ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു

ഒബാമ ഇന്ത്യയിൽ വന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത് അടിച്ച് പൊളിച്ച് പോയതിന് ശേഷം ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല. എന്നാൽ കിട്ടുന്ന സന്ദർഭത്തിലൊക്കെ ഒന്നാന്തരം പാര വെക്കുവാൻ ശ്രമിക്കുന്നുണ്ട് താനും. ഇന്ത്യക്കാർ എന്ന നിലയ്ക്ക് നമുക്കെല്ലാവർക്കും സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണിത്. എന്താണ് മിസ്റ്റർ ഒബാമക്ക് പറ്റിയത്. നമ്മൾ കൊടുത്ത സ്വീകരണം ശരിയായില്ലേ?.. എന്തെങ്കിലും പിഴവുകൾ പറ്റിയോ?.. ആദരിക്കുന്നതിലും ഉപചരിക്കുന്നതിലും എന്തെങ്കിലും പാളിച്ച?. ഭക്ഷണം കൊടുത്തപ്പോൾ മുളകോ മല്ലിയോ ഇത്തിരി കൂടി?. ചായയിൽ മധുരം അല്പം കുറവ്?. ഏയ്‌.. സാധ്യതയില്ല. വാർത്തകളിൽ നമ്മൾ അങ്ങനെയൊന്നും കണ്ടിട്ടില്ല. ഇന്ത്യയിൽ വന്നിറങ്ങിയത് മുതൽ എയർ ഫോഴ്സ് വണ്ണിൽ തിരിച്ചു കയറുന്നത് വരെ ഭൂമിയിൽ മറ്റൊരു നേതാവിനും നമ്മൾ കൊടുത്തിട്ടില്ലാത്തത്ര ഗംഭീരമായാണ് സംഗതികളെല്ലാം നീക്കിയത്.  വരുമ്പോൾ തന്നെ പ്രോട്ടോക്കോൾ ലംഘിച്ച് പോലും നമ്മുടെ പ്രധാനമന്ത്രി എയർപോർട്ടിൽ എത്തി. കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. കാലിൽ വീണില്ല എന്ന് മാത്രമേയുള്ളൂ.

പ്രധാനമന്ത്രി ഭാര്യയെ കൂട്ടാതെ എയർപോർട്ടിൽ സ്വീകരിക്കാൻ വന്നതിൽ മിഷേലിന് ഇച്ചിരി പരാതി കാണുമായിരിക്കും. സ്ത്രീകളാണല്ലോ സ്ത്രീകളെ സ്വീകരിക്കുക. പ്രധാനമന്ത്രി പ്രസിഡന്ണ്ടിനെ കെട്ടിപ്പിടിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാര്യ പ്രസിഡണ്ടിന്റെ ഭാര്യയെ കെട്ടിപ്പിടിക്കണം. അങ്ങനെയാണല്ലോ പ്രോട്ടോക്കോൾ.. പക്ഷേ പ്രധാനമന്ത്രിയുടെ ഭാര്യ അദ്ദേഹത്തിൻറെ കൂടെയില്ല എന്നത് നമുക്കെല്ലാവർക്കും അറിയാം.  ഒബാമയ്ക്കും അക്കാര്യം അറിയാവുന്നതാണല്ലോ. അവർ ഗുജറാത്തിലെ ഏതോ ഗ്രാമത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ്. ഒറ്റയ്ക്ക് കഴിയുന്നത്‌ സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരുന്നതാണ് താനും. അമേരിക്കക്കാർക്ക് അതൊക്കെ എളുപ്പത്തിൽ മനസ്സിലാകേണ്ടതാണ്. പിന്നെ എന്തായിരിക്കും കാരണം. പ്രധാനമന്ത്രി സ്നേഹം പ്രകടിപ്പിക്കുന്നതിലും കൈ പിടിച്ച് കുലുക്കുന്നതിലും എന്തെങ്കിലും കുറവ് വരുത്തിയോ?.. ഏയ്‌.. ഇല്ല, കാണുമ്പോഴൊക്കെ കൈ പിടിച്ച് കുലുക്കിയിട്ടുണ്ട്. കുലുക്കിക്കഴിഞ്ഞിട്ടും ഏറെ നേരം വിടാതെ നിന്നു എന്ന് മാത്രമേ അമേരിക്കൻ മാധ്യമങ്ങൾ പരാതി പറഞ്ഞിട്ടുള്ളൂ.. അത് നമ്മുടെ സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അതുമല്ല പ്രശ്നം.

ഒപ്പിട്ട കരാറുകളുടെ കാര്യത്തിലാണെങ്കിൽ തീരെയും നമ്മൾ മര്യാദകേട് കാണിച്ചിട്ടില്ല. ആണവക്കരാറിൽ അവർ പറയുന്നിടത്തൊക്കെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. സർദാർജി ഭരിച്ചിരുന്നപ്പോൾ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വെച്ചിരുന്ന നിബന്ധനകളിൽ പലതും അംഗീകരിക്കാൻ പറ്റില്ല എന്ന് ഒബാമ പറഞ്ഞപ്പോൾ ആയ്ക്കോട്ടെ തിരുമേനീ, അങ്ങ് പറയുന്ന പോലെ എന്ന മട്ടിലാണ് നമ്മൾ ഒപ്പിട്ട് കൊടുത്തത്.  ആണവ ദുരന്തങ്ങൾ ഉണ്ടാകുന്ന പക്ഷം അതിന്റെ പൂർണ പിഴ ഇൻഷൂറൻസ് കമ്പനികളും ബാക്കി ഇന്ത്യൻ സർക്കാറും വഹിച്ചു കൊള്ളാമെന്നും നമ്മൾ സമ്മതിച്ചതാണ്. യൂണിയൻ കാർബൈഡ് ആണവ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ നമ്മൾ ഉണ്ടാക്കിയ കർശനമായ സാമ്പത്തിക ഉത്തരവാദിത്വ നിയമങ്ങളിൽ നിന്ന് സായിപ്പിനെ വളരെ സമർത്ഥമായി രക്ഷപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതിലപ്പുറം ഇനി നമ്മൾ എന്താണ് ചെയ്യുക.

പോകുന്ന പോക്കിൽ തന്നെ നമ്മൾ ഇന്ത്യക്കാർക്കിട്ട് ഒരു കൊട്ട് കൊട്ടിക്കൊണ്ടാണ് പോയത്. അവസാന പൊതുപരിപാടിയിൽ ഇന്ത്യയെപ്പറ്റി നല്ലത് പറഞ്ഞു കൊണ്ട് അതിനിടയിൽ ഒരു ഒടുക്കത്തെ കമ്പിപ്പാര തിരുകിക്കയറ്റി. ഇന്ത്യയിൽ മത ചേരിതിരിവ്‌ കൂടി വരുന്നുണ്ട് എന്നും അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ഭാവി നശിക്കുമെന്നും പ്രഖ്യാപിച്ചു. ഇങ്ങിനെയൊക്കെ പറയേണ്ട വല്ല ആവശ്യവും പുള്ളിക്കുണ്ടോ?. ഇന്ത്യയുടെ ഭാവി നശിക്കുന്നതിൽ നമുക്കല്ലേ സങ്കടം വേണ്ടത്. അമേരിക്കക്ക് അവരുടെ ഭാവി നശിക്കാതെ നോക്കിയാൽ പോരെ.. പോട്ടെ നമ്മളത് ക്ഷമിച്ചു. അതിഥി ദേവോ ഭവ എന്നാണല്ലോ.. പക്ഷേ അമേരിക്കയിൽ എത്തിയ ഉടനെ അദ്ദേഹം  ചെയ്തത് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക്‌ തുടക്കം കുറിക്കുകയാണ്. ഒരു ബില്ല്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാക്കിസ്ഥാന് നല്കാൻ പോകുന്നത്. പാക്കിസ്ഥാൻ മിലിട്ടറിയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം നല്കിയതിന്റെ അറിരട്ടിയിലധികം തുക ഈ വർഷം നല്കാനാണ് ഇന്ത്യയിൽ നിന്ന് പോയ ഉടനെ അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത്.   ഓരോ ഇന്ത്യക്കാരന്റെയും ചങ്കിലാണ് മിസ്റ്റർ ഒബാമ, താങ്കൾ കഠാര കുത്തിയിറക്കുന്നത്.  

Malayalam News 8 Feb 2015



അമേരിക്കാ സെ ആയ മേരാ ദോസ്ത്...
ഇന്ത്യടുഡേ ഗ്രൂപ്പ് തയ്യാർ ചെയ്ത പാരഡി ഗാനം.

മാത്രമല്ല, അമേരിക്കൻ മാധ്യമങ്ങളെക്കൊണ്ട് ഇന്ത്യക്കെതിരെ എഴുതിച്ച് നമ്മളെ പരമാവധി നാറ്റിക്കുകയാണ് ഒബാമ ഇപ്പോൾ ചെയ്യുന്നത്. സ്വന്തം പേരെഴുതിയ കോട്ട് നമ്മുടെ പ്രധാനമന്ത്രി ധരിച്ചു എന്ന് പറഞ്ഞായിരുന്നു ആദ്യ ബഹളം. ഇതിലിപ്പോൾ എന്താ ഇത്ര പുതുമ.  നമ്മുടെ ഖജനാവിലെ പണം, നമ്മുടെ തുണി, നമ്മുടെ പ്രധാനമന്ത്രി. ഞങ്ങൾക്ക് ഇഷ്ടമുള്ള ഡ്രസ്സിടും. പേരെഴുതും. ആള് മാറിപ്പോകാതിരിക്കാൻ വേണ്ടി വന്നാൽ സ്വന്തം നെറ്റിയിലും പേരെഴുതി വെക്കും. നിങ്ങൾക്ക് വല്ല ചേതവുമുണ്ടോ?  ഹിറ്റ്‌ലറും ഹുസ്നി മുബാറക്കുമൊക്കെ മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ഒരുമാതിരി ചൊറിഞ്ഞ വർത്തമാനങ്ങളാണ് അവിടെയുള്ള പത്രങ്ങളെക്കൊണ്ട് ഒബാമ എഴുതിക്കുന്നത്. പത്രത്തിന്റെ എന്തെങ്കിലുമൊരു മൂലയിൽ റിപ്പോർട്ട്‌ കൊടുക്കുകയല്ല, ന്യൂ യോർക്ക്‌ ടൈംസ് പോലുള്ള വൻകിട പത്രങ്ങളെക്കൊണ്ട് എഡിറ്റോറിയൽ എഴുതിക്കുന്നിടത്ത് വരെ കാര്യങ്ങൾ എത്തി. ഇന്ത്യയിൽ ഇത്രയധികം സാമുദായിക ധൃവീകരണവും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിട്ടും ഇന്ത്യൻ പ്രധാനമന്ത്രി എന്ത് കൊണ്ട് വായ തുറക്കുന്നില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം ചോദിച്ചത്. മോഡിയുടെ അപകടകരമായ നിശ്ശബ്ദത എന്നായിരുന്നു തലക്കെട്ട്. ന്യൂ ഡൽഹിയിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളും കൂട്ട മതപരിവർത്തന വിവാദങ്ങളുമൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞാണ് പത്രത്തിന്റെ ചോദ്യങ്ങൾ.

എല്ലാം ക്ഷമിക്കാം. അതൊക്കെ പത്രങ്ങൾ പറയുന്നതാണെന്ന് കരുതി സമാധാനിക്കാം. ഇന്ത്യ നന്നാവുന്നതിൽ അമേരിക്കൻ പത്രങ്ങൾക്ക് അസൂയ സ്വാഭാവികമാണല്ലോ.. പക്ഷേ നമ്മളിങ്ങനെ പൊന്ന് പോലെ നോക്കി പറഞ്ഞയച്ച ഒബാമ തന്നെ വീണ്ടും വെടി പൊട്ടിച്ചില്ലേ.. ചങ്കിൽ തറച്ചു പോയി അത് കേട്ടപ്പോൾ.. ഇന്ത്യയിൽ ഈയിടെയായി വർധിച്ചു വരുന്ന മത അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് പ്രഖ്യാപിച്ചു കളഞ്ഞത്. വെറുതേ ആരോടെങ്കിലും സ്വകാര്യമായി പറഞ്ഞതല്ല. വാഷിങ്ങ്ടണിൽ വെച്ച് നടന്ന ദേശീയ പ്രാധാന്യമുള്ള ഒരു ചടങ്ങിൽ ലോക മാധ്യമങ്ങളുടെ മുന്നിൽ ആധികാരികമായി പറഞ്ഞതാണ്. എന്ത് പറ്റി നിങ്ങൾക്ക് മിസ്റ്റർ ഒബാമ?. ഇന്ത്യൻ പ്രധാനമന്ത്രിയുടെ തോളിൽ കയ്യിട്ട് ഭായി ഭായി പറഞ്ഞ് പിരിഞ്ഞ് പോയിട്ട് രണ്ടാഴ്ച തികയും മുമ്പേ ഇങ്ങനെയൊക്കെ പറയാൻ?. ഞങ്ങളുടെ പ്രധാന മന്ത്രി നിങ്ങൾക്ക് സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി തന്നു. ബറാക്, ബറാക് എന്ന് അഭിസംബോധന ചെയ്ത് ഫ്രണ്ട്ഷിപ്പിന്റെ ആഴം ലോകത്തോട്‌ വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഒരു കൂറ്റൻ മുതലയെ ഒറ്റയ്ക്ക് മൽപിടുത്തം നടത്തി കീഴടക്കിയ കഥ പറഞ്ഞു തന്നു. മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി ഭരണചക്രം തിരിക്കുന്നതിന്റെ സ്വകാര്യ രഹസ്യങ്ങൾ കൂടി താങ്കളുമായി പങ്ക് വെച്ചു.   അതും പോരാഞ്ഞ് നൂറ് കാഞ്ചീപുരം സാരിയും തന്നില്ലേ. ഇതിലധികം എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്. ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഒരക്ഷരം ഇന്ത്യക്ക് എതിരെ പറയാത്ത നിങ്ങൾ മടങ്ങിപ്പോയ ശേഷം കാണിക്കുന്ന ഈ തലകുത്തി മറിച്ചിലിന് പിന്നിലുള്ള വികാരമെന്താണ് മിസ്റ്റർ ഒബാമ..?  പറയൂ പറയൂ പ്രിയ ബറാക്....

Recent Posts
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട് 
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.