മുജാഹിദ് ഐക്യം: സാധ്യതകളും വെല്ലുവിളികളും

ഒന്നര പതിറ്റാണ്ട് കാലത്തെ പിളർപ്പിന് ശേഷം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വീണ്ടും ഐക്യപ്പെടുകയാണ്. പ്രബലമായ രണ്ട് വിഭാഗങ്ങൾ ഒന്നിച്ചു ചേരുന്നു. സംഘടനകളുടെ പിളർപ്പുകളുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായാണ് ഇത്തരം ഒന്നിക്കലുകൾ ഉണ്ടാകാറുളളത്. ഒരിക്കൽ പിളർന്നവ വീണ്ടും പിളരുകയും കൂടുതൽ ശിഥിലമാകുകയും ചെയ്യുന്നതാണ് പൊതുവെ കണ്ടു വരാറുള്ളത്. സ്ഥാപനങ്ങളും കീഴ്ഘടകങ്ങളും യൂണിറ്റുകളുമൊക്കെയായി വളരെ ആഴത്തിൽ പിളർപ്പ് വേരുപിടിക്കുകയും ആരോപണ പ്രത്യാരോപണങ്ങളിലൂടെ സാംസ്കാരിക രംഗത്ത് ഏറെ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്ത ശേഷം ഇങ്ങനെയൊരു ഐക്യപ്പെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. ചരിത്ര നിയോഗം മറന്നു കൊണ്ട് തമ്മിൽ തല്ലി കൂടുതൽ സാംസ്കാരിക മാലിന്യങ്ങളുണ്ടാക്കി പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ നിന്നും അത് വഴി ചരിത്രത്തിൽ നിന്ന് തന്നെയും പതിയെ അപ്രത്യക്ഷമാകുമെന്ന് കരുതിയിടത്തു നിന്നാണ് നവോത്ഥാന വഴിയിലെ ഒരു തിരിച്ചു വരവിന് വഴിയൊരുക്കിക്കൊണ്ടുള്ള ഈ ഐക്യപ്പെടൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് തികച്ചും സ്വാഗതാർഹവുമാണ്. കേരളക്കരയിലെ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ സംഭാവനകൾ അർപ്പിച്ച ഒരു പ്രസ്ഥാനമെന്ന നിലക്ക് മാറിയ കാലത്തിന്റെ സാഹചര്യങ്ങളിൽ ഈ പ്രസ്ഥാനത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഇടം എന്തെന്നതിനെക്കുറിച്ച ചില ചിന്തകൾ പങ്ക് വെക്കുക മാത്രമാണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു സാമുദായിക പരിഷ്കരണ പ്രസ്ഥാനമെന്ന നിലക്കാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും. സമാനമായ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഹൈന്ദവ ക്രൈസ്തവ സമൂഹങ്ങളിലും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മതരംഗത്തെ തെറ്റായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ ഒരു തിരുത്തൽ ശക്തിയായി നിലനിന്നതോടൊപ്പം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സാമുദായത്തിനകത്തെ ഒരു ചാലക ശക്തിയായി പ്രവർത്തിച്ചു കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം വളർന്നു വന്നത്. അന്ധ വിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുവാൻ ശ്രമിച്ചു എന്ന് മാത്രമല്ല, പുറം തിരിഞ്ഞു നിന്നിരുന്ന ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് പെൺകുട്ടികളെപ്പോലും കൈപിടിച്ചുയർത്തിക്കൊണ്ടു വന്നാണ് അടിസ്ഥാന മാറ്റങ്ങൾക്ക് ഈ പ്രസ്ഥാനം തുടക്കം കുറിച്ചത്. കെ. എം. മൗലവി, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ എം സീതി സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ ബഹുമുഖ പ്രതിഭകൾ  നേതൃത്വം നല്കുകയും മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു ചിന്താധാരയുടെ പുരോഗമനാത്മക വഴിത്താരയിൽ നിന്നുള്ള ചരിത്രപരമായ പിറകോട്ട് പോക്കായിരുന്നു പിളർപ്പ്.  ആ പിളർപ്പിനെ അതിജയിക്കണമെങ്കിൽ ഈ പ്രസ്ഥാനം ഏത് നവോത്ഥാന വഴിയിലൂടെ യാത്ര തുടങ്ങിയോ ആ വഴിയിലൂടെ തന്നെ യാത്ര തുടരണം. അതിന്റെ എതിർ ദിശയിൽ സഞ്ചരിച്ചു കൊണ്ട് ആ പാരമ്പര്യത്തെ തിരിച്ചു പിടിക്കാനാവില്ല.

ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച പഴയ കല നേതാക്കന്മാർ വെറും മതപണ്ഡിതന്മാർ മാത്രമായിരുന്നില്ല. സാമൂഹിക രാഷ്ട്രീയ മേഖകളിൽ സജീവമായി ഇടപെട്ട, ഭൗതികവും മതപരവുമായ വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന മാറ്റങ്ങൾക്ക് വിത്ത് പാകിയ, പ്രസിദ്ധീകരണ മാധ്യമ മേഖലകളിൽ വിപ്ലവകരമായ സംഭാവനകൾ അർപ്പിച്ച, ആരോഗ്യരംഗത്ത് ക്രിയാത്മക ചലനങ്ങൾ സൃഷ്‌ടിച്ച ബഹുമുഖ പ്രതിഭകളായിരുന്നു അവരെന്ന് കാണാൻ പറ്റും. എന്നാൽ പിൽക്കാല മുജാഹിദ് നേതൃനിരയിൽ ഇത്തരമൊരു പ്രതിഭാ സമ്പന്നതയുടെ അഭാവമുണ്ടായി എന്ന് പറയാതെ വയ്യ. അതൊരു മതപണ്ഡിതക്കൂട്ടം മാത്രമായി പലപ്പോഴും പരിമിതപ്പെട്ടു. അത്തരമൊരു പരിമിതപ്പെടലിന്റെ സ്വാഭാവിക അനിവാര്യതകളിൽ ഒന്നായിട്ട് വേണം അടുത്ത കാലത്തുണ്ടായ പിളർപ്പിനെപ്പോലും വിലയിരുത്തേണ്ടത്. ജീവിക്കുന്ന ചുറ്റുപാടുകളോടും മാറുന്ന കാലത്തോടും ഗുണപരമായി സംവദിക്കുന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന് പകരം സമൂഹത്തിനും സമുദായത്തിനും ഒട്ടും താത്പര്യമില്ലാത്ത വിഷയങ്ങളിൽ തർക്കവും കാർക്കശ്യവും കർമശാസ്ത്ര സംവാദങ്ങളുമായി ഉൾവലിയുന്ന സ്ഥിതിവിശേഷം വന്നു. ബഹുമുഖ പ്രസക്തമായ ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സ്വയം ചുരുങ്ങുകയും ചുരുളുകയും ചെയ്യുന്ന അവസ്ഥാവിശേഷം എന്ന് തന്നെ പറയാം.   കാലം ആവശ്യപ്പെടുന്ന മുന്നേറ്റങ്ങളിൽ നിന്ന് പുറം തിരിഞ്ഞു സ്വയം പരിമിതപ്പെടുന്ന ഇത്തരമൊരു ദുരവസ്ഥയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിലെ ഈ ആവേശകരമായ ഐക്യത്തിന് പോലും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയില്ല.


സംസ്ഥാന നേതൃനിര മതപണ്ഡിതന്മാരുടെ ഒരു കൂട്ടമാകുന്നതിന് പകരം ബൗദ്ധിക വൈവിധ്യം ഉറപ്പ് വരുത്തുന്ന രൂപത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രതിഭകൾക്ക് ഇടം ലഭിക്കണം. സമുദായത്തിലെ ശാസ്ത്രകാരന്മാരും പരിസ്ഥിതി പ്രവർത്തകരും അക്കാദമിക് വിദഗ്ധരും കാർഷിക-കായിക പ്രതിഭകളുമൊക്കെ ഇടം പിടിക്കുന്ന ഒരു നേതൃനിരയിൽ നിന്ന് മാത്രമേ കാലം ആവശ്യപ്പെടുന്ന നവോത്ഥാനത്തിന്റെ വിത്തുകൾ മുളയ്ക്കൂ.. പുതിയ ആശയങ്ങളും പ്രവർത്തന മേഖലകളും രൂപപ്പെടൂ. ജംഇയ്യത്തുൽ ഉലമപോലുള്ള പണ്ഡിത സഭകളുടെ തലത്തിലേക്ക് സംസ്ഥാന നേതൃനിര പരിമിതപ്പെടരുത് എന്ന്  ചുരുക്കം.

പ്രബോധന ശൈലികളിൽ സ്വീകരിക്കേണ്ട കാലികമായ മാറ്റങ്ങളുടെ കാര്യമാണ് മറ്റൊന്ന്. ഇന്ത്യയെ ഫാസിസ്റ്റ് വത്കരിക്കുവാൻ ഒരു വിഭാഗം നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്ക് പതിയെ വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് വേര് പിടിക്കാൻ അവസരം ലഭിക്കാതിരുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനത മതേതര ബോധത്തെ മുറുകെ പിടിച്ചിരുന്നത് കൊണ്ടാണ്. എന്നാൽ ഫാസിസ്റ്റ് ശക്തികളുടെ നിരന്തര വിഷപ്രചാരണങ്ങളുടെ ഫലമായി ആ സ്ഥിതിവിശേഷത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതര സമൂഹങ്ങളുടെ മതേതര ബോധത്തെ വഴിമാറാൻ പ്രേരിപ്പിക്കാത്ത രൂപത്തിലായിരിക്കണം മതപ്രബോധനത്തിന്റെ രീതിശാസ്ത്രം ക്രമപ്പെടുത്തേണ്ടത്. ബഹുസ്വരതയുടെ ആത്മാവ് തിരിച്ചറിയാത്ത തീവ്രപ്രബോധന ശൈലികൾ ഫാസിസ്റ്റുകളുടെ ജോലി എളുപ്പമാക്കിക്കൊടുക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം മുസ്‌ലിം സമൂഹത്തിലെ എല്ലാ വിഭാഗത്തിലേയും പ്രബോധകന്മാർക്കുണ്ടാവണം.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാനവികതയുടെ സങ്കല്പം വളരെ വിശാലമാണ്. ലോകത്തുള്ള മുഴുവൻ മനുഷ്യരും ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് ആ സങ്കല്പം. ഒരേ അച്ഛന്റേയും അമ്മയുടേയും മക്കൾ എന്ന് അതിനെ വിവക്ഷിക്കാൻ പറ്റും. വിവിധ സമൂഹങ്ങളും വിഭാഗങ്ങളുമായി മനുഷ്യർ മാറിയത് തന്നെ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു. "ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയുന്നതിനുവേണ്ടി നിങ്ങളെ നാം വിവിധ ഗോത്രങ്ങളും സമദായങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു". (49 : 13).

പ്രബോധന പ്രവർത്തനങ്ങളുടെ അടിത്തറയാകേണ്ടത് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന ഈ മാനവിക സങ്കല്പത്തിലൂന്നിയ ഗുണകാംക്ഷയാണ്. പ്രബോധിത സമൂഹത്തോട് അത്തരമൊരു ഗുണകാംക്ഷ ഇല്ലാതെയാകുമ്പോൾ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പിറകോട്ട് പോകുന്നു എന്നാണർത്ഥം. മുസ്ലീം സമൂഹത്തിനകത്തുള്ളവരോട് പ്രബോധനം നടത്തുമ്പോഴും അതിന് പുറത്തുള്ളവരോട് സംവാദങ്ങൾ നടത്തുമ്പോഴും ഈ ഗുണകാംക്ഷയും സൂക്ഷ്മതയും പാലിക്കപ്പെടേണ്ടതുണ്ട്. തങ്ങളല്ലാത്ത എല്ലാവരെയും കാഫിറാക്കുന്നതല്ല, സ്നേഹവും ദയയും സ്വന്തം സഹോദരനാണെന്ന അനുകമ്പയും പ്രകടിപ്പിക്കുന്ന സ്നേഹഭാഷണമാകുമ്പോഴാണ് പ്രബോധനത്തിന് മാനവികതയുടെ ആത്മാവ് കൈവരിക. ഏതെങ്കിലും രാജ്യത്ത് നിന്നോ സംഘടനകളിൽ നിന്നോ ഇറക്കുമതി ചെയ്യുന്ന ശൈലിക്ക് പകരം, ഇന്ത്യൻ മണ്ണിന്റെ മണവും നിറവുമുള്ള പ്രബോധന രീതിയാണ് ആവശ്യം.

