October 25, 2014

ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്?

ഏഷ്യാനെറ്റും ബി ജെ പിയും തമ്മിൽ പിണങ്ങിയിരിക്കുകയാണ്. ചാനലിനെ ബഹിഷ്കരിക്കുകയാണെന്ന് ബി ജെ പി പ്രഖ്യാപിച്ചു. അവരുടെ ചർച്ചകളിൽ ബി ജെ പി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്ന് പാർട്ടി നേതൃത്വം പത്ര സമ്മേളനം നടത്തി പറഞ്ഞു. ഏഷ്യാനെറ്റ് തന്നെ അത് വലിയ വാർത്തയാക്കി. അവരുടെ വെബ്‌ എഡിഷനുകളിൽ ഈ ബഹിഷ്കരണ വാർത്ത തുടരെത്തുടരെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആ ബഹിഷ്കരണത്തെ വിശകലനം ചെയ്യുന്ന ഒരു പ്രത്യേക പരിപാടിയും അവർ അവതരിപ്പിച്ചു. അജണ്ട എന്ന വാർത്താ വിശകലന പരിപാടിയിലാണ് ബി ജെ പി ബഹിഷ്കരണം വിഷയമായത്. ഏഷ്യാനെറ്റിനെതിരെ ബി ജെ പി ഉയർത്തുന്ന ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് അതിനുള്ള ചാനലിന്റെ പ്രതികരണങ്ങൾ ആയിരുന്നു ഈ പരിപാടിയിൽ. മോദിയുടെ അമേരിക്കൻ സന്ദർശനം ഏഷ്യാനെറ്റ് വളരെ മോശമായാണ് റിപ്പോർട്ട്‌ ചെയ്തത് എന്ന ബി ജെ പിയുടെ ആരോപണത്തെ സത്യമല്ലെന്ന് തെളിയിക്കുവാൻ അന്ന് നല്കിയ ചില റിപ്പോർട്ടുകളുടെ ക്ലിപ്പിംഗ് കാണിച്ചു. സത്യം പറഞ്ഞാൽ ബി ജെ പി മുഖപത്രം പോലും പറയാത്തത്ര ആവേശത്തിൽ മോഡി ഭക്തി വഴിഞ്ഞൊഴുകുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ്‌ കൊടുത്തിട്ടുള്ളത്. ഇങ്ങനെയൊക്കെ ഞങ്ങൾ കൊടുത്തിട്ടും നിങ്ങൾ എന്തിനാണ് പിണങ്ങിയത് എന്നാണ് ചാനൽ ചോദിക്കുന്നത്. സങ്കടം തോന്നിപ്പോയി ആ ചോദ്യം കേട്ടിട്ട്.

ഏഷ്യാനെറ്റ് പറയുന്നത് സത്യമാണ്. കാലു പിടിച്ചവന്റെ വാല് പിടിക്കുന്ന പണിയാണ് ബി ജെ പി ചെയ്തത്. കേരളത്തിൽ ബി ജെ പിക്ക് മാർക്കറ്റ്‌ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അവരുടെ പ്രധാന പണി. ബി ജെ പി യുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളിൽ  അവരുടെ നേതാക്കളെ വിളിച്ചു വരുത്തി ചർച്ചയിൽ വേണ്ടത്ര സമയം കൊടുത്ത് ആ പാർട്ടിക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കിക്കൊടുത്തതിൽ പ്രധാന പങ്കു ഏഷ്യാനെറ്റിന് തന്നെയാണ്. കെ സുരേന്ദ്രനെ അന്തിച്ചർച്ചകളിലെ താരമാക്കിയതും ഏഷ്യാനെറ്റ് തന്നെ. സുരേന്ദ്രന് ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിൽ ഒരു കിടക്കയും കക്കൂസും ഉണ്ടെന്ന് പോലും പറയപ്പെട്ടിരുന്നു. രാവിലെ പത്തുമണി ചർച്ചയിൽ സ്റ്റുഡിയോയിൽ ഇരിക്കുന്ന സുരേന്ദ്രൻ തന്നെ വൈകിട്ട് നാല് മണി ചർച്ചയിലും ഉണ്ടാവും. അതേ സുരേന്ദ്രനെ ഒമ്പത് മണിയുടെ ന്യൂസ് അവറിലും കാണാം. ചുരുക്കത്തിൽ തീറ്റയും കുടിയും കിടത്തവും എല്ലാം ഏഷ്യാനെറ്റിൽ തന്നെ എന്ന് തോന്നുന്ന രൂപത്തിലായിരുന്നു പോക്ക്. ഏഷ്യാനെറ്റ് സുരേന്ദ്രനെ ഇങ്ങനെ താരമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും സുരേന്ദ്രനെ പിടിക്കാൻ തുടങ്ങിയത്. സുരേന്ദ്രൻ മാത്രമല്ല, അഡ്വ. ശ്രീധരൻ പിള്ളയും എം ടി രമേശും ഇല്ലാത്ത വാർത്തകൾ വളരെ അപൂർവമായിരുന്നു ഏഷ്യാനെറ്റിൽ..

ഏഷ്യാനെറ്റ്‌ ചെയർമാൻ രാജീവ് ചന്ദ്രശേഖർ പ്രമുഖ ബി ജെ പി നേതാവാണ്‌. സ്വന്തന്ത്ര പ്രതിനിധിയായാണ്‌ രാജ്യസഭയിൽ അദ്ദേഹം ഇരിക്കുന്നതെങ്കിലും ബി ജെ പിയുടെ തിങ്ക്‌ ടാങ്കിൽ ഒരാളാണ്. ബി ജെ പി യുടെ നയങ്ങളും നിലപാടുകളും ആസൂത്രണം ചെയ്യുന്ന കരട് രേഖ തയ്യാറാക്കാൻ (vision 2025) മുമ്പ് പാർട്ടി വിശ്വസിച്ച് ഏല്പിച്ചയാൾ. മോഡി സ്തുതി നിറഞ്ഞൊഴുകുന്ന കുറിപ്പുകൾ അദ്ദേഹത്തിന്റെ ബ്ലോഗിലും കാണാം. രണ്ടായിരത്തി ഒമ്പതിലെ ബി ജെ പി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപയാണ് ഇദ്ദേഹം നല്കിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എത്ര നല്കിയെന്ന് അറിയില്ല. ഏതായാലും ഒരു തവണ കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തെ ബി ജെ പി വീണ്ടും എം പി യാക്കിയിരിക്കുകയാണ്. അദ്ദേഹമാണ് ഇപ്പോൾ ചാനലിന്റെ പ്രധാന ഉടമ. അതുകൊണ്ട് തന്നെ ബി ജെ പി ക്ക് ഏഷ്യാനെറ്റ്‌ നല്കിയിരുന്ന പിന്തുണയിൽ ആരും അത്ഭുതപ്പെട്ടിരുന്നുമില്ല.


പിന്നെ ഇപ്പോൾ എന്താണ് സംഭവിച്ചിട്ടുള്ളത്?. ബി ജെ പി ചാനലെന്ന പേരുദോഷം മാറ്റാൻ വേണ്ടി ആ പാർട്ടിയും ബി ജെ പി നേതാക്കളും ചേർന്ന് കളിക്കുന്ന ഒരു നാടകമാണ് ഇതെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ബി ജെ പി അനുകൂല നിലപാടുകളുടെ പശ്ചാത്തലം വെച്ചാണ് ഇത്തരമൊരു വാദഗതി ഉയർന്നിട്ടുള്ളത്. ടി എൻ ഗോപകുമാറിന് പകരം എഡിറ്ററായി എം ജി രാധാകൃഷ്ണൻ വന്നതോടെയാണ് ബി ജെ പി പിണങ്ങിയത് എന്ന് മറ്റു ചിലരും പറയുന്നു. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ മകൻ സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ആളല്ല എന്നും ബി ജെ പി അനുകൂല വാർത്തകൾ അദ്ദേഹം സെൻസർ ചെയ്യുന്നു എന്നുമാണ് ഇതിന് തെളിവായി പറയുന്നത്.

ഈ രണ്ട് വാദഗതികളിലും അല്പം ലോജിക്ക് ഉണ്ടെങ്കിലും എനിക്ക് തോന്നുന്നത് മറ്റൊരു കാരണമാണ് . ബി ജെ പി നേതാക്കളും അവരുടെ ബുദ്ധിജീവികളും ഏഷ്യാനെറ്റിനെ സ്വന്തം ചാനലായി കണ്ടു. കഴിഞ്ഞ കാലങ്ങളിൽ ആ ചാനലിൽ നിന്ന് കിട്ടിയ പിന്തുണയും മുതലാളി നമ്മുടെ ആളാണെന്ന ഉൾബോധവും അത്തരമൊരു വിശ്വാസം അവരിൽ ശക്തിപ്പെടുത്തി. ജന്മഭൂമിയും ജനം ടി വിയും പോലെ ബി ജെ പിയെയും സംഘ പരിവാർ രാഷ്ട്രീയത്തേയും പിന്തുണയ്ക്കുന്ന ഒരു മാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് പലയിടങ്ങളിലും ഏഷ്യാനെറ്റിനെ അവർ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയുള്ള ചാനലിൽ നിന്ന് മേമ്പൊടിയ്ക്ക് ചെറിയ ബി ജെ പി വിമർശനങ്ങൾ വന്നതോടെ അവർ അസ്വസ്ഥരായി. "ഹേ.. നമ്മുടെ ചാനൽ നമ്മളെ തന്നെ വിമർശിക്കുകയോ" എന്ന ഒരു ലൈനിൽ കാര്യങ്ങൾ വളർന്നു. വളരെ അടുത്ത ആളുകൾ വിമർശിക്കുമ്പോഴാണല്ലോ മനസ്സ് കൂടുതൽ വേദനിക്കുക. ഇതോടൊപ്പം പുതിയ എഡിറ്ററുടെ വരവും ഇത്തിരി  ശങ്കകൾ ഉണ്ടാക്കി. രമേശും മറ്റും കയറിക്കളിച്ചു തന്റെ ടി വി പ്രസൻസ് കുറഞ്ഞു വരുന്നുണ്ടോ എന്ന സംശയം കെ സുരേന്ദ്രനിൽ ഒരുതരം കോമ്പ്ളക്സ് ജനിപ്പിക്കുകയും ചെയ്തിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഇമ്മാതിരി എല്ലാ 'അളിഞ്ഞ മനശ്ശാസ്ത്ര'വും ഒറ്റയടിക്ക് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ബഹിഷ്കരണം ജനിച്ചു.

ബഹിഷ്കരണം വന്ന സ്ഥിതിക്ക് ഏഷ്യാനെറ്റിനോട് പറയാനുള്ളത് ബേജാറാകേണ്ട എന്നാണ്. ഏറെക്കാലം പിടിച്ചു നില്ക്കാൻ ബി ജെ പി ക്ക് കഴിയില്ല. അവർ തിരിച്ചു വരും. അതുവരെ ബി ജെ പി ക്ക് പകരം 'സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷനകനായ' അഡ്വ. ജയശങ്കരിനെ വിളിച്ചാൽ മതി. ഒരു വെടിക്ക് രണ്ട് പക്ഷി. 'നിഷ്പക്ഷ'വും നടക്കും ബി ജെ പിയും നടക്കും. ബി ജെ പി ക്കാർ പറയുന്നതിനേക്കാൾ കൂളായി അദ്ദേഹം മോഡിയേയും സംഘപരിവാർ രാഷ്ട്രീയത്തേയും സംരക്ഷിച്ചു കൊള്ളും. അക്കാര്യം പൊട്ടന്മാരായ ആളുകൾക്ക് പെട്ടെന്ന് പിടികിട്ടാതിരിക്കാൻ ചില നമ്പറുകൾ പുള്ളി പ്രയോഗിക്കുകയും ചെയ്തു കൊള്ളും. നിഷ്പക്ഷതയ്ക്ക് കേട് പറ്റുകയില്ല, ബി ജെ പി ലൈൻ പറയുകയും ചെയ്യാം.


മറ്റൊരു രസകരമായ തമാശയുമുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. ബി ജെ പി തങ്ങളെ ബഹിഷ്കരിച്ചുവെന്ന് ബഹളം വെക്കുന്ന ഏഷ്യാനെറ്റ്‌ കോണ്‍ഗ്രസ്‌ വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ കഴിഞ്ഞ ഒന്നേ കാൽ വർഷമായി ബഹിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ന്യൂസ് അവർ ചർച്ചയിൽ ഏഷ്യാനെറ്റിന്റെ ബി ജെ പി വിധേയത്വം ചൂണ്ടിക്കാട്ടി വിനു വി ജോണിന് വായടപ്പൻ മറുപടി കൊടുത്തതിന്റെ പേരിലാണ് ഈ വിലക്ക് ഇപ്പോഴും തുടരുന്നത്. ആ വിലക്ക് പിൻവലിക്കുവാൻ ഏഷ്യാനെറ്റ്‌ തയ്യാറുണ്ടോ? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ ആകുന്നതിന് മുമ്പ് ഈ ചോദ്യത്തിന് മറുപടി പറയാൻ അവർക്ക് സാധിക്കണം. നിങ്ങൾക്ക് ഒരു പാർട്ടിയുടെ വക്താവിനെ ബഹിഷ്കരിക്കാമെങ്കിൽ പാർട്ടികൾക്ക് തിരിച്ചും അതാവമല്ലോ.. തലയിൽ ആൾതാമസമുള്ള ആരും ബി ജെ പി യിൽ ഇല്ലാത്തത് കൊണ്ടാണ് കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനെ അവർ ബഹിഷ്കരിച്ചത് എന്നാണ് പുതിയ എഡിറ്റർ എം ജി രാധാകൃഷ്ണൻ പ്രതികരിച്ചത്. ആ പ്രസ്താവനയെ മാനിക്കുന്നു. പക്ഷേ തലയിൽ ആൾതാമസമുള്ള ആൾക്കാർ ഏഷ്യാനെറ്റിൽ ഉണ്ടെങ്കിൽ ഉണ്ണിത്താന്റെ വിലക്കും പിൻവലിക്കൂ.

അവസാനിപ്പിക്കാം.. കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ ഏഷ്യാനെറ്റിനുള്ള സ്ഥാനം വളരെ വലുതാണ്‌. സമർത്ഥരായ നിരവധി മാധ്യമ പ്രവർത്തകർ, കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ, നല്ല വ്യൂവർഷിപ്പ്. പ്രശാന്ത് രഘുവംശത്തിന്റെ നേതൃത്വത്തിലുള്ള കിടിലൻ ഡൽഹി ബ്യൂറോ (ഉള്ളത് പറയണമല്ലോ, ഏഷ്യാനെറ്റിന്റെ പ്രകടമായ ബി ജെ പി അനുകൂല നിലപാടിന് അപവാദമായി വാർത്തകളിൽ നിഷ്പക്ഷത പുലർത്താനും അകലങ്ങളിലെ ഇന്ത്യ പോലുള്ള നിലവാരം പുലർത്തുന്ന പരിപാടികൾ അവതരിപ്പിക്കാനും ഈ ബ്യൂറോക്ക് പോയ നാളുകളിൽ കഴിഞ്ഞിട്ടുണ്ട്). ഇത്തരം പോസിറ്റീവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റം ഏഷ്യാനെറ്റിനും നല്ലതാണ്.  ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയുള്ള മാമാപ്പണി നിർത്തുക. ഇത്തിരി സെൻസേഷന് വേണ്ടി കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്ന വാർത്തകളെ ആളിക്കത്തിക്കാതിരിക്കുക. വാർത്തകളിൽ മുതലാളിയുടെ രാഷ്ട്രീയം കലർത്താതെ മുന്നോട്ട് പോവുക. അങ്ങിനെയായാൽ മലയാളത്തിലെ ഒന്നാം നിര ചാനലായി തുടരാൻ പറ്റും. അതിന് പകരം ബി ജെ പി യുടെ ഈ തന്ത്രത്തിൽ വീണ് മാപ്പപേക്ഷിക്കാനും അവരുടെ മുട്ടിലിഴയാനും അനർഹർമായ പ്രാതിനിധ്യം നല്കി സന്തോഷിപ്പിക്കാനും ശ്രമിക്കുന്ന പക്ഷം വാർത്തയുടെ സത്യം മരിക്കും. നിഷ്പക്ഷമതികളായ ജനം ചാനലിനെ പതിയെ കൈവിടും. ജസ്റ്റ് റിമമ്പർ ദാറ്റ്‌!!!

Recent Posts
വാട്ട്സ് ആപ്പിലെ സരിത
ബഹറയിലെ സാൻഡ് ഡ്രൈവിംഗ്

41 comments:

 1. ഏഷ്യാനെറ്റിനോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും എഴുതിയത്.

  ReplyDelete
  Replies
  1. അത് മനസ്സിലായി. ഹി ഹി

   Delete
  2. പണ്ട് പണ്ട് ഒരു ചക്ക് ആട്ടുന്നയാളുണ്ടായിരുന്നു. എന്നും ഒരു മുതലാളിയുടെ എണ്ണമില്ലിൽ അയാൾ ജോലിക്ക് പോകും. സഹായിക്കാൻ അയാളുടെ ഭാര്യയും. രാവിലെ മുതൽ ഭാര്യയും ഭർത്താവും അതുമിതും പറഞ്ഞ് വഴക്കിടും. വഴക്ക് മൂത്താൽ ഭർത്താവ് കൈയിലുള്ള തോർത്ത് ചക്കിന്റെ വക്കിൽ വടിച്ച് ഭാര്യയെ എറിയും ഭാര്യതിരിച്ച് ഭർത്താവിനേയും. മുതലാളി അപ്പുറത്തിരുന്ന് ഇതെല്ലാം കേട്ട് രസിച്ചിരിക്കും. സത്യത്തിൽ ഭർത്താവ് എണ്ണയിൽ കുതിർന്ന തോർത്ത് കൊണ്ടാണ് ഭാര്യയെ എറിയുന്നത്. ഭാര്യ മുതലാളി കാണാതെ അത് ഒരു പാത്രത്തിൽ പിഴിഞ്ഞ് ഭർത്താവിനെ എറിയും. വൈകുന്നേരം മുതലാളി കാണാതെ എണ്ണനിറച്ച പാത്രവും കൊണ്ട് രണ്ടാളൂം തോളിൽ കൈയിട്ട് വീട്ടിലേക്കും പോകും. നമ്മൾ ചക്കാട്ടുകാരന്റേയും ഭാര്യയയുടേയും വഴക്ക് കണ്ട് രസിച്ചിരിക്കുകയാണ്. Ajith Medechirayil

   Delete
  3. വലിയൊരു പാത്രം എണ്ണയുമായി ഭാര്യയും ഭര്‍ത്താവും പോകുന്നത് കാണാതെ പോയ മൊതലാളി കോണ്‍ഗ്രസ്സായിരിക്കുമോ? എല്ലാ ശാലകളിലും പരിശോധനയുണ്ട് എന്തെങ്കിലും ഒളിച്ചു കൊണ്ടുപോകുന്നുണ്ടോ ന്നറിയാന്‍. ഇവിടെ പിന്നെ സോണിയയാണല്ലോ കൊണ്ടു പോയത്...മനോമോഹനെന്തു ചെയ്യാന്‍

   Delete
  4. ഇന്ത്യയിൽ കോണ്ഗ്രസ് തൂത്ത് എറിയപ്പെട്ടുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും, ഇനി ഒരു തിരിച്ചു വരവ് അസാധ്യമാക്കും വിധം മുഖ്യ പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാതെ അടിയറവു പറയിക്കുന്നു. കേരളത്തിൽ പോലും ലീഗിന്റെ വർഗീയതയിൽ പ്രതിഷേധിച്ചും മോഡിയുടെ നയങ്ങളിൽ ആകൃഷ്ടരായും ജനങ്ങളുടെ സപ്പോര്ട്ട് കൊണ്ട് ബി ജെ പി വളരെയധികം ശക്തി പ്രാപിക്കുന്നു. ഈ സാഹചര്യം മുതലെടുക്കേണ്ട സ്ഥാനത്ത് അഹന്തയുടെ മുറവിളി ആണ് ബി ജെ പി സംസ്ഥാന നേതൃത്വം പുറത്തെടുത്തത്. അധികാരത്തിൽ ഇരിക്കുന്ന ഒരു പാർട്ടി ഒരു മാധ്യമത്തെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ബഹിഷ്കരിക്കുന്നത് ഒരു തെറ്റായ സന്ദേശം ആണ് നല്കുന്നത്. ഇത് ഒരിക്കലും ബി ജെ പി യുടെ നയമല്ല. ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും വിമർശനം കേൾക്കേണ്ടി വന്ന ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിന്റെ പേരില് ഇന്ന് വരെ ഒരു മാധ്യമത്തെയും അദ്ദേഹം ബഹിഷ്കരിച്ഛതായി അറിവില്ല. തെറ്റ് ചെയ്തതിൽ മോഡിയുടെ ഒരു തല്ല് ബി ജെ പി സംസ്ഥാന നേത്രുത്വം അര്ഹിക്കുന്നു. മഹാരാഷ്ട്രയിൽ ഇന്ന് വരെ മത്സരിക്കാത്ത മണ്ഡലങ്ങളിൽ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വരുന്നു. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും എന്നും മത്സരിച്ചിട്ടും ഒരിക്കൽ പോലും ജയിക്കാൻ കഴിയാത്തതിന്റെ കാരണം സംസ്ഥാന നേതാക്കൾ മനസിലാക്കിയാൽ നന്ന്. അടുത്ത വോട്ട് ബി ജെ പിക്ക് കൊടുക്കണം എന്ന് വിചാരിച്ചതാ. പക്ഷെ ഇത്തരം സമീപനം ആണ് ഇനിയും തുടരുന്നത് എങ്കിൽ ഞാൻ നിഷേധ വോട്ട് ചെയ്യും.

   Delete
 2. കൊണ്ട് നടന്നതും നീയേ ചാപ്പ കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പ

  ReplyDelete
 3. ബീജേപിക്ക് ഇത്രമാത്രം സ്പേസ് അനുവദിച്ച മറ്റൊരു ചാനലും ഭൂമി മലയാളത്തിൽ ഇല്ല .. അതിനു വേണ്ടി ന്യൂസ്‌ ഹവറിൽ ' വിനു" ഒഴുക്കിയ വിയർ പ്പിനും കുടിച്ചവെള്ള ത്തിനും ഒരു കണക്കുമില്ല ,.പാലുകൊടുത്ത കൈകളിൽ തന്നെ കൊത്താൻ മാത്രമുള്ള തെറ്റൊന്നും ഏഷ്യാ നെറ്റ് ചെയ്തതായി കേട്ടുകേൾ വിയില്ല!!.....ഇത്രയേറെ കുമ്പസാരിക്കാൻ എന്ത് മഹാപാപമാണ് ഏഷ്യാ നെറ്റ് ചെയ്തത് .......ഇത്രമാത്രം കരഞ്ഞ് കണ്ണീർ ഒഴുക്കാൻ എന്ത് കാര്യമാണ് ഇവിടുണ്ടായത് ......പിണങ്ങി പ്പോയ ഭർത്താവി ൻറെ ചെയ്തികളെ, ഇടയ്ക്കിടെ മൂക്ക് ചീറ്റി ,കണ്ണീർ സാരിത്തലപ്പിൽ തുടച്ചു നെഞ്ചത്തടിച്ചു കരഞ്ഞു പറയുന്ന തനി നാടൻ പെണ്ണിനെ യാണ് ഇത് കാണുമ്പോൾ ഒർമവരിക ..... നേരോടെ നിസ്സംശയം നിർദയം പറഞ്ഞാൽ ഇതൊരു ഒത്തുകളി തന്നെയാണ്...

  ReplyDelete
 4. ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിനു മികച്ച ഒരു സ്ക്രീന്‍ പ്രസെന്‍സ് ഉണ്ട് . അതിന്റെ ഗ്രാഫിക്സ്, പിന്നണി ടീമോക്കെ വളരെ മികച്ചതാണ് ..

  പക്ഷെ വിളമ്പുന്നത് മൊത്തം 'മഴവില്‍ മനോരമ' മോഡല്‍ കേവല വിനോദ ഐറ്റംസ് ആകുന്നതായി കാണുന്നു .
  റിയാലിടി ഷോയില്‍ പല പ്ലാന്‍ ചെയ്ത ട്വിസ്ടുകളും വരും . പ്രേക്ഷകനെ കുറച്ചു നേരത്തേക്ക് മാക്ഷിമം പ്ലിംഗ് ആക്കുക അത്രേ അവയ്ക്ക് ലക്ഷ്യമുള്ളൂ

  ...അതേ ഇപ്പോള്‍ ചാനലുകളില്‍ കാണുന്നുള്ളൂ .. വാര്‍ത്താ ചാനലുകളും ആ ശൈലി സ്വീകരിച്ചിരിക്കുന്നു ...ജനകീയ പ്രശ്നങ്ങളില്‍ പോലും മലക്കം മറിച്ച്ചിലുകള്‍ക്ക് പുഷ്പം പോലെ ന്യായീകരണം കണ്ടെത്താന്‍ കഴിവുള്ള ബി ജെ പിക്കാര്‍ക്ക് ഒരു തിരിച്ചു വരവിനും ന്യായം പറയാന്‍ എന്ത് ബുദ്ധിമുട്ടു?

  ഇത് സുരേന്ദ്രന്‍ വക വെറും ഷോറ്ട്ട് (കൊമേര്‍ഷ്യല്‍ ) ബ്രേക്ക് .. അത്രേ ഉള്ളൂ ...

  ReplyDelete
  Replies
  1. അധികാരത്തിൽ വരുന്നതിനു മുൻപ് ഒരു മുസ്ലീം ലീഗ് നേതാവ് സ്റ്റെജിൽ വെച്ചു കാച്ചുന്നത് യൂ ടൂബിൽ ഹിറ്റാണ്. എന്നിട്ട് ഇപ്പൊ എന്തായി? മലക്കം മറിച്ചിൽ കണ്ടോ?

   Delete
 5. This comment has been removed by the author.

  ReplyDelete
 6. ഏഷ്യനെറ്റ് ഇപ്പോൾ മലയാളത്തിലെ നമ്പര് വണ്‍ ചാനൽ അല്ല.അങ്ങനെ അല്ലതെ ആയിട്ട് രണ്ടാഴ്ച എങ്കിലും ആയി .എം ജി രാധാകൃഷ്ണൻ എന്തൊക്കെ അവകാശപ്പെട്ടലും ടി വി വ്യുവർ ഷിപ്‌ അളക്കുന്ന ടാം റേറ്റിംഗ് പ്രകാരം ഇപ്പോൾ നമ്പർ വണ്‍ ചാനൽ മനോരമ ന്യുസ് ആണ് .ഏഷ്യനെറ്റ് രണ്ടാമതും

  ReplyDelete
 7. ഏഷ്യാനെറ്റിന് വന്ന അപച്യുതി സങ്കടത്തോടെയാണ് കണ്ടിരുന്നത്.സുരേന്ദ്രനെപ്പോലുള്ള വാലുകുണുക്കിപ്പക്ഷികള്‍ നിരങ്ങുന്ന ഇടമായി ഏഷ്യാനെറ്റ് അധ:പതിച്ചിരുന്നു.ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
  Replies
  1. 'സുരേന്ദ്രനെപ്പോലുള്ള' എന്ന് പറഞ്ഞത് ഏതായാലും നന്നായി.

   Delete
 8. ബി ജെ പി തങ്ങളെ ബഹിഷ്കരിച്ചുവെന്ന് ബഹളം വെക്കുന്ന ഏഷ്യാനെറ്റ്‌ കോണ്‍ഗ്രസ്‌ വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ കഴിഞ്ഞ ഒന്നേ കാൽ വർഷമായി ബഹിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ന്യൂസ് അവർ ചർച്ചയിൽ ഏഷ്യാനെറ്റിന്റെ ബി ജെ പി വിധേയത്വം ചൂണ്ടിക്കാട്ടി വിനു വി ജോണിന് വായടപ്പൻ മറുപടി കൊടുത്തതിന്റെ പേരിലാണ് ഈ വിലക്ക് ഇപ്പോഴും തുടരുന്നത്. ആ വിലക്ക് പിൻവലിക്കുവാൻ ഏഷ്യാനെറ്റ്‌ തയ്യാറുണ്ടോ? like like like.. ithu oru onnonnara chodyamanu basheerkka.

  ReplyDelete
  Replies
  1. ഉണ്ണിത്താനെ ബഹിഷ്കരിച്ചു എന്ന് ഏഷ്യാനെറ്റ് പറഞ്ഞോ? ഇല്ല. പക്ഷെ ഏഷ്യാനെറ്റ് ബഹിഷ്കരിക്കുന്നു എന്ന് ബി ജെ പി പറഞ്ഞു.

   Delete
 9. അബ്ദുറഹ്മാന്‍October 25, 2014 at 9:03 PM

  താങ്കള്‍ സൂചിപ്പിച്ച പോലെ അഡ്വ.ജയശങ്കര്‍ അതിനുമാത്രം ബിജെപി ബന്ധവും, അവര്‍ക്കുവേണ്ടി വായാടുകയും ചെയ്യുന്ന ആളാണോ... സംശയമുണ്ട്... താങ്കള്‍ക്ക് മനസ്സിലാക്കാന്‍ സഹായിച്ച ഏതെങ്കിലും പ്രോഗ്രാം ലിങ്കോ മറ്റോ ...

  ReplyDelete
  Replies
  1. പുള്ളിയുടെ പുതിയ ചങ്ങാത്തം സംഘ പരിവാറുമായാണ്. പല വേദികളിലും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയും ചെയ്തിരുന്നു. ചാനൽ ചർച്ചകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ലിങ്കിന്റെയൊന്നും ആവശ്യം വരില്ല.

   Delete
  2. അതുകൊണ്ട്? സംഘ പരിവാരുമായി കൂട്ട് കൂടിയാൽ എന്താ കുഴപ്പം? മുസ്ലീം ലീഗുമായി ചങ്ങാത്തം ഉള്ള എല്ലാവരും മുസ്ലീങ്ങൾ ആയി മാറുമോ? കേരളാ കൊണ്ഗ്രസ്സുമായി സ്റ്റെജ് പങ്കിട്ടാൽ ക്രിസ്ത്യാനി ആകുമോ? സംഘ പരിവാറിനു മാത്രം അയിത്തം. ഒന്ന് പോടാപ്പാ.

   Delete
 10. ഭാജപ ക്കുള്ള ഏഷ്യാനെറ്റ് മറുപടിയും
  ഏഷ്യാനെറ്റിനോടുള്ള ഭാജപ നീരസവും

  മാധ്യമനിരീക്ഷകർ ഒക്കെ അടുത്ത സമയത്തായി കാര്യമായി പിൻതുടരുന്ന വിഷയമാണ് ഏഷ്യാനെറ്റും ഭാജപ യുമായുള്ള ഇണക്കവും പിണക്കവും, സോഷ്യൽ മീഡിയയിൽ ബഷീർ വള്ളിക്കുന്നിനെ പോലെ കാര്യമായി ഇടപെടുന്നവർ ഇത് ഒരു വണക്കം തന്നെ ആണോ എന്നും സംശയിക്കുന്നു. എന്നാൽ ഇതിൽ പറയാതെ പറയുന്ന ചിലതില്ലേ.
  രാജ്മോഹൻ ഉണ്ണിത്താനെ വിളിക്കുന്നില്ല എന്നത് വളരെ ഗൗരവമായ ഒരു ചോദ്യമാണ്. ഉത്തരം കിട്ടേണ്ടതും, തങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആരെയൊക്കെ വിളിക്കണം എന്ന് അവരവർക്ക് തീരുമാനിക്കാം. എന്നാൽ ഇത് വരെ സക്രീയനായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ പെട്ടെന്ന് വിളിപ്പാടകലെ ആയതിന്റെ കാരണം പറയേണ്ടത് തന്നെ അല്ലേ.

  ഇനി ഭാജപ യിലേക്ക് വരാം. അവർ കമ്മറ്റി കൂടി തീരുമാനമെടുത്തതിന്റെ ഗുണവും ദോഷവും ഒക്കെ തന്നത്താൻ അനുഭവിക്കാൻ ബാദ്ധ്യസ്ഥർ. ഗുണമാണോ ദോഷമാണോ എന്നതൊക്കെ കാലം തെളിയിക്കേണ്ടത്. അല്ല ചൂടാറും മുന്നെ പൊടിയും തട്ടി ഇതേ നിരോധനവാൾ ചുഴറ്റിയവർ തന്നെ സ്റ്റുഡിയോ വെളിച്ചത്തിലേക്ക് ചെന്നാൽ അതും 'വിധി'. അന്നുണ്ടാകുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പ്രളയം ഊഹിച്ചെടുക്കാവുന്നതെയുള്ളൂ.

