍ മുകളില്‍ പറഞ്ഞത്. ഇനി ബാക്കിയുള്ള എട്ടു പേരുടെ കാര്യം നോക്കാം. സിനിമയില്‍ നിന്നും രണ്ടു മേനോത്തിക്കുട്ടികള്‍ ഉണ്ട് ലിസ്റ്റില്‍ . നിത്യ മേനോന്‍, ശ്വേത മേനോന്‍ (SNDP പ്രാതിനിധ്യം കുറവാണ്. വെള്ളാപ്പള്ളി കാണേണ്ട !!). പിന്നെയുള്ളത് നമ്മുടെ ദേശീയ അവാര്‍ഡ് ജേതാവും മുല്ലപ്പെരിയാര്‍ സമരത്തിന്റെ പ്രഖ്യാപിത ശത്രുവുമായ നടന്‍ സലിം കുമാര്‍ ആണ്. സിനിമയില്‍ നിന്ന് വേറെ ഒരാള്‍ കൂടി ജോണി ലൂക്കോസിന്റെ ലിസ്റ്റില്‍ ഉണ്ട്. ബോഡിഗാര്‍ഡ് സിദ്ദീഖ്. പിന്നെയുള്ളത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ പ്രമുഖനായ എം എ യൂസഫ്‌ അലി, ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ് എന്നിവരാണ്.  അതോടെ മൊത്തം പതിനൊന്നു പേരായി. ഇനി ഒരാള്‍ കൂടിയുണ്ട്. അത് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ്. അദ്ദേഹം ഈ ലിസ്റ്റില്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതുന്നത്‌.


കഴിഞ്ഞ തവണത്തെപ്പോലെ ഒരു വോട്ടിംഗ് ക്യാന്‍വാസ് നടത്തുവാന്‍ എനിക്ക് ഉദ്ദേശമില്ല. മനോരമക്കെതിരെ മൂന്നു മാസം കൂടുമ്പോള്‍ ഒരു പോസ്റ്റെങ്കിലും എഴുതിയില്ലെങ്കില്‍ ഉറക്കം കിട്ടാത്ത ആളാണ്‌ ഞാന്‍. അതുകൊണ്ട് തന്നെ അവരുടെ പരിപാടി വിജയിപ്പിച്ചു കൊടുക്കുകയും എന്റെ ഉദ്ദേശമല്ല. ന്യൂസ്‌ മേക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന പന്ത്രണ്ടു പേരുടെ ലിസ്റ്റിലൂടെ കണ്ണോടിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചിലതു ഇവിടെ പങ്കു വെക്കുന്നു എന്ന് മാത്രം.  ഈ മത്സരത്തില്‍ ഞാന്‍ ആദ്യം പറഞ്ഞ നാല് പേരിലൊരാള്‍ വിജയിച്ചു വരാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ അവസ്ഥയിലുള്ളത്. പി സി ജോര്‍ജ്, എം വി ജയരാജന്‍, പി കെ കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപ്പിള്ള.  ഈ നാല് പേര്‍ക്കും കുത്തിയിരുന്നു വോട്ടു ചെയ്യാനും എസ് എം എസ് അയക്കാനും വേണ്ടത്ര അനുയായികള്‍ ഉണ്ടാവും.  ക്വട്ടേഷന്‍ സംഘങ്ങളെ വരെ എസ് എം എസ് അയക്കാന്‍ ഏര്‍പ്പാട് ചെയ്യാന്‍ കഴിയുന്നവരാണ് ഇവര്‍ . ഒരു പക്ഷെ അവര്‍ അവരുടെ പണി ഇതിനകം തന്നെ തുടങ്ങിക്കാണണം. മനോരമയുടെ ന്യായപ്രകാരം ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവരാണത്രേ ഇവര്‍ നാല് പേര്‍ . ശരിയാണ്. ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടിട്ടുണ്ട്. പക്ഷെ അതില്‍ മിക്കവയും കോടതിയും കേസുകെട്ടുകളും ജയില്‍വാസവുമൊക്കെയായി ബന്ധപ്പെട്ടതാണ്. ഇവരെ ലിസ്റ്റില്‍ ഉള്‍പെടുത്താമെങ്കില്‍  അതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന ഗോവിന്ദച്ചാമിയെയും ഉള്‍പെടുത്താന്‍ പറ്റും. അതവര്‍ ചെയ്യാത്തത് കൊണ്ട് എന്റെ ലിസ്റ്റില്‍ നിന്ന് ആ നാല് പേരെയും ഞാന്‍ ആദ്യം തന്നെ വെട്ടി.


