മണ്ണാര്‍ക്കാട് തകർന്നടിഞ്ഞത് പൗരോഹിത്യത്തിന്റെ അഹന്ത

ഇടതുപക്ഷം തൂത്തുവാരിയ ഈ പൊതുതിരഞ്ഞെടുപ്പിൽ നിന്ന് പലർക്കും പലതും പഠിക്കാനുണ്ട്. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നാം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫാസിസം ഇന്ത്യയെ വംശീയമായി നെടുകെ പിളർക്കാൻ തയ്യാറെടുത്തു കഴിഞ്ഞ ഘട്ടം. പലരും പലതും ഭയപ്പെട്ടിരുന്നുവെങ്കിലും കേരള ജനത ഫാസിസ്റ്റുകൾക്ക് വഴിമാറിക്കൊടുക്കാൻ തയ്യാറായില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്കിയ ഏറ്റവും വലിയ ആശ്വാസം. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച പല മന്ത്രിമാരേയും അണപ്പല്ല് കൊണ്ട് കടിച്ച് പിടിച്ച് സംരക്ഷിച്ച് കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച ഉമ്മൻ ചാണ്ടിക്ക് ഇതിലേറെ മനോഹരമായ ഒരു മറുപടി ഒരു ജനാധിപത്യ വ്യവസ്ഥയിൽ ലഭിക്കാനില്ല. കള്ളനേക്കാൾ അപകടകാരിയാണ് കള്ളന് കഞ്ഞി വെച്ച് കൊടുക്കുന്നവൻ. വികസന കാര്യത്തിലും ഭരണവേഗതയിലും കേരളം കണ്ട ഏറ്റവും നല്ല ഭരണങ്ങളിൽ ഒന്നായിട്ട് പോലും പല കള്ളന്മാരുടേയും ഗോഡ്ഫാദറെന്ന റോളിലാണ് ചാണ്ടി ഏറെ തിളങ്ങിയത്. അതുകൊണ്ട് തന്നെ ഈ റിസൾട്ട്‌ ചാണ്ടിയുടെ കരണക്കുറ്റിക്ക് കേരള ജനത നല്കിയ പ്രഹരമാണ്. ജാതീയതയ്ക്കും മതദ്വേഷത്തിനുമെതിരെയുമുള്ള പോരാട്ടത്തിലൂടെ കേരളീയ സമൂഹത്തെ ഒരു സാംസ്കാരിക നവോത്ഥാനത്തിലേക്ക് പിടിച്ചുയർത്തിയ ശ്രീനാരായണ ദർശനത്തെതന്നെ ഭ്രാന്തമായ ജാതിമത വിഭജനത്തിന് ഉപയോഗിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളിമാർക്കും ഈ തിരഞ്ഞെടുപ്പ് കനത്ത പ്രഹരം നല്കി.  കപട ആത്മീയതയുടെ കേരളത്തിലെ ഏറ്റവും വലിയ വ്യാപാരിക്കും ഈ തിരഞ്ഞെടുപ്പ് നല്കിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത പ്രഹരം തന്നെയാണ്. ആ പ്രഹരത്തെക്കുറിച്ച് ചിലത് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

പ്രമുഖ മതപുരോഹിതനായ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്ത് കൊണ്ട് തിരഞ്ഞെടുപ്പിന് ഏതാണ്ട് മൂന്നാഴ്ച മുമ്പ് ഞാനെന്റെ ഫെയ്സ്ബുക്ക്‌ പേജിൽ ചെറിയൊരു കുറിപ്പിട്ടിരുന്നു. അതിപ്രകാരമായിരുന്നു.

കാന്തപുരം പൊളിട്രിക്സ്‌ - മൂന്ന് പോയിന്റുകൾ.
1) ലീഗിനോ യു ഡി എഫിനോ കാന്തപുരം മുസ്ലിയാർ ഗ്രൂപ്പിന്റെ വോട്ട് കിട്ടില്ല. പണ്ടും കിട്ടിയിട്ടില്ല, ഇനിയും കിട്ടില്ല. അതൊരു കേഡർ സ്വഭാവമുള്ള ഗ്രൂപ്പാണ്. വർഷങ്ങളായി അവർക്ക് അവരുടെതായ ഒരു വോട്ട് പോളിസിയുണ്ട്. ലീഗിനെതിരായ നിലപാടാണ് ആ പോളിസിയുടെ ആണിക്കല്ല്. ഇ. കെ ഗ്രൂപ്പ് സുന്നികൾ ലീഗിന്റെ കൂടെയുള്ളിടത്തോളം കാലം അവർ ലീഗിന്റെ കൂടെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ലീഗ് / യു ഡി എഫ് നേതാക്കൾ ഉസ്താദിനെ കാണാൻ പോയിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അത്തരം സന്ദർശനങ്ങൾ മുസ്‌ലിം സമുദായ പ്രീണനത്തിന്റെ പേരിൽ ബി ജെ പി ക്ക് കുറച്ച് വോട്ട് കൂടുതൽ കിട്ടാൻ സഹായിക്കും എന്ന് മാത്രം.