  ഒരു ചാനൽ സ്റ്റുഡിയോയിലേക്കോ അല്ലെങ്കിൽ പത്രത്തിൽ ലേഖനമോ അഭിപ്രായമോ കൊടുക്കില്ല എന്ന് പറയുന്നത് ഒരു പരിധി വരെ സംഘടനാപരമായ സ്വാതന്ത്ര്യം. അതും തെറ്റല്ലല്ലോ. അങ്ങ് ഉത്തർ പ്രദേശത്തിൽ മായാവതിക്ക് ചാനലുകളോട് അത്ര മതിപ്പില്ല എന്ന് വായിച്ചിട്ടുണ്ട്. അതിന്റെ കാരണം മായവതിക്ക് ഒരു പക്ഷെ വേറെ ആകാം. അതെന്തുമാകട്ടെ. മാധ്യമങ്ങൾക്ക് ഇവർ ചെയ്യുന്നതെന്തും വാർത്തയാക്കാം അതിന് വിലക്കാൻ ഒരു പാർട്ടിക്കും ഒരു നേതാവിനും സാധ്യവുമല്ല. ഏഷ്യാനെറ്റ് അങ്ങനെ ഭാജപ അനുകൂല നിലപാട് സ്വീകരിക്കും, ഇതൊക്കെ ഒരു ആളെപറ്റിക്കൽ 'ഇരു കക്ഷി തന്ത്രം' എന്ന വിശ്വാസവും ഇല്ല. കാരണം ഊഹിക്കുന്നതിനും ഒരു പരിധി ഒക്കെ ഇല്ലേ!!

  ഭാജപാ ഏഷ്യാനെറ്റ് പിണക്കത്തിന്റെ കാര്യമായി എണ്ണിപ്പറഞ്ഞ ഇനങ്ങളോട് ഇത് വരെ ഏഷ്യാനെറ്റ് എണ്ണിയല്ല (item wise/ point wise) മറുപടി പറഞ്ഞത്. 'അജണ്ട'യിൽ അയാലും മറ്റ് പരിപാടികൾക്കൊപ്പം ആയാലും ഒരു തരത്തിൽ ഒഴുക്കൻ മട്ടിലാണ് മറുപടി പറഞ്ഞ് പോയത്. അക്കമിട്ടുള്ള ചോദ്യങ്ങൾക്ക് അക്കമിട്ട മറുപടി അല്ലേ അഭികാമ്യം. അതല്ലേ ഇങ്ങനെയുള്ള മാധ്യമചർച്ചയിൽ പിന്നീട് ചരിത്രവിദ്യാർത്ഥികൾക്കും നിരീക്ഷകർക്കുമൊക്കെ ഉപകാരമാകുന്നത്.


  മാധ്യമ നിരീക്ഷകനും അഭിഭാഷകനുമായ Jahangeer Razack Paleri എഴുതിയത്:

  quote
  "പ്രിയ ഏഷ്യാനെറ്റ് ,
  ടൈംസ് ഓഫ് ഇന്ത്യ ദീപിക പദുകോണ്‍ വിഷയത്തില്‍ നടത്തിയ വിശദീകരണ നാടകത്തിനു ശേഷം ഇത്രയും പരിഹാസ്യവും ദയനീയവുമായ മറ്റൊരു വിശദീകരണം ഉണ്ടാകുന്നത് , നിങ്ങള്‍ ഏഷ്യാനെറ്റില്‍ നിന്നാണ് . സത്യത്തില്‍ ബീ ജെ പി യുടെ കേരളത്തിലെ ഒന്നേമുക്കാല്‍ ചക്ക്രത്തിന്റെ നേതാക്കന്മാര്‍ ബഹിഷ്ക്കരിക്കുന്നതാണോ ഏഷ്യാനെറ്റിന്റെ പ്രശ്നം.......
  ഈ [ഏഷ്യാനെറ്റ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ] വിശദീകരണ ക്കുറിപ്പ്‌ ഒന്നുകൂടെ വായിച്ചിട്ട്, അല്ലെങ്കില്‍ ഇതൊരു നാടകമല്ലെന്ന് തെട്ടിധരിപ്പിക്കാവുന്ന രൂപത്തില്‍ എഴുതാന്‍ കഴിയുന്ന ഒരാളെക്കൊണ്ട് എഴുതിച്ച് , നിങ്ങളുടെ വെബ്സൈറ്റില്‍ പോസ്റ്റുന്നതായിരുന്നു ഉചിതം ..! "
  unquote

  അവസാനമായി ഒരു കാര്യം കൂടി : തൃശൂരിൽ ഭാജപാ പരിപാടി റിപ്പോർട്ട് ചെയ്യാൻ വന്ന ഏഷ്യാനെറ്റ് സംഘത്തെ ഇറക്കിവിട്ടത് ശുദ്ധവിവരക്കേടാണ്. അത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ മേലുള്ള കടന്ന് കയറ്റം തന്നെ. ചുട്ട മറുപടി കൊടുക്കേണ്ടത് ആ പരിപാടിയിൽ നിന്ന് മറ്റെല്ലാ മാധ്യമപ്രവർത്തകരും ഒന്നടങ്കം ഇറങ്ങി പോയി വേണമായിരുന്നു. പരിപാടിക്ക് ശേഷമുള്ള ഭക്ഷണം പോകട്ടെ എന്ന് വയ്‌ക്കൂ! കാരണം ഇവിടെ അതിഥി ആതിഥേയ ബന്ധം ഇല്ല. മാധ്യമപ്രവർത്തകർ അവരുടെ പണി എടുക്കാൻ വന്നതാണ്, അത് തടസപ്പെടുത്തുന്നതും തിരികെ അയക്കുന്നതും, മൗലികമായ അവകാശ ലംഘനം തന്നെ. അതിനെ ആ അർത്ഥത്തിൽ കാണണം.

  ഭാജപാ സ്റ്റുഡിയോയിൽ വരാത്ത പിണക്കവും തൃശൂരെ ഭാജപാ പരിപാടി റിപ്പോർട്ട് ചെയ്യാൻ വന്നവരെ പിണക്കി വിട്ടതും രണ്ട് തട്ടിലാക്കി തുലനം ചെയ്‌താൽ തെറ്റ് ത്രാസ് തൂങ്ങി താണ് നിൽക്കുന്നത് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടിടത്ത് തന്നെ. അവിടെയാകട്ടെ സഹജീവികൾ പ്രതികരിച്ചുമില്ല എന്നത് ഓർക്കാം.
  രാജ്‌മോഹൻ ഉണ്ണിത്താനെ അന്ന് ഒരു ന്യൂസ് അവർ ചർച്ചയിൽ കണിശമായി വാദമുഖം അവതരിപ്പിച്ച പേരിൽ മാറ്റി നിർത്തുക ആണെങ്കിൽ 'സ്വാതന്ത്ര്യം' എന്ന വാക്ക് ഉപയോഗിക്കാൻ അർഹത ഇപ്പറയുന്നവർക്ക് ഉണ്ടോ എന്ന് സന്ദേഹിക്കുക്കവർ അധികമുണ്ടാകും (അദ്ദേഹം വെറും കോൺഗ്രസ് നേതാവല്ല, ചാനലുകളോട് സംസാരിക്കാൻ കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി നിയോഗിച്ച വക്താവ് ആണ്). നാളെ ഇത് പോലെ ഒരു നിലപാട് മാതൃഭൂമിയോടും റിപ്പോർട്ടറോടും എടുത്താൽ, ഇതേ നാണയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനെ അവരും ചർച്ചാ പരിസരത്ത് നിന്ന് മാറ്റി നിർത്തിയാൽ പിന്നെ എന്ത് 'നിർഭയം നിരന്തരം'