ഹിന്ദിയില്‍ ഒരു സിനിമ ഹിറ്റാക്കി എന്നതാണ് സിദ്ധീഖിന്റെ ക്രെഡിറ്റില്‍ ഉള്ളത്.  ഒരു മസാല ചിത്രത്തില്‍ രതിചേച്ചിയായി വന്നതാണ് ശ്വേത മേനോന്റെ ഈ വര്‍ഷത്തെ പ്രധാന ഹൈലൈറ്റ്. കല്യാണം കഴിക്കുന്നത്‌ സിനിമാനടികളെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ത്തയൊന്നും അല്ലല്ലോ. (മഴവില്‍ മനോരമയില്‍ അവതാരകയാകാന്‍ സമ്മതിച്ചതാണ് ഈ ലിസ്റ്റില്‍ ഇടം പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്നൊരു മ്യാവൂ ഉണ്ട്. ബെര്‍ളിയുടെ കയ്യുണ്ടോ എന്നും അറിയില്ല. രതിചേച്ചിയെക്കുറിച്ചു ഏറ്റവും അധികം പോസ്റ്റുകള്‍ ഇട്ടതു പുള്ളിയാണ്) നിര്‍മാതാക്കളുടെ സംഘടനയുമായി ഉടക്കിയതാണ് നിത്യ മേനോനെ വാര്‍ത്തയില്‍ എത്തിച്ചത്. സിനിമയില്‍ നിന്ന് പിന്നെയുള്ളത് സലിം കുമാറാണ്. പുള്ളിയോട് അല്പം ഇഷ്ടം ഉണ്ടായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയതോടെ ആ ഇഷ്ടം കൂടി. പക്ഷെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സമരത്തെ കൊച്ചാക്കി സംസാരിച്ചതോടെ മൊത്തം മലയാളികളുടെ മനസ്സില്‍ നിന്നും സലിം കുമാര്‍ പടിയിറങ്ങിക്കഴിഞ്ഞു എന്നാണെന്റെ വിശ്വാസം. ഇനി ഓസ്കാര്‍ കിട്ടിയാലും ഒരുത്തനും അയാള്‍ക്ക്‌ വോട്ടു ചെയ്യില്ല. മലയാളിയെ ഗുണപരമായി സ്വാധീനിച്ച ഒരു വാര്‍ത്താ വ്യക്തിയായി ഇവരില്‍ ഒരാളെ കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഈ നാല് പേരെയും വെട്ടി.

