സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..

രാഷ്ട്രീയത്തിൽ എപ്പോഴും എന്തും സംഭവിക്കാം. ഗണേഷിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ തൂങ്ങിച്ചാവും എന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന പിള്ളേച്ചൻ ഗണേഷിനെ ഉടൻ മന്ത്രിസഭയിൽ എടുത്തില്ലെങ്കിൽ തൂങ്ങിച്ചാവുമെന്നാണ് ഇന്ന് പറയുന്നത്. അതാണ്‌ രാഷ്ട്രീയം. പിള്ളേച്ചനേയും കടത്തി വെട്ടി മറ്റൊരു കഥാപാത്രം ഈ ആഴ്ചയിൽ രംഗത്ത് വന്നിട്ടുണ്ട്. ശ്രീമതി സിന്ധു ജോയി. 2011 മാർച്ച്‌ ഇരുപത്തിനാലിന് ഈ ബ്ലോഗിൽ ഞാനെഴുതിയ ഒരു പോസ്റ്റിന്റെ തലക്കെട്ട്‌ സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.. ഹി.. ഹി.. എന്നതായിരുന്നു. സി പി എം തീപ്പന്തം കോണ്‍ഗ്രസ്സിലേക്ക് ചാടിയതിന്റെ ചിരിയടക്കാൻ വയ്യാതെ എഴുതിയതായിരുന്നു അത്. കൃത്യം രണ്ടു വർഷവും രണ്ടു മാസവും പിന്നിട്ടപ്പോൾ തലക്കെട്ടിലൊരു ചെറിയ മാറ്റം വേണ്ടി വന്നു എന്ന് മാത്രം. സിന്ധു ജോയി സി പി എമ്മിലേക്ക്.. ഹി.. ഹി.. 

'ഒരു നിശ്ചയമില്ലയൊന്നിനും വരുമോരൊ ദശ വന്നപോലെ പോം വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ' എന്ന് കുമാരനാശാൻ പണ്ട് പാടിയത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ഇതൊക്കെ ആലോചിച്ച് വട്ടായേനെ! തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി പി എമ്മുകാർ സീറ്റ് കൊടുക്കാത്തതിന്റെ പേരിലാണ് അന്ന് സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക് ചാടിയത്. ഇന്നിപ്പോൾ തിരിച്ചു സി പി എമ്മിലേക്ക് ചാടാൻ ഒരുങ്ങുന്നത് കോണ്‍ഗ്രസ്സുകാർ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നതിന്റെ പേരിലാണ്. പതിനാറു കൂതറകൾ ഒന്നിച്ചു കഴിയുന്ന സൂര്യ ടി വിയുടെ മലയാളി ഹൗസിൽ ഇരുന്നു കൊണ്ടാണ് സിന്ധു ചേച്ചി കുമ്പസരിക്കുന്നത്. കുമ്പസാരം കണ്ടശേഷം നമുക്ക് ബാക്കി പറയാം.

(വീഡിയോ 4.17 മുതൽ 6.31 വരെ, 13.15 മുതൽ 15.30 വരെ) 

പാർട്ടിയിൽ വെട്ടിത്തിളങ്ങി നടന്നിരുന്ന കാലത്ത് പല പ്രമുഖരായ ബോയ്‌ ഫ്രണ്ട്സുകളും  തനിക്കുണ്ടായിരുന്നു എന്ന് പറയുന്ന സിന്ധു ഭാഗ്യവശാൽ അവരാരുടെയും പേര് പറഞ്ഞിട്ടില്ല. അവരിൽ പലർക്കും പെണ്ണ് കെട്ടി കുട്ടികൾ ഉണ്ടെന്ന ക്ലൂ നല്കിയിട്ടുണ്ട്. പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്താനായി ഒരു തുരുപ്പു ചീട്ടെന്ന നിലക്ക് പേരുകൾ പറയാതെ വെച്ചതാണോ എന്ന് പറയാനും വയ്യ. ഒരു പാർട്ടിയോട് ആശയ വിയോജിപ്പുണ്ടായി പുറത്ത് പോകുന്നത് മനസ്സിലാക്കാം. എന്നാൽ സ്ഥാനങ്ങൾ ലഭിക്കുന്നില്ല എന്നതിന്റെ പേരിൽ പുറത്ത് പോവുക. അതും പാർട്ടിയുടെ പേരിൽ അത്യുന്നത സ്ഥാനങ്ങൾ വഹിച്ച ശേഷം. പോകുന്നതോ ജീവിതകാലം മുഴുവൻ എതിർത്ത് പൊരുതിയ പാർട്ടിയിലേക്ക്.. പിന്നീട് അവിടെ സ്ഥാനങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വന്നപ്പോൾ തിരിച്ചിങ്ങോട്ട് തന്നെ ചാടാൻ ഒരുങ്ങുക. പിള്ളേച്ചൻ പോലും തോറ്റു പോകുന്ന കരണം മറിച്ചിലുകൾ.. ഇതിനെ എന്തുതരം തൊലിക്കട്ടിയെന്നാണ് നാം വിളിക്കേണ്ടത്. 