2) എൽ ഡി എഫ് നേതാക്കൾ മുസ്ലിയാരെ കണ്ടാലും ഇല്ലെങ്കിലും അവരുടെ വോട്ട് എൽ ഡി എഫിന് പണ്ടും കിട്ടിയിട്ടുണ്ട്, ഇനിയും കിട്ടും. മുസ്ലിയാരെ വെറുതേ കാണാൻ പോയി പേര് ചീത്തയാക്കേണ്ട കാര്യമില്ല എന്നർത്ഥം. മാത്രമല്ല, മുസ്ലിയാരെ കാണാൻ പോയാൽ മറ്റൊരു ദോഷവുമുണ്ട്. കേഡർ സ്വഭാവം ഇല്ലെങ്കിലും കാന്തപുരം ഗ്രൂപ്പിന്റെ പത്തിരട്ടി വോട്ടുള്ള ഇ കെ സുന്നികളിൽ ചിലരുടെയെങ്കിലും വോട്ട് (സ്ഥാനാർഥിയുടെ ഗുണം കൊണ്ടോ പ്രാദേശിക പ്രശ്നങ്ങളുടെ പേരിലോ) എൽ ഡി എഫിന് കിട്ടാനുള്ള സാധ്യതയുണ്ടെങ്കിൽ അത് ഇല്ലാതായി കിട്ടും എന്നതാണത്. 

3) പ്രധാന പോയിന്റ് ഇതാണ്, മുസ്‌ലിയാർ ഏതെങ്കിലും ലീഗ് സ്ഥാനാർത്ഥിയെ തോല്പിക്കണം എന്ന് പറഞ്ഞാൽ വയാഗ്ര കുടിച്ചത് പോലെ ഉറങ്ങിക്കിടക്കുന്ന ലീഗുകാർ പോലും സടകുടഞ്ഞ് എഴുന്നേൽക്കും.  പിന്നെയൊരു തകർപ്പൻ പെർഫോൻസാണ് നടക്കുക. അതോടെ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കൂടും. മുസ്‌ലിയാർ ജയിപ്പിക്കണം എന്ന് പറഞ്ഞ് ദുആ ചെയ്ത സ്ഥാനാർത്ഥികൾ എട്ട് നിലയിൽ പൊട്ടുന്നതും (ഉദാ:- 2009 ലോക്സഭ തിരഞ്ഞെടുപ്പിൽ ഹുസൈൻ രണ്ടത്താണി) ഇതേ 'വയാഗ്ര ശാസ്ത്രം' മൂലമാണ്. എല്ലാവർക്കും നന്ദി, നല്ല നമസ്കാരം.

റിസൾട്ട്‌ വന്നപ്പോൾ ഈ കുറിപ്പിലെ അവസാന പോയിന്റിൽ സൂചിപ്പിച്ചത് പോലെക്കെ തന്നെ സംഭവിച്ചു.   കാന്തപുരം ഉസ്താദ് തോൽപ്പിക്കണമെന്ന് പ്രഖ്യാപനം നടത്തുകയും അണികൾ ജീവന്മരണ പോരാട്ടം നടത്തി തോൽവി ഉറപ്പാക്കുകയും ചെയ്ത ഷംസുദ്ദീൻ പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയക്കൊടി പാറിച്ചു. കഴിഞ്ഞ തവണ കിട്ടിയത് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സംസ്ഥാനമൊട്ടാകെ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുകയും കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ലീഗ് നേതാക്കൾ പോലും ഇത്തവണ തോല്ക്കുകയും ചെയ്തപ്പോഴാണ് ലീഗിന്റെ ഒരു എം എൽ എ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നത്. മുസ്ലിയാരുടെ നാക്കിന്റെ കറാമത്ത് നോക്കണേ. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് എം എൽ എ ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്‌ലിയാർ പടനീക്കം നയിച്ചത്.