ഇപ്പോള്‍ എട്ടു പേര്‍ ഔട്ടായി. നാല് പേര്‍ ബാക്കിയുണ്ട്. ഉമ്മന്‍ ചാണ്ടി. യൂസഫ്‌ അലി. ശ്രീജേഷ്. കൊച്ചൌസേപ്പ്. ഇവരില്‍ ആരുടേയും പേര് വെട്ടാന്‍ തോന്നുന്നില്ല. നാല് പേരും നമുക്ക് വേണ്ടപ്പെട്ടവര്‍ തന്നെ. എന്നിരുന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടം കൊച്ചൌസേപ്പിനെയാണ്. വി ഗാര്‍ഡ് കമ്പനിയുടെ ഉടമ എന്ന നിലക്കല്ല. വാക്കിലും പ്രവര്‍ത്തിയിലും മാനുഷികത തെളിയിച്ച ഒരു വ്യക്തി എന്ന നിലയില്‍ . ഈ വര്‍ഷം കേട്ട ഏറ്റവും ഹൃദയസ്പൃക്കായ വാര്‍ത്തകളില്‍ ഒന്നായിരുന്നു കൊച്ചൌസേപ്പ് തന്റെ കിഡ്നി ദാനം ചെയ്തു എന്നത്. ( ആ വാര്‍ത്ത കേട്ടയുടനെ ഞാനെഴുതിയ പോസ്റ്റ്‌ ഇവിടെയുണ്ട് അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായ അദ്ദേഹം സ്വയം സന്നദ്ധനായി ട്രക്ക് ഡ്രൈവറായ ഒരു രോഗിക്ക് തന്റെ കിഡ്നി ദാനം ചെയ്യുകയായിരുന്നു. പത്തു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. പണത്തിനു വേണ്ടി വൃക്ക വില്‍ക്കുന്നവരും ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം ത്യാഗം ചെയ്യുന്നവരും നമുക്കിടയില്‍ കാണും. പക്ഷെ കിഡ്നി ദാനമെന്ന ഒരു മാനുഷിക സംരംഭത്തെ പിന്തുണക്കുന്നതിനു വേണ്ടി അത്തരമൊരു മഹാത്യാഗം ചെയ്ത ആദ്യത്തെ കോടീശ്വരന്‍ ഒരു പക്ഷെ കൊച്ചൌസേപ്പ് ആയിരിക്കും. ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും. അതുകൊണ്ട് തന്നെ ഈ പന്ത്രണ്ടു പേരില്‍ എനിക്ക് ഏറ്റവും പ്രിയങ്കരന്‍ കൊച്ചൌസേപ്പ് തന്നെയാണ്. അദ്ദേഹം ജയിച്ചു കാണണമെന്ന് മനസ്സില്‍ അതിയായ ആഗ്രഹമുണ്ട്. കിഡ്നി പോയിട്ട് ഒരു കുപ്പി രക്തം പോലും ദാനം ചെയ്യാന്‍ തയ്യാറാകാത്ത നമ്മില്‍ പലര്‍ക്കും കൊച്ചൌസേപ്പ് നല്‍കിയത് ഒരു വലിയ സന്ദേശമാണ്. ഒരു രാഷ്ട്രീയക്കാരനും ഒരു സിനിമാക്കാരനും ഒരു സ്പോര്‍ട്സ് താരവും നല്‍കാത്ത സന്ദേശം.

കിഡ്നി ദാനം ചെയ്യുന്നവരുടെ ഒരു ചെയിന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു അദ്ദേഹം ചെയ്തത്. കൊച്ചൌസേപ്പിന്റെ കിഡ്നി ലഭിച്ച വ്യക്തിയുടെ ഭാര്യ മറ്റൊരാള്‍ക്ക് തന്റെ കിഡ്നി ദാനം ചെയ്തു. അയാളുടെ അടുത്ത ബന്ധു മറ്റൊരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ജീവനില്‍ നിന്നും ജീവന്‍ പകര്‍ന്ന ഒരു ചങ്ങലയായി അത് മാറി. മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഒരു ചങ്ങല.  വലിയ വായില്‍ ഗീര്‍വാണ പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും ഗ്ലാമര്‍ ലോകത്ത് ജീവിക്കുന്ന സിനിമാ താരങ്ങള്‍ക്കും ഇടയില്‍  കൊച്ചൌസേപ്പ് തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും മധുരമുള്ള വാര്‍ത്ത സൃഷ്ടിച്ചത്.  അത് കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തിനു ഒരു വോട്ടു ചെയ്തു. താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതാവാം. ജനുവരി മൂന്നു വരെയാണ് വോട്ടു ചെയ്യാനുള്ള അവസരമുള്ളത്. കാശുള്ളവര്‍ക്ക് SMS ചെയ്തു വോട്ടു നല്‍കാം . ഈ ലിങ്കിലൂടെ പോയാല്‍ ഫ്രീയായിട്ടും വോട്ടു രേഖപ്പെടുത്താം. കൊച്ചൌസേപ്പ് മനോരമയുടെ ന്യൂസ്‌ മേക്കര്‍ ആയാലും ഇല്ലെങ്കിലും അദ്ദേഹത്തിനു കരുണാമയനായ ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 

Related Posts
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
പ്രീജ ശ്രീധരന് ഒരു വോട്ട്
മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ 
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല 
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.