തരൂരിന്റെ 'ഞാനമ്മ' ഉയർത്തുന്ന ചില ടൈപ്പിംഗ് ചിന്തകൾ

ഇന്റർനെറ്റിൽ മലയാളം എഴുതുക എന്നത് ഒരു ദുരിതം പിടിച്ച പണിയാണ്. മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകൾക്ക് പോലും ഓണ്‍ലൈനിൽ നാലക്ഷരം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യണമെങ്കിൽ വളരെ പ്രയാസമാണ്. മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് അതിനെ മലയാളത്തിലേക്ക് മാറ്റുന്ന സോഫ്റ്റ്‌വെയറുകളാണ് കൂടുതൽ ആളുകളും ഇതിനായി ഉപയോഗിക്കുന്നത്. ഇംഗ്ലീഷുകാരന് ഇംഗ്ലീഷ് എഴുതണമെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്‌താൽ മതി. അറബികൾക്ക് അറബി എഴുതുവാൻ അറബി അക്ഷരങ്ങളും. നമ്മൾ മലയാളികൾക്ക് മലയാളം എഴുതാൻ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണം. സാങ്കേതിക പ്രയാസങ്ങൾ കാരണം മലയാളം കീ ബോർഡ് ഉപയോഗിക്കുന്നവർ വളരെ കുറവാണെന്നതാണ് അതിന് കാരണം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ശശി തരൂർ ട്വീറ്റ് ചെയ്ത ഒരു മലയാള സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ്. തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിൽ പണ്ട് തൊട്ടേ ഗുളികന്റെ ശല്യം ഉണ്ട്. പല ഗുലുമാലുകളിലും അദ്ദേഹം ചെന്ന് ചാടിയിട്ടുള്ളത് ട്വിറ്ററിലൂടെയാണ്. കേറ്റിൽ ക്ലാസ്സിൽ തുടങ്ങി മെഹർ തരാർ വരെ അത് നീണ്ടു കിടക്കുന്നു. അദ്ദേഹത്തിന് പച്ച വെള്ളം പോലെ വഴങ്ങുന്ന ഇംഗ്ലീഷിൽ എഴുതുമ്പോഴാണ് ഇത്തരം ഗുലുമാലുകളൊക്കെ വന്ന് പെട്ടിട്ടുള്ളത്. അപ്പോൾ ഒട്ടും വഴങ്ങാത്ത മലയാളത്തിൽ എഴുതിയാലുള്ള പൊല്ലാപ്പ് പറയാനുണ്ടോ?.

കേരളപ്പിറവി ദിനം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വിശേഷ ദിനമാണ്. നമ്മുടെ സംസ്ഥാനം പിറവി കൊണ്ട ദിനം. അത്തരം ഒരു നല്ല ദിവസത്തിൽ ഇംഗ്ലീഷിൽ ആശംസ പറയുന്നതിന് പകരം മലയാളത്തിൽ തന്നെ ഒരാശംസ കൊടുക്കണം എന്ന് തോന്നിയ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ നമുക്ക് അഭിനന്ദിക്കാം. പക്ഷേ ഏതൊരു മലയാളിയുടെയും ചങ്ക് പൊട്ടുന്ന രൂപത്തിലായിപ്പോയി ആ ആശംസ.. ചൈനീസ് ഭാഷയിൽ എഴുതുന്നതായിരുന്നു ഇതിലും ഭേദം എന്ന് തോന്നിപ്പോയി. തരൂർജിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.


