ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.

മനോരമയുടെ കാര്യം എന്തായി, പൂട്ടിയോ? എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. എടവനക്കാട്ടുകാരുടെ മനോരമ ബഹിഷ്കരണ സമരത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയായിരുന്നു അത്. അതോടെ മനോരമ വിരുദ്ധന്‍ എന്ന ഒരു ഇമേജ് എനിക്ക് കിട്ടി. അന്ന് കിട്ടിയ ഇമേജിനെ ഒന്നുകൂടി സ്ട്രോങ്ങ്‌ ആക്കാനാണ് ഈ പോസ്റ്റ്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പത്രം ഇടുന്ന പയ്യനുമായി ഞാന്‍ ഉടക്കി. രണ്ടു പതിപ്പുകള്‍ ഉള്ള മനോരമയുടെ ഒരു പതിപ്പ് മാത്രമേ അവന്‍ വീട്ടില്‍ ഇട്ടുള്ളൂ.  ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ സമരത്തിലാ' എന്ന് മറുപടി.  "എന്തോന്ന് സമരം? കാശ് എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ?. ഇനി മുതല്‍ പകുതി കാശേ തരൂ". ഞാനും വിട്ടു കൊടുത്തില്ല.

"വെരട്ടല്ലേ സാറേ, പത്രങ്ങള്‍ പേജു കൂട്ടുമ്പോഴും പതിപ്പ് കൂട്ടുമ്പോഴും അത് ചുമന്നു കൊണ്ട് വരുന്ന ഞങ്ങള്‍ക്ക് ഒരു നയാപൈസ കൂടുതല്‍ തരുന്നില്ല. അതുകൊണ്ട് സ്പെഷ്യല്‍ പതിപ്പുകളൊന്നും ഇനി മുതല്‍ കിട്ടില്ല. നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ പത്രം നിറുത്തിക്കോളൂ". നീട്ടിയൊരു ബെല്ലടിച്ചു അവന്‍ സൈക്കിള്‍ വിട്ടു. അതോടെ സമരത്തിന്റെ ഏകദേശ രൂപം എനിക്ക് പിടികിട്ടി. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഈ സമരം തുടങ്ങിയിട്ട് കുറച്ചു നാളായി എന്നാണ്. മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ രണ്ടു പതിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഒരു പതിപ്പ് മാത്രമേ വായനക്കാര്‍ക്ക് കിട്ടൂ. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇറക്കുന്ന സ്പെഷ്യല്‍ പതിപ്പുകളും കിട്ടില്ല. വെണ്ടയ്ക്ക വിത്ത്‌, ഷാമ്പൂ, നായ്ക്കുരണപ്പൊടി തുടങ്ങി ആഴ്ചപ്പതിപ്പുകള്‍ക്കൊപ്പം ഫ്രീയായി കൊടുക്കുന്ന വസ്തുവകകളും വീട്ടില്‍ എത്തില്ല. മലപ്പുറം ജില്ലയില്‍ ഉടനീളം ഈ സമരമുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ ഏജന്റുമാര്‍ ഇപ്പോള്‍ നടത്തുന്ന സമരം കുറേക്കൂടി സ്ട്രോങ്ങ്‌ ആണ്. അവര്‍ മനോരമ പത്രം വിതരണം ചെയ്യുന്നത് തന്നെ നിര്‍ത്തി. ഏതാണ്ട് രണ്ടു ആഴ്ചയോളമായി കോഴിക്കോട് ജില്ലയില്‍ മനോരമ പത്രം വരിക്കാര്‍ക്ക് കിട്ടുന്നില്ല. ഒരു മുഖപ്രസംഗം എഴുതി ഏജന്റുമാരുടെ സമരത്തെ എതിര്‍ക്കുന്നു എന്ന് വരുത്തിയിട്ടുണ്ടെങ്കിലും കിട്ടിയ ഗ്യാപ്പില്‍ മാതൃഭൂമി അടിച്ചു കയറുകയാണ്. മറ്റു ചെറുകിട പത്രങ്ങളും സന്ദര്‍ഭം ഉപയോഗപ്പെടുത്തി വരിക്കാരെ പിടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടത്തുന്നുണ്ട്. പത്ര വിതരണക്കാരുടെ ആവശ്യങ്ങള്‍ കേട്ടിടത്തോളം ന്യായമാണ്. അവരുടെ സമരം മനോരമക്കെതിരെ മാത്രമല്ല. എല്ലാ പത്രങ്ങളുടെയും കമ്മീഷന്‍ വ്യവസ്ഥകള്‍ക്കെതിരെയാണ്. ഏജന്റുമാരെ പിഴിയുന്ന കാര്യത്തില്‍ ഏറ്റവും കടുംപിടുത്തം പിടിക്കുന്ന പത്രം എന്ന നിലക്കാണ് മനോരമക്കെതിരെയുള്ള ഇപ്പോഴത്തെ സമരം.