തീവ്രസലഫിസം ആഗോള തലത്തിൽ തന്നെ ഇന്നൊരു ചർച്ചയാണ്. ഐസിസ്, അൽഖായിദ തുടങ്ങിയ അതിതീവ്ര ഭീകര പ്രസ്ഥാനങ്ങളുടെ ആശയാടിത്തറയായി തീവ്ര സലഫിസത്തെ പലരും പരിചയപ്പെടുത്തുന്നുണ്ട്. എല്ലാ രോഗങ്ങൾക്കും ഒരേ കുപ്പിയിലെ ഒറ്റമൂലി ഔഷധം വിതരണം ചെയ്യുന്ന തെരുവ് കച്ചവടക്കാരനെപ്പോലെ, പലവിധ രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ ഉടലെടുക്കുന്ന തീവ്രവാദ വിത്തുകൾക്ക് തീവ്രസലഫിസമെന്ന ഒറ്റമൂലിയിൽ ചികിത്സ വിധിക്കുന്നത്  ബാലിശമാണ്. അത്തരമൊരു നിഗമനത്തിലെ ശരിതെറ്റുകൾ വിശദമായ പഠനമർഹിക്കുന്ന ഒരു വിഷയമാണ്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം തീവ്ര സലഫിസത്തിന്റെ എതിർ ദിശയിൽ സഞ്ചരിച്ചവരാണെന്നതും എല്ലാവിധ തീവ്ര ചിന്താഗതികൾക്കുമെതിരെ കാലങ്ങളായി പ്രചാരണം നടത്തുന്നവരാണ് എന്നതും ചരിത്ര യാഥാർത്ഥ്യമാണ്. എന്നാൽ പിളർപ്പിനെത്തുടർന്ന് ഈ അടുത്ത കാലത്ത് രൂപം കൊണ്ട ചില സലഫീ അവാന്തര വിഭാഗങ്ങൾ കേരളക്കരയിലെ യുവാക്കളിൽ തീവ്ര ആത്മീയത വളർത്താൻ കാരണമായിട്ടുണ്ട് എന്ന സത്യത്തെ നിഷേധിക്കാൻ കഴിയില്ല. അത്തരമൊരു തീവ്ര ആത്മീയതയാണ് മത ജീവിതത്തിന്റെ പൂർണതക്ക്‌ വേണ്ടി യമനിലേക്ക് ആടിനെ വളർത്താൻ പോകുന്ന അസംബന്ധത്തെ പരിചയപ്പെടുത്തിയത്. ഖുർആൻ വചനങ്ങളെ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത് അന്യമത വിദ്വേഷത്തിലേക്കും ബഹുസ്വര വിരുദ്ധമായ കാഴ്ചപ്പാടുകളിലേക്കും നയിക്കുമാറ് ഖുർആന്റെ അക്ഷര വായന നടത്തുന്നവർ ദൈവിക മതം മുന്നോട്ട് വെക്കുന്ന മാനവിക സങ്കല്പത്തെ വികലമാക്കുകയാണ്. ഒരു ഹൈന്ദവ വിശ്വാസിയുടെ വീട്ടിൽ നിന്നുള്ള പ്രകാശം പോലും തന്റെ വീട്ടിലേക്ക് എത്താൻ പാടില്ല എന്ന് പറയുന്നിടത്തേക്ക് വികലമായ തീവ്ര ആത്മീയതക്ക് കടന്നു കയറാൻ സാധിച്ചെങ്കിൽ അത്തരം തീവ്രതകൾക്കെതിരായ പോരാട്ടം കൂടിയാണ് നവോത്ഥാന പൈതൃകത്തിന്റെ പിന്മുറക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.


ഭാഗ്യകരമെന്ന് പറയട്ടെ, ഇപ്പോൾ ഐക്യപ്പെട്ട ഇരുവിഭാഗം മുജാഹിദുകളും ഇത്തരമൊരു അസംബന്ധ ചിന്താധാരയെ അതിശക്തമായി എതിർക്കുന്നവരാണ്. അതുകൊണ്ടു തന്നെയാണ് ഈ ഐക്യം പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കേണ്ട ഒരു വിഷയമായി മാറുന്നതും. നവ യാഥാസ്ഥിതികത്വത്തിനും തീവ്ര ആത്മീയതക്കുമെതിരെ ബഹുസ്വരതയെ മാനിക്കുന്ന ഇസ്‌ലാമിന്റെ മാനവികമുഖം കൂടുതൽ ജ്വലിപ്പിച്ചു നിർത്തുന്നതിന് ഐക്യപ്പെട്ട മുജാഹിദ് പ്രസ്ഥാനത്തിന് സാധിക്കണം. അവരുടെ വരും കാല അജണ്ടകളിൽ അവയ്ക്ക്  പ്രഥമ പരിഗണന ലഭിക്കുകയും വേണം.

ഈ ഐക്യത്തെ കേരളത്തിലെ മുസ്‌ലിം സമൂഹം പൊതുവിൽ സ്വാഗതം ചെയ്തപ്പോഴും ഐക്യത്തിനെതിരെ ശബ്ദമുയർത്തുന്ന ഒരു മൂന്നാം വിഭാഗം മുജാഹിദ് ഗ്രൂപ്പുകൾക്കിടയിലുണ്ട് എന്നത് നേരാണ്. സാമുദായിക ഐക്യത്തെ ശക്തിപ്പെടുത്താനുള്ള 'വിസ്‌ഡ'മോ വിവേകമോ അവരിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ.  ഒരു പ്രസ്ഥാനത്തെ ശിഥിലമാക്കാനുള്ള എളുപ്പ വഴി അതിന്റെ പണ്ഡിതന്മാർക്കിടയിലുള്ള ചെറിയ  അഭിപ്രായാന്തരങ്ങളെപ്പോലും ചിക്കിച്ചികഞ്ഞു വൃണമാക്കുക എന്നതാണ്. അഭിപ്രായാന്തരങ്ങൾ ഒരു ചലനാത്മക പ്രസ്ഥാനത്തിന്റെ ക്രിയാത്മകതയുടെ ഭാഗമായി കാണാനും അതിനെ  ആ നിലയിൽ തന്നെ സമീപിക്കാനും കഴിയണം. തൊണ്ണൂറ്റി ഒമ്പത് ശതമാനം യോജിപ്പിന്റെ മേഖലകളെ ശാക്തീകരിച്ച് മുന്നേറുന്നതാണ് ഒരു ശതമാനം വിയോജിപ്പിന്റെ വിഷയങ്ങളെ ചികഞ്ഞു വൃണമാക്കുന്നതിനേക്കാൾ ക്രിയാത്മകം. എല്ലാ വിഷയത്തിലും എല്ലാവർക്കും ഒരേ അഭിപ്രായം ഉണ്ടാക്കിയെടുക്കുക എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല, അത്തരമൊരു  സമീപനം ഒരു ചലനാത്മക പ്രസ്ഥാനത്തിന്റെ ബൗദ്ധിക വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യും.

അനാവശ്യ ചർച്ചകളിൽ ഈ പ്രസ്ഥാനത്തിന്റെ ഊർജ്ജത്തെ തളച്ചിടുവാനും അതുവഴി നവോത്ഥാനവഴിയിൽ നിന്ന് ബഹുദൂരം പിറകിലേക്ക് തള്ളാനും ശ്രമിക്കുന്ന ശക്തികളെ അതർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനും കാലികമായ നവോത്ഥാന അജണ്ടകളുമായി മുന്നോട്ട് പോകാനും പുതിയ ഐക്യസംഘത്തിന് സാധിക്കണം. വിശ്വാസ രംഗത്തെ ശുദ്ധീകരിക്കാനും മാനവീകരിക്കാനുമുള്ള ശ്രമങ്ങൾക്കൊപ്പം സാമൂഹിക സാംസ്കാരിക വിദ്യാ ഭ്യാസ മേഖലകളിൽ ക്രിയാത്മകമായി ഇടപെടുന്ന ഒരു പരിഷ്ക്കരണ പ്രസ്ഥാനത്തെയാണ് കാലം ആവശ്യപ്പെടുന്നത്. നവോത്ഥാനത്തിന്റെ പഴയ പ്രതീക്ഷകളെ തിരിച്ചു പിടിക്കാനും തീവ്ര ചിന്തകളുടെ പുതിയ വെല്ലുവിളികളെ പ്രതിരോധിക്കാനും സാധിക്കുന്ന ഒരു മുജാഹിദ് പ്രസ്ഥാനത്തിന് കേരളക്കരയുടെ സാമൂഹികാന്തരീക്ഷത്തിൽ ഇനിയും പ്രസക്തിയുണ്ട്.

Related Posts
ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും

Recent Posts
തും ബിൽകുൽ ഹം ജയ്സേ നിക് ലേ
ഏകസിവിൽകോഡ് : 'വാറുണ്ണി'യാകുന്ന മുസ്‌ലിം നേതാക്കൾ
പോടാ, പോയി ചാകെടാ !