ഇതിലെ ഏറ്റവും വലിയ ഹൈ ലൈറ്റ് ഞാനമ്മയാണ്. നന്മയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷേ മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് വന്നപ്പോൾ അത് ഞാനമ്മയായി. നന്മ എന്നതിന്റെ ഉച്ചാരണം ഞന്മ എന്നായിരിക്കാമെന്ന് കരുതി അദ്ദേഹം njanmma എന്നോ മറ്റോ മംഗ്ലീഷിൽ ടൈപ്പ് ചെയ്തു കാണണം. അപ്പോൾ കീ ബോർഡിനുള്ളിൽ ഒളിച്ചിരുന്ന ഞാനമ്മ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചാടി വീണു. അന്നാമ്മയും സാറാമ്മയും ഞാനമ്മയുമൊക്കെ ശുദ്ധ ഗതിക്കാരായ പുരുഷന്മാരെ പിടികൂടാനായി നോട്ടമിട്ട് നടക്കുന്ന കാലമാണല്ലോ ഇത്. തരൂരിന്റെ ജീവിതത്തിലേക്ക് പല സ്ത്രീകളും പല ഘട്ടങ്ങളിൽ ഇത് പോലെ ചാടി വീണ് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ചാടി വീണത്‌ ഞാനമ്മയായി എന്ന് മാത്രം. പ്രാഥമിക തലത്തിൽ മലയാള ഭാഷ പഠിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ആ വിഷയത്തിൽ പരിഹസിക്കുന്നതിലും കളിയാക്കുന്നതിലും അർത്ഥമില്ല. കഴിവിന്റെ പരമാവധി മലയാളം പറയാനും ഉപയോഗിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. പിന്നെ നിങ്ങളെന്തിനാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്ന് ചോദിക്കും. നമ്മുടെ ഭാഷയുടെ അവസ്ഥയും അതിന്റെ ലിപി സംബന്ധമായ ചില ചിന്തകളും ഓണ്‍ലൈനിൽ എഴുതുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചയാക്കുക എന്ന ലക്ഷ്യമാണ്‌ ഇതിനു പിന്നിലുള്ളത്.

ഗൂഗിളിന്റെ മലയാളം ഇൻപുട്ട് ടൂൾസാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ആർക്കും ഉപയോഗിക്കാൻ സാധിക്കും വിധം താരതമ്യേന എളുപ്പമുള്ള രീതിയാണ് ഗൂഗിളിന്റെത്. ഇന്റർനെറ്റ്‌ കണക്ഷൻ ഉള്ള ആർക്കും മറ്റൊരു സോഫ്റ്റ്‌ വെയർ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ടൈപ്പ് ചെയ്യാം. Google transliteration IME ഇൻസ്റ്റാൾ ചെയ്‌താൽ ഓഫ് ലൈനിലും ടൈപ്പ് ചെയ്യാം. വേറെയും നിരവധി സോഫ്റ്റ്‌ വെയറുകൾ ലഭ്യമാണ്. ചില പദങ്ങൾക്ക് അതിന്റെ ശരിയായ മലയാള അക്ഷരം ലഭിക്കുവാൻ മംഗ്ലീഷ് ടൈപ്പിങ്ങിൽ പലപ്പോഴും പ്രയാസപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കിട്ടിയത് വെച്ച് ഒപ്പിക്കുകയാണ് പലരും ചെയ്യാറുള്ളത്. പക്ഷേ ഒരക്ഷരത്തെറ്റ് മതി ഒരു പോസ്റ്റിന്റെ ഗൗരവവും നിലവാരവും കുറക്കുവാൻ എന്ന കാര്യം പലരും വിസ്മരിക്കുന്നു. 'ഐക്യദാർഢ്യം' ഒരു വല്ലാത്ത പഹയനാണ്. അവനെ ഒന്ന് കയ്യിലൊതുക്കാൻ ഞാൻ ഏറെ പ്രയാസപ്പെടാറുണ്ട്. 'ഢ്യം' ഇപ്പോഴും എനിക്ക് വഴങ്ങാറില്ല. ഗൂഗിളിൽ നിന്ന് സെർച്ച് ചെയ്ത് പിടിക്കുകയാണ് പതിവ്. ഈ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട പല വിഷയങ്ങളിലും അത് ചെയ്യാതെ ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്. ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം. ഇതുപോലെ പ്രശ്നക്കാരായ പല അക്ഷരങ്ങളും മംഗ്ലീഷ് ടൈപ്പിങ്ങിൽ ഉണ്ടാകാറുണ്ട്.