  വി.കെ ആദർശ്

  ReplyDelete
  Replies
  1. @വി.കെ ആദർശ്
   എന്റെ പോസ്റ്റിനെ മുൻനിർത്തി ഇങ്ങനെ ചില ചിന്തകൾ ഇവിടെ പങ്കു വെച്ചതിൽ സന്തോഷം. ഗൗരവമായ ചിന്ത ആവശ്യപ്പെടുന്ന വാക്കുകൾ.. ബി ജെ പി യുടെ നിലപാടിലെ ശരികേടുകളെക്കാൾ ചാനലുകളുടെ ധിക്കാരപരമായ സമീപനങ്ങളാണ് കൂടുതൽ ഗൗരവമായിട്ടുള്ളത് എന്നെനിക്ക് തോന്നുന്നു. ചാനലുകൾക്ക് ഒരു പാർട്ടിയുടെ വക്താവിനെ ബഹിഷ്കരിക്കാമെങ്കിൽ പാർട്ടികൾക്ക് തിരിച്ചും അതാവമല്ലോ. പാർട്ടി എന്നത് പല തരം വികാരങ്ങളും ചിന്തകളും പുലർത്തുന്ന ഒരാൾക്കൂട്ടമാണ്. അവിടെ നിന്ന് ഇതുപോലെ പല വിഡ്ഢിത്തങ്ങളും വരും. 'ചരിത്രപരമായതും' അല്ലാത്തതും. പക്ഷേ മാധ്യമ സ്ഥാപനങ്ങൾ അങ്ങനെയല്ല. അവർക്ക് വാർത്തകളോടും അതിന്റെ പ്രസരണത്തോടും ചില നൈതിക സമീപനങ്ങൾ വേണ്ടതുണ്ട്. മറ്റുള്ളവരോട് ഹിറ്റ്ലറെ പോലെ പെരുമാറിയിട്ട് തിരിച്ചിങ്ങോട്ട് ഗാന്ധിജിയെപ്പോലെ പെരുമാറണം എന്ന് പറയുന്നതിൽ ശരികേടുണ്ട്. (ബി ജെ പി - ഏഷ്യാനെറ്റ്‌ ബന്ധത്തെയല്ല ഞാൻ ഉദ്ദേശിക്കുന്നത്)

   Delete
 11. ഏഷ്യാനെറ്റ്‌ ന്യൂസ്‌ന്റെ ഇപോഴാത്തെ ഈ നാടകം മനസിലാകാനുള്ള സാമാന്യ ബോതം അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവും ആദ്യം വര്‍ഗീയവിഷം തുപ്പി മുസ്ലീങ്ങളെ വെറുപ്പിച്ചു പിന്നെ പ്രവാസിളെ വെറുപ്പിച്ചു .മധെതര ചിന്താഗതി ക്കാരായ ഹിന്ധുവിനെയും മുസല്മാനെയും വര്‍ഗീയ ചിന്താഗതിക്കാരായി മാറ്റാന്‍ ഏഷ്യാനെറ്റെ നിങള്‍ വഹിച്ച പങ്കു ചെറുതല്ല ...ഞാന്‍ ഏഷ്യാനെറ്റിന്റെ ഏതെങ്കിലും റിപ്പോര്‍ട്ടോ ന്യൂസ്‌ ഓ കണ്ടിട്ട് അഞ്ചു ആര് മാസമെങ്കിലും ആയിട്ടുണ്ട് പിന്നെ ഇപ്പോള്‍ ഇത്രയെങ്കിലും പറയുവാനുള്ള കാരണം ---ഏഷ്യാനെറ്റിന്റെ ഈ റിപോറ്ട്ട് __-ഒരു പടൂവേശ്യ ഞാന്‍ കന്യകയാണ് എന്ന് .സ്വന്തം നാടുകാരെ ബോതിപ്പിക്കുന്ന്തു പോലെ ആയിപോയി ----ഏഷ്യാനെറ്റ് ഞാന്‍ കൂത്രയല്ല മഹാപടൂ .... ....കൂടിയാണെന്ന് തെളിയിച്ചു ..!

  ReplyDelete
  Replies
  1. @ഞാന്‍ ഏഷ്യാനെറ്റിന്റെ ഏതെങ്കിലും റിപ്പോര്‍ട്ടോ ന്യൂസ്‌ ഓ കണ്ടിട്ട് അഞ്ചു ആര് മാസമെങ്കിലും ആയിട്ടുണ്ട്.

   കണ്ടിട്ടില്ലാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട കേട്ടോ.

   Delete
 12. പ്രിയപ്പെട്ട ബഷീർ,

  താങ്കളുടെ പല ബ്ലോഗിന്റെയും ഒരു സ്ഥിര വായനക്കാരൻ ആണ് ഞാൻ. വളരെ പ്രബുദ്ധമായ ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്‌ എന്ന് ഒട്ടും വിശേഷിപ്പികുവാൻ നിർവാഹം ഇല്ല. നിലവാര മില്ലാത്ത അമ്മായി അമ്മ സീരിയലുകലുടെ പടു കുഴിയിൽ പെട്ട് നട്ടം തിരിയുന്ന ചാനൽ. റേറ്റിംഗ് വേണ്ടി സരിതയെ പോലുള്ളവരുടെ വിഴുപ്പ് അലക്കുന്ന ചാനൽ.

  പിന്നെ പ്രധാന മന്ത്രിയുടെ പ്രസ്താവനകളേയും എന്തിനു കാർഗിൽ യുദ്ധത്തെ വരെ അപമാനിക്കുന്ന തരത്തിൽ കമന്റ്‌ ഇട്ട ചാനൽ അല്ലെ ഏഷ്യാനെറ്റ്‌ . (മുന്ഷി) താങ്കൾ കണ്ടിട്ട് ഉണ്ടാകും എന്ന് കരുതുന്നു.

  കാർഗിൽ യുദ്ധം അതിനെ എത്ര നിന്ദ്യമായി അപകീർതിച്ചപ്പോൾ അങ്ങേക്ക് ഒന്നും തോന്നിയില്ലേ? ഏഷ്യാനെടിന്നു bjp യെയും , BJP ക്ക് ഏഷ്യാനെടിനെയും ബഹിഷ്കരിക്കുവാൻ അധികാരം ഉണ്ട്. അത് അവരുടെ ഇഷ്ടം.

  പക്ഷെ കാർഗിൽ [പോലെ ഒരു യുദ്ധത്തിൽ രാജ്യത്തിന്‌ വേണ്ടി ജീവൻ തുജിച്ച വീര യോദ്ധാക്കളെ കാണാതെ പോകരുത് ആയിരുന്നു.

  ReplyDelete
  Replies
  1. >> കാർഗിൽ [പോലെ ഒരു യുദ്ധത്തിൽ രാജ്യത്തിന്‌ വേണ്ടി ജീവൻ തുജിച്ച വീര യോദ്ധാക്കളെ കാണാതെ പോകരുത് ആയിരുന്നു. << I do agree with it.

   Delete
 13. തങ്ങളുടെ ഒരു ഔദ്യോഗിക പാർട്ടി വക്താവിനു അയിത്തം കൽപ്പിച്ച ഏഷ്യാനെറ്റിനെ ബഹിഷ്കരിക്കാനുള്ള നട്ടെല്ല് കേരളത്തിലെ കോൺഗ്രെസ്സ്‌ നേതാക്കൾക്കുണ്ടോ എന്നാണിനിയറിയേണ്ടത്‌..

  ReplyDelete
 14. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയപ്പാർട്ടി ഒരു ചാനലിനെ ബഹിഷ്കരിക്കുക എന്നത് കൊണ്ട് ഒന്നും നേടാൻ പോകുന്നില്ല .ബഹിഷ്കരണം പിൻവലിച്ചാൽ അവർക്ക് തന്നെ നല്ലത് ..