എട്ടു പേജ് പത്രം വിതരണം ചെയ്തിരുന്ന കാലത്ത് ഏജന്റിനു കിട്ടിയിരുന്ന കമ്മീഷന്‍ മുപ്പത്തഞ്ചു ശതമാനമായിരുന്നു. പേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനോരമയും മാതൃഭൂമിയും കമ്മീഷന്‍ കുറച്ചു കൊണ്ടേയിരുന്നു! ഇപ്പോള്‍ ഏജന്റിനു ലഭിക്കുന്ന കമ്മീഷന്‍ ഇരുപത്തിയഞ്ച് ശതമാനമാണ്!. പേജുകളും സപ്ലിമെന്റുകളും കൂടുന്നതിനനുസരിച്ച് പരസ്യ വരുമാനത്തില്‍ കോടികളുടെ ലാഭം കൊയ്യുന്ന പത്ര മുത്തശ്ശിമാര്‍ അവ ചുമന്നു കൊണ്ട് പോയി വിതരണം ചെയ്യുന്ന പാവങ്ങളുടെ കഴുത്തിനു പിടിക്കുന്നു എന്ന് ചുരുക്കം. അധിക പതിപ്പുകളും സപ്ലിമെന്റുകളും ഇറക്കുന്ന ദിവസം കമ്മീഷന്‍ തുകയില്‍ ഒരു നേരിയ വര്‍ധനവ്‌ നല്‍കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ പത്രവിതരണം തന്നെ നിന്ന് പോകുന്ന ഒരവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നത്. ഇനിയും ബാലവേല നിരോധിച്ചിട്ടില്ലാത്ത ഏക ഫീല്‍ഡ് പത്രവിതരണമാണ്!. അതിരാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പത്ര വിതരണത്തിന് പോകുന്ന കുട്ടികളെ എവിടെയും കാണാം. ഒരു പത്രവും ഇതിനെക്കുറിച്ച് ഫീച്ചര്‍ എഴുതാറില്ല!. അതിരാവിലെ 50 വീടുകള്‍ കയറിയിറങ്ങി പത്രം ഇടുന്ന ഒരു പയ്യന് ഒരു മാസം എജന്റ്റ് നല്‍കുന്നത് 600 ഓ 700 ഓ രൂപയാണ്. ഉറക്കമൊഴിച്ചു ഒരു മാസം കഷ്ടപ്പെടുന്നതിനു പകരം രണ്ടു ദിവസം പെയിന്റിംഗ് പണിക്കു ഹെല്‍പ്പറായി പോയാല്‍ ഇതിലധികം പണം കിട്ടും. തനിക്കു കിട്ടുന്ന തുച്ഛം കമ്മീഷന്‍ തുകയില്‍ നിന്ന് ഇതിലധികം പണം നല്‍കുവാന്‍ ഒരു ഏജന്റിനു കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരെ ഈ പണിക്കു കിട്ടുകയുമില്ല. സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്.

മനോരമയെ പേടിച്ചു ഈ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു പത്രവും ചാനലും വേണ്ട രൂപത്തില്‍ കവര്‍ ചെയ്യുന്നില്ല. സമാന്തര മീഡിയകളായ ഫേസ്ബുക്കിലും ബ്ലോഗുകളിലും പത്രവിതരണം ചെയ്തു ജീവിക്കുന്ന ഈ പാവങ്ങള്‍ വേണ്ടത്ര ഇല്ലാത്തത് കാരണം അവിടെയും അവരുടെ വാര്‍ത്തകള്‍ ഇടം പിടിക്കുന്നില്ല. (മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍.  ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. ). സെപ്റ്റംബര്‍ മൂന്നിനാണ് വിതരണക്കാര്‍ സൂചന സമരം നടത്തിയത്. അന്നേ ദിവസം പത്രം വിതരണം ചെയ്യില്ല എന്നും കെട്ടുകള്‍ അയക്കരുത് എന്നും എജന്റുമാര്‍ പത്രങ്ങളെ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് അയച്ചു എന്ന് മാത്രമല്ല ബില്‍ തുക ഇടുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ച ഏജന്റുമാര്‍ക്ക് മുന്നില്‍ മിക്ക പത്രങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായി. പക്ഷെ മനോരമ മാത്രം വഴങ്ങിയില്ല. അവര്‍ മൂന്നു കൊമ്പുള്ള മുയലിനെ ശൂലത്തില്‍ കുത്തിനിര്‍ത്തി. ഇതാണ് വിതരണക്കാരെ മനോരമക്കെതിരെ മാത്രമായി തിരിയാന്‍ പ്രേരിപ്പിച്ചത്.