എന്ത് വില കൊടുത്തും ഷംസുദ്ദീനെ തോൽപിക്കുമെന്നായിരുന്നു ഉസ്താദിന്റെ പ്രഖ്യാപനം. ഉസ്താദൊന്നു പറഞ്ഞാൽ ഭൂമിയിൽ പിന്നെ അതിനെതിരായി ഒന്നും സംഭവിക്കില്ല എന്നാണ് അണികൾ പറയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വെല്ലുവിളിയിൽ പരാജയപ്പെട്ടാൽ പിടിച്ചു നില്ക്കാൻ പാടാണെന്ന് മനസ്സിലാക്കിയ കാന്തപുരം ശിഷ്യന്മാർ ഷംസുദ്ദീന്റെ പരാജയം ഉറപ്പ് വരുത്താൻ തെല്ലൊന്നുമല്ല വിയർപ്പൊഴുക്കിയത്. പള്ളികളും മദ്രസകളും മതപരമായ എല്ലാ വേദികളും ഇതിനായി ഉപയോഗിച്ചു. കേരളം മുഴുക്കെയുള്ള പ്രവർത്തകന്മാർ മണ്ണാർക്കാട്ടേക്ക് ഒഴുകി. തലപ്പാവ് ധരിച്ച മുസ്ലിയാർ കുട്ടികൾ വിശുദ്ധ ഖുർആനുമായി വീടുകൾ കയറിയിറങ്ങി. ഷംസുദ്ദീനെതിരെ വോട്ട് ചെയ്യുമെന്ന് സ്ത്രീകളെക്കൊണ്ട് ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചതായിപ്പോലും റിപ്പോർട്ടുകൾ വന്നു. ഗൾഫിൽ വ്യാപകമായി മണ്ണാർക്കാട്ട് ഫണ്ട് കളക്ഷൻ നടന്നു. ഉസ്താദിന്റെ അഭിമാനം കാക്കാനുള്ള പിരിവാണെന്നാണ് പറയപ്പെട്ടത്. മക്ക മദീന തീർത്ഥാടന യാത്രകൾ പോലും പ്രചാരണത്തിനായി ഉപയോഗിച്ചു. സൗദിയിൽ ഇത്തരമൊരു യാത്രാ സംഘത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിൽ വാക്ക് തർക്കവും കയ്യേറ്റവുമുണ്ടായി.വെല്ലുവിളി പ്രസംഗങ്ങളും പ്രാർത്ഥനാ സദസ്സുകളും നിരന്തരം നടത്തി. ഉസ്താദ് പ്രാർത്ഥിച്ചത് കൊണ്ട് പോളിംഗ് ബൂത്തിൽ മലക്കുകൾ വന്ന് വോട്ട് ചെയ്യുമെന്ന് പോലും പ്രചരിപ്പിച്ചു. ചുരുക്കത്തിൽ പതിനെട്ടല്ല മുപ്പത്തെട്ടടവും പയറ്റിയാണ് കാന്തപുരം ഗോഥയിൽ നിറഞ്ഞു നിന്നത്. ഷംസുദ്ദീന്റെ വിജയം കപട പൌരോഹിത്യത്തിന്റെ തലമണ്ടയിൽ എത്ര ശക്തമായാണ് കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണമെങ്കിൽ ഈ മുന്നൊരുക്കങ്ങളുടെ കഥയറിഞ്ഞേ പറ്റൂ.. മുസ്‌ലിം സമൂഹം ഇത്തരം പൌരോഹിത്യത്തിന്റെ ജല്പനങ്ങളെ കാർക്കിച്ചു തുപ്പാൻ കാണിച്ച തന്റേടം ചരിത്രത്തിന്റെ ഭാഗമാണ്. 

എത്ര മുകളിലേക്ക് എറിഞ്ഞാലും പൂച്ച നാല് കാലിലേ വീഴൂ എന്ന് പറഞ്ഞ പോലെ ആറ്റം ബോംബ്‌ പൊട്ടിയ പോലെ വന്ന റിസൾട്ടിന് ശേഷവും മുസ്‌ലിയാർ പഴയ തന്ത്രം പയറ്റാൻ നോക്കി. മണ്ണാർക്കാട്ട് ഒഴികെ ബാക്കിയെല്ലായിടത്തും ഞങ്ങൾ അനുഗ്രഹിച്ച സ്ഥാനാർത്ഥികളെല്ലാം ജയിച്ചു എന്നാണ് പ്രസ്താവന ഇറക്കിയത്. പലരേയും പരാജയപ്പെടുത്തി എന്നും. രാജവെമ്പാല കടിച്ചു ചത്ത ആളെ കുഴിച്ചിടാൻ കൊണ്ടുപോകുമ്പോൾ 'ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന്' നീർക്കോലി പറഞ്ഞ പോലെ. ഏതായാലും ഉസ്താദ് അനുഗ്രഹിച്ച പാവം നികേഷിന്റെ ഫോട്ടോ മാത്രം ഈ പോസ്റ്റിനൊപ്പം കിടന്നോട്ടെ. 


ഏത് തിരഞ്ഞെടുപ്പിലും സമർത്ഥമായി എട്ടുകാലി മമ്മൂഞ്ഞ് കളിച്ചിരുന്ന മുസ്‌ലിയാർ ഇത്തവണ ശരിക്കും പെട്ടു എന്നർത്ഥം. അണിയറയിൽ സമർത്ഥമായി പ്ലാൻ ചെയ്ത് ആളും തരവും നോക്കി രഹസ്യ നിർദേശങ്ങളിലൂടെ തങ്ങളുടെ ഓരോ വോട്ടും പോൾ ചെയ്യിക്കുന്ന രീതിയാണ് ഇത്രനാളും സ്വീകരിച്ചിരുന്നത്. ഫലപ്രഖ്യാപനം വന്ന് കഴിഞ്ഞാലുടാൻ ജയിച്ചു വരുന്നത് ആരായാലും "അത് ഞമ്മളുടെ വോട്ടാണ്" എന്ന് പ്രസ്താവന നടത്തും. അങ്ങിനെ നാട്ടിലെ എല്ലാ അവിഹിത ഗർഭങ്ങളും ഏറ്റെടുക്കുന്ന മമ്മൂഞ്ഞിനെപ്പോലെയാവുകയായിരുന്നു ഇതുവരെയുള്ള പോളിസി. പക്ഷേ ഇത്തവണ അബദ്ധവശാൽ പരസ്യപ്രസ്താവന നടത്തി കുടുങ്ങി. കാവ്യാ മാധവന്റെ മുടിയേക്കാൾ നീളമുള്ള ഒരു മുടി എവിടെനിന്നോ കൊണ്ട് വന്ന് അത് പ്രവാചകന്റെതാണെന്ന് പറഞ്ഞ് കാശുണ്ടാക്കാൻ ശ്രമിച്ച ഇത്തരം പുരോഹിതന്മാരെ മുസ്‌ലിം സമുദായം തന്നെ പുറം കാല് കൊണ്ട് അടിക്കുമ്പോൾ അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഷംസുദ്ദീൻ അടിച്ചിരിക്കുന്നത്‌ കപട പൌരോഹിത്യത്തിന്റെ പത്തിയിൽ തന്നെയാണ്. ഇനിയൊരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തല പൊക്കാൻ കഴിയാത്തത്ര ശക്തമായ അടി.

ജനാധിപത്യ വ്യവസ്ഥക്ക് ഒരു സൗന്ദര്യമുണ്ട്. ആ സൗന്ദര്യം സാമൂഹ്യ നിലപാടുകളുടെയും വീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ രാഷ്ട്രീയ നയനിലപാടുകളുടെ മാറ്റുരയ്ക്കുക എന്നതാണ്. മതമുള്ളവനും ഇല്ലാത്തവനും അതിൽ ഭാഗഭാക്കാകാം. തലപ്പാവ് ധരിച്ച മുസ്ലിയാർക്കും ളോഹയിട്ട പുരോഹിതനും കാഷായ വസ്ത്രം ധരിച്ച സന്യാസിക്കുമെല്ലാം അതിൽ പങ്കെടുക്കാം. പക്ഷേ മതത്തേയും മതത്തിന്റെ ആരാധാന സംവിധാനങ്ങളേയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് സമൂഹത്തിന്റെ മൊത്തം താളം തെറ്റിക്കരുത്. ഇന്ത്യ പോലൊരു ബഹുസ്വര ബഹുമത സമൂഹത്തിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നാറിയ രാഷ്ട്രീയ കളികളിലേക്ക് ഉസ്താദുമാരും പാതിരിമാരും സന്യാസിമാരും ഇറങ്ങിയാൽ സമൂഹത്തിലുള്ള അവരുടെ നിലയും വിലയും കാക്ക തൂറും. അതാണിവിടെ സംഭവിച്ചത്. മണ്ണാർക്കാട്ട് തിരഞ്ഞെടുപ്പ് ഇത്തരം കപട പുരോഹിതന്മാർക്കും സന്യാസിമാർക്കും എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു പാഠമായിരിക്കട്ടെ.

Recent Posts
ചെമ്മണ്ണൂർ പീഡനം : മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ? 
ആ പരിപ്പ് ഇവിടെ വേവില്ല മോനേ  
കനയ്യ ഒരു പ്രതീക്ഷയാണ്

Related Posts
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി? 
പിണറായിക്കൊരു റെഡ് സല്യൂട്ട്!