  ബഷീര് ഭായിയോട് ഒരു വിയോജിപ്പ് . സുരേന്ദ്രൻ എങ്ങനെ ആണ് താരമായത് ? ഏഷ്യാനെറ്റ് കൊണ്ട് മാത്രം ആണോ ?സോളാർ സമരത്തിലെ സുരേന്ദ്രന്റെ ഇടപെടൽ ഒന്ന് മാത്രം . ഒരു എം എല് എ പോലും അല്ലാതിരുന്നിട്ടും ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ടത് കൊണ്ട് ഏഷ്യാനെറ്റ്‌ ഉള്പ്പെടെ ഉള്ള ചാനലുകൾ സുരേന്ദ്രനെ അന്തിചർചക്കു വിളിക്കാൻ നിർബധിതർ അകുകയല്ലയിരുന്നോ ? വാഴക്കാൻ , തറയിൽ, ശൂരനാട് തുടങ്ങിയവർ ചർച്ചക്ക് വരുമ്പോൾ തന്നെ ചാനൽ മാറ്റുന്ന പലരെയും അറിയാം . അവരെ ഒക്കെ വെച്ച് നോക്കുമ്പോൾ ഒരു ചർച്ചയിൽ ശോഭിക്കുന്ന ആളുകളെ (അവരുടെ രാഷ്ട്രീയം ഏതും ആവട്ടെ ) ചാനലുകൾ പ്രൊമോട്ട് ചെയ്യുന്നത് അവരുടെ വ്യുവർഷിപ്പ് നോക്കി മാത്രം ആയിരിക്കും .ഉണ്ണിത്താൻ എങ്ങനെ ആണ് ചർച്ചകളിൽ താരം ആകുന്നതു ? നിശിതമായി വിമർശിക്കാനും >> അത് ഏതു ലവലിൽ വരെ കൊണ്ടുപോകാനും <<< തന്റെ ഭാഗം ശരി അല്ലാത്തപ്പോൾ പോലും വാദിച്ചു നില്ക്കാനും ഉള്ള കഴിവ് ..അത് തന്നെ ..അങ്ങനെ ഉള്ളവരെ ചാനൽ തേടി പോകും . പക്ഷെ ഉണ്ണിത്താനെ ബഹിഷ്കരിച്ചു എന്ന് അറിയില്ലായിരുന്നു ഇതേ വരെ ..ബി ജെ പി യുടെ ബഹിഷ്കരനതിനെതിരെ കണ്ണീർ ഒഴുക്കുന്ന ഏഷ്യാനെറ്റ്‌ ഉണ്ണിത്താനെ കൊണ്ട് വരട്ടെ ആദ്യം

  ReplyDelete
  Replies
  1. സുരേന്ദ്രൻ നന്നായി സംസാരിക്കുന്ന ആളാണ്‌. ആ കഴിവ് കൂടിയാണ് അന്തിച്ചർച്ചകളിൽ താരമാകാൻ വഴിയൊരുക്കിയത് എന്നത് നിഷേധിക്കുന്നില്ല. പക്ഷേ ഇതിനേക്കാൾ നന്നായി സംസാരിക്കാൻ കഴിയുന്ന ആളുകൾ വേറെ നിരവധിയുണ്ട്. അവരൊന്നും താരമാകുന്നില്ല. അതിന് കാരണം ചിലർക്ക് ചാനലുകൾ പല കാരണങ്ങളാൽ കൂടുതൽ exposure നല്കുന്നതാണ്. സുരേന്ദ്രന് ഏഷ്യാനെറ്റ്‌ നല്കിയതും ആ exposure ആണ്. .

   Delete
  2. I totally disagree with Basheer bout this comment.

   Delete
 15. സ്വന്തം ഗോഡ് ഫാതര്‍ ചെറുതായി ഒന്ന് വിമര്‍ശിച്ചപ്പോള്‍ തന്നെ അത് സഹിക്കുവാന്‍ പോലുമുള്ള വിവേകം ബിജെപിക്ക് ഉണ്ടായില്ല. ഈ അസഹിഷ്ണുത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എല്ലാ ഫാസിസ്റ്റ് വര്‍ഗീയ പാര്ട്ടികലുടെയും മുഖ മുദ്രയാണ്. ഏഷ്യാനെറ്റ്‌ എന്നല്ല കേരളത്തിലെ സകലമാന മീഡിയകളും കൂടി പിണറായിയെ വ്യക്തിപരമായും സിപിഎംനെ മൊത്തമായും ആക്രമിക്കുന്ന പ്രവണത തുടങ്ങിയിട്ട കാലം കുറെയായി. തങ്ങള്‍ നിഷ്പക്ഷര്‍ ആണെന്ന് കാണിക്കും വിധം മറ്റുള്ള വാര്‍ത്തകള്‍ മുക്കി സിപിഎംനു എതിരെയുള്ള വാര്‍ത്തകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന രീതി കുറെ കാലമായി നമ്മള്‍ കാണുന്നതാണ്. അതിന്റെ പേരില്‍ ചര്‍ച്ച നടക്കുമ്പോള്‍ പേരിനു ഒരു സിപിഎം പ്രധിനിധിയെ വിളിച്ചു ബാക്കി സ്റ്റുഡിയോവില്‍ നിഷ്പക്ഷ മുഖമ മൂടിയണിഞ്ഞസിപിഎം വിരോധികള്‍ ആയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഉമേഷ്‌ ചള്ളിയില്‍, പിയെര്സോന്‍, ശങ്കരന്‍ വക്കീല്‍ എന്നിവരെയും അപ്പുറത്ത് കോണ്‍ഗ്രസ്‌ വക്താവിനെയും ഇപ്പുറത്ത് ബിജെപിക്കാരെയും ഇരുത്തി കൊഴുപ്പിക്കുന്ന കാഴ്ച നാം ദിവസേന കാണുന്നു. പോരാത്തതിനു ചര്‍ച്ചക്ക് എരിവ പകരുവാന്‍ ടെലഫോണ്‍ ലൈനില്‍ ചിലപ്പോള്‍ പിസി ജോര്‍ജും നിഷ്പക്ഷ ലേബല്‍ അണിഞ്ഞ മറ്റു ചില ആളുകള്‍ വേറെയും. ഇവരെല്ലാം ദീര്‍ഘ സമയം നടത്തുന്ന അവതാരകന്‍ ഉള്‍പെടെയുള്ളവരുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുവാന്‍ പോലും സിപിഎംനെ പ്രധിനിധീകരിക്കുന്ന ആള്‍ക്ക് സമയം കിട്ടാറില്ല. ഇവരുടെ ഈ ചെയ്തികക്ക് എല്ലാം പകരമായി കേരളത്തില്‍ ഇന്നും ശക്തമായ അടിത്തറയുള്ള സിപിഎം ചാനല്‍ ബഹിഷ്കരിക്കുവാന്‍ തുനിഞ്ഞാല്‍ ഏഷ്യാനെറ്റ്‌ എന്നല്ല കേരളത്തിലെ ഒട്ടു മിക്ക ചാനലിന്റെയും അഡ്രസ്‌ തന്നെ ഉണ്ടാകില്ല..

  ReplyDelete
 16. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുക എന്നത് ഫാഷിസത്തിന്റെ അടിസ്ഥാനനിലപാടുകളിൽ ഒന്നാണ്. ആ നിലക്ക് 'ഭാ.ജ.പാ'യുടെ എഷ്യാനെറ്റ് ബഹിഷ്കരണം അത്ഭുതം സൃഷ്ടിക്കേണ്ട കാര്യമില്ല. ഇതൊരു നാടകമല്ലെങ്കിൽ ആത്യന്തികമായി നഷ്ടം ബി.ജെ.പി.ക്ക് തന്നെയായിരിക്കും. കാരണം, ജനക്ഷേമനയപരിപാടികളിലൂടെയും, വികസനപ്രധാനമായ ഭരണശൈലിയുടേയും പിൻബലത്തിലല്ല ബിജെപി കേരളത്തിൽ ഒരു സ്പെയ്സ് സൃഷ്ടിച്ചെടുത്തത്. എഷ്യാനെറ്റ് പോലെയുള്ള ദൃശ്യമാധ്യമത്തിന്റെ നിർലോഭമായ സഹായത്താലായിരുന്നു എന്ന് കാണാവുന്നതാണ്. സുരേന്ദ്രനെപ്പോലെയുള്ള ആളുകളെ വളരെ സമർഥമായി ബിജെപി എന്ന സർക്കിളിനപ്പുറത്തേക്ക് പ്രോജെക്റ്റ് ചെയ്ത് ഒരു അഴിമതി വിരുദ്ധമായ ഐക്കണായി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട് എഷ്യാനെറ്റ്. അഴിമതിക്കാര്യത്തിൽ ആരുടേയും പിൻസീറ്റിൽ അല്ലാത്ത ബിജെപിയെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാതെ സമർഥമായി രക്ഷപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടവർ. യെദ്യൂരാപ്പയുടെ ബിജെപിയിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട നാളുകളിലെ ന്യൂസ് അവർ ചർച്ചകൾ ഓർത്തുനോക്കൂ. പുതിയ സംഭവ വികാസങ്ങളിൽ ഒരു വിശദീകരണത്തിലൂടെ ഏഷ്യാനെറ്റ് ബിജെപിയെ തണുപ്പിക്കുവാൻ ശ്രമിക്കുകയുണ്ടായല്ലോ. അവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള അനേകം റിപ്പോർട്ടുകൾ ഏഷ്യാനെറ്റിൽ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ അക്കാര്യങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ, സമുദായത്തോട് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകുവാനോ, മാപ്പു പറയുവാനോ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ഈയൊരു ഇരട്ടത്താപ്പിന്റെ ന്യായീകരണം എന്താണെന്ന ചോദ്യത്തിനെങ്കിലും അവർ വിശദീകരണം നല്കേണ്ടതുണ്ട്.

  ReplyDelete
  Replies
  1. വിശദീകരണം നല്കേണ്ടതും മാപ്പ് പറയേണ്ടതുമായ എന്ത് തെറ്റാണോ മുസ്ലീം സമുദായത്തോട് ഏഷ്യാനെറ്റ് ചെയ്തത്?

   Delete
 17. <<<< ബി ജെ പി ചാനലെന്ന പേരുദോഷം മാറ്റാൻ വേണ്ടി ആ പാർട്ടിയും ബി ജെ പി നേതാക്കളും ചേർന്ന് കളിക്കുന്ന ഒരു നാടകമാണ് ഇതെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട് .>>>> അതുതന്നെയല്ലേ വാസ്ഥവവും. വേശ്യാനെറ്റ്, സന്ഘീനെറ്റ് എന്നൊക്കെയുള്ള ജനങ്ങളുടെ വിലയിരുത്തലില്‍ നിന്നും രക്ഷപ്പെടാന്‍ കാണിക്കുന്ന ഒരു നമ്പര്‍. അമ്മയുടെ മുന്നില്‍ വെച്ച് ഭാര്യയെ കണ്ണിറുക്കി കാണിച്ചു വഴക്കു പറയുന്ന ഭര്‍ത്താവിനെപോലെ നാട്ടുകാരുടെ മുന്നില്‍ ഒരുപൊടിയിടല്‍ നാടകം.

  ReplyDelete
 18. സാധാരണ കോമൺസെൻസിൽ എഴുതുന്നയാളാണ് ബഷീർ, ഇതുപക്ഷെ സുരേന്ദ്രനോടും ബിജെപിയോടും കുശുമ്പു മൂത്ത ലീഗുകാരന്റെതായി പോയി..എഴുതിയത് ഒന്നുകൂടി വായിചാൽ കുറഞ്ഞപക്ഷം ബഷീറിനെങ്കിലും മനസ്സിലാവും... . ബിജെപിയോളം വർഗ്ഗീയം തന്നെയല്ലെ ബഷീറിന്റെ ലീഗും..മുഹമ്മദ് ബഷീറിനും അഹമ്മദാലിക്കും ഷാജിക്കും സമദാനിക്കും സ്പെയ്സുള്ള ചർച്ചകളിൽ സുരേന്ദ്രനും ശ്രീധരൻ പിള്ളക്കും രമേശിനുമൊക്കെ എന്തിനു അയിത്തം കൽ‌പ്പിക്കണം....

  ReplyDelete
  Replies
  1. ബിജെപിയോളം വർഗ്ഗീയം എന്ന് പറഞ്ഞ് മുസ്ല്ലീം ലീഗിനെ കൊച്ചാക്കല്ലേ. പേരില് പോലും വർഗീയത കൊണ്ടുനടക്കുന്ന കുടുംബാധിസ്ടിത മതാധിഷ്ടിത പണാധിഷ്ടിത നാട്ടു രാജാക്കന്മാരാണ്‌ മുസ്ലീം ലീഗ്. തെരുവിൽ ചായ അടിച്ചോ പണിയെടുത്തോ ജീവിക്കുന്ന ഏതെങ്കിലും ഒരു യദാർത്ഥ മുസൽമാനെ ലീഗിന്റെ തലപ്പത്ത് കണ്ടാൽ അന്ന് കാക്ക മലർന്നു പറക്കും.

   Delete
 19. ഏഷ്യാനെറ്റിനെയും ബി ജെ പി യെയും ഇഷ്ടമില്ലാത്ത താങ്കൾക്ക് അവർ തമ്മിൽ കലഹിച്ചാൽ എന്താ പ്രശ്നം?

  @ബി ജെ പി യുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളിൽ അവരുടെ നേതാക്കളെ വിളിച്ചു വരുത്തി ചർച്ചയിൽ വേണ്ടത്ര സമയം കൊടുത്ത് ആ പാർട്ടിക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കിക്കൊടുത്തതിൽ പ്രധാന പങ്കു ഏഷ്യാനെറ്റിന് തന്നെയാണ്.

  ഓ പിന്നെ, ഏഷ്യാനെറ്റ് ഇല്ലായിരുന്നെങ്കിൽ ബി ജെ പിക്ക് അഡ്രസ്സ് ഉണ്ടാവില്ലായിരുന്നു. ഒന്ന് പോ മാഷെ. അത്ര നിർബന്ധം ആണെങ്കിൽ കേരളത്തിലെ മറ്റു പാർട്ടികളും അഡ്രസ്സ് ഉണ്ടാക്കിയത് ഏഷ്യാനെറ്റ് വഴി ആണെന്ന് പറഞ്ഞേക്ക്. ബി ജെ പിക്കാർ മാത്രമല്ലല്ലോ ചർച്ചകളിൽ പങ്കെടുക്കാൻ പോകുന്നത്?

  @കെ സുരേന്ദ്രനെ അന്തിച്ചർച്ചകളിലെ താരമാക്കിയതും ഏഷ്യാനെറ്റ് തന്നെ. ഏഷ്യാനെറ്റ് സുരേന്ദ്രനെ ഇങ്ങനെ താരമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും സുരേന്ദ്രനെ പിടിക്കാൻ തുടങ്ങിയത്.

  പത്തായത്തിൽ നെല്ല് ഉണ്ടേൽ എലി അങ്ങ് മൂന്നാറിൽ നിന്നും വരും. സുരേന്ദ്രനെ ചാനലുകാർ വിളിച്ചത് അന്ന് ചർച്ച ചെയ്ത കാര്യങ്ങളിൽ അദ്ദേഹം നേടിയ അറിവിനെ ആധാരമാക്കി ആയിരുന്നു. അതായത് സുരേന്ദ്രന്റെ പത്തായത്തിൽ നെല്ലുണ്ടായിരുന്നു. അത് തേടി പെരുച്ചാഴികൾ വന്നു.

  ReplyDelete
 20. എം ജി രാധാകൃഷ്ണനെ പോലുള്ള ഇടതു ചിന്താഗതിയുള്ള ഒരാൾ തലപ്പത് വന്നത് തന്നെയാണ് കാര്യം ...

  ReplyDelete
 21. പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു. സ്നേഹിച്ച മകൻ പിണങ്ങി നിൽക്കുമ്പോഴുള്ള ഒരമ്മച്ചാനലിന്റെ ദുഃഖം.

  ReplyDelete
 22. ബന്ധം ശരിയാക്കാന്‍ ശ്രേഷ്ഠ സ്ഥാനീയാ നിങ്ങള്‍ മധ്യസ്ഥം നില്‍കാണം എന്നു കെഞ്ചുന്നത് പോലെയാണ് അജണ്ട കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്

  ReplyDelete
 23. ഇതൊക്കെ ഒരു അട്ജസ്റ്മെന്റ്റ് അല്ലെ ഭായ് . ഏഷ്യ നെറ്റില്‍ വാര്‍ത്ത‍ അവതരകന്മാര്‍ ബി ജെ പി വക്താക്കളെക്കാളും നന്നായി ബി ജെ പി യുടെ രാഷ്ട്രീയം അവതരിപ്പിക്കുന്നുണ്ട് .പിന്നെന്തിനാ ഒരു സുരേന്ദ്രന്‍ എന്തിനാ ഒരു രമേശന്‍ .

  ReplyDelete