വന്‍കിട പത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാനം പരസ്യങ്ങളാണ്. വരിക്കാര്‍ നല്‍കുന്ന പണം മഷി വാങ്ങാന്‍ പോലും തികയില്ല എന്നാണ് പറയാറുള്ളത്. മനോരമ ഒരു ദിവസം രണ്ടു പത്രം ഇറക്കുന്നത്‌ വായനക്കാരനെ സുഖിപ്പിക്കാനല്ല, പരസ്യക്കാരനെ സുഖിപ്പിക്കാനാണ്. എട്ടു പേജില്‍ നിന്നും മുപ്പതു പേജിലേക്ക് പത്രം വളരുമ്പോഴും സാധാരണക്കാരന് ലഭിക്കുന്നത് പഴയ എട്ടു പേജിന്റെ വാര്‍ത്തകള്‍ തന്നെയാണ്. വരിക്കാരന് പത്രം ഫ്രീയായി കൊടുത്താല്‍ പോലും മനോരമാക്കാരന് ലാഭം കിട്ടുന്ന രൂപത്തില്‍ പരസ്യ വരുമാനം കൂടിയിരിക്കുന്നു എന്ന് ചുരുക്കം. പിന്നെ എന്തിനാണ് മഞ്ഞിലും മഴയത്തും മുടങ്ങാതെ അതിരാവിലെ പത്രം  വീട്ടുപടിക്കല്‍ എത്തിക്കുന്ന ഈ പാവങ്ങളുടെ കമ്മീഷന്‍ ശതമാനം വെട്ടിക്കുറക്കുന്നത്?

വിതരണക്കാരുടെ സമരം പൊളിക്കാനായി മനോരമ പതിനെട്ടടവും പയറ്റുന്നുണ്ട്. കൂലിക്ക് ആളുകളെ വെച്ചു ഹൌസിംഗ് കോളനികളിലും ഫ്ലാറ്റുകളിലും പത്രം വിതരണം ചെയ്യുന്നുണ്ട്. മനോരമ ഓഫീസില്‍ വരുന്നവര്‍ക്കെല്ലാം ഫ്രീയായി പത്രം കൊടുക്കുന്നുണ്ട്. എന്നാലും അടിക്കുന്ന കോപ്പികളില്‍ തൊണ്ണൂറു ശതമാനവും ഏജന്റുമാരുടെ പക്കല്‍ അന്ത്യവിശ്രമം കൊള്ളുന്ന അവസ്ഥയാണുള്ളത്.  സമരത്തിന്റെ വാര്‍ത്ത പുറം ലോകം അറിയാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു മനോരമയും പത്രമുതലാളിമാരുടെ സംഘടനയും. പക്ഷെ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നതായി മനോരമക്ക് ബോധ്യം വന്നു തുടങ്ങിയിട്ടുണ്ട്.  പത്രസ്വാതന്ത്യത്തിനെതിരെ പിന്‍വാതില്‍ പടനീക്കം എന്ന ഇന്നലത്തെ എഡിറ്റോറിയല്‍ അതിന്റെ തെളിവാണ്. അല്പം വിറയല്‍ അവര്‍ക്ക് കുടുങ്ങിയിട്ടുണ്ട് എന്ന് ചുരുക്കം. സി പി എം പോഷക സംഘടനകളാണ് സമരത്തിനു പിന്നില്‍ എന്നാണ് മനോരമയുടെ ഭാഷ്യം. രാഷ്ട്രീയം നോക്കാതെ നിത്യവൃത്തിക്ക് വേണ്ടിയുള്ള ഒറ്റക്കെട്ടായ സമരമാണിതെന്ന് വിതരണക്കാരും പറയുന്നു!.

ചുരുക്കിപ്പറയാതെ നീട്ടിപ്പറഞ്ഞാല്‍ പത്ര വിതരണക്കാരുടെ  സമരം പുരോഗമിക്കുകയാണ്. ഇതിനകം തന്നെ അത് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇതെവിടെച്ചെന്നു അവസാനിക്കുമെന്ന് ഇപ്പോള്‍ പറയുക വയ്യ. മനോരമയും മാതൃഭൂമിയുമൊക്കെ മലയാളികളുടെ പത്രവായന സംസ്കാരത്തിന്റെ ആവേശകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന പത്രങ്ങളാണ്. മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ . ഈ രണ്ടു പത്രങ്ങളും മുടിഞ്ഞു പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ ഇനിയും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കണം. പക്ഷേ പത്രവിതരണം നടത്തുന്ന ഈ പാവങ്ങളുടെ ചോര ഇനിയും കുടിക്കരുത്. അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കാര്യത്തില്‍ കൂടുതല്‍ മാനുഷികമായ സമീപനങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ അന്തസ്സും സംസ്കാരവും പഠിപ്പിക്കാന്‍ ദിവസവും കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശം സ്വയം നന്നാവാനും കാണിക്കണം. ഗുഡ് ബൈ.  Story update 08 Dec 2011  മംഗളം കാണിച്ച അന്തസ്സ് !

Related Posts
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
ഇത് ലവ് ജിഹാദാണോ മനോരമേ ?
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?