ജഗതി പിന്മാറി, മോഹന്‍ലാല്‍ എന്ത് ചെയ്യും?

മുമ്പേ ജനലക്ഷങ്ങളുടെ ഡിയര്‍ ആയിരുന്ന ജഗതി ശ്രീകുമാര്‍ ഇന്നലെ മുതല്‍ വെരി വെരി ഡിയര്‍ ആയിരിക്കുകയാണ്. സിക്കിം ഭുട്ടാന്‍ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പുള്ളി നമ്മുടെ ഡിയറസ്റ്റ്‌ ആയിരിക്കുന്നത്. അവരു കൊടുത്ത ചെക്ക് ക്യാശായി  അക്കൌണ്ടില്‍ വന്നത് കൊണ്ട് ഇനി പിന്മാറിയാലും കുഴപ്പമൊന്നുമില്ല എന്ന ലൈനിലാണോ ഈ തീരുമാനമെന്ന് സംശയിക്കുന്നവര്‍ ഉണ്ടാവും. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഈ രണ്ടു ലോട്ടറികളും തനി തട്ടിപ്പാണെന്ന് ഇന്നലെ രാവിലെ കൃത്യം ഏഴു മണിക്ക് അദ്ദേഹത്തിന് ബോധ്യം വന്നപ്പോള്‍ ഉടനെ പരസ്യത്തില്‍ നിന്ന് പിന്മാറാനുള്ള അന്തസ്സ് അയാള്‍ കാണിച്ചു. ഇതിനാണ് നമ്മള്‍ സാമൂഹ്യ ബോധം, സംസ്കാരം എന്നൊക്കെ പറയുന്നത്. പരസ്യം കൊണ്ടുള്ള ഫലം സമൂഹത്തില്‍ വന്നു എന്ന് ഉറപ്പായിക്കഴിഞ്ഞ ശേഷം അത് പിന്‍വലിക്കുവാന്‍ കാണിക്കുന്ന ഈ മഹാമനസ്കതയെ നമ്മള്‍ അഭിനന്ദിച്ചേ തീരൂ!!.   

വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച നമ്മുടെ മറ്റേ പുള്ളി ഈ ലൈനില്‍ ഒരു തീരുമാനം എടുക്കുമോ? കുടിയുടെ കാര്യത്തില്‍ മലയാളികളെ സ്വയം പര്യാപ്തരാക്കാന്‍ വേണ്ടി അധ്വാനിച്ചവരെ ചരിത്രം രേഖപ്പെടുത്തുമെങ്കില്‍ അതില്‍ മോഹന്‍ലാലിന്റെ പേരും കാണും. വൈകിട്ടത്തെ പരിപാടി മോശമാക്കരുത് എന്ന അദ്ദേഹത്തിന്‍റെ ഒസിയ്യത്ത് ചാലക്കുടിക്കാര്‍ മാത്രമല്ല കേരളം മുഴുവന്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞതായാണ്  “ഹാപ്പീ ഓണം ഷാപ്പീ പോണം” റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കക്കാരുടെ ശരാശരി കുടിയെക്കാള്‍ എത്രയോ ഉയരത്തില്‍ നമ്മള്‍ മലയാളികള്‍ എത്തിക്കഴിഞ്ഞു. (അമേരിക്കേ, കളി മലയാളികളോട് വേണ്ട ട്ടാ... ഞങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ ശ്രീമതി ടീച്ചറെ ഒന്നുകൂടെ അങ്ങോട്ടയക്കാം. )


ഓണത്തിന് ചാലക്കുടിക്കാര്‍ റെക്കോര്‍ഡ്‌ ഇടുമെങ്കില്‍ അടുത്ത പെരുന്നാള്‍ വരട്ടെ കാണിച്ചു തരാമെടാ എന്ന മട്ടില്‍ തിരൂര്‍ക്കാരും പൊന്നാനിക്കാരും തയ്യാറായി നില്‍പ്പുണ്ട്. ക്രിസ്തുമസ്സിന് ഒരു റെക്കോഡ്‌ കിട്ടാന്‍ പാലായിലെ അച്ചായന്മാരും ശ്രമിക്കും. ചുരുക്കത്തില്‍ മോഹന്‍ ലാലിന് മാത്രമല്ല, നമ്മള്‍ മൊത്തം കേരളീയര്‍ക്കും അഭിമാനിക്കാവുന്ന അവസ്ഥയാണ് കുടിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇനി ആ പരസ്യം ഇല്ലെങ്കിലും കേരളീയര്‍ കുടിയുടെ മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കും എന്നുറപ്പാണ്. അതുകൊണ്ട് ജഗതി ചെയ്തത് പോലെ ആ പരസ്യം പിന്‍വലിക്കുവാന്‍ ലാലേട്ടന്‍ ശ്രമിക്കണം. മുഴുവന്‍ തുകയും അക്കൌണ്ടില്‍ എത്തി എന്ന് ഉറപ്പാക്കിയ ശേഷം  ഒരു ചെറിയ പത്ര സമ്മേളനം നടത്തുകയും വേണം. ബ്ലീസ്..

ഈ ഒരു ലൈന്‍ കൈരളി ടീവിക്കും പരീക്ഷിക്കാവുന്നതാണ്. കഴുത്തറപ്പന്‍ ലോട്ടറിയുടെ ലൈവ് കവറേജ് കൊടുത്ത് കൊണ്ടിരിക്കുന്നത് അവരാണ്. ഈ ലൈവ് എസ്ക്ലൂസീവ്‌ ആയതിനാല്‍ ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ തുടങ്ങിയവര്‍ ഏലസ്സ്, നസര്‍ സുരക്ഷ കവചം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായാണ് അഡ്ജസ്റ്റ്‌ ചെയ്തു പോവുന്നത്. ലോട്ടറി റിസല്‍ട്ടിന്റെ ലൈവ് കവറേജ് വേണ്ടെന്ന് വെക്കുന്നതോട് കൂടി കൈരളിയിലെ അഴിച്ചുപണിക്കാരന് ഫുള്‍ വോളിയത്തില്‍ ഒരു അപനിര്‍മിതി നടത്താനും അല്പം സുവിശേഷം പ്രസംഗിക്കുവാനും ചാന്‍സ് കിട്ടും. സഖാവ് അഴീക്കോട് ചേട്ടനെക്കൊണ്ട് രണ്ടു ഡയലോഗും ബ്രിട്ടാസിന്റെ ഒരു അഭിമുഖവും ആയാല്‍ മാര്‍ക്സ്‌ പറഞ്ഞ വര്‍ഗ സമരം വിളമ്പാന്‍ റെഡി. അതോടെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ കൈരളി നിത്യപ്രതിഷ്ഠ നേടുകയും ചെയ്യും. ലോട്ടറിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ഈ വിഷയത്തില്‍ എല്ലാവര്ക്കും മാതൃക കാണിച്ച ജഗതി ശ്രീകുമാറിന്റെ ഒരു പൂര്‍ണകായ പ്രതിമ (കാക്ക തൂറാതിരിക്കാന്‍ ഒരു ഭൂട്ടാന്‍ തൊപ്പി സഹിതം) തിരോന്തരം സെക്രട്ടേറിയറ്റ് ജംഗ്ഷനില്‍ വെക്കണമെന്ന് ബ്ലോഗ്‌ ഫുലിയായ ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മോഹന്‍ ലാലിനും കൈരളി ടീവിക്കും എന്റെ ബിലേറ്റഡ് ഓണാശംസകള്‍.