ഒരു സുഹൃത്തിന് മലയാളത്തിൽ നിങ്ങളൊരു ഇമെയിൽ അയക്കുന്നു എന്ന് കരുതുക. 'നിങ്ങളെ പറ്റി എനിക്ക് നല്ല അഭിപ്രായമാണ്' എന്ന വാചകം എഴുതാൻ വേണ്ടി ningale patti എന്ന് നിങ്ങൾ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നു. ഞാനമ്മ വന്നത് പോലെ ഇവിടെ ചാടി വീഴുന്നത് 'പറ്റി'ക്ക് പകരം 'പട്ടി'യാണ്. 'നിങ്ങൾ പട്ടി' എന്ന ആദ്യ വാചകം തന്നെ മതി ആജീവനാന്ത ശത്രുത വിളിച്ചു വരുത്താൻ. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം മംഗ്ലീഷിൽ കളിക്കാൻ. ടൈപ്പ് ചെയ്ത ശേഷം ശരിക്കൊന്ന് വായിച്ചു നോക്കണം. ഞാനമ്മയും പട്ടിയുമൊക്കെ നമ്മളെ നോട്ടമിട്ട് വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകും. എന്നാൽ ടൈപ്പ് ചെയ്തത് ഒരു തവണ പോലും വായിച്ചു നോക്കാതെ പോസ്റ്റ്‌ ചെയ്യുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലും ബ്ലോഗുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന മലയാളം വായിച്ചാൽ പലപ്പോഴും നമ്മൾ ബോധം കെട്ട് വീഴും. ഓണ്‍ലൈൻ എഴുത്തും മലയാളത്തിലെ ലിപി പരിഷ്കരണവും മറ്റുമായി ബന്ധപ്പെട്ട ഗൗരവതരമായ ചില ചർച്ചകൾ ഉയർന്നു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മംഗ്ലീഷും ഞാനമ്മയുമൊക്കെയായി നമുക്കെത്ര കാലം മുന്നോട്ട് പോകാൻ പറ്റും.തരൂരിലേക്ക് തന്നെ വരാം. ആ പാവം എന്ത് ചെയ്താലും വാർത്തയാകുന്ന ഒരു കാലമാണ് ഇത്. തന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായ വിവരമറിഞ്ഞ തരൂർ ഉടനെ തന്നെ തെറ്റുകൾ തിരുത്തി ട്വീറ്റ് ചെയ്തു. അതിലദ്ദേഹം കാണിച്ച മാന്യതയും പരാമർശിക്കേണ്ടതുണ്ട്. ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം ആളുകൾ ഫോളോ ചെയ്യുന്ന അക്കൌണ്ടാണ് തരൂരിന്റെ ട്വിറ്റർ എന്നും ഓർക്കുക. സാധാരണ ഗതിയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് പുതിയത് വേറെ ഒരെണ്ണം ശരിയാക്കി എഴുതും. പക്ഷേ അദ്ദേഹം ആദ്യത്തേത് ഡിലീറ്റ് ചെയ്തില്ല. വേറെ ഒരെണ്ണം ശരിയാക്കി എഴുതി. Sorry better Malayalam now എന്ന് പറഞ്ഞു കൊണ്ടാണ് അത് ട്വീറ്റ് ചെയ്തത്.

മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന എല്ലാവരും എന്റർ ബട്ടണ്‍ അമർത്തുന്നതിന് മുമ്പ് ഞാനമ്മയെ ഓർക്കണം. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഴുതിയത് ഒരാവർത്തിയെങ്കിലും വായിച്ചു നോക്കുവാനുള്ള സാവകാശം കാണിക്കണം. ശശി തരൂർ  മലയാളം എഴുത്തും വായനയും പഠിച്ചിട്ടില്ലാത്തത് കൊണ്ട് അദ്ദേഹത്തിന് രക്ഷപ്പെടാൻ പഴുതുണ്ട്. പത്താം ക്ലാസ്സും അതിലപ്പുറവും മലയാളത്തിൽ പഠിച്ച നമ്മൾ അത്തരം തെറ്റുകൾ വരുത്തുമ്പോൾ രക്ഷപ്പെടാൻ പഴുതുണ്ടാവില്ല. മലയാള ടൈപ്പിങ്ങിനെക്കുറിച്ച ചില ഗൗരവതരമായ ചിന്തകൾ തരൂരിന്റെ ഞാനമ്മ ഉയർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Recent Posts
മറൈൻ ഡ്രൈവിൽ ചുംബിക്കാൻ പോകുന്ന കോമാളികളോട്  
ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്? 
ബഹറയിലെ സാൻഡ് ഡ്രൈവിംഗ് 
വാട്ട്സ് ആപ്പിലെ സരിത