ഒരു തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി എന്റെ അച്ഛനാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് വോട്ടു പിടിക്കാനെത്തി. ഇനിയിപ്പോൾ ഉമ്മൻ ചാണ്ടി ചതിച്ചെന്ന് പറഞ്ഞു അടുത്ത തിരഞ്ഞെടുപ്പിൽ ഒരു ടിക്കറ്റ് കിട്ടുമോന്ന് നോക്കുകയാണ് വിപ്ലവ തീപ്പന്തം. ഇതിനെയൊക്കെ കമ്മട്ടി കൊണ്ട് അടിക്കണമെന്ന് പറഞ്ഞാൽ അത് സ്ത്രീ പീഢനത്തിനുള്ള കേസാവാൻ സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. 

പിണറായി സഖാവിനെക്കണ്ട് എല്ലാ തെറ്റുകളും ഏറ്റു പറയണമെന്നതാണ് സിന്ധു തീരുമാനിച്ചിരിക്കുന്നത്. മലയാളി ഹൗസിൽ നിന്ന് പുറത്തു കടന്നാലുടാൻ അതുണ്ടാകും. പാർട്ടിയിൽ നിന്ന് വരി വരിയായി ആളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരാളെങ്കിലും തിരിച്ചു വരുന്നല്ലോ എന്ന ആശ്വാസത്തിൽ ഒപ്പനയിൽ മണവാട്ടിയെ സ്വീകരിച്ചു കൊണ്ട് വരുന്ന പോലെ പിണറായി സഖാവ് സ്വീകരിച്ചു കൊണ്ടുവരുമോ എന്നറിയില്ല. സഖാവിനോട് ഒരഭ്യർത്ഥനയുള്ളത് ഇതുപോലുള്ള അവസരവാദികളായ ചവറുകളെ അത്ര പെട്ടെന്നൊന്നും തിരിച്ചെടുക്കരുത് എന്നാണ്. ഏറ്റവും ചുരുങ്ങിയത് മുരളിയെയിട്ട് കോണ്‍ഗ്രസ് കളിപ്പിച്ചത് പോലെയെങ്കിലും കളിപ്പിക്കണം. പാർട്ടി മെമ്പർഷിപ്പിന് വേണ്ടി ഒരു മൂന്നാലു കൊല്ലം തെക്ക് വടക്ക് നടക്കുമ്പോഴേ പാർട്ടിയുടെയും അതിന്റെ ആദർശത്തിന്റെയും വില ഇവറ്റകൾ പഠിക്കൂ.. ഒപ്പനക്കും ഡാൻസിനും വേഷം മാറുന്നത് പോലുള്ള ഒരു കളിയല്ല ഇടതുപക്ഷ രാഷ്ട്രീയമെന്നത് ഇനി ചാടാൻ ഒരുങ്ങുന്നവർക്ക് ഒരു പാഠവുമാകും. 

മലയാളി ഹൗസ് വീണ്ടും ചർച്ചയിൽ വന്നതിനാൽ അതിനെക്കുറിച്ച് കൂടി രണ്ടു വാക്ക് പറഞ്ഞ് അവസാനിപ്പിക്കാം. സന്തോഷ്‌ പണ്ഡിറ്റിനെ പുറത്താക്കിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പതിനാറു പേരിൽ ഫ്രാഡല്ലാത്ത ഒരേ ഒരാൾ പണ്ഡിറ്റ്‌ ആയിരുന്നു. പ്രദീപും രാഹുലും സിന്ധുവുമടക്കമുള്ള  മാന്യമഹാ സെലിബ്രിറ്റികളുടെ തനിനിറവും അവരൊക്കെയും തന്നെക്കാൾ വലിയ കൂതറകളാണെന്നുള്ള സത്യവും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്നതിൽ പണ്ഡിറ്റ്‌ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുടെ വോട്ടിംഗ് ആരംഭിച്ചാൽ പണ്ഡിറ്റ്‌ പുഷ്പം പോലെ ജയിക്കും എന്നറിയാവുന്നത് കൊണ്ട് അയാളെ പിടിച്ച് പുറത്തിട്ടു എന്ന് മാത്രം. ഫ്ലാറ്റ് പണ്ഡിറ്റ്‌  കൊണ്ട് പോയാൽ പിന്നെ സൂര്യ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.

പിണറായി സഖാവിനോട് ഒരഭ്യർത്ഥന കൂടി.. സീറ്റ് കൊടുക്കുന്നെങ്കിൽ പണ്ഡിറ്റിന് ഒരു സീറ്റ് കൊടുക്കൂ. അയാൾ പാർലിമെന്റിൽ എത്തട്ടെ. സിന്ധുവെപ്പോലെ അടിക്കടി നിറം മാറുന്ന ഒരു ഓന്തിനെ അവിടെ എത്തിക്കുന്നതിലും ആയിരം മടങ്ങ് ഭേദമാവും അത്.   

Related Posts
സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.. ഹി.. ഹി..
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)

Recent Posts
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യല്‍ അന്വേഷണം വേണം!!
ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ 
ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവൻ മണിയും 
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും 
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം