മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!

തർക്കങ്ങളോ വിവാദങ്ങളോ വന്നാൽ പിന്നെ ജുഡീഷ്യൽ അന്വേഷണമാണ് പ്രതിവിധി. സുപ്രിം കോടതി ജഡ്ജിയെക്കൊണ്ട് ആവുന്നതാണ് നല്ലത്. മാധവിക്കുട്ടി എങ്ങിനെ കമല സുരയ്യ ആയി?. അവരെ അതിന് പ്രേരിപ്പിച്ച ചോതോവികാരമെന്ത്?. പ്രേമമോ പ്രേമനൈരാശ്യമോ ഈ മതം മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടോ? കമല സുരയ്യ എന്ന പേരിന് തീവ്രവാദ ബന്ധങ്ങളുണ്ടോ? ഈ സാഹിത്യകാരി പർദ്ദ ധരിച്ചതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്?. അവരെ എന്ത് ചെയ്യണം. തൂക്കിക്കൊന്നാൽ മതിയോ അതോ വെടിവെച്ച് കൊല്ലണോ?. എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളിലൊക്കെ ഒരു തീർപ്പുണ്ടാക്കണം. അല്ലെങ്കിൽ കുറെ ആളുകൾ കേരളത്തിൽ ഉറക്കം കിട്ടാതെ മരിക്കും. അവരെ അങ്ങിനെ മരിക്കാൻ അനുവദിക്കരുത്.

മരിച്ചു കഴിഞ്ഞവരോട് അവരുടെ സുഹൃത്തുക്കൾ കാണിക്കേണ്ട ഒരു മിനിമം മര്യാദയുണ്ട്. ആ വ്യക്തിയെക്കുറിച്ച് പൊതുസമൂഹത്തിൽ ആശാസ്യകരമല്ലാത്ത വിവാദങ്ങളും ചർച്ചകളും തുടങ്ങി വെക്കാതിരിക്കുക. സ്വന്തം നിലപാട് വ്യക്തമാക്കാൻ ആ വ്യക്തി ജീവിച്ചിരിപ്പില്ലാത്തിടത്തോളം കാലം അവരുടെ സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധിയെ അപകീർത്തിപ്പെടുത്തും വിധമുള്ള പ്രചാരണങ്ങൾ നടത്തുന്നത് സാമാന്യ മര്യാദയുടെ ലംഘനമാണ്. മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്. അവർ മുസ്ലിമാണോ ഹിന്ദുവാണോ എന്നത് മലയാളത്തെയും മലയാള സാഹിത്യത്തെയും ഇഷ്ടപ്പെടുന്ന ഒരാളെ തെല്ലും ബാധിക്കുന്ന ഒരു വിഷയമല്ല. സാഹിത്യകാരന്റെ മതത്തെയോ വിശ്വാസത്തെയോ അല്ല, അവന്റെ സൃഷ്ടിയെയാണ് ഒരു അനുവാചകൻ ഇഷ്ടപ്പെടുന്നതും താലോലിക്കുന്നതും. അവരുടെ വിശ്വാസം എന്തോ ആകട്ടെ, അവരുടെ താത്പര്യങ്ങൾ എന്തോ ആകട്ടെ, അവയൊന്നും ഒരു പൊതു മണ്ഡലത്തിൽ ഇഴകീറി പരിശോധിക്കേണ്ട ഒന്നല്ല. അതെല്ലാം അവരുടെ സ്വകാര്യ തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ്. മരിച്ചു കഴിഞ്ഞ ശേഷം പ്രത്യേകിച്ചും.

മാധവിക്കുട്ടിയുടെ മരണത്തിന് നാല് സംവത്സരങ്ങൾക്ക് ശേഷം ലീല മേനോനും ഇന്ദു മേനോനും തുടങ്ങി വെച്ച ചർച്ച നമ്മുടെ സമൂഹം എത്രമാത്രം സാംസ്കാരികമായി അധ:പതിച്ചു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരമൊരു ചർച്ചയെ ചൂട് പിടിപ്പിക്കേണ്ടതും എരിവ് പകരേണ്ടതും രണ്ടു പക്ഷത്തുമുള്ള തീവ്രനിലപാടുകാരുടെ ആവശ്യമാണ്‌. അബ്ദുസ്സമദ് സമദാനിയുമായി മാധവിക്കുട്ടിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്നൊക്കെ അവരുടെ മരണശേഷം എഴുതുക വഴി ശ്രീമതി ലീലമേനോൻ കാണിച്ചിരിക്കുന്ന സാംസ്കാരിക ധാർമികത എന്താണ്?. സംഘപരിവാർ കുടുംബത്തിൽ നിന്നുള്ള ജന്മഭൂമി പത്രത്തിന്റെ എഡിറ്റർ എന്ന നിലക്ക് ലീല എൻ മേനോന് പലരെയും തൃപ്തിപ്പെടുത്താൻ ഉണ്ടാവും. പക്ഷേ അത് മരണപ്പെട്ടുപോയ ഒരു വലിയ സാഹിത്യകാരിയുടെ പേരിൽ വേണമോ?. ഇന്ദുമേനോനെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങൾ പിടിച്ചു നില്ക്കാനുള്ള തത്രപ്പാടിന്റെ ഭാഗമാണെന്ന് കരുതി സമാധാനിക്കാം. സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെടാനുള്ള സർഗ്ഗശക്തിയില്ല എന്ന് സ്വയം തിരിച്ചറിയുന്നവരുടെ ശ്രദ്ധിക്കപ്പെടാനുള്ള ചെപ്പടിവിദ്യകൾ.. പൊതുസമൂഹത്തെ ആഴത്തിൽ ധ്രുവീകരിക്കുന്ന വിവാദങ്ങൾ ഉയർത്തിയെങ്കിലും അവർ ശ്രദ്ധിക്കപ്പെടട്ടെ.. ഒന്നോ രണ്ടോ കോപ്പി പുസ്തകം ആരെങ്കിലും വാങ്ങി വായിക്കട്ടെ. അങ്ങനെയെങ്കിലും ഇങ്ങനെയൊരു മഹാസാഹിത്യകാരി ജീവിചിരിപ്പുണ്ടെന്ന കാര്യം നാലാൾ അറിയട്ടെ !

മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട
വിവാദങ്ങളോട് മകൻ എം ഡി നാലപ്പാടിന്റെ പ്രതികരണം

ജീവിതത്തെ കുറേക്കൂടി ധീരതയോടെയും അതിലേറെ കാവ്യാത്മകതയോടെയും സമീപിച്ച വ്യക്തിയാണ് മാധവിക്കുട്ടി. അപ്പപ്പോൾ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഒരു കാവ്യാത്മക മനസ്സോടെ പറയുകയും എഴുതുകയും ചെയ്ത വ്യക്തി. മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് കരുതും എന്ന് ഒരിക്കലും ചിന്തിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യാത്ത പ്രകൃതം. അതുകൊണ്ട് തന്നെ അവരുടെ കാവ്യാത്മക മനസ്സ് പുറത്ത് വിടുന്ന ഏതെങ്കിലും വാചകങ്ങൾക്കോ സംഭാഷണങ്ങൾക്കോ പിറകെ സൈക്കെളെടുത്തു പോയി വിവാദങ്ങൾ സൃഷ്ടിക്കുന്നവർ കമലയെയോ സുരയ്യയെയോ അറിയാത്ത വിഡ്ഢികളാണ്.

മറ്റ് ചിലരുണ്ട്, കമല സുരയ്യയുടെ മതം മാറ്റത്തെക്കുറിച്ച് ചർച്ച വരുമ്പോഴേക്ക്‌ അസഭ്യ വർഷങ്ങളും വൈകാരിക പ്രകടനങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവർ. അത്തരം വേളകളിൽ ഹിസ്‌റ്റീരിയ ബാധിച്ചവരെപ്പോലെ അവർ കാണിക്കുന്ന ഹാലിളക്കം കാണുമ്പോൾ പുച്ഛം തോന്നുന്നു. ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാർ അവരാണ്. ഇവന്മാരുടെ സംരക്ഷണം ഇല്ലെങ്കിൽ ഇസ്ലാം മതം പൊട്ടിത്തകർന്ന് തരിപ്പണമാകും എന്നാണ് ധാരണ. അസഹിഷ്ണുതത്വം മുഖമുദ്രയാക്കിയ ഏതാനും വികാര ജീവികൾ. ഇത്തരത്തിലുള്ള ചർച്ചകളെ ഗുണപരമായ ഒരു സംവാദമാക്കി (വിവാദമല്ല) പരിവർത്തിപ്പിക്കുകയും സഹിഷ്ണുതയോടെ പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ യഥാർത്ഥ മതവിശാസികൾ ചെയ്യേണ്ടത്. 

കമല സുരയ്യ മുസ്ലിമായി എന്നത് കൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും എന്തെങ്കിലും പ്രതാപമോ ഐശ്വര്യമോ ലഭിക്കുന്നില്ല. അവർ ഇസ്ലാമിലേക്ക് വന്നില്ല എന്നത് കൊണ്ട് ഇസ്ലാമിക വിശ്വാസത്തിനു എന്തെങ്കിലും കോട്ടവും വരുന്നില്ല. നേരെ തിരിച്ചും അതുപോലെ തന്നെ. മാധവിക്കുട്ടി ഇസ്ലാം മതം വിശ്വസിച്ചു എന്നത് കൊണ്ട് ഹിന്ദുമതം ചെറുതാവുകയോ അവർ ഹിന്ദുമതത്തിൽ തുടർന്നു എന്നതുകൊണ്ട്‌ ആ മതം വലുതാവുകയോ ചെയ്യുന്നില്ല. കേരളത്തിൽ ഇന്ന് ജീവിക്കുന്ന മുസ്ലിംകളെല്ലാം ഒരു കാലത്ത് ഹൈന്ദവ വിശ്വാസികളായ പൂർവികരുടെ പിൻമുറക്കാരാണ്. കച്ചവടത്തിനും മതപ്രബോധനത്തിനുമായി അറേബ്യയിൽ നിന്നും കേരളത്തിലെത്തിയ വിരലിലെണ്ണാവുന്ന മുസ്‌ലിംകളെ സ്വീകരിച്ചതും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങളാണ്. ആ സാഹോദര്യത്തിന്റെ തണലിലാണ് ഇസ്ലാം മതവും അതുപോലെ ക്രിസ്തുമതവുമൊക്കെ ഇവിടെ വളർന്നത്‌. ഈ മഹത്തായ ചരിത്ര പാരമ്പര്യത്തിന്റെ കണ്ണികൾക്കിടയിൽ നാലപ്പാട്ടെ കുടുംബത്തിൽ നിന്ന് ഒരു പെണ്‍കുട്ടി ഇസ്ലാമിലേക്ക് വന്നുവോ ഇല്ലയോ എന്നത് ചർച്ച ചെയ്യപ്പെടാൻ പോലും പ്രസക്തമല്ലാത്ത ഒരു വിഷയമാണ്.

Related Posts
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ? 
കൈ വെട്ടിയവരോട് രണ്ട് വാക്ക്
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി 
പ്രവാചകനോ അതോ സിനിമയോ വലുത്? 

Recent Posts
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..
ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവൻ മണിയും
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും